സഹയാത്രികനായ റിക്ഷാക്കാരന്
നഗരത്തിന് പുറത്ത് ഒരു സുഹൃത്തിനെ കാണാന്‍ പോവുകയായിരുന്നു ഞാന്‍. മടക്കം പ്രയാസകരമാകരുതെന്ന് കരുതി ഒരു റിക്ഷാക്കാരനെ വിളിച്ചു. മടങ്ങി വരുന്നത് വരെ കാത്തിരിക്കണമെന്ന് അയാളുമായി ശട്ടം കെട്ടിയിരുന്നു. സുഹൃത്തിന്റെ വീട് ലക്ഷ്യമാക്കി വണ്ടി നീങ്ങി.
യാത്രാമധ്യേ റിക്ഷാക്കാരനോട് അയാളുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. താമസിക്കുന്നതെവിടെയാണെന്നും മറ്റും അന്വേഷിച്ചു. എന്നെയും അയാള്‍ക്ക് പരിചയപ്പെടുത്തി. സംസാരത്തിനിടെ നീണ്ട വഴി മുറിച്ചു കടന്നതറിഞ്ഞില്ല. ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ റിക്ഷക്കാരനെ പുറത്ത് നിര്‍ത്തി ഞാന്‍ നേരെ കൂട്ടുകാരന്റെ വീട്ടിലേക്ക് കയറി. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ വീട്ടുകാര്‍ ചായയും പലഹാരവും കൊണ്ട് വെച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ''പുറത്ത് എന്റെ ഒരു സുഹൃത്ത് കൂടിയുണ്ട്.''
''താങ്കളുടെ സ്‌നേഹിതനോ? എന്നിട്ട് അയാളെ എന്തേ വെളിയില്‍ നിര്‍ത്തിയത്?'' വീട്ടുകാര്‍ അത്ഭുതത്തോടെ ചോദിച്ചു.
''അയാള്‍ എന്റെ വാഹനത്തിന് കാവലിരിക്കുകയാണ്'' ഞാന്‍ പറഞ്ഞു.
വീട്ടുകാര്‍ ഉടനെ ചായയും പലഹാരവും പുറത്തുള്ള റിക്ഷാക്കാരന് കൊടുത്തുവിട്ടെങ്കിലും അയാള്‍ പറഞ്ഞു. ''മുതലാളി അകത്ത് പോയിട്ടുണ്ട്.'' ചായ തനിക്കല്ല, തന്റെ കൂടെ വന്ന 'സാബി'നുള്ളതാണെന്നയാള്‍ കരുതിയത്.
ആതിഥേയന്‍ പറഞ്ഞു: ''കഴിച്ചോളൂ, ഇത് താങ്കള്‍ക്കുള്ളതാണ്.''
ഇത് കേട്ട റിക്ഷാക്കാരന്‍ ആദ്യം അന്ധാളിച്ചെങ്കിലും, ആതിഥേയന്റെ നിര്‍ബന്ധത്തിന് വഴങ്ങി വാങ്ങി കഴിച്ചു.
അല്‍പനേരത്തെ സംഭാഷണത്തിന് ശേഷം ഞാന്‍ ആ വീട്ടില്‍ നിന്ന് പുറത്തിറങ്ങി. റിക്ഷയില്‍ യാത്ര തുടര്‍ന്നു. ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഏതോ ഒരനുഭൂതിയിലാണ് റിക്ഷാക്കാരന്‍ എന്ന് തോന്നി. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ മുമ്പത്തെക്കാള്‍ ശ്രദ്ധിച്ചാണ് ഇപ്പോള്‍ അയാള്‍ ഓട്ടോ ഓടിക്കുന്നത്. വലിയ കയറ്റത്തില്‍ ഞാന്‍ ഓട്ടോയില്‍ നിന്നിറങ്ങി നടക്കാന്‍ ഭാവിച്ചപ്പോള്‍, തടഞ്ഞ് കൊണ്ടയാള്‍ പറഞ്ഞു: ''ശ്രദ്ധിച്ച് പോകാം, ഇറങ്ങേണ്ട.''
വീട്ടില്‍ എത്തി നിശ്ചയിച്ച കൂലി കൊടുത്തപ്പോള്‍ അയാള്‍ വാങ്ങാന്‍ കൂട്ടാക്കുന്നില്ല കൂലിക്കുറവ് കൊണ്ടാണെന്ന് കരുതി ഞാന്‍, ''ഭായ് നിശ്ചയിച്ച തുക കുറവാണെന്ന് തോന്നുന്നുവെങ്കില്‍ ചോദിച്ചോളൂ ബാക്കി തന്നേക്കാം'' എന്ന് പറഞ്ഞു. എന്നാല്‍ അയാള്‍ ആദരപൂര്‍വം മൊഴിഞ്ഞത് മറ്റൊന്നാണ്. ''ബാഹുമാന്യരേ, അങ്ങ് ഇപ്പോള്‍ തന്നെ വലിയ നിധിയാണ് എനിക്ക് തന്നിട്ടുള്ളത്. ഞങ്ങളെയൊക്കെ പൊതുവെ ആളുകള്‍ അവഗണിക്കാറാണ് പതിവ്. കീഴ്ജാതി, മേല്‍ജാതി പ്രശ്‌നത്തില്‍ ഞങ്ങളെ പോലുള്ളവരെ മൃഗതുല്യരായാണ് കാണുന്നത്. ഞങ്ങളെ ഇടിക്കുകയും അടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് നിത്യസംഭവം. താങ്കള്‍ എന്നോട് വളരെ മാന്യമായി പെരുമാറി. അത് തന്നെ മതി എന്റെ കൂലിയായിട്ട്. വേറെ വാടക വേണ്ട'' ഞാനയാളോട് പറഞ്ഞു: ''താങ്കളോട് ഞാന്‍ മാന്യത കാണിച്ചിട്ടുണ്ടെങ്കില്‍ അതെന്റെ ഔദാര്യമായി കാണേണ്ട. അത് ബാധ്യത മാത്രമാണ്. അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍ ലോകത്തിന് തന്നെ നല്‍കുന്ന സന്ദേശം തന്റെ സഹോദരങ്ങളോട് മാന്യമായി പെരുമാറണമെന്നാണ്. അത് യാത്രയിലാവട്ടെ അല്ലാത്തപ്പോഴാകട്ടെ, സുഹൃത്തുക്കളോടാകട്ടെ, സാമാന്യ ജനത്തോടാകട്ടെ എല്ലാം അങ്ങനെ തന്നെ. അതിനാല്‍ പ്രത്യേക നന്മയൊന്നും താങ്കളോട് ഞാന്‍ ചെയ്തില്ല. വാടക വാങ്ങാതിരിക്കേണ്ട കാര്യവുമില്ല.'' ആ അമുസ്‌ലിം സഹോദരന്‍ അപ്പോള്‍ എന്നോട് ചോദിച്ചു. ''ഖുര്‍ആന്‍ അനുസരിച്ചാണോ എല്ലാവരും ജീവിക്കേണ്ടത്?'' അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ''സഹോദരാ! ഖുര്‍ആന്‍ ലോകരക്ഷിതാവായ അല്ലാഹുവാണ് അവതരിപ്പിച്ചത്. അത് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്'' ഇത്രയും പറഞ്ഞു നിര്‍ബന്ധപൂര്‍വം അയാളുടെ വാടക പോക്കറ്റിലിട്ട് കൊടുത്തു.
വിശുദ്ധ ഖുര്‍ആനിലെ അധ്യാപനങ്ങള്‍ നാം ചെറുതെന്ന് കരുതുന്നത് പോലും എത്ര വലിയ പ്രതികരണങ്ങളാണ് സൃഷ്ടിക്കുക - ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്.
വിവ: സഈദ് മുത്തനൂര്‍
Comments