Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 13

ചെവിയോര്‍ക്കുക മക്ക വിളിക്കുന്നു

വി.പി ശൗക്കത്തലി

മക്ക വിളിക്കുകയാണ്... ഓരോ വിശ്വാസിയേയും. മനുഷ്യന്റെ ആദ്യ തറവാട്ടിലേക്ക്. സൃഷ്ടിനാഥന്റെ പ്രഥമ ഭവനത്തിലേക്ക്. പ്രവാചക പുംഗവന്മാരുടെ സംഗമസ്ഥലിയിലേക്ക്. ആദര്‍ശ വിശുദ്ധിയുടെ ചരിത്രപഥങ്ങളിലേക്ക്...!
മനസ്സും ശരീരവുമായി 'ലബ്ബൈക്ക'പാടി 'കാരുണ്യവാന്റെ അതിഥികള്‍' ഹറം പൂകുമ്പോള്‍, ഖല്‍ബിന്റെ ബുറാഖിലേറി കഅ്ബാലയത്തിന്റെ മുറ്റത്തെത്താന്‍ വിശ്വാസിലോകം കൊതിച്ചു പ്രാര്‍ഥിക്കുകയാണ്... ആത്മാവിന്റെ തീര്‍ഥയാത്രകള്‍! 'ഈമാന്‍' പുല്‍കിയ വിശ്വാസിയുടെ മനസ്സിനെയും ശരീരത്തെയും ഇത്രമേല്‍ പിടിച്ചുവലിക്കാന്‍ പരിശുദ്ധ മക്കക്കും കഅ്ബക്കും മാസ്മരികമായ വല്ല ശക്തിയുമുണ്ടോ? ഒരിക്കല്‍പോലും കഅ്ബ കാണാത്തവര്‍ വരെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമായി, പ്രാര്‍ഥനയായി മക്കയെ പ്രഥമസ്ഥാനത്ത് നിര്‍ത്തുന്നതിന്റെ രഹസ്യമെന്ത്? ഈ ദിശയില്‍ അന്വേഷിക്കുമ്പോള്‍ പരിശുദ്ധ മക്കയും പുണ്യ കഅ്ബയും മനുഷ്യജീവിതത്തിന്റെ തന്നെ അച്ചുതണ്ടാണെന്ന സത്യത്തില്‍ നാം എത്തിച്ചേര്‍ന്നേക്കും.
മക്ക ഭൂഗോളത്തിന്റെ മധ്യത്തിലാണെന്ന നിഗമനത്തിന് ഏറെ പഴക്കമുണ്ട്. 1977 ജനുവരിയില്‍ പുറത്ത്‌വന്ന ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞന്‍ ഡോ. ഹുസൈന്‍ കമാലുദ്ദീന്റെ പഠനറിപ്പോര്‍ട്ട് ഈ നിഗമനത്തെ ബലപ്പെടുത്തി. ആധുനിക പഠനോപകരണങ്ങളും അംഗീകൃത മാപ്പുകളും ഭൂപടങ്ങളും ടോപോഗ്രാഫിയും അവലംബിച്ചു ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹം ഭൂമിയുടെ മധ്യം മക്കയാണെന്ന് നിഗമനത്തില്‍ എത്തുകയായിരുന്നു.
അല്ലാഹു മക്കക്ക് നല്‍കിയ പേരുകളിലൊന്ന് 'ഉമ്മുല്‍ ഖുറാ' എന്നാണ്. 'നാടുകളുടെ മാതാവ്,' 'നാടുകളുടെ കേന്ദ്രസ്ഥാനം' എന്നൊക്കെയാണ് അതിനര്‍ഥം. മറ്റു നാടുകളുടെ പ്രഭവകേന്ദ്രം മക്കയാണെന്ന് സാരം. ആദ്യ മനുഷ്യനും പ്രവാചകനുമായ ആദം(അ) മക്കയില്‍ വസിച്ചെങ്കില്‍ മനുഷ്യാരംഭം മക്കയില്‍നിന്നാണ്. 'അറഫ' എന്നതിന് ഹവ്വയെ കണ്ടുമുട്ടിയ സ്ഥലം എന്നും, മക്കക്ക് അടുത്തുള്ള 'ജിദ്ദ' 'ജദ്ദ' (വല്ല്യുമ്മ)യാണെന്നും ഹവ്വാ ബീവിയുടെ ഖബ്ര്‍ അവിടെയാണെന്നും ചരിത്രകാരന്മാര്‍ അനുമാനിക്കുന്നത് ചേര്‍ത്ത് വായിക്കുക. മുസ്‌ലിം ഉമ്മത്തിനെ ''ഉമ്മത്തന്‍ വസത്വന്‍'' (മധ്യമ സമുദായം) എന്ന് അല്ലാഹു പരിചയപ്പെടുത്തിയത് ലോകത്തിന്റെ 'മധ്യ'ത്തില്‍ രൂപപ്പെട്ട സംഘം എന്ന അര്‍ഥത്തില്‍ കൂടി ആയിരിക്കുമോ? എങ്കില്‍ ദീനിന്റെ 'മന്‍ഹജിലും' പദവിയിലും മധ്യമസ്ഥാനം അലങ്കരിക്കുന്നപോലെ ദീന്‍ രൂപപ്പെട്ട പ്രദേശവും ലോകത്തിന്റെ മധ്യത്തിലാണെന്ന സത്യം നാം തിരിച്ചറിയും. നീതിമാനായ സ്രഷ്ടാവിന്റെ തുല്യനീതി പരിഗണന മക്കയില്‍ നിന്നും ലോകത്തിന്റെ വിവിധ മുക്കുമൂലകളിലേക്കുമുള്ള തുല്യദൂരത്തിലും പുലര്‍ന്നതായിരിക്കാം. പ്രവാചകനെ 'സിറാജ്' എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആനില്‍ രണ്ടാമത് 'സിറാജ്' (വിളക്ക്) എന്ന് വിശേഷിപ്പിച്ചത് സൂര്യനെയാണ്. സൗരയൂഥത്തിന്റെ നടുവിലാണല്ലോ സൂര്യന്‍. കേന്ദ്രത്തില്‍നിന്ന് വിളക്കായി ജ്വലിച്ച് ലോകത്തിനും മറ്റും സൂര്യന്‍ പ്രകാശം പകരുന്നപോലെ മക്കാ എന്ന 'കേന്ദ്ര'ത്തില്‍ നിന്ന് പ്രവാചകന്‍ ലോകത്തിന് ഹിദായത്ത് പകര്‍ന്നു നല്‍കുകയാണ്.
''അല്ലാഹുവാണ, അല്ലാഹുവിന്റെ ഭൂമിയില്‍ വെച്ച് ഉത്തമയാണ് നീ. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഭൂഭാഗവും'' മക്കയെ സംബോധന ചെയ്തുകൊണ്ട് പ്രവാചകന്‍ പറഞ്ഞതാണിത്. വിശ്വാസി, ജീവിതത്തിലൊരിക്കല്‍, സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ മക്കയില്‍ ചെല്ലണമെന്ന് അല്ലാഹു കല്‍പിച്ചിരിക്കുന്നു. മക്കയിലേക്കല്ലാതെ മറ്റൊരിടത്തേക്കും യാത്ര നിര്‍ബന്ധമാക്കിയിട്ടില്ല. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച നാളില്‍ തന്നെ മക്കക്ക് അല്ലാഹു പവിത്രത നല്‍കിയിരിക്കുന്നു. അല്ലാഹു ആദരിക്കുകയും പരിശുദ്ധ ഹറമായി സംവിധാനിക്കുകയും ഭൂമിയുടെ കേന്ദ്രമായി നിശ്ചയിക്കുകയും ചെയ്ത മക്കയില്‍ ഹാജറയെയും ഇസ്മാഈലിനെയും ഇബ്‌റാഹീം(അ) കുടിയിരുത്തിയത്, വിശ്വാസി സംഘത്തിന്റെ പുനഃപ്രയാണത്തിനായിരുന്നു എന്ന് നാം തിരിച്ചറിയുന്നു.
അടുത്ത കാലത്ത് നടന്ന മറ്റൊരു പഠനം മക്കയാണ് ലോക സമയക്രമത്തിന്റെ അടിസ്ഥാനമാകേണ്ടത് എന്ന് തെളിയിക്കുന്നു. ലണ്ടനിലെ ഗ്രീനിച്ച് പട്ടണവും ബിഗ്‌ബെന്‍ ടവറിലെ ക്ലോക്കുമാണല്ലോ നിലവില്‍ ലോകം അവലംബിക്കുന്ന സമയക്രമത്തിന്റെ അടിസ്ഥാനം. 1884-ല്‍ കൊളംബിയയില്‍ നടന്ന സമ്മേളന തീരുമാനപ്രകാരമാണ് ഈ അംഗീകാരം. എന്നാല്‍ ഗ്രീനിച്ച് രേഖയില്‍ വൈരുധ്യമുണ്ടെന്നും അതിനാല്‍തന്നെ ഗ്രീനിച്ച് പട്ടണം ലോകസമയക്രമത്തിന് അവലംബിക്കാന്‍ പറ്റില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. (ഫ്രാന്‍സിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ കഴിഞ്ഞ വര്‍ഷം ഈ ആവശ്യം ഉന്നയിച്ചിരുന്നു.) എന്നാല്‍ ഗോളശാസ്ത്രപരമായി അക്ഷാംശ രേഖയില്‍ വടക്ക് 21025'0'' ഡിഗ്രിയിലും ധ്രുവാംശരേഖയില്‍ കിഴക്ക് 39049'0'' ഡിഗ്രിയിലുമായി സ്ഥിതിചെയ്യുന്ന മക്ക, ഗ്രീനിച്ച് പട്ടണത്തില്‍നിന്ന് വ്യത്യസ്തമായി സമയരേഖയില്‍ കൃത്യാവലംബമായതിനാല്‍ ഇക്കാര്യത്തില്‍ അടിസ്ഥാനമാക്കാന്‍ ഏറ്റവും യോഗ്യമാണ് (2008-ല്‍ ഖത്തറില്‍ ചേര്‍ന്ന മുസ്‌ലിം പണ്ഡിത സമ്മേളനം ഈ ആവശ്യം ഉന്നയിച്ചിരുന്നു.) ഈയിടെ ഹറമിനടുത്ത് സ്ഥാപിച്ച മക്കാ ക്ലോക്ക് ടവറിലെ സമയം മുസ്‌ലിം ലോകം അവലംബിച്ചു തുടങ്ങിയിട്ടുണ്ട് (ഖത്തറിലെ അല്‍ജസീറാ ടെലിവിഷന്‍ മക്കാ സമയമാണ് മുഖ്യമായി അവലംബിക്കുന്നത്). വിശ്വാസികളുടെ ജീവിതക്രമത്തെ മക്കയില്‍ കേന്ദ്രീകരിക്കുന്ന അല്ലാഹു അവരുടെ സമയക്രമത്തെയും വിശുദ്ധനഗരവുമായി ബന്ധിപ്പിക്കുന്നു.
മക്ക ഭൂഗോളത്തിലെ മധ്യനഗരമാണെങ്കില്‍ പരിശുദ്ധ കഅ്ബ ഭൂമിയുടെ 'കേന്ദ്രബിന്ദു'വാണോ? ഭൂ ആകര്‍ഷണത്തിന്റെ കേന്ദ്രമായി മക്കയെ അംഗീകരിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ ശാസ്ത്രലോകത്തില്‍നിന്ന് പുറത്ത്‌വന്നിട്ടുണ്ട്. ഭൂമിയുടെ നാനാഭാഗത്ത് നിന്നും 'ആകര്‍ഷണ തരംഗങ്ങള്‍' ഈ കേന്ദ്രബിന്ദുവിലേക്ക് നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. വിശ്വാസികളുടെ ഖിബ്‌ലയായി അല്ലാഹു 'കഅ്ബ'യെ നിശ്ചയിച്ചിരിക്കുന്നു. '(ഓ പ്രവാചകരേ), നാം താങ്കളെ താങ്കളിഷ്ടപ്പെടുന്ന ഖിബ്‌ലയുടെ ദിക്കിലേക്ക് തിരിക്കുകയാണ്' (അല്‍ബഖറ: 144) എന്ന് ഖുര്‍ആന്‍ പറയുന്നു. മനുഷ്യശരീരത്തിലുള്ള ഇലക്‌ട്രോ-മാഗ്‌നറ്റിക് തരംഗങ്ങള്‍ നമസ്‌കാരത്തിലെ സുജൂദില്‍ ധാരാളമായി ഭൂമിയിലേക്ക് പ്രവഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. (ഇടിയും മിന്നലും ഉണ്ടാക്കുന്ന കനത്ത വൈദ്യുതതരംഗങ്ങള്‍ അതിവേഗം ഭൂമിയില്‍ ഇറക്കാന്‍ നാം 'എര്‍ത്ത്' കമ്പികള്‍ സ്ഥാപിക്കുന്നത് ഓര്‍ക്കുക). സുജൂദില്‍ ദിശ ഖിബ്‌ലക്ക് നേരെ (മക്കക്ക് നേരെ) യാകുമ്പോള്‍ ഭൂ ആകര്‍ഷണ തരംഗങ്ങളുടെ അതേ ദിശയില്‍ ശരീരത്തില്‍ നിന്ന് സുജൂദിന്റെ നേരത്ത് ഭൂമിയില്‍ ഇറങ്ങുന്ന ഇലക്‌ട്രോ - മഗ്‌നറ്റിക് തരംഗങ്ങളും ഒത്തുചേരുന്നു. ഇത് നമസ്‌കരിക്കുന്നവര്‍ക്ക് ആരോഗ്യപരമായി ഏറെ ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ അവകാശപ്പെടുന്നത്.
കഅ്ബാ ത്വവാഫിന്റെ ദിശ മറ്റൊരത്ഭുതം നമ്മോട് പറയുന്നു. ഇടത്ത് നിന്ന് വലത്തോട്ടാണല്ലോ കഅ്ബയെ ത്വവാഫ് ചെയ്യേണ്ടത്. അഥവാ ആന്റി ക്ലോക്ക് വൈസില്‍.' ഇതേ ദിശയില്‍ തന്നെയാണ് പ്രപഞ്ച ചലന-ഭ്രമണം നടക്കുന്നത്. സൗരയൂഥത്തിന്റെ ഭ്രമണദിശയും ഭൂമി സൂര്യനെ ചുറ്റുന്നതും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതും ഇടത്ത് നിന്ന് വലത്തോട്ടാണല്ലൊ. മനുഷ്യശരീരത്തില്‍ രക്തചംക്രമണം നടക്കുന്നതും ഗര്‍ഭപാത്രത്തിലേക്ക് മനുഷ്യബീജങ്ങള്‍ പ്രവേശനം കാത്ത് കറങ്ങുന്നതും ഇതേ ദിശയില്‍തന്നെ. ഇങ്ങനെ നോക്കിയാല്‍ ചുഴലിക്കാറ്റിന്റെ ഗതിയും റോക്കറ്റിന്റെ കുതിച്ചുയരലും അത്‌ലറ്റിക് ട്രാക്കിലെ ഓട്ടമത്സരവും ഒക്കെ ഇടത്ത്‌നിന്ന് വലത്തോട്ട് തന്നെയാണെന്ന് കണ്ടെത്താന്‍ കഴിയും.
ഭൂമിയില്‍ ആദ്യമായി മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ഭവനത്തിനു ചുറ്റും വിശ്വാസികള്‍ ത്വവാഫ് ചെയ്യുമ്പോള്‍ എന്തൊക്കെ പ്രകൃതിപ്പൊരുത്തങ്ങളും നന്മകളുമാണ് അല്ലാഹു ആസൂത്രണം ചെയ്തതെന്ന് നാഗരികത മുന്നേറുമ്പോള്‍ ഇനിയും കണ്ടെത്തിയേക്കാം. ത്വവാഫ് അത് ആരംഭിച്ചതു മുതല്‍ ഇന്നുവരെ അത് നിലച്ചിട്ടില്ല എന്ന സത്യം മറ്റൊരത്ഭുതമാണ്. കഅ്ബക്കു നേരെ മുകളിലുള്ള 'ബൈതുല്‍ മഅ്മൂറി'ല്‍ ഇതേ ദിശയില്‍ സൃഷ്ടിനാഥനെ വാഴ്ത്തി മലക്കുകളുടെ നിലക്കാത്ത പരിരംഭണം എന്ന് തുടങ്ങി എന്നുപോലും നമുക്കറിയില്ല! ''അല്ലാഹു കഅ്ബയെ, വിശുദ്ധ ഭവനത്തെ മനുഷ്യരുടെ നിലനില്‍പ്പിന്റെ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നു.'' (അല്‍മാഇദ: 97). നാം മനസ്സിലാക്കിയതില്‍ നിന്നൊക്കെ അപ്പുറം ഈ പ്രയോഗത്തിന് വിശാലമായ അര്‍ഥതലങ്ങളുണ്ടാവാം!
ഏതായാലും പ്രപഞ്ചനാഥന്‍ മനുഷ്യരെ വിളിക്കുകയാണ്. ഭൂമിയിലെ അവന്റെ ഭവനത്തിന്റെ ചുറ്റുമുള്ള 'മശാഇര്‍' (അടയാളങ്ങള്‍) തിരിച്ചറിയാന്‍. ''ഇവിടെ അവര്‍ക്കുവേണ്ടി ഒരുക്കപ്പെട്ട ഗുണങ്ങള്‍ കാണാനും'' (അല്‍ഹജ്ജ്: 28). ''ഈ മന്ദിരത്തെ (കഅ്ബയെ) നാം ജനങ്ങള്‍ക്കുവേണ്ടി ഒരു കേന്ദ്രവും അഭയസ്ഥാനവുമായി നിശ്ചയിച്ചതും ഓര്‍ക്കുക'' (അല്‍ബഖറ: 125). മക്കയെ, നാമറിയുന്നതും അറിയാത്തതുമായ ഒട്ടേറെ ചിരസ്ഥായിയായ ബന്ധങ്ങളിലൂടെ ജീവിതവുമായി ഘടിപ്പിച്ച അല്ലാഹു ആ പരിശുദ്ധ ഭവനത്തെ ലക്ഷ്യം വെച്ച് നീങ്ങുന്നത് (ഹജ്ജ്) ബാധ്യതയായി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ യുക്തി ആര്‍ക്കും പിടികിട്ടാവുന്നതേയുള്ളൂ. അതിനാല്‍ ചെവിയോര്‍ക്കുക, മക്ക വിളിക്കുന്നു!

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍