Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 13

വിടപറഞ്ഞത് മൂന്ന് മഹദ്‌വ്യക്തിത്വങ്ങള്‍

എസ്.എം.കെ

കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍   പ്രഫ. കെ.എ ജലീല്‍  ജസ്റ്റിസ്    കെ.എ അബ്ദുല്‍ ഗഫൂര്‍
കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സുപ്രധാനമായ മൂന്നു മേഖലകളില്‍ ജ്വലിച്ചു നിന്ന മൂന്നു മഹദ്‌വ്യക്തികള്‍ കഴിഞ്ഞ നാളുകളില്‍ നമ്മെ വിട്ടുപിരിഞ്ഞു. പ്രഗത്ഭ മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സംസ്ഥാന പ്രസിഡന്റുമായ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഗ്രന്ഥകാരനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ പ്രഫസര്‍ കെ.എ ജലീല്‍, പൊതുപ്രവര്‍ത്തകനും നിയമപണ്ഡിതനും കേരള ഹൈക്കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് കെ.എ അബ്ദുല്‍ ഗഫൂര്‍. ഇവരില്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും ജസ്റ്റിസ് അബ്ദുല്‍ ഗഫൂറും പരലോകം പ്രാപിച്ചത് ഒരേ ദിവസമാണ്; ഒക്‌ടോബര്‍ രണ്ടിന് ചൊവ്വാഴ്ച. മൂന്നുപേരും നമ്മോടു വിടപറഞ്ഞത് പെട്ടെന്നൊന്നും നികത്താനാവാത്ത വിടവുകള്‍ സൃഷ്ടിച്ചുകൊണ്ടാണ്.
ഏകദേശം മൂന്നു മാസം മുമ്പാണ് ഈ ലേഖകന്‍ മലപ്പുറം എം.എസ്.പി സ്‌കൂളിനു തെക്കുവശത്ത് മെയിന്‍ റോഡില്‍ നിന്ന് ഒരു കിലോമീറ്ററിലേറെ ദൂരെമുള്ള കാവുങ്ങല്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ വീട്ടില്‍ അവസാനമായിപ്പോയത്. കൂടെ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് എ. അബ്ദുല്ലയും സെക്രട്ടറി മുസ്ത്വഫാ ഹുസൈനും സദ്‌റുദ്ദീനും ഉണ്ടായിരുന്നു.
ഓടിട്ട കൊച്ചു വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ധരിച്ച വെള്ള തുണിയും വെള്ള ബനിയനും പോലെ തെളിമയുള്ള പെരുമാറ്റം. കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയുടെ അധ്യക്ഷനായ അദ്ദേഹത്തിന് സ്വന്തമായി കാറുണ്ടായിരുന്നില്ല. ഏറെദൂരെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലെ അധ്യാപകനും വൈസ് പ്രിന്‍സിപ്പലുമായിരുന്ന കാളമ്പാടി അസുഖം ബാധിക്കുന്നതുവരെ അവിടെ പോയിവന്നിരുന്നത് ബസ്സിലാണ്. കാല്‍മുട്ടിന് വേദന വന്നതോടെ യാത്ര ഓട്ടോറിക്ഷയിലേക്കു മാറ്റി. അപ്പോഴും കാറുപയോഗിച്ചില്ല. പലരും കാര്‍ വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അത് സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു.
മതപണ്ഡിതന്മാരും സമുദായനേതാക്കളും ആര്‍ഭാടങ്ങളിലും ആഡംബരങ്ങളിലും ആണ്ടുപോയ ഇക്കാലത്തും ജീവിതത്തിലുടനീളം തികഞ്ഞ ലാളിത്യം പുലര്‍ത്തിയെന്നതുതന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അവസാനത്തെ കൂടിക്കാഴ്ചയിലും ഞങ്ങള്‍ ഏറെ ചര്‍ച്ചചെയ്തത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍നിന്ന് മുസ്‌ലിം സമുദായത്തെ മോചിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനുള്ള കൂട്ടായ ശ്രമങ്ങളെ സംബന്ധിച്ചും. മൂന്നാഴ്ച മുമ്പ് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ പോയെങ്കിലും കാളമ്പാടി ഉസ്താദ് ക്ലാസിലായിരുന്നതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. അന്ന് ആലിക്കുട്ടി മുസ്‌ലിയാരെ കണ്ടു തിരിച്ചുവരികയാണുണ്ടായത്.
പണ്ഡിതലോകത്തെ സൗമ്യസാന്നിധ്യമായിരുന്നു കാളമ്പാടി ഉസ്താദ്. വാദപ്രതിവാദങ്ങള്‍ നടത്തിയും ഒച്ചവെച്ചും ശ്രദ്ധപിടിച്ചുപറ്റുന്ന അല്‍പന്മാരില്‍നിന്ന് അദ്ദേഹം ഏറെ അകലം പാലിച്ചു. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഒട്ടും താല്‍പര്യം കാണിച്ചില്ല. കര്‍മശാസ്ത്ര വിഷയങ്ങളില്‍ അഗാധജ്ഞാനമുണ്ടായിരുന്ന മുഹമ്മദ് മുസ്‌ലിയാര്‍ കേരളത്തിലെ മഹാഭൂരിപക്ഷം മുസ്‌ലിംകളുടെയും മതവിധികളുടെ ആധികാരിക സ്രോതസ്സായി നിലകൊണ്ടു. മത മേഖല ഉച്ചഭാഷിണികളാല്‍ മലീമസമാക്കപ്പെട്ടപ്പോഴും അദ്ദേഹം സൗമ്യശീലത്താലും മിതഭാഷണത്താലും വേറിട്ടുനിന്നു.
1991 മുതല്‍ നീണ്ട 22 കൊല്ലം പട്ടിക്കാട് ജാമിഅയുടെ അധ്യാപകനും പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ച കാളമ്പാടി ഉസ്താദിന് ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളുണ്ട്. 1971 മെയ് രണ്ടു മുതല്‍ സമസ്ത കേരള ജംഇയ്യത്തില്‍ ഉലമായുടെ മുശാവറ അംഗമായി സേവനമനുഷ്ഠിച്ചു. 2004 സെപ്റ്റംബര്‍ 8-ന് സമസ്തയുടെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അസ്ഹരിയായിരുന്നു അതിനു മുമ്പ് സമസ്തയുടെ പ്രസിഡന്റ്. പ്രതിസന്ധികള്‍ നിറഞ്ഞ കാലത്ത് പക്വതയോടെ സംഘടനയെ പോറലേല്‍ക്കാതെ നയിക്കാന്‍ കഴിഞ്ഞുവെന്നത് കാളമ്പാടി ഉസ്താദിന്റെ മികച്ച നേട്ടമായി കരുതപ്പെടുന്നു. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിലും പാഠപുസ്തക പരിശോധനാ സമിതിയിലും അംഗമായിരുന്നു.
വായനയും പഠനവും തപസ്യയാക്കി മാറ്റിയ മുഹമ്മദ് മുസ്‌ലിയാര്‍ കിടയറ്റ അധ്യാപകനായാണ് അറിയപ്പെടുന്നത്. ജാമിഅയില്‍ അധ്യാപകനാകുന്നതിനുമുമ്പ് മലബാര്‍ ഭാഗത്തെ നിരവധി പള്ളിദര്‍സുകളില്‍ പഠിപ്പിച്ചിട്ടുണ്ട്. അരീക്കോട്ടെ പള്ളിയില്‍ നിന്നാണ് അധ്യാപനമാരംഭിച്ചത്. നല്ലൊരു മധ്യസ്ഥന്‍ കൂടിയായിരുന്ന അദ്ദേഹം നീതിപാലിക്കുന്നതില്‍ തികഞ്ഞ നിഷ്‌കര്‍ഷ പുലര്‍ത്തി. ഫത്‌വാ കമ്മറ്റി അംഗമെന്ന നിലയില്‍ മതവിധികള്‍ നല്‍കുമ്പോഴും ഈ സൂക്ഷ്മത പാലിച്ചിരുന്നതായി പരിചിതര്‍ ഓര്‍ക്കുന്നു.
1934-ല്‍ അരീക്കത്ത് അബ്ദുറഹ്മാന്‍ ഹാജിയുടെയും ഫാത്വിമ ഹജ്ജുമ്മയുടെയും മകനായി ജനിച്ച കാളമ്പാടി മുസ്‌ലിയാര്‍ ഉപരിപഠനം നിര്‍വഹിച്ചത് വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ നിന്നാണ്. 1961-ല്‍ അവിടെനിന്ന് രണ്ടാം റാങ്കോടെ ബിരുദം നേടിയ അദ്ദേഹം അധ്യാപനത്തിലും പ്രഭാഷണത്തിലും ഗ്രാമ്യമായ ഭാഷയാണ് ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന് അഞ്ച് ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമുണ്ട്. രണ്ട് പുത്രിമാര്‍ നേരത്തെ മരണമടഞ്ഞു. ആത്മജ്ഞാനത്തിന്റെ ഗരിമകൊണ്ടും ജീവിതലാളിത്യത്തിന്റെ തെളിമകൊണ്ടും ശ്രദ്ധേയനായ അദ്ദേഹത്തെപ്പോലെ അപൂര്‍വം പേരേ പണ്ഡിതലോകത്തുള്ളൂ.
കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ അനല്‍പമായ പങ്കുവഹിച്ച പ്രൊഫസര്‍ കെ.എ ജലീല്‍ സാഹിബ് എല്ലാ അര്‍ഥത്തിലും എന്റെ അനൗപചാരിക അധ്യാപകനാണ്. 1965 ഫറോക്ക് റൗദത്തുല്‍ ഉലൂം അറബി കോളേജില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നതു മുതല്‍ കാണാനും അടുത്തറിയാനും സാധിച്ചു. പഠിച്ചത് അറബി കോളേജിലാണെങ്കിലും ഫാറൂഖാബാദിലെ പൊതുവേദിയായ റൗദത്താബാദ് ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കിളിന്റെ ഭാരവാഹിയെന്ന നിലയില്‍ ഫാറൂഖ് കോളേജ് പ്രിന്‍സിപ്പലായിരുന്ന ജലീല്‍ സാഹിബുമായി നിരന്തരം ബന്ധപ്പെടേണ്ടിവന്നു. എപ്പോഴും ഒരു സുഹൃത്തിനോടെന്നപോലെയാണ് പെരുമാറിയിരുന്നത്. മരണപ്പെടുന്നതിന് മൂന്നുമാസം മുമ്പ് വീട്ടില്‍ചെന്ന് കണ്ടപ്പോഴും ഹൃദ്യമായ പെരുമാറ്റത്തിന്റെ മധുരിമ അനുഭവപ്പെട്ടു.
ദക്ഷിണ കേരളത്തിലെ അലീഗഢായി അറിയപ്പെടുകയും കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് അനല്‍പമായ സംഭാവനകളര്‍പ്പിക്കുകയും ചെയ്ത ഫാറൂഖ് കോളേജിന്റെ ആരംഭം മുതലേ അവിടത്തെ അധ്യാപകനായിരുന്നു പ്രഫസര്‍ ജലീല്‍ സാഹിബ്. പ്രഥമ പ്രിന്‍സിപ്പലായ പ്രഫസര്‍ സയ്യിദ് മുഹ്‌യിദ്ദീന്‍ ഷാക്ക് ശേഷം 1957 മെയ് 5-ന് പ്രിന്‍സിപ്പലായി ചുമതലയേറ്റു. 22 കൊല്ലക്കാലം ഫാറൂഖ് കോളേജിനെ നയിച്ച അദ്ദേഹം തന്നെയാണ് അതിന്റെ ബാഹ്യവും ആന്തരികവുമായ വളര്‍ച്ചയില്‍ കിടയറ്റ സംഭാവനകളര്‍പ്പിച്ചത്. കോളേജിന്റെ പ്രധാന കെട്ടിടങ്ങളും ഹോസ്റ്റലുകളും പൂന്തോട്ടവും വിഖ്യാതമായ ഗേറ്റും മാത്രമല്ല, മിക്ക കോഴ്‌സുകളും നിലവില്‍വന്നത് ജലീല്‍ സാഹിബ് പ്രിന്‍സിപ്പല്‍ ആയിരിക്കെയാണ്.
1979-ല്‍ കലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി ചുമതലയേറ്റ അദ്ദേഹം അവിടെയും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ആത്മാഭിമാനം പണയം വെക്കാന്‍ തയാറില്ലാതിരുന്ന ജലീല്‍ സാഹിബ് വൈസ് ചാന്‍സലര്‍ സ്ഥാനം വലിച്ചെറിഞ്ഞതും രാഷ്ട്രീയക്കാരുടെ കോമാളിത്തത്തിന് വഴങ്ങാന്‍ തയാറില്ലാതിരുന്നതിനാലാണ്.
വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായും സാഫി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപക നേതാക്കളിലൊരാളായും പ്രവര്‍ത്തിച്ച ജലീല്‍ സാഹിബ് ഫാറൂഖാബാദ് മസ്ജിദുല്‍ അസ്ഹറിന്റെ കമ്മറ്റി പ്രസിഡന്റ് കൂടിയായിരുന്നു. അദ്ദേഹത്തെ മാറ്റിനിര്‍ത്തി കേരള മുസ്‌ലിം വിദ്യാഭ്യാസത്തിന്റെ ചരിത്രം കുറിക്കുക സാധ്യമല്ല.
തികഞ്ഞ സാമൂഹിക പ്രതിബദ്ധതയും സമുദായ സ്‌നേഹവും നീതിബോധവും പുലര്‍ത്തിയ ജസ്റ്റിസ് കെ.എ അബ്ദുല്‍ ഗഫൂറിനെയും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. കര്‍മോത്സുകത മുഖമുദ്രയാക്കി മാറ്റിയ അദ്ദേഹം താന്‍ കടന്നുചെന്ന മേഖലകളിലെല്ലാം മഹത്തായ സംഭാവനകളര്‍പ്പിക്കുകയുണ്ടായി.
1945-ല്‍ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ അബ്ദുല്ല മൗലവിയുടെയും നഫീസയുടെയും മകനായി ജനിച്ച അബ്ദുല്‍ ഗഫൂര്‍ ബിരുദപഠനത്തിനുശേഷം ടെലിഫോണ്‍ ഡിപ്പാര്‍ട്ടുമെന്റിലാണ് ജോലിയില്‍ പ്രവേശിച്ചത്. സര്‍വീസിലായിരിക്കെ നിയമബിരുദം നേടുകയും 1970-ല്‍ ജോലി രാജിവെച്ച് അഭിഭാഷകവൃത്തിയിലേര്‍പ്പെടുകയും ചെയ്തു. വിവിധ വക്കീല്‍മാരുടെ കീഴില്‍ ജോലി ചെയ്ത അദ്ദേഹം 1980 മുതല്‍ 1983 വരെ സര്‍ക്കാറിനെ പ്രതിനിധീകരിച്ച് കോടതിയില്‍ വിദ്യാഭ്യാസ വിഷയങ്ങള്‍ കൈകാര്യം ചെയ്തു. ദീര്‍ഘകാലം സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെയും വിശാല കൊച്ചി വികസന അതോറിറ്റിയുടെയും സ്റ്റാന്റിംഗ് കൗണ്‍സിലറായി സേവനമനുഷ്ഠിച്ചു. വിവിധ കോടതികളില്‍ അഡ്വക്കറ്റായി പ്രവര്‍ത്തിച്ച ഗഫൂര്‍ സാഹിബ് 1996 ജനുവരി 17ന് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2007 ഫെബ്രുവരി വരെ പത്തുകൊല്ലക്കാലം ന്യായാധിപസ്ഥാനത്ത് തുടര്‍ന്നു. ഈ കാലയളവിനുള്ളില്‍ ജനപക്ഷത്തുനിന്നുകൊണ്ടുള്ള നിരവധി വിധികള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി.
കേരള ലീഗല്‍ അതോറിറ്റി ചെയര്‍മാനായും കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ച ജസ്റ്റിസ് അബ്ദുല്‍ ഗഫൂര്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സ്ഥാനമൊഴിഞ്ഞത്.
മുസ്‌ലിം വിദ്യാര്‍ഥികളുടെ ഉന്നതപഠനത്തിന് മികച്ച സംഭാവനകളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന പി.എം ഫൗണ്ടേഷന്‍, സമുദായത്തിന്റെ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സിജി, മതസംവാദത്തിന്റെ മഹിത സംസ്‌കാരത്തിനായി യത്‌നിക്കുന്ന ഇന്റര്‍ നാഷ്ണല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യ എന്നിവയിലും അദ്ദേഹത്തിന്റെ കര്‍മമുദ്ര പതിഞ്ഞിട്ടുണ്ട്.
മര്‍ദിതരുടെ കൂടെനില്‍ക്കാനും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ജാഗ്രത പുലര്‍ത്തിയ ജസ്റ്റിസ് കെ.എ അബ്ദുല്‍ ഗഫൂര്‍ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വേട്ടയില്‍ തികഞ്ഞ അസ്വസ്ഥനായിരുന്നു. നീതിനിഷേധവും അവകാശ ലംഘനവും അസഹ്യമായി കരുതിയ അദ്ദേഹം തീവ്രവാദമുദ്ര ചാര്‍ത്തി ജയിലിലടക്കപ്പെടുമായിരുന്ന ഒരുപറ്റം സാമൂഹിക പ്രവര്‍ത്തകരെ പോലീസിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.
ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചശേഷം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ-ജനസേവന പ്രവര്‍ത്തനങ്ങളില്‍ അതീവ താല്‍പര്യം പ്രകടിപ്പിക്കുകയും പരമാവധി സഹകരിക്കുകയും ചെയ്തു. പൊതുരംഗത്ത് കര്‍മനിരതനായിരിക്കെ അപ്രതീക്ഷിതമായി രോഗത്തിനടിപ്പെട്ട ജസ്റ്റിസ് ഗഫൂറിന്റെ വിയോഗം സൃഷ്ടിച്ച വിടവ് വളരെ വലുതാണ്. നിയമരംഗത്തെ ഇടപെടലുകളില്‍ ഒരു നല്ല മാര്‍ഗദര്‍ശകനെയാണ് സമൂഹത്തിന് നഷ്ടമായിരിക്കുന്നത്.
അല്ലാഹു മൂവരെയും മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. അവരെയും നമ്മെയും അവന്റെ സ്വര്‍ഗപ്പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍