Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 13

ഉദുഹിയ്യത്ത് വിശ്വാസികളുടെ ബാധ്യത

സി.ടി ജഅ്ഫര്‍ എടയൂര്‍

ഇബ്‌റാഹീം നബി(അ)യുടെയും മകന്‍ ഇസ്മാഈലി(അ) ന്റെയും ത്യാഗപൂര്‍ണമായ ജീവിതത്തെ സ്മരിച്ചുകൊണ്ട് അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കാംക്ഷിച്ച് ബലിപെരുന്നാള്‍ ദിവസവും അതിനെ തുടര്‍ന്നുള്ള മൂന്ന് അയ്യാമുത്തശ്‌രീഖ് ദിവസങ്ങളിലും ഒട്ടകം, മാട്, ആട് എന്നീ വര്‍ഗത്തില്‍ പെട്ട കാലികളെ ബലിയറുക്കുന്നതിനാണ് ഉദുഹിയ്യത്ത് എന്ന് പറയുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷമാണ് ബലികര്‍മം പ്രാബല്യത്തിലാവുന്നത്. പെരുന്നാള്‍ ഇബ്‌റാഹീം നബിയുടെയും മകന്റെയും സ്മരണപുതുക്കല്‍ മാത്രമല്ല. ജനങ്ങള്‍ക്ക് സമൃദ്ധിയും അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നുണ്ട്.
പ്രവാചകന്‍(സ) പറഞ്ഞു: ''ഇത് തിന്നാനും കുടിക്കാനും, അജയ്യനും പ്രതാപിയുമായ അല്ലാഹുവിനെ സ്മരിക്കാനുമുള്ള ദിവസം തന്നെയാകുന്നു.''
സ്ത്രീ-പുരുഷ ഭേദമന്യേ സ്വദേശത്ത് താമസിക്കുന്നവരും ബുദ്ധിസ്ഥിരതയുള്ളവരും പ്രായപൂര്‍ത്തിയായവരുമായ സാമ്പത്തിക ശേഷിയുള്ള എല്ലാ മുസ്‌ലിംകള്‍ക്കും ഉദുഹിയ്യത്ത് നിര്‍ബന്ധമാണെന്ന് ഇമാം അബൂ ഹനീഫ(റ) അഭിപ്രായപ്പെടുന്നു. ഇതിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ഒരു ഖുര്‍ആനിക സൂക്തവും ഒരു പ്രവാചക വചനവുമാണ്. ''നീ നിന്റെ നാഥനു വേണ്ടി നമസ്‌കരിക്കുകയും ബലിയറുക്കുകയും ചെയ്യുക'' (അല്‍കൗഥര്‍ 2). പ്രവാചകന്‍ (സ) പറഞ്ഞു: ''കഴിവുണ്ടായിട്ടും ബലികര്‍മം നടത്താത്തവന്‍ നമ്മുടെ ഈദ്ഗാഹിലേക്കടുക്കരുത്.'' ഒരോ വീട്ടുകാര്‍ക്കും സാമൂഹിക സുന്നത്താണ് ഉദുഹിയ്യത്ത് എന്നാണ് ഇമാം ശാഫിഈ (റ)യുടെ വീക്ഷണം. മിഖ്‌നഫ്ബ്‌നു സുലൈം(റ) പറഞ്ഞു: ഞങ്ങള്‍ പ്രവാചകന്റെ കൂടെ നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹം പറയുന്നതായി കേട്ടു. ''അല്ലയോ ജനങ്ങളേ, ഓരോ വീട്ടുകാര്‍ക്കും ഓരോ വര്‍ഷവും ബലികര്‍മമുണ്ട്.''
കഴിവുണ്ടായിട്ടും ബലികര്‍മം നിര്‍വഹിക്കാതിരിക്കല്‍ അനഭിലഷണീയ(കറാഹത്ത്)മാണ് എന്നാണതില്‍നിന്ന് വ്യക്തമാവുന്നത്.  
ബലി സമയവും ബലി മൃഗങ്ങളും
പെരുന്നാള്‍ നമസ്‌കാരത്തിനും ഖുത്വ്ബ നിര്‍വഹണത്തിനും ശേഷമായിരിക്കണം ഉദുഹിയ്യത്ത് അറുക്കേണ്ടത്. അതിനു മുമ്പായി ആരെങ്കിലും ബലിയറുത്താല്‍  അത് ഉദുഹിയ്യത്തായി പരിഗണിക്കുകയില്ല. പ്രവാചകന്‍(സ) പറഞ്ഞു: ''നമസ്‌കാരത്തിന് മുമ്പ് അറുക്കുന്നവന്‍ തനിക്കുവേണ്ടി മാത്രമാണ് അറുക്കുന്നത്. നമസ്‌കാരവും ഖുത്വ്ബയും കഴിഞ്ഞ ശേഷം അറുത്തവന്‍ തന്റെ ആരാധന നിര്‍വഹിക്കുകയും മുസ്‌ലിംകളുടെ ചര്യ പ്രാപിക്കുകയും ചെയ്തിരിക്കുന്നു.''
പെരുന്നാള്‍ ദിവസാനന്തരം അയ്യാമുത്തശ്‌രീഖിലെ ഏതു ദിവസവും, രാത്രിയോ പകലോ വ്യത്യാസമില്ലാതെ ബലിയറുക്കാവുന്നതാണ്. മൂന്നാം ദിവസം സൂര്യാസ്തമയത്തോടു കൂടി ബലിസമയം അവസാനിക്കുന്നതാണ്.
    നബി(സ) അരുളി: ''ഈ നാളില്‍ (ബലിപെരുന്നാള്‍) നാം ആദ്യം തുടങ്ങുന്നത് നമസ്‌കാരമാണ്. പിന്നെ മടങ്ങിവന്ന് ബലി നടത്തുന്നു. ഈവിധം ചെയ്തവര്‍ നമ്മുടെ ചര്യയെ പ്രാപിച്ചു. ആരെങ്കിലും നേരത്തെ അറുക്കുകയാണെങ്കില്‍ അത് അയാള്‍ തന്റെ കുടുംബത്തിനു നല്‍കുന്ന മാംസമാകുന്നു. അതില്‍ ആരാധന യാതൊന്നുമില്ല.''
മറ്റൊരു സന്ദര്‍ഭത്തില്‍ നബി (സ) പ്രസ്താവിച്ചതായി അബൂബുര്‍ദ(റ) പറയുന്നു: ''നമ്മുടെ നമസ്‌കാരം നിര്‍വഹിക്കുകയും നമ്മുടെ ഖിബ്‌ലയെ അഭിമുഖീകരിക്കുകയും നമ്മുടെ അനുഷ്ഠാനം അനുഷ്ഠിക്കുകയും ചെയ്യുന്നവന്‍ നമസ്‌കാരം കഴിയുന്നതുവരെ ബലിയറുക്കരുത്.''
ഇമാം ശാഫിഈ, ഇമാം അഹ്മദ്, ഇമാം അബൂ ഹനീഫ (റ) എന്നിവരുടെ അഭിപ്രായപ്രകാരം ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ, കൂടുതല്‍ മാംസമുള്ള ഉരുവിനെ അറുക്കലാണ് അഭികാമ്യം. ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ യഥാക്രമം ഒട്ടകം, മാട്, ആട് എന്നിങ്ങനെയാണ് പരിഗണനീയം. എന്നാല്‍, ഇമാം മാലികിന്റെ വീക്ഷണത്തില്‍ ആടാണ് ബലിക്ക് ഏറ്റവും ഉത്തമം. പിന്നീട് മാട്, ഒട്ടകം എന്നിങ്ങനെയും.
ആടിന് ആറുമാസവും മാടിന് ഒരു വയസ്സും ഒട്ടകത്തിന് അഞ്ച് വയസ്സും തികഞ്ഞിരിക്കണം. ഇമാം മാലിക്, ഇമാം ശാഫിഈ എന്നിവരുടെ വീക്ഷണപ്രകാരം ആടിന് ഒരു വയസ്സ് പൂര്‍ത്തിയായിരിക്കണം. ആടിനെ ഒരാള്‍ സ്വന്തമായിട്ടാണ് അറുക്കേണ്ടത്. എന്നാല്‍ മാട്, ഒട്ടകം എന്നിവക്ക് ഏഴില്‍ കവിയാത്ത  പങ്കാളിത്തം അനുവദനീയമാണ്.     ജാബിര്‍(റ)വില്‍നിന്ന് നിവേദനം: ''ഹുദൈബിയയില്‍ വെച്ച് ഞങ്ങള്‍ നബി(സ)യോടൊപ്പം ഏഴു പേര്‍ക്ക് ഒരു ഒട്ടകം, ഏഴു പേര്‍ക്ക് ഒരു മാട് എന്ന തോതില്‍ ബലിയറുത്തു.''
ഒരു കുടുംബത്തിന്റെ പേരില്‍ ഒരാടോ മാടോ ഒട്ടകമോ അറുത്താല്‍ മതിയാകും. അബൂഅയ്യൂബില്‍ നിന്ന് നിവേദനം: ''നബി(സ)യുടെ കാലത്ത് ഒരാള്‍ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ഒരാടിനെ ഉദുഹിയ്യത്ത് അറുക്കാറുണ്ടായിരുന്നു. എന്നിട്ടവരത് തിന്നുകയും മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യും.''
ബലിമാംസം മൂന്നായിട്ടാണ് വീതിക്കേണ്ടത്. ഒന്ന്, സ്വന്തത്തിനും തന്റെ വീട്ടുകാര്‍ക്കും. രണ്ട്, കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും; അവര്‍ ധനികരാണെങ്കില്‍ പോലും. മൂന്ന്, പാവപ്പെട്ടവര്‍ക്ക്.
ബലിമാംസം പ്രവാചകന്‍ വീതംവെച്ചിരുന്ന രീതിയെ കുറിച്ച് ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: ''പ്രവാചകന്‍ അദ്ദേഹത്തിന്റെ ബലിയില്‍ മൂന്നിലൊന്ന് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും മൂന്നിലൊന്ന് ദരിദ്രരായ അയല്‍വാസികള്‍ക്കും മൂന്നിലൊന്ന് ചോദിച്ച് വരുന്നവര്‍ക്കും നല്‍കിയിരുന്നു.''
ബലിമാംസം സൂക്ഷിച്ചുവെക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ട്. പ്രവാചകന്‍(സ) പറഞ്ഞു: ''നിങ്ങള്‍ ഭക്ഷിക്കുക, സൂക്ഷിച്ചു വെക്കുക, ദാനം ചെയ്യുക.''
തനിക്ക് ആവശ്യമുള്ളത് എടുത്ത് ബാക്കിവരുന്നത് സൂക്ഷിച്ചുവെക്കുന്നതിനേക്കാള്‍ ശ്രേഷ്ഠകരം അത് ലഭിക്കാത്ത പട്ടിണിപ്പാവങ്ങളായ ആളുകള്‍ക്ക് ദാനം ചെയ്യലാണ്.  
മറ്റുള്ളവര്‍ക്കുവേണ്ടി ബലിയറുക്കല്‍
ഇമാം അബൂഹനീഫ(റ), ഇമാം അഹ്മദ് (റ) എന്നിവര്‍ മരിച്ചവര്‍ക്കു വേണ്ടി ഉദുഹിയ്യത്ത് അറുക്കല്‍ അനുവദനീയമാണെന്ന് അഭിപ്രായപ്പെടുന്നു. അതിന്റെ പ്രതിഫലം മരിച്ചവര്‍ക്ക് ലഭിക്കുകയും ചെയ്യും. എന്നാല്‍, മയ്യിത്തിന്റെ വസ്വിയത്തുപ്രകാരം അറുക്കുന്ന ബലിയില്‍ നിന്ന് ബലിയറുക്കുന്നവന്‍ ഭക്ഷിക്കാന്‍ പാടില്ല എന്നാണ് അബൂ ഹനീഫയുടെ മതം. അതു മുഴുവനായും ദാനം ചെയ്യണം.
അനുവാദമില്ലാതെ മറ്റൊരാള്‍ക്ക് വേണ്ടി ബലിയറുക്കരുതെന്നാണ് ഇമാം ശാഫിഈ(റ)യുടെ പക്ഷം. മരണപ്പെട്ടവനാണെങ്കില്‍ അദ്ദേഹത്തിന്റെ വസ്വിയത്തില്ലാതെ അറുക്കാന്‍ പാടില്ല. വസ്വിയത്ത് ചെയ്യപ്പെട്ടതാണെങ്കില്‍ മറ്റുള്ളവര്‍ അദ്ദേഹത്തിനുവേണ്ടി ബലിയറുക്കല്‍ അനുവദനീയമാണ്. എന്നാല്‍, അതിന്റെ മാംസം മുഴുവനും ദരിദ്രര്‍ക്കും അഗതികള്‍ക്കും ദാനം ചെയ്യേണ്ടതാണ്. ബലിദായകനും ധനികനും അതില്‍ നിന്നും അല്‍പം പോലും ഭക്ഷിക്കാന്‍ പാടില്ല.  
ബലിമാംസം ഇതര മതസ്ഥര്‍ക്ക് നല്‍കല്‍
ദരിദ്രരും അഗതികളുമായ അമുസ്‌ലിം സഹോദരന്മാര്‍ക്ക് ബലിമാംസം നല്‍കല്‍ അനുവദനീയമാണെന്ന് ഖുര്‍ആനില്‍ നിന്നും തിരുവചനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.
അല്ലാഹു പറയുന്നു: ''അവിടെ അവര്‍ തങ്ങള്‍ക്കുപകരിക്കുന്ന രംഗങ്ങളില്‍ സന്നിഹിതരാകും. അല്ലാഹു അവര്‍ക്കേകിയ മൃഗങ്ങളെ ചില നിര്‍ണിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ച് ബലിയര്‍പ്പിക്കും. ആ ബലിമാംസം നിങ്ങള്‍ തിന്നുക. പ്രയാസക്കാര്‍ക്കും പാവങ്ങള്‍ക്കും തിന്നാന്‍ കൊടുക്കുക'' (22/28).
ഇവിടെ 'പ്രയാസക്കാര്‍, പാവങ്ങള്‍' എന്ന് പൊതുവായിട്ടാണ് പറഞ്ഞിട്ടുള്ളത്. അല്ലാതെ വിശ്വാസികളിലെ പ്രയാസം അനുഭവിക്കുന്നവര്‍ക്കും പാവങ്ങള്‍ക്കും എന്നല്ല.
അല്ലാഹു പറയുന്നു: ''ബലിയൊട്ടകങ്ങളെ നാം നിങ്ങള്‍ക്കുള്ള ദൈവിക ചിഹ്നങ്ങളിലുള്‍പ്പെടുത്തിയിരിക്കുന്നു. നിശ്ചയമായും നിങ്ങള്‍ക്കവയില്‍ നന്മയുണ്ട്. അതിനാല്‍ നിങ്ങള്‍ അവയെ അണിയായി നിര്‍ത്തി അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് ബലിയര്‍പ്പിക്കുക. അങ്ങനെ പാര്‍ശ്വങ്ങളിലേക്ക് അവ വീണുകഴിഞ്ഞാല്‍ നിങ്ങളവയുടെ മാംസം ഭക്ഷിക്കുക. ഉള്ളത്‌കൊണ്ട് തൃപ്തരായി കഴിയുന്നവരെയും ചോദിച്ചുവരുന്നവരെയും തീറ്റിക്കുക'' (22/36).
ഇവിടെയും 'ഉള്ളതുകൊണ്ട് തൃപ്തരായി കഴിയുന്നവര്‍, ചോദിച്ചുവരുന്നവര്‍' എന്നീ പ്രയോഗങ്ങള്‍ പൊതുവായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രവുമല്ല, പെരുന്നാള്‍ ദിവസം മുസ്‌ലിംകള്‍ മാത്രം സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്താല്‍ പോരാ. ഇതര സമൂദായത്തില്‍ പെട്ട സഹോദരങ്ങളെയും തങ്ങളുടെ സന്തോഷങ്ങളില്‍ പങ്കാളികളാക്കുകയും അന്നേ ദിവസം ദാരിദ്ര്യത്തില്‍ കഴിയുന്ന അവരെ വയറുനിറച്ച് ഊട്ടുകയും ചെയ്യേണ്ടതാണ്.
അതുകൊണ്ടാണ് പ്രവാചകന്‍(സ) പറഞ്ഞത്: ''അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല.'' ഇവിടെയും അയല്‍വാസി ആരാണെന്ന് പ്രവാചകന്‍ നിര്‍ണയിച്ചിട്ടില്ല. അതുകൊണ്ട് അയല്‍വാസികള്‍ ആരാകട്ടെ അവര്‍ പട്ടിണിയിലാണെങ്കില്‍ അവരെ ഊട്ടല്‍  വിശ്വാസിയുടെ കടമയാണ്.
(ലേഖകന്‍ ശാന്തപുരം അല്‍ജാമിഅ വിദ്യാര്‍ഥിയാണ്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍