Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 13

കൂടങ്കുളം സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇര്‍ശാദിയാ വിദ്യാര്‍ഥികള്‍

ശമീം അഹ്‌സന്‍ മമ്പാട്

ഇര്‍ശാദിയ കോളേജിലെ പതിവ് സംസാരങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ പ്രിയ അധ്യാപകന്‍ ഫര്‍മീസ് സാര്‍ ഒരിക്കല്‍ ഞങ്ങളോട് ചോദിച്ചു. നമുക്കൊന്ന് കൂടങ്കുളം സന്ദര്‍ശിച്ചാലോ? ആ ആഗ്രഹം മനസ്സില്‍ കൊണ്ടുനടന്നിരുന്ന ഞങ്ങള്‍ 18 വിദ്യാര്‍ഥികള്‍ ഫര്‍മീസ് സാറിന്റെയും കോളേജ് യൂനിയന്‍ ചെയര്‍മാന്‍ ഫസല്‍ റഹ്മാന്റെയും നേതൃത്വത്തില്‍ വണ്ടികയറാന്‍ തീരുമാനിച്ചു. പത്രമാധ്യമങ്ങളില്‍നിന്ന് വായിച്ചറിഞ്ഞ സത്യങ്ങളും അര്‍ധ സത്യങ്ങളും കൂടിക്കുഴഞ്ഞ് ഒരു ഏകദേശ ചിത്രം മാത്രമായിരുന്നു ഞങ്ങളുടെ മനസ്സില്‍ അപ്പോള്‍ കൂടങ്കുളം. ആ യാത്രക്ക് മാനസികമായി സമര്‍പ്പിതരാവാന്‍ ഇത് പ്രേരണയായി. സെപ്റ്റംബര്‍ 26-ന് രാത്രി ഞങ്ങള്‍ കൂടങ്കുളത്തേക്ക് യാത്ര തിരിച്ചു.
തൃശൂരില്‍ നിന്നാണ് ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നത്. അവിടെയെത്തിയപ്പോള്‍ കൂടങ്കുളത്ത് നിന്ന് ഫോണ്‍ വന്നു. 'നാഗര്‍കോവിലില്‍നിന്ന് ഞങ്ങളെ കൂട്ടാന്‍ വരുമെന്ന് പറഞ്ഞിരുന്ന രണ്ട് വാഹനങ്ങള്‍ പോലീസ് തടഞ്ഞുവെച്ചിരിക്കുന്നു. അതിനാല്‍ സൂക്ഷിക്കണം'. ഏതായാലും ഞങ്ങള്‍ പോകാന്‍ തന്നെ തീരുമാനിച്ചു.
പുലര്‍ച്ചെ ആറു മണിക്ക് നാഗര്‍കോവിലിലെത്തി. ഒരുപാട് ശ്രമത്തിനൊടുവില്‍ രണ്ട് സുമോ കാറുകള്‍ യാത്രയ്ക്ക് വരാന്‍ തയാറായി. വഴിമധ്യേ പോലീസോ പട്ടാളമോ തടഞ്ഞാല്‍ തിരിച്ചുപോരുകയല്ലാതെ യാതൊരു നിവൃത്തിയുമുണ്ടായിരുന്നില്ല. ഒരു മണിക്കൂര്‍ യാത്ര. ഏകദേശം പകുതി ദൂരം പിന്നിട്ടപ്പോഴേക്കും വാഹനം ഉള്‍പ്രദേശത്തേക്ക് കടന്നിരുന്നു. കുണ്ടും കുഴികളും നിറഞ്ഞ റോഡ്. പെട്ടെന്ന് ഡ്രൈവര്‍ വണ്ടി ആഞ്ഞൊന്ന് ചവിട്ടി. റോഡ് മുഴുവന്‍ മുള്ളുകളും മുള്‍ചെടികളും മുള്‍ മരങ്ങളും. കുറച്ചെത്തിയപ്പോഴതാ, ഏകദേശം ഒരാള്‍ ഉയരത്തില്‍ മണ്ണും കല്ലും നിറച്ച ചാക്ക് കെട്ടുകള്‍ റോഡില്‍ നിരത്തിവെച്ചിരിക്കുന്നു. ഇങ്ങനെ ഒരുപാട് മാര്‍ഗതടസ്സങ്ങള്‍ തട്ടിമാറ്റിയാണ് കൂടങ്കുളം സമരഭൂമിയിലെത്തിയത്.
വണ്ടിയില്‍ നിന്നിറങ്ങിയതും കൂടങ്കുളം നിവാസികള്‍ ഞങ്ങളെ പൊതിഞ്ഞു. അല്‍പ നിമിഷങ്ങള്‍ക്കകം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയംഗവും കൂടങ്കുളം സമര നായകരിലൊരാളുമായ മാഗ്ലിന്‍ പീറ്ററിന്റെ അത്യന്തം ഹൃദ്യമായ സ്വീകരണം ലഭിച്ചു. അവിടെയുള്ള യുവാക്കളും സ്ത്രീകളും വൃദ്ധന്മാരും കുട്ടികളുമെല്ലാം ഞങ്ങള്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ മത്സരിച്ചു.
കൂടങ്കുളം നിവാസികളുടെ പുഞ്ചിരിക്കുന്ന മുഖങ്ങളും നിഷ്‌കളങ്ക പെരുമാറ്റവും മറക്കാനാവില്ല. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ജാതി-മത കക്ഷി വര്‍ഗങ്ങള്‍ക്കതീതമായി അവര്‍ ഒരുമയോടെ കഴിഞ്ഞുകൂടുന്നു.
410 ദിവസത്തിലധികമായി അവിടെ സമരം തുടങ്ങിയിട്ട്. എല്ലാവര്‍ക്കും മത്സ്യബന്ധനമാണ് ജോലി. സമരം തുടങ്ങിയതില്‍ പിന്നെ ആരും ജോലിക്ക് പോവാറില്ല. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 വരെ സമരപ്പന്തലില്‍ തന്നെയാണ് എല്ലാവരും.
ഞങ്ങള്‍ കുറച്ചാളുകള്‍ ചുറ്റുമൊന്ന് കാണാനിറങ്ങി. കുറച്ച് സ്ത്രീകളുണ്ട് ഒരു തോണിയുടെ മറവില്‍ ഇരുന്ന് ബീഡി തെരക്കുന്നു. കുശലാന്വേഷണത്തില്‍ അവര്‍ പറഞ്ഞു: ഇത് ചെയ്തില്ലെങ്കില്‍ പട്ടിണിയായിപ്പോവും.
ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ് കൂടങ്കുളം. പിന്നെ മുസ്‌ലിംകളും കുറച്ച് ഹിന്ദുക്കളും. ലിയോണ്‍ എന്ന അവിടത്തെ നിവാസി പറഞ്ഞു: ഞാന്‍ ക്രിസ്ത്യനാണ്. പക്ഷേ, ക്രിസ്ത്യാനികളും മുസ്‌ലിംകളും വളരെ ഐക്യത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. സമരപ്പന്തല്‍ നിലകൊള്ളുന്നത് ഒരു ക്രിസ്ത്യന്‍ പള്ളിയുടെ ഓരം ചേര്‍ന്നാണ്. പള്ളിയിലേക്ക് കയറുന്ന വിശാലമായ മുന്‍ ഭാഗമാണ് സ്റ്റേജായി ഉപയോഗിക്കുന്നത്.
12 മണിയായപ്പോള്‍ ഞങ്ങള്‍ ആണവനിലയം കാണാന്‍ പോയി. വഴികാട്ടികളായി നാട്ടുകാരും. കേരളത്തിലെ കാമ്പസുകളുടെ പ്രതിനിധികളായി ഞങ്ങള്‍ അവിടം സന്ദര്‍ശിച്ചതിലുള്ള സന്തോഷം അവര്‍ പങ്കുവെച്ചു. ആണവനിലയം കണ്ട സമരപ്പന്തലിലേക്ക് തിരിച്ചത് മുദ്രാവാക്യം വിളികളോടെയായിരുന്നു. സ്റ്റേജിലേക്ക് കയറിച്ചെന്നപ്പോള്‍ എണീറ്റുനിന്ന് വണങ്ങി, കൈയടിച്ച് കൂടങ്കുളം ഞങ്ങള്‍ക്ക് സ്വാഗതമോതി.
സ്റ്റേജില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രസംഗിക്കുന്നുണ്ടായിരുന്നു. അധ്യക്ഷന്‍ വന്ന് കൂട്ടത്തില്‍ ഒരാള്‍ സദസ്സിനെ അഭിസംബോധന ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ഞാനതിന് തയാറായി. കേരളത്തിലെ കാമ്പസുകളുടെ പ്രതീകമായി, വിപ്ലവവീര്യം ചോര്‍ന്നിട്ടില്ലാത്ത കൈരളിയുടെ തീരത്ത് നിന്നും വിദ്യാര്‍ഥിത്വത്തിന്റെ സാക്ഷ്യപ്പെടുത്തലായി ആയിരങ്ങളെ അഭിസംബോധന ചെയ്തു.
മൂന്ന് മണിയായപ്പോള്‍ സമരത്തിന് വേണ്ടി കടല്‍ത്തീരത്ത് ചെന്ന് കുഴികള്‍ വെട്ടാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. പകരം അവര്‍ കുഴികള്‍ വെട്ടിത്തന്നു. കുഴിയിലിറങ്ങിയപ്പോള്‍ അവര്‍ കഴുത്തറ്റം മണലില്‍ മൂടി. അപ്പോഴേക്കും ഒരുപാട് ചാനലുകള്‍ അവിടെ എത്തിയിരുന്നു. കേരളത്തില്‍നിന്നും റിപ്പോര്‍ട്ടറും ഏഷ്യാനെറ്റുമുണ്ടായിരുന്നു.
അഞ്ചു മണിക്ക് സമരം നിര്‍ത്തി. യാത്ര തിരിക്കാന്‍ നേരത്ത് കൂടങ്കുളം നിവാസികള്‍ കെട്ടിപ്പിടിച്ചാണ് സ്‌നേഹം പങ്കുവെച്ചത്. അവരുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു. ചില കുട്ടികള്‍ ഫോണ്‍ നമ്പര്‍ ചോദിച്ച് വാങ്ങി. യാത്ര തിരിക്കും നേരത്ത് ഞങ്ങള്‍ അവര്‍ക്ക് ഉറപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ പോവുന്നത് പൂര്‍വാധികം ശക്തിയോടെ നിങ്ങള്‍ക്കൊപ്പം ചേരാനാണ്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍