Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 13

ഈ മര്യാദകള്‍ പാലിക്കാം നമുക്ക്‌

സദ്‌റുദ്ദീന്‍ വാഴക്കാട്

സത്യം അറിയാനും അറിയിക്കാനുമാണ് ആശയ സംവാദങ്ങള്‍. ജയിക്കാനും തോല്‍പിക്കാനും വേണ്ടിയല്ല. തെറ്റില്‍ നിന്ന് ശരിയിലേക്കും ശരിയില്‍ നിന്ന് കൂടുതല്‍ ശരിയിലേക്കുമുള്ള വളര്‍ച്ചയാകണമതിന്റെ ലക്ഷ്യം. അതിന് സഹായകമാകുന്ന ഭാഷയും ശൈലിയും ഉപയോഗിക്കണം. അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും ബാധ്യതകള്‍ പൂര്‍ത്തീകരിക്കുകയും വേണം. മറ്റുള്ളവരെ തോല്‍പിക്കുക സംവാദത്തിന്റെ ലക്ഷ്യമാകുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായിത്തീരുക മാത്രമല്ല, വഴിതെറ്റിപ്പോകാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുന്നു. അന്തസുള്ള ആശയ സംവാദത്തില്‍ പാലിക്കേണ്ട മര്യാദകള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്.
1) സത്യസന്ധത മുറുകെ പിടിക്കുക. സത്യവിശ്വാസിയുടെ മുഖമുദ്രയാണ് സത്യസന്ധത. 'എത്ര കയ്‌പേറിയതാണെങ്കിലും സത്യം പറയുക' എന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ വാദങ്ങള്‍ക്ക് അടിസ്ഥാനമായി മുന്നോട്ടു വെക്കുന്ന തെളിവുകള്‍ പൂര്‍ണമായും ശരിയാണെന്ന് ഉറപ്പു വരുത്തണം. ലേഖനങ്ങളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നുമുള്ള ഉദ്ധരണികള്‍, പ്രസംഗഭാഗങ്ങള്‍, സംഭവ വിവരണങ്ങള്‍ തുടങ്ങിയവയില്‍ കണിശമായും സത്യസന്ധത പാലിക്കണം. വാദങ്ങളില്‍ ജയിക്കാന്‍ വേണ്ടി കളവു പറയരുത്. കൃത്യമായി ബോധ്യപ്പെടാത്ത തെളിവുകള്‍ അവതരിപ്പിക്കരുത്. ഒരു ഉദ്ധരണിയില്‍ നിന്ന് തനിക്ക് എതിരുള്ള ഭാഗം വെട്ടിക്കളഞ്ഞ് അനുകൂലമായവ മാത്രം ഉദ്ധരിക്കുന്നത് സത്യസന്ധതയല്ല. ഇന്ന് വിമര്‍ശനങ്ങളില്‍ പലരും സ്വീകരിക്കാറുള്ള തെറ്റായ തന്ത്രമാണിത്. ഇമാം വകീഉബ്‌നുല്‍ജര്‍റാഹ് പറയുകയുണ്ടായി: ''ജ്ഞാനികള്‍ തങ്ങള്‍ക്ക് അനുകൂലമായതും പ്രതികൂലമായതും ഉദ്ധരിക്കും. എന്നാല്‍ സ്വാര്‍ഥികള്‍ തങ്ങള്‍ക്ക് അനുകൂലമായതു മാത്രം പകര്‍ത്തിയെഴുതും'' (അസ്സിയറു ലിദ്ദാറഖുത്‌നി-10/249). പ്രസംഗത്തില്‍ ഒരിക്കല്‍ മാത്രം പറഞ്ഞ വാചകം സാങ്കേതിക വിദ്യയുടെ സഹായത്തോടെ പലതവണ ആവര്‍ത്തിക്കുന്ന വീഡിയോകള്‍ കാണാറുണ്ട്. പലഭാഗങ്ങള്‍ മുറിച്ചെടുത്ത് ഒന്നിച്ചുചേര്‍ത്ത് വീഡിയോകള്‍ നിര്‍മിക്കുന്നു ചിലര്‍. എല്‍.സി.ഡി പ്രൊജക്ടറുകള്‍ ഉപയോഗിച്ചു നടത്തുന്ന വിമര്‍ശന പ്രസംഗങ്ങളില്‍ പ്രദര്‍ശിപ്പിക്കാറുള്ള വീഡിയോകളില്‍ കാണിക്കുന്ന കൃത്രിമങ്ങളും കള്ളത്തരങ്ങളും ഏറെയാണ്. ഒരു പുസ്തകത്തിലെ ഉദ്ധരണിയില്‍ കാണിക്കാന്‍ കഴിയുന്ന കൃത്രിമങ്ങളെക്കാള്‍ വളരെ കൂടുതലാണിത്. ഇതൊക്കെ ഇസ്‌ലാം വിലക്കിയ കളവിന്റെ പരിധിയില്‍ വരുമെന്ന ബോധം ചിലര്‍ക്കെങ്കിലും ഇല്ലാതെ പോകുന്നു. ഇമാം കൗസരി പറയുകയുണ്ടായി: ''ഒരു പണ്ഡിതന്റെ ഒന്നാമത്തെ നിര്‍ബന്ധ ബാധ്യതയാണ് ഉദ്ധരണികളിലെ വിശ്വസ്തത'' (മഖാലാത്തുല്‍ കൗസരി-പേജ്:38).
2) നീതി പാലിക്കുക. ഏറ്റവും വലിയ ഇസ്‌ലാമിക മൂല്യങ്ങളില്‍ ഒന്നാണ് നീതി. വിമര്‍ശനങ്ങളില്‍ പലപ്പോഴും നഷ്ടപ്പെടുന്നതും അതുതന്നെ. ''അല്ലാഹു നീതിയും നന്മയും കല്‍പിക്കുന്നു....'' (ഖുര്‍ആന്‍) എന്ന ആയത്ത് ആശയസംവാദങ്ങളില്‍ ഏറെ പ്രസക്തമാണ്. സഹോദരന്റെ അവകാശങ്ങള്‍ അവന് നല്‍കുന്നതാണ് നീതി. ഒരാളുടെ വിശ്വാസങ്ങളും വാദങ്ങളും എന്താണെന്ന് പറയാനുള്ള അവകാശം അയാള്‍ക്കുതന്നെ വകവെച്ചുകൊടുക്കുക, തന്റെ വാദങ്ങള്‍ ഒരാള്‍ വിശദീകരിച്ചു കഴിഞ്ഞാല്‍ അത് മുഖവിലക്കെടുക്കുക, ഒരാള്‍ക്ക് ഇല്ലാത്ത വാദങ്ങള്‍ അയാളില്‍ ആരോപിക്കാതിരിക്കുക, ഉദ്ധരണികളില്‍ കൃത്രിമം കാണിക്കാതിരിക്കുക, അഭിപ്രായ സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയവ സംവാദത്തിലെ നീതിയില്‍പെട്ടതാണ്. കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലും എതിരാളികളുടെ വിമര്‍ശനങ്ങളെ ആധാരമാക്കിയും ഒരാളുടെ വാദങ്ങളെക്കുറിച്ച് നിലപാട് എടുക്കുന്നതും വിമര്‍ശിക്കുന്നതും അനീതിയാണ്. ലഭ്യമായ വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുക, സാധ്യമാകുന്നിടത്തോളം ആളുകളില്‍നിന്ന് നേരിട്ടുതന്നെ അവരുടെ നിലപാട് മനസിലാക്കുക, മൂലഗ്രന്ഥങ്ങള്‍ പരിശോധിക്കുക, വാക്കുകള്‍ വളച്ചൊടിക്കാതിരിക്കുക തുടങ്ങിയവ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതിലെ നീതിയില്‍പ്പെടുന്നു. വ്യക്തികളോ സംഘടനകളോ തത്ത്വത്തിലോ പ്രയോഗത്തിലോ തിരുത്തിക്കഴിഞ്ഞ പഴയ നിലപാടുകളുടെ പേരില്‍ അവരെ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത് അനീതിയാണ്.
ഒരു വ്യക്തിയോടോ സംഘടനയോടോ നമുക്കുള്ള വിയോജിപ്പ് അവരോട് അനീതി കാണിക്കാന്‍ കാരണമാകരുത്. അത്തരം അനീതികള്‍ തഖ്‌വ ചോര്‍ന്നു പോകുന്നതിന്റെ അടയാളമാണ്. ഖുര്‍ആന്‍ പറയുന്നു: ''ഒരു വിഭാഗത്തോടുള്ള വെറുപ്പ് അവരോട് അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതി കാണിക്കുക. അതാണ് തഖ്‌വയോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്'' (5:8). ഹമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്‌നുഅബ്ദില്‍ ഹാദി പറയുന്നു: ''പക്ഷപാതിത്വം ഉപേക്ഷിക്കുകയും നീതിപാലിക്കുകയും ചെയ്യുന്നത് അറിവ് അന്വേഷിക്കുന്നവന്റെ ഏറ്റവും വലിയ അലങ്കാരമാണ്'' (നസ്വ്ബുര്‍റായ 1/355). സംസാരത്തിലും എഴുത്തിലുമുള്ള വൈകല്യങ്ങളില്‍ നിന്ന് നീതിബോധം വ്യക്തികളെ സംരക്ഷിക്കുന്നു. ഒരാള്‍ക്കുള്ള അറിവും സ്ഥാനവും വകവെച്ചുകൊടുക്കണം. നമുക്ക് വിയോജിപ്പുള്ളതുകൊണ്ട് അദ്ദേഹത്തെ വിഡ്ഢി, തീവ്രവാദി എന്നൊക്കെ വിളിക്കുന്നത് അനീതിയാണ്. ഇമാം അബൂഹനീഫയോട് വിയോജിക്കുന്ന ഹമ്പലി പക്ഷക്കാരുടെ നേതാവായിരുന്ന ഇമാം യഹ്‌യബ്‌നു സഈദല്‍ഖത്വാന്‍ പറയുകയുണ്ടായി: ''ഞങ്ങള്‍ അല്ലാഹുവെ കളവാക്കുകയില്ല. ഇമാം അബൂഹനീഫയുടെ അഭിപ്രായങ്ങളില്‍ നിന്ന് നല്ലതെന്ന് തോന്നുന്നത് ഞങ്ങള്‍ അംഗീകരിക്കും'' (താരീഖുഇബ്‌നു മുഈന്‍ 2/607). ഇമാം യഹ്‌യബ്‌നു മുഈന്‍ പറയുന്നു: ''മാലികിനെ അല്ലാഹു അനുഗ്രഹിക്കട്ടെ, അദ്ദേഹം ഇമാം ആയിരുന്നു. ശാഫിഈയെ അല്ലാഹു അനുഗ്രഹിക്കട്ടെ, അദ്ദേഹവും ഇമാം ആയിരുന്നു. അബൂഹനീഫക്ക് അല്ലാഹു കരുണ ചൊരിയട്ടെ, അദ്ദേഹവും ഇമാം ആയിരുന്നു'' (അതേ പുസ്തകം 2/163, അല്‍ഇന്‍തിഖാഅ്-67).
3) വിയോജിപ്പിന്റെ മേഖല നിര്‍ണയിക്കുക. എതിരഭിപ്രായങ്ങളുള്ള വിഷയങ്ങള്‍ ഏതൊക്കെയാണെന്നും, അതില്‍ തന്നെ ഏതേതു പോയിന്റുകളിലാണ് ഭിന്നതയുള്ളതെന്നും കൃത്യമായി നിര്‍ണയിച്ചശേഷമേ ആശയസംവാദങ്ങളില്‍ ഏര്‍പ്പെടാവൂ. അത് ചര്‍ച്ചകള്‍ സുഗമവും സുതാര്യവുമാക്കും. യോജിപ്പുള്ള വിഷയങ്ങളില്‍ സഹകരിക്കാവുന്ന അവസ്ഥ സൃഷ്ടിക്കും. കൃത്യത വരുത്താതെ വിമര്‍ശിക്കാന്‍ തുനിയുന്നതാണ് അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നത്. ചര്‍ച്ചകള്‍ കാടുകയറിപ്പോകാനും പുതിയ വിയോജിപ്പുകള്‍ സൃഷ്ടിക്കപ്പെടാനും ഇത് വഴിവെക്കുന്നു. നിര്‍ണിത വിഷയങ്ങളില്‍നിന്ന് ചര്‍ച്ചകള്‍ വഴിമാറിപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിഷയങ്ങള്‍ ബോധപൂര്‍വം വഴിതിരിച്ചുവിടുന്നത് ആരോഗ്യകരമായ സംവാദരീതിയല്ല.
4) ഉദ്ദേശ്യ ശുദ്ധിയെ നിഷേധിക്കരുത്. നമ്മുടെ വിയോജിപ്പ് ആളുകളുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ കാരണമാകരുത്. തെറ്റായ കാര്യങ്ങള്‍ എന്ന് നാം കരുതുന്ന പലതും ശരിയായ ദീനീ പ്രവര്‍ത്തനം എന്ന നിലയിലും ആത്മാര്‍ഥതയോടെയുമായിരിക്കും പലരും നിര്‍വഹിക്കുന്നുണ്ടാവുക. ചിലരില്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ ഉണ്ടാകാമെങ്കിലും അത് വിയോജിപ്പുള്ള എല്ലാവരുടെയും ഉദ്ദേശ്യശുദ്ധിയെ ഒരുപോലെ നിഷേധിക്കാന്‍ കാരണമാക്കാവതല്ല. നാം മറ്റൊരാളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ തിരിച്ച് ഇങ്ങോട്ടും അതേ നിലപാട് സ്വീകരിക്കാം. അത് വെറുപ്പിനും ശത്രുതക്കും കാരണമാകും. അതുകൊണ്ട്, സ്വന്തം ഉദ്ദേശ്യശുദ്ധി മറുപക്ഷക്കാരെ ബോധ്യപ്പെടുത്തുകയും അവരുടെ ഉദ്ദേശ്യശുദ്ധിയെ നിഷേധിക്കാതിരിക്കുകയും ചെയ്യുക. ഇഖ്‌ലാസ്വ് എല്ലാറ്റിന്റെയും അടിസ്ഥാനമാണല്ലോ. ''ദീന്‍ അല്ലാഹുവിന് മാത്രമാക്കികൊണ്ട് ആത്മാര്‍ഥതയോടെ അവന് ഇബാദത്ത് ചെയ്യുക'' (ഖുര്‍ആന്‍: 98/5).
5) തുല്യാവസരം നല്‍കുക. തന്റെ പക്ഷം വിശദീകരിക്കാന്‍ എടുക്കുന്ന അത്രയും സമയമോ അതിലേറെയോ മറുവീക്ഷണം പ്രകടിപ്പിക്കാന്‍ മറ്റുള്ളവര്‍ക്ക് നല്‍കണം. ഇടക്കു കയറി സംസാരിക്കുക, ബഹളം വെച്ചുകൊണ്ട് സംസാരം തടസപ്പെടുത്തുക തുടങ്ങിയവ മാന്യതക്ക് നിരക്കാത്തതാണ്. നാം പറയുന്നത് മറ്റുള്ളവര്‍ ശ്രദ്ധിച്ചു കേള്‍ക്കണം എന്ന് ആഗ്രഹിക്കുന്നപോലെ, മറ്റുള്ളവര്‍ പറയുന്നത് നാമും സൂക്ഷ്മതയോടെ കേള്‍ക്കണം. ഇത് മറുവീക്ഷണക്കാരോട് കാണിക്കുന്ന നീതിയും ആദരവുമാണ്.
6) അനാവശ്യ പ്രയോഗങ്ങള്‍ ഉപേക്ഷിക്കുക. വിഷയങ്ങള്‍ വൈജ്ഞാനികമായും അവധാനതയോടെയും അവതരിപ്പിക്കുക. അധിക്ഷേപം, വ്യക്തിഹത്യ, പരിഹാസം, നിന്ദ തുടങ്ങി ഇസ്‌ലാം വിലക്കിയ ദുഃസ്വഭാവങ്ങള്‍ തീര്‍ത്തും വര്‍ജിക്കുക. വലിയ മതപണ്ഡിതരെന്ന് സ്വയം അവകാശപ്പെടുന്നവരും അനുയായികള്‍ പുകഴ്ത്തുന്നവരും സ്റ്റേജിലും പേജിലും നടത്തുന്ന വാക്പ്രയോഗങ്ങള്‍ ചിലപ്പോഴെങ്കിലും നമ്മുടെ തൊലിയുരിഞ്ഞ് കളയുംവിധം തരംതാഴ്ന്നുപോകാറുണ്ട്. ഇങ്ങനെയൊക്കെ തര്‍ക്കിച്ചു കൊണ്ട് മതസംഘടനകള്‍ ഏതു ദീനാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? അഭിപ്രായ ഭിന്നത ഉണ്ടായിരുന്ന സന്ദര്‍ഭത്തില്‍ ഹസ്രത്ത് ബിലാലിനെ, 'കറുത്തവളുടെ മകനേ' എന്നുവിളിച്ച സ്വഹാബിയെ നബി കടുത്ത ഭാഷയില്‍ ശാസിക്കുകയുണ്ടായി. 'നിന്നില്‍ ഇപ്പോഴും ജാഹിലിയ്യത്തിന്റെ അംശമുണ്ട്' എന്നാണ് നബി(സ) പറഞ്ഞത്. ഇതിലേറെ കടുത്ത പ്രയോഗങ്ങള്‍ മതവേദികളില്‍ കേള്‍ക്കേണ്ടിവരാറുണ്ട്, അതൊഴിവാക്കണം. ജാഹിലിയ്യത്തിന്റെ അംശങ്ങള്‍ പേറി നടക്കുന്നത് മതപണ്ഡിതര്‍ക്ക് ചേര്‍ന്നതല്ലല്ലോ.
7) സാഹോദര്യം കാത്തു സൂക്ഷിക്കുക. ഒരു സത്യവിശ്വാസിയോടുള്ള സാഹോദര്യ ബന്ധത്തിന് സംവാദത്തിലൂടെ കോട്ടം തട്ടരുത്. ബന്ധങ്ങള്‍ മുറിച്ചു കളയരുത്. സ്‌നേഹവും സൗഹാര്‍ദവും വിയോജിപ്പികള്‍ക്കിടയിലും കാത്തുസൂക്ഷിക്കണം. ഇമാം ശാഫിഈയുടെ മഹത്തായ മാതൃക കാണുക. യൂനുസുബ്‌നു അബ്ദില്‍ അഅ്്‌ലാ പറയുന്നു; ഒരിക്കല്‍ ഇമാം ശാഫിഈയുമായി ഞാന്‍ സംവാദം നടത്തി. അദ്ദേഹത്തെക്കാള്‍ ബുദ്ധിമാനായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. പിന്നീട് ഞങ്ങള്‍ പിരിഞ്ഞു. ശേഷം എന്നെ കണ്ടപ്പോള്‍ അദ്ദേഹം എന്റെ കൈപിടിച്ചുകൊണ്ടു പറഞ്ഞു: ''ചില വിഷയങ്ങളില്‍ നാം ഭിന്നാഭിപ്രായക്കാരാണെങ്കിലും നമുക്ക് സാഹോദര്യബന്ധം നിലനിര്‍ത്തണം'' (സിയറുഅഅ്‌ലാമിന്നുബലാഅ്: 10/16). അലിയ്യുബ്‌നു മദീനിയും ഇമാം അഹ്മദുബ്‌നു ഹമ്പലും തമ്മില്‍ ചില വിഷയങ്ങളില്‍ സംവദിക്കുകയുണ്ടായി. രണ്ടു പേരും ശബ്ദമുയര്‍ത്തി സംസാരിച്ചു. അലി യാത്ര പറഞ്ഞ് പോകാനിറങ്ങിയപ്പോള്‍ ,ഇമാം അഹ്മദ് എഴുന്നേറ്റു ചെന്ന് അദ്ദേഹം വന്ന മൃഗത്തിന്റെ മൂക്കുകയര്‍ പിടിച്ച് കൂടെ ചെന്നു (അസ്സുന്ന ലില്‍ഖല്ലാല്‍ 355-369).
8) നന്മകള്‍ എടുത്ത് പറയുക. മറുപക്ഷത്തിന്റെ വൈകല്യങ്ങളെ വിമര്‍ശിക്കുമ്പോഴും അവരുടെ നന്മകള്‍ എടുത്തുപറയുകയും ഗുണങ്ങളെ പ്രശംസിക്കുകയും ചെയ്യുക. നന്മകള്‍ ഒന്നും കാണാതെ, തെറ്റുകള്‍ മാത്രം തെരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുന്ന ദോഷൈകദൃക്കുകളും വിമര്‍ശനത്തൊഴിലാളികളുമാകരുത് ദീനീ പ്രവര്‍ത്തകര്‍. നല്ല മനസോടെ സമീപിച്ചാല്‍, മിക്കവരിലും വിമര്‍ശിക്കേണ്ട തിന്മകളെക്കാള്‍ അംഗീകരിക്കേണ്ട നന്മകളായിരിക്കും കൂടുതല്‍. അതുകൊണ്ട് അടച്ചാക്ഷേപിക്കുന്ന ശൈലി പ്രബോധകന് ഒരിക്കലും ഭൂഷണമല്ല. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി മരണപ്പെട്ടപ്പോള്‍, ചന്ദ്രികയില്‍ ആദരണീയനായ എം.ഐ തങ്ങള്‍ എഴുതിയ പ്രൗഢലേഖനം അനുകരണീയ മാതൃകയാണ്. മൗലാനയുടെ ചില ചിന്തകളോടുള്ള വിയോജിപ്പ് സൂചിപ്പിക്കുമ്പോള്‍ തന്നെ, അദ്ദേഹത്തിന്റെ മഹത്വം അംഗീകരിക്കുകയും വൈജ്ഞാനിക സംഭാവനകളെ ആവോളം പുകഴ്ത്തുകയും ചെയ്യുന്നുണ്ട് ബഹുമാന്യനായ എം.ഐ തങ്ങള്‍.
മഹാനായ ഇബ്‌നുല്‍ ഖയ്യിമിന്റെ മാതൃകയുണ്ട് ചരിത്രത്തില്‍. പണ്ഡിത ശ്രേഷ്ഠനായ ഹര്‍വിയുടെ 'മനാസിലുസാഇരീന്‍' എന്ന ഗ്രന്ഥത്തിന് 'മദാരിജുസാലികീന്‍' എന്ന പേരില്‍ വിശദീകരണമെഴുതിയിട്ടുണ്ട് ഇബ്‌നുല്‍ ഖയ്യിം. ഗ്രന്ഥകാരനോട് ചില വിഷയങ്ങളില്‍ ഇബ്‌നുല്‍ ഖയ്യിം വിയോജിക്കുന്നു. അവയില്‍ ചിലതിന് ഹര്‍വിക്കുവേണ്ടി ന്യായം കണ്ടെത്താന്‍ ശ്രമിക്കുന്നു. വിയോജിപ്പുകള്‍ ചൂണ്ടിക്കാട്ടിയ ശേഷം ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: ''ശൈഖ് ഹര്‍വിയുടെ ഈ പിഴവുകളൊന്നും അദ്ദേഹത്തിന്റെ നന്മകള്‍ നിഷേധിക്കാനോ അദ്ദേഹത്തെ തെറ്റിദ്ധരിക്കാനോ കാരണമാകുന്നില്ല. അറിവിലും നേതൃത്വത്തിലും സ്വഭാവ ഗുണങ്ങളിലും അദ്ദേഹത്തിന്റെ സ്ഥാനം അദ്വിതീയമാണ്. പ്രവാചകന്റേതൊഴികെയുള്ളവരുടെയെല്ലാം അഭിപ്രായങ്ങളില്‍ സ്വീകരിക്കേണ്ടതും തിരസ്‌കരിക്കേണ്ടതുമുണ്ടാകും'' (മദാരിജുസാലികീന്‍).
9) സത്യം അംഗീകരിക്കുക. വിമര്‍ശനങ്ങളിലൂടെ വ്യക്തമാകുന്ന സത്യം അംഗീകരിക്കുകയും സ്വന്തം തെറ്റുകള്‍ തിരുത്തുകയും ചെയ്യുക. തെറ്റുകള്‍ ബോധ്യപ്പെട്ടിട്ടും സംഘടനാ വാശിയും പരാജയ ഭീതിയും മൂലം അതില്‍തന്നെ കടിച്ചു തൂങ്ങുന്നത് സത്യവിശ്വാസികള്‍ക്ക് ഭൂഷണമല്ല. ഇമാം ശാഫിഈ പറയുകയുണ്ടായി: ''ഒരാള്‍ ശരിയിലേക്ക് വരാനും, അല്ലാഹുവിന്റെ സംരക്ഷണവും സഹായവും അയാള്‍ക്ക് ലഭിക്കാനും ആഗ്രഹിച്ചുകൊണ്ടല്ലാതെ ഞാനൊരാളോടും ആശയസംവാദത്തില്‍ ഏര്‍പ്പെടാറില്ല. സത്യം എന്റെയോ അപരന്റെയോ നാവിലൂടെ അല്ലാഹു വെളിപ്പെടുത്തട്ടെ എന്ന് പ്രതീക്ഷിച്ചു കൊണ്ടല്ലാതെ ഞാന്‍ സംവാദം നടത്താറില്ല'' (സ്വിഫത്തുല്‍ഫത്‌വ വല്‍മുഫ്തി വല്‍മുസ്തഫ്തി 2/251). തെറ്റുകള്‍ മനുഷ്യ സഹജമാണ്, തിരുത്തുകയും പശ്ചാത്തപിക്കുകയുമാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. തെറ്റുകള്‍ തുറന്നു സമ്മതിച്ചുകൊണ്ടോ, പ്രയോഗത്തില്‍ തിരുത്തികൊണ്ടോ ശരികള്‍ സ്വീകരിക്കാനുള്ള ആര്‍ജവവും വിശാല മനസും പണ്ഡിതരും സംഘടനകളും കാണിക്കണം. അതുപോലെ പ്രധാനമാണ് തെറ്റുകള്‍ തിരുത്താനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നത്. കേരളത്തിലെ മതസംഘടനാ പരിസരത്തിന്റെ ഒരു വലിയ പോരായ്മയാണ് തെറ്റുകള്‍ തിരുത്താനുള്ള അവസരവും അനുവാദവും പരസ്പരം വകവെച്ചുനല്‍കുന്നില്ല എന്നത്. വീഴ്ചകളും വൈകല്യങ്ങളും തിരുത്താന്‍ ശ്രമിക്കുന്നവരെ മാത്രമല്ല, ഒരു കാലത്ത് ശരിയായിരുന്ന പഴയ നിലപാടില്‍ നിന്ന് ഇക്കാലത്ത് ശരിയായ പുതിയ നിലപാടിലേക്ക് മാറുന്നതിനെ പോലും പരിഹാസത്തോടെയാണ് മതവൃത്തങ്ങള്‍ സമീപിക്കാറുള്ളത്.
ഇമാം അഹ്മദുബ്‌നു ഹമ്പല്‍ തനിക്ക് പിണഞ്ഞ തെറ്റ് സന്തോഷത്തോടെ തിരുത്തിയ സംഭവം ഇമാം ഇബ്‌നുല്‍ ഖയ്യിം ഉദ്ധരിച്ചിട്ടുണ്ട് (അര്‍റൂഹ്-18). അബ്ദുല്ലാഹിബ്‌നുല്‍ ഹസനുല്‍ അമ്പരി തന്റെ തെറ്റായ നിലപാട് തിരുത്തിക്കൊണ്ട്, അത് ചൂണ്ടിക്കാണിച്ചവരോട് പറഞ്ഞതിപ്രകാരമാണ്: ''അല്ലാഹു താങ്കള്‍ക്ക് നന്മ വരുത്തട്ടെ, ഞാന്‍ തെറ്റ് സമ്മതിച്ച് എന്റെ അഭിപ്രായത്തില്‍നിന്ന് പിന്‍വാങ്ങുന്നു. തെറ്റായ കാര്യത്തില്‍ തലയാകുന്നതിനെക്കാള്‍, ശരിയില്‍ ഒരു വാലാകുന്നതാണ് എനിക്കിഷ്ടം'' (തഹ്ദീബുത്തഹ്ദീബ് 7/17). തെറ്റ് ചൂണ്ടിക്കാണിച്ചവനോട്, തിരുത്തുന്നയാള്‍ നന്ദി കാണിക്കുന്നതോടൊപ്പം തന്റെ അഭിപ്രായം സ്വീകരിച്ച് ശരിയിലേക്ക് വന്നവനോട് തിരിച്ചും നന്ദി പ്രകടിപ്പിക്കണം.
10) പരസ്പരം ആദരിക്കുക. ആദരവും ബഹുമാനവും ഓരോ മനുഷ്യനും അര്‍ഹിക്കുന്നു. ആദര്‍ശമാര്‍ഗത്തിലെ സഹോദരന്മാരായ സത്യവിശ്വാസികള്‍ പ്രത്യേകിച്ച്. മറ്റു സംഘടനകളിലെ പണ്ഡിത നേതാക്കളോടു മാത്രമല്ല, സാധാരണ പ്രവര്‍ത്തകരോടും ആദരവു പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കണം.
ഇമാം മാലികിനോട് ഒട്ടേറെ വിഷയങ്ങളില്‍ വിയോജിപ്പുണ്ടായിരുന്ന ഇമാം ശാഫിഈയുടെ പെരുമാറ്റരീതി നോക്കുക. ''മാലികിനെ ആദരിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പേജുകള്‍ വളരെ പതുക്കെ മാത്രമേ മറിക്കാറുണ്ടായിരുന്നുള്ളൂ; പേജുകള്‍ മറിഞ്ഞു വീഴുന്ന ശബ്ദം അദ്ദേഹം കേള്‍ക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്'' (അല്‍ മജ്മൂഉശര്‍ഹുല്‍മുഹദ്ദബ് 1/66). ഇമാം ശാഫിഈ അബൂഹനീഫയോടുള്ള ആദരവു കാരണം സ്വന്തം അഭിപ്രായം മാറ്റിവെച്ച് ഖുനൂത് ഓതാതെ സ്വുബ്ഹ് നമസ്‌കരിച്ച സംഭവം പ്രസിദ്ധമാണല്ലോ. അബൂഹനീഫയുടെ നന്മകള്‍ പുകഴ്ത്തിക്കൊണ്ട് ഇമാം ശാഫിഈ പറഞ്ഞതിങ്ങനെ: ''ഞാന്‍ ബഗ്ദാദില്‍ നിന്നാണ് വരുന്നത്. ഇമാം അബൂ ഹനീഫയെക്കാള്‍ ഭക്തിയും സൂക്ഷ്മതയും പാണ്ഡിത്യവും ഗ്രാഹ്യശേഷിയുമുള്ള ഒരാളെയും എനിക്ക് കാണാനായിട്ടില്ല'' (സ്വിഫത്തുല്‍ഫത്‌വാ വല്‍ മുഫ്തി വല്‍മുസ്തഫ്തി-76).
11) പരസ്പരം പ്രാര്‍ഥിക്കുക. സത്യവിശ്വാസികള്‍ക്ക് അന്യോന്യമുള്ള ബാധ്യതയാണ് പ്രാര്‍ഥന. മതസംഘടനാ നേതാക്കളും പ്രഭാഷകരും മറുവീക്ഷണക്കാരായ നേതാക്കള്‍ക്കും അനുയായികള്‍ക്കും വേണ്ടി പരസ്യമായും രഹസ്യമായും പ്രാര്‍ഥിക്കുന്ന മാതൃക സ്വീകരിച്ചാല്‍ പരസ്പര ബന്ധങ്ങള്‍ വലിയൊരളവോളം മെച്ചപ്പെടും. അനഭിലഷണീയ വികാരങ്ങളില്‍ നിന്ന് മനസിനെ ശുദ്ധീകരിക്കാന്‍ അത് ഏറെ സഹായകമാകും. ഇമാം അഹ്മദ്ബ്‌നു ഹമ്പലിന്റെ മാതൃക ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ''ഇമാം ശാഫിഈക്ക് വേണ്ടി പ്രാര്‍ഥിക്കാത്ത ഒരു നമസ്‌കാരവും കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ നിര്‍വഹിച്ചിട്ടില്ല!'' മകന്‍ അബ്ദുല്ല ചോദിച്ചു: ''ഇങ്ങനെ പ്രാര്‍ഥിക്കാന്‍ മാത്രം ആരാണ് ശാഫിഈ?'' ഇമാം അഹ്മദ്(റ) വിശദീകരിച്ചു: ''മകനേ, ശാഫിഈ ഭൂമിക്ക് സൂര്യനെപ്പോലെയാണ്. ജനങ്ങള്‍ക്ക് ആശ്വാസമാണ്. പിന്മുറക്കാരില്‍ ഈ രണ്ട് ഗുണങ്ങളുമുണ്ടോ എന്ന് നീ നോക്ക്'' (ഇഹ്‌യാഉലൂമിദ്ദീന്‍: 1/45). ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍ വീക്ഷണ വ്യത്യാസമുള്ള ഇമാം ശാഫിഈക്കുവേണ്ടി പ്രാര്‍ഥിക്കുക മാത്രമല്ല, ആ മാതൃക തന്റെ മകന് പകര്‍ന്നു കൊടുക്കുകയും ചെയ്തു! നമ്മുടെ മതസംഘടനാ നേതാക്കള്‍ സ്വയം ഇത്തരം ഉദാത്ത മാതൃകകള്‍ പാലിക്കുകയും അനുയായികളെ പഠിപ്പിക്കുകയും ചെയ്താല്‍ അതില്‍പരം നേട്ടമെന്തുണ്ട്; ഇഹലോകത്തും പരലോകത്തും!
(അവസാനിച്ചു)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍