Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 13

ആസാം മുസ്‌ലിം അപരനെ നിര്‍മിച്ചെടുക്കുന്നവിധം

ശൈഖ് മുഹമ്മദ് കാരകുന്ന്

സെപ്റ്റംബര്‍ 24. ഞങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി ആസാം സംസ്ഥാന ആസ്ഥാനത്തുനിന്ന് വിമാനത്താവളത്തിലേക്ക് പോവുകയാണ്. ഗുവാഹത്തി നഗരത്തില്‍നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പാലം കഴിഞ്ഞതേയുള്ളൂ; ഒട്ടും ചെറുതല്ലാത്ത വിദ്യാര്‍ഥി പ്രകടനം യാത്രക്ക് തടസ്സം സൃഷ്ടിച്ചു. ഗുവാഹത്തിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്‌കൂളുകളില്‍നിന്നും കോളേജുകളില്‍ നിന്നും വന്ന വിദ്യാര്‍ഥി- വിദ്യാര്‍ഥിനികളാണവരെന്ന് മനസ്സിലാക്കാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും യൂനിഫോമണിഞ്ഞിട്ടുണ്ട്. പോലീസിന്റെയും പട്ടാളത്തിന്റെയും അകമ്പടിയോടെയാണ് പ്രകടനം. അവര്‍ പഠിക്കുന്ന സ്ഥാപനങ്ങളുടെ സഹകരണത്തോടെയും പിന്തുണയോടെയും. മുഴങ്ങിക്കേട്ട മുദ്രാവാക്യം രണ്ടു കൊച്ചുവാക്യങ്ങള്‍ മാത്രം: ''ബംഗ്ലാദേശി ഗോബാക്ക്, ആസാം ആസാമികള്‍ക്ക്.''
മൂന്നു ദിവസങ്ങളായി ഞങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥി ക്യാമ്പുകളില്‍ നിരപരാധരും നിസ്സഹായരുമായ ജനലക്ഷങ്ങളെ കൊണ്ടെത്തിച്ചത് ഏതാനും ദശാബ്ദങ്ങളായി ആസാമില്‍ മുഴക്കപ്പെടുന്ന ഈ മുദ്രാവാക്യങ്ങളാണ്. ഡി.ജി.പി ജെ.എന്‍ ചൗധരിയുടെ കണക്കനുസരിച്ച് മൂന്നു ലക്ഷത്തി എഴുപത്തി എണ്ണായിരം അഭയാര്‍ഥികളാണ് ക്യാമ്പില്‍ എത്തിപ്പെട്ടത്. തകര്‍ക്കപ്പെട്ട മുസ്‌ലിം വീടുകള്‍ പതിനാലായിരത്തിനാനൂറും. മുസ്‌ലിം അഭയാര്‍ഥി ക്യാമ്പുകള്‍ 235ഉം ബോഡോകളുടേത് 75ഉമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ അനൗദ്യോഗിക കണക്കനുസരിച്ച് നാലു ജില്ലകളിലായി ചിതറിക്കിടക്കുന്ന മുസ്‌ലിം അഭയാര്‍ഥി ക്യാമ്പുകള്‍ 298 ആണ്. ആകെ അഭയാര്‍ഥികള്‍ 4,46,108. ഇതിനകം രണ്ടരലക്ഷത്തോളം അഭയാര്‍ഥികള്‍ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോയിരിക്കുന്നു. അവശേഷിക്കുന്നത് സര്‍ക്കാര്‍ കണക്കനുസരിച്ച് ഒരു ലക്ഷത്തി നാല്‍പത്തി അയ്യായിരവും അനൗദ്യോഗിക വിവരപ്രകാരം രണ്ടു ലക്ഷത്തോളവുമാണ്.
ശഫീ മദനിയോടൊപ്പം
സെപ്റ്റംബര്‍ 20-ന് വ്യാഴാഴ്ച രാത്രിയാണ് ഞങ്ങള്‍ ആസാമിലെ ഗുവാഹത്തിയിലെത്തിയത്. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലിയുടെ നേതൃത്വത്തില്‍ ആറു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍, അന്തര്‍ സംസ്ഥാന സെക്രട്ടറി എന്‍.എം അബ്ദുറഹ്മാന്‍, ജനസേവന വകുപ്പ് സെക്രട്ടറി പി.സി ബഷീര്‍, സംസ്ഥാന കൂടിയാലോചനാസമിതിയംഗം കെ.കെ മമ്മുണ്ണി മൗലവി പിന്നെ, ഈ ലേഖകനും.
ആസാമിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശഫീ മദനി സാഹിബുമായുള്ള കൂടിക്കാഴ്ചയായിരുന്നു ഞങ്ങളുടെ ഗുവാഹത്തിയിലെ ആദ്യ പരിപാടി. അദ്ദേഹവും, ഗുജറാത്തിലെ ഇലക്‌ട്രോസിറ്റി വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയറും ഇപ്പോള്‍ ഇസ്‌ലാമിക് റിലീഫ് കമ്മറ്റി സെക്രട്ടറിയുമായ മുഹമ്മദ് ഉമര്‍ ഗോറയും ഞങ്ങളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ശഫീ മദനി സാഹിബ് ഗുജറാത്ത് സ്വദേശിയാണ്. നീണ്ട പതിനാറു വര്‍ഷം ജമാഅത്തെ ഇസ്‌ലാമി ഗുജറാത്ത് അമീറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുജറാത്ത് ഇസ്‌ലാമിക് റിലീഫ് കമ്മറ്റിയുടെ പ്രസിഡന്റായിരുന്നു. ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ ദുരിതബാധിതരെ സഹായിക്കാനായി 1993ലാണ് ഇസ്‌ലാമിക് റിലീഫ് കമ്മിറ്റി രൂപം കൊണ്ടത്. എങ്കിലും രജിസ്റ്റര്‍ ചെയ്തത് 2001-ല്‍ ഭൂകമ്പബാധിതര്‍ക്കായുള്ള റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കവെയാണ്.
2002-ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ഒത്താശയോടെ നടന്ന വംശീയ ഉന്മൂലനത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്നതിലും നിയമസഹായം നല്‍കുന്നതിലും ശഫീ മദനി സാഹിബും ശക്കീല്‍ അഹ്മദ് സാഹിബും വഹിച്ച പങ്ക് സ്തുത്യര്‍ഹവും ത്യാഗപൂര്‍ണവുമാണ്. ഇരകള്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്നതിലും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിലും അതിനായി എഫ്.ഐ.ആര്‍ തയാറാക്കുന്നതിലും യോഗ്യരായ വക്കീല്‍മാരെ നിശ്ചയിച്ച് കേസ് നടത്തുന്നതിലും അവര്‍ നല്‍കിയ സേവനങ്ങള്‍ വളരെ വലുതാണ്. ഗുജറാത്തില്‍ മുപ്പത്തിരണ്ടു കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനമാണ് ശഫീ മദനിയുടെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്‌ലാമി നടത്തിയത്. ശക്കീല്‍ അഹമദ് സാഹിബിന്റെയും മുഹമ്മദ് ഉമര്‍ ഗോറയുടെയും നേതൃത്വത്തില്‍ അതിപ്പോഴും തുടരുന്നു.
ഗുജറാത്ത് അനുഭവം ഇന്ത്യക്കാകെ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടെ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര നേതൃത്വം ശഫീ മദനി സാഹിബിനെ ജനസേവന വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയായി നിശ്ചയിച്ചത്. ആസാം കലാപത്തെത്തുടര്‍ന്ന് ജമാഅത്ത് നേതൃത്വം അദ്ദേഹത്തെ അവിടേക്ക് നിയോഗിച്ചു. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതോടൊപ്പം ഇരകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും അവര്‍ക്ക് നീതി ലഭ്യമാക്കാനുമുള്ള തീവ്രയത്‌നത്തില്‍ വ്യാപൃതനായിരിക്കുകയാണ് അദ്ദേഹം. നിയമവശങ്ങള്‍ നന്നായി പഠിച്ചു മനസ്സിലാക്കി അഭയാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ട രേഖകളും സ്വത്തുക്കളും വീണ്ടെടുക്കുന്നതിലും നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്നതിലുമാണ് പ്രധാനമായും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്, ഡി.ജി.പി ജെ.എന്‍ ചൗധരി, എ.ഡി.ജി.പി റാവത്ത്, എന്‍.ഐ.എ ഡി.ഐ.ജി അനുരാഗ് തന്‍ഖ, ആസാം ഗണപരിഷത്ത് വൈസ് പ്രസിഡന്റ് അലോക്ശര്‍മ, കമ്മീഷണര്‍ ഡോക്ടര്‍ മുഹമ്മദ് അനീസ് അഹ്മദ്, ആള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂനിയന്‍ നേതാക്കള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് ശഫീ മദനി പ്രശ്‌നത്തിന്റെ വിവിധ വശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കും നിയമനടപടികള്‍ക്കും വ്യക്തമായ സ്ട്രാറ്റജിയും അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.
അഭയാര്‍ഥി ക്യാമ്പുകളില്‍
നൂറ്റിമുപ്പത് കിലോമീറ്റര്‍ ചുറ്റളവിലാണ് കലാപത്തിന്റെ കെടുതികളുണ്ടായത്. ബോഡോലാന്റ് ടെറിറ്റോറിയല്‍ കൗണ്‍സിലി (BTC) ന് കീഴിലുള്ള നാലു ജില്ലകളിലായിരുന്നു വംശീയാക്രമണം. ബോഡോലാന്റ് ടെറിറ്റോറിയല്‍ ഓട്ടോണമസ് ഡിസ്ട്രിക്ട്‌സ് (BTAD) എന്നപേരിലാണ് അവ അറിയപ്പെടുന്നത്. ബ്രഹ്മപുത്ര നദിയുടെ വടക്കന്‍ കരയിലെ കോക്രജാര്‍, ബക്‌സ, ചിരാംഗ്, ഉദല്‍ഗിരി എന്നിവയാണ് ബോഡോകള്‍ക്ക് സ്വയംഭരണമുള്ള ജില്ലകള്‍. ലോവര്‍ ആസാമിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.
ശഫീ മദനിക്ക് ലഭിച്ച കണക്കനുസരിച്ച് 97 പേരാണ് വധിക്കപ്പെട്ടത്. ഇവരില്‍ 27 പേര്‍ ബോഡോകളും ബാക്കി 70 പേര്‍ മുസ്‌ലിംകളുമാണ്. കലാപം പതിനഞ്ചുശതമാനം ബോഡോകളെയും ബാധിച്ചിട്ടുണ്ട്. 1993-'94 കാലത്ത് കൂട്ടക്കൊലയും കലാപവും നടന്നത് അപ്പര്‍ ആസാമിലെ നെല്ലിയിലാണ്. അന്ന് സര്‍ക്കാര്‍ കണക്കനുസരിച്ച് രണ്ടു ലക്ഷത്തി ഇരുപതിനായിരം മുസ്‌ലിംകളാണ് അഭയാര്‍ഥികളായത്. അനൗദ്യോഗിക വിവരമനുസരിച്ച് 314342 പേരും. അവരില്‍ പതിനായിരങ്ങള്‍ക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകാനായില്ല.
കലാപബാധിതര്‍ക്കായുള്ള 298 ക്യാമ്പുകളില്‍ 70 എണ്ണമാണ് ജമാഅത്തിന്റെ മേല്‍നോട്ടത്തിലുള്ളത്. അവയുടെ നടത്തിപ്പിനായി മൂന്നു കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. വിലാസിപ്പാറ, ഹാത്തിദുര, ബിജ്‌നി എന്നിവിടങ്ങളിലാണവ. ക്യാമ്പുകളുടെ മൊത്തം ചുമതല വഹിക്കുന്നത് ഷംസ് അഹ്മദ് സാഹിബാണ്. അദ്ദേഹം ജമാഅത്തിന്റെ ആസാം അമീറായിരുന്നു. ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വം വഹിക്കുന്നു. കൊക്രജാര്‍ ജില്ലയിലെ ഹാത്തിദുര ക്യാമ്പിന്റെ ചുമതല ശഫീഉറഹ്മാനും വിലാസിപാറ ക്യാമ്പിന്റേത് ഹാരിസ് അലിയും വഹിക്കുന്നു.
സെപ്റ്റംബര്‍ 21-ന് രാവിലെ ഞങ്ങള്‍ അഭയാര്‍ഥി ക്യാമ്പുകള്‍ കാണാന്‍ പുറപ്പെട്ടു. ഗുവാഹത്തിയില്‍നിന്ന് മുന്നൂറ് കിലോ മീറ്റര്‍ അകലെയുള്ള വിലാസിപാറ സെന്ററിലേക്കാണ് ആദ്യം പോയത്. അതിന്റെ കീഴിലുള്ള റാണീ ഗഞ്ചിലെ ജാതീയ വിദ്യാലയത്തിലെ ക്യാമ്പിലെത്തിയ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് അത്യന്തം ദയനീയമായ കാഴ്ചകളാണ്. ചെറിയ കെട്ടിടങ്ങളിലായി 216 കുടുംബങ്ങള്‍ കഴിഞ്ഞുകൂടുന്നു. ഓരോ റൂമിലും ഏഴും എട്ടും കുടുംബങ്ങള്‍ ഒന്നിച്ചാണ്. അവരില്‍ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും യുവാക്കളും ഗര്‍ഭിണികളും രോഗികളും എല്ലാമുണ്ട്. എല്ലാ ക്യാമ്പുകളിലും വിദ്യാര്‍ഥികളുടെ പഠനം പൂര്‍ണമായും മുടങ്ങിയിരിക്കുന്നു. അവര്‍ ഓടിയെത്തിയത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലേക്കായതിനാല്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ പഠനവും മുടങ്ങി. ഇപ്പോള്‍ ഗവണ്‍മെന്റ് വിദ്യാലയങ്ങളില്‍നിന്ന് അഭയാര്‍ഥികളെ ഒഴിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. തമ്പുകള്‍ നിര്‍മിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി ഷീറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിനകം ഏഴായിരത്തോളം തമ്പുകള്‍ക്ക് വേണ്ട ഷീറ്റുകള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ കോരിച്ചൊരിയുന്ന മഴ കാരണം എങ്ങും വെള്ളം കെട്ടിനില്‍ക്കുന്നു. ഉണ്ടാക്കിയ തമ്പുകള്‍ കാല്‍മുട്ടോളം വെള്ളത്തിലാണ്. കേരളത്തില്‍ നിന്നെത്തിയ ഐഡിയല്‍ റിലീഫ് വിംഗ് (IRW) പ്രവര്‍ത്തകര്‍ ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തിലാണ്.
കേതിയിഗുഡിയില്‍ നിന്നെത്തിയ 216 വീടുകളിലെ 1600 പേരാണ് ജാതീയ വിദ്യാലയത്തിലുള്ളത്. അവര്‍ താമസിച്ചിരുന്ന ഗ്രാമത്തില്‍നിന്ന് പുറത്തുകടക്കാന്‍ ഒറ്റ വഴിയേയുള്ളൂ. അതും വെള്ളത്തിലൂടെ. ആക്രമണമുണ്ടായപ്പോള്‍ ഏറെ സാഹസികമായാണ് അവര്‍ രക്ഷപ്പെട്ടത്. ആദ്യത്തില്‍ ബോഡോകള്‍ മാത്രമായിരുന്നു അക്രമികളെങ്കില്‍, പിന്നീട് രാജവംശികളും അവരോടൊപ്പം ചേര്‍ന്നു. അഭയാര്‍ഥികളില്‍ പതിമൂന്ന് മതപണ്ഡിതന്മാരുണ്ട്. അവര്‍ ജോലി ചെയ്തിരുന്ന പള്ളികളും മദ്‌റസകളും പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ഇത്തവണ ബോഡോ ആക്രമികളുടെ ലക്ഷ്യം കൊലയായിരുന്നില്ലെന്നും ആട്ടിപ്പായിക്കലായിരുന്നുവെന്നുമാണ് എല്ലാവരുടെയും ഏകാഭിപ്രായം. അഭയാര്‍ഥികളില്‍ മലയാളമറിയുന്ന ഒരാളെയും ഞങ്ങള്‍ കണ്ടെത്തി. കൊണ്ടോട്ടിക്കടുത്ത നീറാട് മൂന്നു കൊല്ലം ജോലി ചെയ്ത ചെറുപ്പക്കാരന്‍. അയാള്‍ നമ്മുടെ നാട്ടില്‍ വന്ന് കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയതെല്ലാം കൊള്ളയടിക്കപ്പെട്ടിരിക്കുന്നു.
ഞങ്ങള്‍ പിന്നീട് പോയത് റാണിഗഞ്ചിലെ തന്നെ ഹയര്‍സെക്കന്ററി സ്‌കൂളിലെ ക്യാമ്പുകളിലേക്കാണ്. അവിടെ ഒമ്പത് ക്യാമ്പുകളില്‍ 1150 കുടുംബങ്ങളിലെ 3409 പേര്‍ എങ്ങനെയൊക്കെയോ രാപകലുകള്‍ തള്ളി നീക്കുന്നു. നനഞ്ഞ തറയിലാണ് കൊച്ചു കുട്ടികളെപ്പോലും കിടത്തിയിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ സ്‌കൂള്‍ കെട്ടിടങ്ങളില്‍ സ്ഥലമില്ലാത്തതിനാല്‍ മഴയില്ലാത്ത സമയത്ത് പുറത്തെവിടെയെങ്കിലും അടുപ്പുണ്ടാക്കി വേവിച്ചെടുക്കണം.
ക്യാമ്പുകളില്‍ സര്‍ക്കാര്‍ അരിയും പരിപ്പും എണ്ണയും ഉപ്പും വിതരണം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഉരുളക്കിഴങ്ങും വലിയ ഉള്ളിയും നല്‍കിവരുന്നു. ഒരാള്‍ക്ക് 600 ഗ്രാം അരിയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി ആന്ധ്ര ഘടകം ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളും പുതുവസ്ത്രങ്ങളും മറ്റും അടങ്ങുന്ന പതിനായിരത്തിലേറെ കിറ്റുകള്‍ വിതരണം ചെയ്തത് അഭയാര്‍ഥികള്‍ക്ക് ഏറെ ആശ്വാസമായി.
ഈ ക്യാമ്പിലും മലയാളമറിയുന്ന രണ്ടാളെ കണ്ടു. അമീര്‍ ടി.ആരിഫലി സാഹിബും ഈ ലേഖകനും അഭയാര്‍ഥികളോട് മലയാളത്തില്‍ നടത്തിയ ഹ്രസ്വമായ പ്രഭാഷണങ്ങള്‍ അവര്‍ ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തി. എല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞത്, സ്വന്തം താമസസ്ഥലത്തേക്ക് തിരിച്ചുപോകണമെന്നാണ്. അതിന് സര്‍ക്കാര്‍ സൗകര്യമൊരുക്കണം. സംരക്ഷണം നല്‍കണം. അത് പെട്ടെന്നൊന്നും സാധ്യമല്ലെന്ന് അവര്‍ക്കു തന്നെ അറിയാം.
അടുത്ത ദിവസം ഞങ്ങള്‍ സന്ദര്‍ശിച്ചത് ഹാത്തിദുര കേന്ദ്രത്തിനു കീഴിലുള്ള അഭയാര്‍ഥി ക്യാമ്പുകളാണ്. അന്നത്തെ യാത്ര കൊക്രജാര്‍ ജില്ലയിലെ ബോഡോകളുടെ കേന്ദ്രങ്ങളിലൂടെയായിരുന്നു. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. പുഴകള്‍ക്കും തോടുകള്‍ക്കും മരപ്പാലമാണ്. പലപ്പോഴും വാഹനം മറുകരയെത്തിക്കാന്‍ ഇറങ്ങി നടക്കേണ്ടി വന്നു. ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സലിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വമ്പിച്ച സഹായം നല്‍കുന്നുണ്ടെങ്കിലും അതിന്റെ അടയാളങ്ങളൊന്നും എവിടെയും കാണാനില്ല.
വഴിയുടെ ഇരുവശങ്ങളിലും ചുട്ടെരിക്കപ്പെട്ട വീടുകള്‍, തകര്‍ക്കപ്പെട്ട കടകള്‍, പൊളിച്ചു മാറ്റപ്പെട്ട പള്ളികള്‍, ചാരക്കൂനകള്‍, വെട്ടി നശിപ്പിക്കപ്പെട്ട വാഴകള്‍, പിഴുതുമാറ്റപ്പെട്ട കമുങ്ങുകള്‍, തലയറുക്കപ്പെട്ട തെങ്ങുകള്‍... ഹൃദയഭേദകമായ കാഴ്ചകള്‍. എത്രയോ കോടിയുടെ നഷ്ടം. പരമതവിദ്വേഷവും അധികാരക്കൊതിയും മനുഷ്യനെ എത്രമാത്രം നീചനും നികൃഷ്ടനും ക്രൂരനുമാക്കുമെന്നതിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളായിരുന്നു യാത്രയിലുടനീളം ഞങ്ങള്‍ക്കിരുവശവും.
ഇതര ഭാഗങ്ങളിലെന്നപോലെ ബോഡോലാന്റിലും ആദിവാസികള്‍ അങ്ങേയറ്റം അവഗണിക്കപ്പെടുന്നു. അവരുടെ സംഘടനയുടെ പേര് ആദിവാസി കോബ്ര മിലിട്ടറി ഓഫ് ആസാം. 1993-ല്‍ ബോഡോകള്‍ നടത്തിയ ആക്രമണത്തോടെ ഈ ആദിവാസികളും ആയുധം കൈയിലെടുത്തു. അന്ന് ആദിവാസികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മുസ്‌ലിംകള്‍ അവര്‍ക്ക് സംരക്ഷണം നല്‍കിയിരുന്നു. അതിന് മുസ്‌ലിംകളോട് പ്രത്യുപകാരം ചെയ്യുകയാണ് അവരിപ്പോള്‍. ഞങ്ങള്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പ് ആദിവാസികള്‍ ഒരുക്കിയതാണ്. അവിടെ 11530 അഭയാര്‍ഥികളുണ്ട്.
വൃത്തിയിലും സംഘാടനത്തിലും മെച്ചപ്പെട്ട ഫലഗുരി ക്യാമ്പില്‍ ഗുജറാത്തിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെയും ആസാം മൈനോറിറ്റി റൈറ്റ് പ്രിസര്‍വേഷന്‍ കമ്മറ്റിയുടെയും പ്രവര്‍ത്തകരുടെയും സജീവസാന്നിധ്യമുണ്ട്. ഈ കൂട്ടായ്മകള്‍ ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ദുത്തൂറാമറി എം.ഇ മദ്‌റസയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഒരൊറ്റ ഡിവിഷനിലെ 52 ഗ്രാമങ്ങളില്‍ നിന്നുള്ള എണ്ണൂറ് കുടുംബങ്ങളാണുള്ളത്. അവരുടെ തമ്പുകളേറെയും കനത്ത മഴയില്‍ വെള്ളത്തിലാണ്. ബോഡോകളുടെ വശമുള്ള ആയുധങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണെങ്കില്‍ ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ തയാറാണെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. സുരക്ഷ പോലെത്തന്നെ പട്ടിണിയെയും അവര്‍ ഭയക്കുന്നുണ്ട്. ക്യാമ്പുകളില്‍ ആഹാരം കിട്ടും. നാട്ടില്‍ തിരിച്ചെത്തിയാല്‍ ഒന്നും ലഭിക്കണമെന്നില്ല. ഉള്ളതെല്ലാം നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. ഇതും തിരിച്ചു പോക്കിന് തടസ്സമായി പലരും കാണുന്നു.
പിന്നെ ഞങ്ങള്‍ പോയത് ബിജ്‌നിസെന്ററിന്റെ കീഴിലുള്ള ക്യാമ്പുകളിലേക്കായിരുന്നു. സൈഫുല്‍ ഇസ്‌ലാമാണ് ഈ ക്യാമ്പുകളുടെ കോ-ഓര്‍ഡിനേറ്റര്‍. അദ്ദേഹം ഹൗളി ഹസ്രത്ത് ഉമര്‍ മോഡല്‍ അക്കാദമി ഹൈസ്‌കൂള്‍ അധ്യാപകനാണ്. ഇവിടെ ഐ.ആര്‍.ഡബ്ലിയു വളണ്ടിയര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും താമസ സൗകര്യമൊരുക്കിയത് അന്‍വര്‍ ഹുസൈന്‍ എന്നൊരാളാണ്. ബിജ്‌നി സെന്ററിന്റെ കീഴിലുള്ള ലോക്കിപൂര്‍ എല്‍.പി സ്‌കൂള്‍ ക്യാമ്പും ഞങ്ങള്‍ സന്ദര്‍ശിച്ചു. ചിരംഗ് ജില്ലയിലെ ബെഗയ്ഗാവ് പ്രദേശത്തെ പത്ത് ഗ്രാമങ്ങളില്‍ നിന്നെത്തിയ 392 കുടുംബങ്ങളിലെ 1792 പേരാണ് ക്യാമ്പുകളിലുള്ളത്.
ഞങ്ങള്‍ സന്ദര്‍ശിച്ചതും അന്വേഷിച്ചറിഞ്ഞതുമായ എല്ലാ ക്യാമ്പുകളിലെയും അവസ്ഥ ഒന്നു തന്നെ. അന്നത്തെ ഞങ്ങളുടെ സന്ദര്‍ശനത്തില്‍ അസമീസ്-ബംഗാളി ഭാഷകള്‍ നന്നായി സംസാരിക്കുന്ന ദക്ഷിണ അസം ജമാഅത്തെ ഇസ്‌ലാമി അമീര്‍ സുല്‍ഫിക്കര്‍ അലി ഗാസിയുമുണ്ടായിരുന്നു. ലോക്കിപൂര്‍ കടാമ്പ് അംഗങ്ങളോട് അമീര്‍ ആരിഫലി സാഹിബ് നടത്തിയ അര്‍ഥഗംഭീരവും വികാരനിര്‍ഭരവുമായ പ്രസംഗം ഗാസി ബംഗാളി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. നല്ല ചടുലതയുള്ള ചെറുപ്പക്കാരനാണ് സുല്‍ഫിക്കര്‍ അലി ഗാസി. അദ്ദേഹം നല്ലൊരു പ്രഭാഷകന്‍ കൂടിയാണ്. അഭയാര്‍ഥികളോട് അദ്ദേഹവും സംസാരിച്ചു.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍