മനുഷ്യനെ ശിക്ഷിച്ചിട്ട് അല്ലാഹുവിനെന്തു കാര്യം?
മൃഗങ്ങള്‍ക്കൊക്കെ ഇഷ്ടപ്രകാരം ജീവിക്കാം, അവര്‍ക്ക് സ്വര്‍ഗവും നരകവുമില്ല. മലക്കുകള്‍ക്കെല്ലാം സ്വര്‍ഗം കിട്ടും. എന്നാല്‍, വിശേഷബുദ്ധി തന്നു എന്ന ഒറ്റക്കാരണത്താല്‍ അല്ലാഹുവില്‍ വിശ്വസിക്കാത്തവരെയെല്ലാം കാലാകാലം നരകവാസികളാക്കുന്നു. എല്ലാവര്‍ക്കും ഹിദായത്ത് നല്‍കി നന്നാക്കിയാല്‍ ഇവിടെ കുഴപ്പങ്ങളൊക്കെ തീരില്ലേ? അല്ലാഹുവിനെന്തിനാണ് ഈ പിടിവാശി? കോടിക്കണക്കിന് സൂര്യന്മാരും ഗ്രഹങ്ങളുമുള്ള ഒരു പ്രപഞ്ചമാണിത്. ഇവയുടെ സ്രഷ്ടാവായ അല്ലാഹുവിന് മനുഷ്യന്‍ നിസ്കരിച്ചോ നോമ്പ് നോറ്റോ എന്നൊക്കെ നോക്കാന്‍ സമയമെവിടെ? മനുഷ്യനെ മാത്രം ശിക്ഷിക്കാനുള്ള കാരണം അല്ലാഹു തന്നെ ഉണ്ടാക്കിയതല്ലേ? ഇതല്ലാതെ വേറെ ഒരു പണിയും അല്ലാഹുവിനില്ലേ? മനുഷ്യന്‍ ഉറുമ്പിനോട് നീ നോമ്പ് നോറ്റോ, നീ നിക്കരിച്ചോ എന്നൊക്കെ ചോദിക്കുന്നതുപോലുള്ള നിസ്സാര പ്രശ്നമല്ലേ അല്ലാഹുവിന്റെ മുന്നിലുമുള്ളത്? ഒരു യുക്തിവാദിയുടെ ചോദ്യങ്ങള്‍....
മുസ്‌ലിം ലീഗും മഅ്ദനിയും
ജസ്റിസ് മഅ്ദനി ഫോറം പോലുള്ള വേദികളില്‍ ഭരണത്തിലും മറ്റും മുഖ്യ പങ്കാളിത്തമുള്ള ലീഗ് പോലുള്ള സംഘടനകളെ സങ്കുചിത താല്‍പര്യങ്ങളുടെ പേരില്‍ ജമാഅത്തെ ഇസ്ലാമി സഹകരിപ്പിക്കാതെ മാറ്റിനിര്‍ത്തുന്നു എന്ന് പൊതുവെ ആക്ഷേപമുണ്ട്. ഉദാഹരണം: കഴിഞ്ഞ ദിവസങ്ങളില്‍ മഅ്ദനി ഫോറവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണത്തിലും തല്‍സംബന്ധമായ ആലോചനാ യോഗങ്ങളിലും തങ്ങളെ ആരും ക്ഷണിച്ചിട്ടില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പ്രസ്താവിച്ചതായി കണ്ടു. നിജസ്ഥിതി എന്താണ്?
കേരളത്തിലെ രണ്ട് മുന്നണികളും ഒരുപോലെ കൈയൊഴിഞ്ഞ മഅ്ദനി കള്ളക്കേസില്‍ കുടുങ്ങി അറസ്റ് ചെയ്യപ്പെട്ടപ്പോള്‍ അതിനെതിരെ ചെറുവിരലനക്കാന്‍ തയാറാവാതിരുന്നതാണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? മുസ്ലിം ലീഗും പാര്‍ട്ടിയുടെ പത്രവുമാകട്ടെ കിട്ടേണ്ട ശിക്ഷ തന്നെയാണ് അദ്ദേഹം അനുഭവിക്കുന്നതെന്ന് നിരന്തരം പറയുകയും എഴുതുകയും ചെയ്തു. രോഗിയും നിസ്സഹായനുമായ ആ മതപണ്ഡിതനോടുള്ള മാനുഷിക ബാധ്യതയോര്‍ത്ത് മാത്രം ജമാഅത്തെ ഇസ്ലാമിയെപോലുള്ള സംഘടനകളും ചില മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് ജസ്റിസ് ഫോര്‍ മഅ്ദനി ഫോറം രൂപവത്കരിച്ച് മുഖ്യമായും അദ്ദേഹത്തിന്റെ നിയമസഹായത്തിനായി പ്രവര്‍ത്തിച്ചുവരികയാണ്. ഈ ലക്ഷ്യത്തോട് യോജിക്കുന്ന ആര്‍ക്കും അതുമായി സഹകരിക്കാന്‍ ഒരു തടസ്സവുമില്ല. മാറിയ പരിതസ്ഥിതിയില്‍ മുസ്ലിം ലീഗിനും ഫോറത്തോട് സഹകരിക്കുകയോ മഅ്ദനിക്ക് നീതി ലഭിക്കാന്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍ പൂര്‍ണ സ്വാതന്ത്യ്രമുണ്ട്. തീവ്രവാദ മുദ്ര ഭയന്ന് ഇരകളെ മാറി നടക്കാന്‍ ലീഗിന് എത്രകാലം കഴിയുമെന്ന് പാര്‍ട്ടി നേതൃത്വമാണ് ആലോചിക്കേണ്ടത്. ഇത്രയേറെ സൂക്ഷിച്ചിട്ടും മുസ്ലിംലീഗാണ് തീവ്രവാദ ശക്തികളെ വളര്‍ത്തുന്നതെന്ന ആരോപണം ചില ജാതിശക്തികളും ബി.ജെ.പിയും സി.പി.എമ്മും ഉയര്‍ത്തുമ്പോള്‍ വേട്ടയാടപ്പെടുന്ന നിരപരാധികള്‍ ആരായാലും അവരുടെ മോചനത്തിനായി ആര്‍ജവത്തോടെ പ്രവര്‍ത്തിക്കുന്നതല്ലേ ശരി?
ടി.കെ മുഹമ്മദ് റശീദ് എറിയാട്
വര്‍ഗീയ കലാപം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്
മുംബൈ ആക്രമണത്തെക്കുറിച്ച് പത്രങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും നല്‍കിയ വാര്‍ത്തകളും ദൃക്സാക്ഷി വിവരണങ്ങളും സ്ഫോടനാത്മകവും വര്‍ഗീയ കലാപം സൃഷ്ടിക്കാനുതകുന്ന തരത്തിലുള്ളതുമായിരുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. കള്ളവാദങ്ങള്‍ തള്ളിക്കളയേണ്ടതാണെന്നും അവ രാജ്യത്തെയും സര്‍ക്കാറിനെയും അസ്ഥിരപ്പെടുത്തുമെന്നും കോടതി മാധ്യമങ്ങളെ ഓര്‍മിപ്പിച്ചു. ഹൈദരാബാദില്‍ നിന്നുള്ള ഇന്ത്യന്‍ മുസ്ലിംകള്‍ മുംബൈ ആക്രമണത്തില്‍ പങ്കാളികളാണെന്ന വാദം കള്ളവും വഴിതെറ്റിക്കുന്നതുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്രയും അസത്യം കലര്‍ന്ന വാദങ്ങള്‍ ഏറെ നിരാശപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു (മാധ്യമം 31-8-2012). പ്രതികരണം?
മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടിയിലായ ഒരേയൊരു പ്രതി പാക് പൌരനായ അജ്മല്‍ കസബിന്റെ വധശിക്ഷ ശരിവെച്ച സുപ്രീം കോടതി, കൂട്ടുപ്രതികളാക്കപ്പെട്ടിരുന്ന ഹൈദരാബാദുകാരായ ഫഹീം അന്‍സാരി, ഹുസൈന്‍ അഹ്മദ് ശൈഖ് എന്നിവരെ നിരപരാധികളാണെന്ന് കണ്ട് വിട്ടയച്ചുകൊണ്ടുള്ള വിധിയിലാണ് ഇന്ത്യന്‍ മുസ്ലിംകളെ കലാപത്തില്‍ പങ്കാളികളാക്കാനുള്ള കുത്സിത ശ്രമത്തെയും അതില്‍ മുഖ്യ പങ്ക് വഹിച്ച മാധ്യമങ്ങളെയും നിശിതമായി വിമര്‍ശിച്ചത്. പരമോന്നത കോടതിയുടെ കുറ്റപ്പെടുത്തല്‍ തികച്ചും സ്ഥാനത്താണെന്നേ നേര്‍ബുദ്ധിയുള്ള ആര്‍ക്കും തോന്നൂ. മുംബൈ ആക്രമണം നടന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്നും ഡെക്കാന്‍ മുജാഹിദീന്‍ ആണെന്നുമൊക്കെ മീഡിയ തട്ടിവിട്ടു. എല്ലായ്പ്പോഴുമെന്ന പോലെ അപ്പോഴും ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണെന്നവകാശപ്പെടുകയും ചെയ്തു. അമേരിക്കന്‍ പൌരനായ ഡേവിഡ് ഹെഡ്ലിയുടെ ആസൂത്രണത്തില്‍ പാക് ഭീകര സംഘടനകളാണ് സംഭവം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന ഔദ്യോഗിക ഭാഷ്യം പുറത്തു വന്നത് പിന്നീടാണ്. എന്നിട്ടും ഹൈദരാബാദില്‍ നിന്നുള്ള രണ്ട് നിരപരാധികളെ വ്യാജാരോപണങ്ങള്‍ ചുമത്തി പിടികൂടിയേ നിയമപാലകര്‍ക്ക് ഉറക്കം വന്നുള്ളൂ. അവര്‍ തീര്‍ത്തും നിരപരാധികളെന്ന് കേസ് വിചാരണ ചെയ്ത പ്രത്യേക കോടതി കണ്ടെത്തിയിട്ടും സര്‍ക്കാര്‍ ഏജന്‍സികള്‍ തൃപ്തരായില്ല. ഒടുവില്‍ സുപ്രീംകോടതി വേണ്ടിവന്നു അവരുടെ നിരപരാധിത്വം ഊന്നിയുറപ്പിക്കാന്‍. ഏറ്റവുമൊടുവില്‍, 1994-ലെ ജഗന്നാഥപുരി യാത്രയുടെ പേരില്‍ കലാപം സൃഷ്ടിക്കാന്‍ പരിപാടിയിട്ടതായാരോപിച്ച് ഗുജറാത്ത് പോലീസ് അറസ്റ് ചെയ്ത 11 പേരെയും വിട്ടയച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും അത്യന്തം ശ്രദ്ധേയമാണ്. 'എന്റെ പേര്‍ ഖാന്‍, പക്ഷേ, ഞാനൊരു ഭീകരനല്ല' എന്ന ഷാറൂഖ് ഖാന്‍ പടത്തിലെ പ്രസിദ്ധമായ ഡയലോഗ് ഉദ്ധരിച്ചുകൊണ്ട്, ന്യൂനപക്ഷ സമുദായത്തില്‍ പിറന്നുപോയ എല്ലാവരും ഭീകരരാണ് എന്ന മുന്‍വിധി അങ്ങേയറ്റം വിനാശകരവും അനീതിയുമാണെന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത്തരം ദുഷ്പ്രചാരണങ്ങളില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കും കോടതി എടുത്തു പറഞ്ഞു.
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്കര്‍ തുറന്നടിച്ചതാണ് ശരി. മുന്‍ സോവിയറ്റ് യൂനിയനിലെ കെ.ജി.ബി.യെ പോലെയായിത്തീര്‍ന്ന ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ പരമാധികാരമാണ് രാജ്യത്ത് പുലരുന്നത്. ഫാഷിസ്റ് വര്‍ഗീയശക്തികള്‍ വേണ്ടപോലെ നുഴഞ്ഞുകയറിയ നമ്മുടെ രഹസ്യാന്വേഷണ വിഭാഗം തികഞ്ഞമുന്‍വിധിയോടും ന്യൂനപക്ഷ വിരുദ്ധ മനസ്സോടും കൂടി മുസ്ലിം വേട്ട തുടരുകയാണ്. തികച്ചും അനീതിപരവും ആപത്കരവും മാനവികതയുടെ ലംഘനവുമായ ഈ പ്രവണതയില്‍നിന്ന് ഇന്റലിജന്‍സിനെ മോചിപ്പിക്കണമെന്നല്ല മതേതരത്വ സര്‍ക്കാറിനെ നയിക്കുന്ന മന്‍മോഹന്‍ സിംഗ്, ചിദംബരം ടീമിന്റെയും അജണ്ട. പകരം സുരക്ഷാ സേനയുടെ അബദ്ധജടിലങ്ങളായ റിപ്പോര്‍ട്ടുകള്‍ അവര്‍ അപ്പടി മുഖവിലക്കെടുക്കുകയാണ്. കേരളം തീവ്രവാദ കേന്ദ്രമായി മാറി എന്ന ഉന്നതതല മുറവിളിയുടെ പിറകിലും അതാണ്. സൂരജ്കുണ്ടില്‍ സമ്മേളിച്ച ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയും അതേറ്റു പറഞ്ഞു. അവര്‍ക്ക് കൈവന്നത് സുവര്‍ണാവസരമാണല്ലോ. ആകപ്പാടെ ആഗോളാടിസ്ഥാനത്തില്‍ അമേരിക്കയും ഇസ്രയേലും കൂടി വളര്‍ത്തിയ ഇസ്ലാമോഫോബിയ ഇന്ത്യയെയും പിടികൂടിയിരിക്കുന്നു അഥവാ അതിനുള്ള ശ്രമങ്ങള്‍ ഒട്ടൊക്കെ ഫലം കണ്ടിരിക്കുന്നു.
ഈ സ്ഥിതിവിശേഷത്തെ മനുഷ്യ സ്നേഹികളുടെയും നിഷ്പക്ഷമതികളായ മതനിരപേക്ഷ ശക്തികളുടെയും സഹകരണത്തോടെ വിവേകപൂര്‍വം എന്നാല്‍, തികഞ്ഞ ജാഗ്രതയോടെ നേരിടുകയാണ് രാജ്യത്തേറ്റവും വലിയ ന്യൂനപക്ഷം വേണ്ടത്. അവര്‍ നിരാശരോ പ്രകോപിതരോ വൈകാരിക പ്രതികരണങ്ങള്‍ക്ക് വശംവദരോ ആവരുത്. ഇസ്ലാം സമാധാനത്തിന്റെയും മാനവികതയുടെയും ധര്‍മമാണെന്നും മുസ്ലിംകള്‍ തീവ്രവാദികളല്ലെന്നും ഇന്ത്യന്‍ സമൂഹത്തെ പ്രയോഗതലത്തില്‍ ബോധ്യപ്പെടുത്താനുള്ള നടപടികളോടൊപ്പം, നിരപരാധികളെ നിയമപരമായി രക്ഷിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തേടണം. ഫാഷിസ്റുകളെയും വൈതാളികരെയും ജനാധിപത്യപരമായി പരാജയപ്പെടുത്താന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത്.
പി.വി.സി മുഹമ്മദ് പൊന്നാനി
Comments