മുത്തലിബ് മുഹ്‌യിദ്ദീന്‍
ജി.ഐ.ഒ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് മുത്തലിബ് മുഹ്‌യിദ്ദീന്‍ മാഷുമായി എന്റെ വിവാഹം. പ്രാസ്ഥാനിക-കുടുംബ ജീവിതത്തില്‍ ഒട്ടേറെ നല്ല ഓര്‍മകളും മാതൃകകളും ബാക്കിവെച്ചാണ് അദ്ദേഹം അല്ലാഹുവിങ്കലേക്ക് യാത്രയായത്. കേരളത്തിനകത്തും പുറത്തും ഒട്ടേറെ പൊതുപരിപാടികളില്‍ സംബന്ധിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഞങ്ങളുടെ നാലു കുഞ്ഞുമക്കളെയും ശ്രദ്ധിച്ചും പരിപാലിച്ചും അദ്ദേഹം സദസ്സില്‍ എവിടെയെങ്കിലുമുണ്ടാകും. എന്റെ പ്രസംഗം ശ്രദ്ധയോടെ കേട്ടിരിക്കും. പ്രസംഗത്തില്‍ ഉദ്ധരിച്ച ആയത്തോ ഹദീസോ തെറ്റിയാല്‍ മുഖത്തെ തെളിച്ചം കുറയും. തെറ്റുകള്‍ നോട്ട് ചെയ്ത് വെച്ചിട്ടുണ്ടാവും. അവ സ്‌നേഹത്തോടെ തിരുത്തിത്തരും. പ്രസംഗം നന്നായാല്‍ ആവേശത്തോടെ കൈതരും. ഏത് വിഷയത്തിലും പ്രസംഗിക്കാന്‍ ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും അറബിക്കവിതകളുമൊക്കെ തെരഞ്ഞെടുക്കുന്നത് ഞങ്ങളൊന്നിച്ച്. നിക്കാഹിന് ശേഷം ബീച്ചില്‍ പോയിരുന്നപ്പോഴും ഞങ്ങളുടെ വിഷയം ദഅ്‌വത്തും ഇസ്‌ലാഹും തര്‍ബിയത്തും ഒക്കെ തന്നെയായിരുന്നു.
ആരെയും ദുഷിച്ച് പറയുന്നത് ഇഷ്ടപ്പെടാത്ത, ചിരിക്കാന്‍ മാത്രമറിയുന്ന മനുഷ്യന്‍. സ്വന്തക്കാരോടും സഹപ്രവര്‍ത്തകരോടും എന്തെങ്കിലും ആവശ്യം ഉണര്‍ത്തിക്കാനുണ്ടെങ്കില്‍ 'ബുദ്ധിമുട്ടില്ലെങ്കില്‍' എന്ന ആമുഖത്തോടെയാവും തുടങ്ങുക. രോഗശയ്യയില്‍ കിടക്കുമ്പോഴുള്ള ഒരു സംഭവം ഓര്‍ക്കുന്നു. ഹോമിയോ ഡോക്ടറുടെ ചികിത്സയിലാണ്. ഒരു മരുന്ന് കുറിക്കാന്‍ നോക്കുമ്പോള്‍ രോഗ ലക്ഷണങ്ങളെല്ലാം ഒത്ത് വരുന്നുണ്ട്. പക്ഷേ, ആ വ്യക്തിക്ക് ദേഷ്യമുണ്ടാവും. ഭര്‍ത്താവ് ദേഷ്യപ്പെടാറുണ്ടോ എന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഇല്ലെന്ന് മറുപടി നല്‍കി. അപ്പോള്‍ മാഷ് എന്നോട് അടക്കം പറഞ്ഞു: 'ദേഷ്യമുണ്ടാകാറുണ്ട് വല്ലാതെ. പക്ഷേ പ്രകടിപ്പിക്കാതെ ഒതുക്കലാണ്.'
ചികിത്സക്ക് ഏറെ പണം വേണ്ടിവരില്ലേ എന്ന് കൂടെ പഠിച്ചവരും വിദ്യാര്‍ഥികളുമെല്ലാം വിളിച്ചന്വേഷിക്കുമ്പോള്‍ 'ഇപ്പോള്‍ ആവശ്യമില്ല' എന്ന എന്റെ മറുപടി കേട്ട് ഒരിക്കല്‍ എന്നോട് പറഞ്ഞു: 'അത്തരം ഫോണുകള്‍ എനിക്ക് തരണം. പണം എനിക്കാവശ്യമുണ്ട്. കോളനിയിലെ ആ അമ്മയില്ലേ, അവരുടെ വീട് പണി തീര്‍ക്കാന്‍.' ജാതി മതഭേദമില്ലാതെ ആരെയും സഹായിക്കാനുള്ള ഉയര്‍ന്ന മനസ്സ് ജീവിതാന്ത്യം വരെ അദ്ദേഹം കാത്തുസൂക്ഷിച്ചു. ചേന്ദമംഗല്ലൂരിനടുത്ത് പൊറ്റശ്ശേരിയില്‍ ഒരു സാംസ്‌കാരിക നിലയം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഐ.ആര്‍.ഡബ്ല്യു (ഐഡിയല്‍ റിലീഫ് വിംഗ്) പ്രവര്‍ത്തനം ഒരു ഹരമായി കൊണ്ടുനടന്നു. അഞ്ചു വര്‍ഷം മുമ്പേ ഭാരിച്ച ജോലികളെടുക്കാന്‍ രോഗം തടസ്സമായതിനു ശേഷവും അതിന്റെ ക്യാമ്പുകള്‍ക്ക് പോകും. 'ഞാന്‍ ഒരു പണിയും ചെയ്യില്ല. പണിയെടുക്കുന്നവര്‍ക്ക് ഭക്ഷണം വിളമ്പുക, പണിയായുധങ്ങള്‍ ശരിയാക്കുക ഇതൊക്കെ മാത്രമേ ചെയ്യൂ' എന്ന് പറഞ്ഞാണ് പോക്ക്. രോഗം വന്നതില്‍ പിന്നെ വല്ലാത്ത ടെന്‍ഷനുണ്ടോ എന്ന ഡോക്ടറുടെ ചോദ്യത്തിന്, 'ഏയ് ഒട്ടുമില്ല, യുവത്വം വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്ന സങ്കടമുണ്ട്' എന്നായിരുന്നു മറുപടി.
താന്‍ പഠിച്ച പ്രവാചകചര്യ ജീവിതത്തില്‍ പകര്‍ത്തിയ പിതാവും ഭര്‍ത്താവുമായിരുന്നു മാഷ്. സ്വുബ്ഹി കഴിഞ്ഞാല്‍ ആദ്യത്തെ ഇഷ്ടപ്പെട്ട ജോലി വിറകടുപ്പ് കത്തിച്ച് വെള്ളം വെക്കല്‍. പെണ്‍മക്കള്‍ക്ക് ആറും ഒമ്പതും പന്ത്രണ്ടും വയസ്സായെങ്കിലും പ്രാര്‍ഥനകളും സൂറത്തുകളും ഓതി തടവിക്കൊടുത്ത് മക്കളെ ഉറക്കുന്നത് പതിവാക്കിയ ഉപ്പ. വൈകുന്നേരങ്ങളില്‍ അയല്‍വീടുകളിലെ കുട്ടികളെയും കൂട്ടി കാടും തോടും നോക്കിയുള്ള യാത്ര. എല്ലാവര്‍ക്കും മാഷിന്റെ 'കൈപിടിച്ച്' നടക്കാനുള്ള തല്ലും തിരക്കും. മരിക്കുമ്പോള്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ അധ്യാപകനായിരുന്നു.
എഴുതിയാലും പറഞ്ഞാലും തീരാത്ത ഒരായുസ്സ്. മരിക്കുന്നത് വരെ ഒരിക്കല്‍ പോലും എന്നെ പേര് വിളിച്ചിട്ടില്ല. ഇപ്പോഴും പിറകിലുണ്ട് ഒരു നിഴലായി. ബീബീ പ്രയാസപ്പെടരുത് എന്ന് പറഞ്ഞ്....
അല്ലാഹു അദ്ദേഹത്തെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. പ്രാര്‍ഥിച്ചും എല്ലാവിധ സഹായങ്ങള്‍ ചെയ്തും ഞങ്ങള്‍ക്കൊപ്പം നിന്നവര്‍ക്കെല്ലാം അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുമാറാകട്ടെ.
Comments