തീവ്രവാദ വേട്ടയുടെ കാണാപ്പുറങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഇരുപത്തിയൊന്നാം തീയതിയായിരുന്നു ബട്‌ല ഹൗസ് ഏറ്റുമുട്ടലിന്റെ നാലാം വാര്‍ഷികം. വാര്‍ഷികത്തലേന്നു ന്യൂദല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ വെച്ച് ജാമിഅയിലെ ഒരു വിഭാഗം അധ്യാപകരുടെ സംഘടനയായ ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ സുപ്രധാനമായ ഒരു റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ഹുജി, ലശ്കറെ ത്വയ്യിബ, അല്‍ബദര്‍ തുടങ്ങിയവയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു പിടികൂടപ്പെടുകയും പിന്നീടു കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്ത 16 പേരുടെ കേസുകള്‍ വിശകലനം ചെയ്തുകൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്“(Framed, Damned and Acquitted: Dossiers of a 'Very' Special Cell). പതിനാറില്‍ പതിനഞ്ചും ദല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്ലുമായി ബന്ധപ്പെട്ട കേസുകളാണ്. തെളിവുകള്‍ പടച്ചുണ്ടാക്കി നിഷ്‌കളങ്കരെ ടാര്‍ഗറ്റ് ചെയ്യുകയായിരുന്നു എന്നാണ് കോടതി വിധിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിപാടി തുടങ്ങുന്നതിനു മുമ്പേതന്നെ ശ്രോതാക്കളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ ജാമിഅയിലെ സി.ഐ.ടി ഹാളില്‍ റിപ്പോര്‍ട്ടിന്റെ പ്രകാശനത്തിനായി എത്തിച്ചേര്‍ന്നത് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍, അരുന്ധതി റോയ്, അഡ്വ. എന്‍.ഡി പഞ്ചോളി തുടങ്ങിയ പ്രമുഖരും പതിനാലു വര്‍ഷത്തെ ജയില്‍താമസത്തിനു ശേഷം കോടതി കുറ്റവിമുക്തരാക്കി വിട്ടയച്ച മുഹമ്മദ് ആമിര്‍ ഖാന്‍, സയ്യിദ് മഖ്ബൂല്‍ ഷാ തുടങ്ങിയവരുമായിരുന്നു. കുറ്റവിമുക്തരാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തിന് നിയമയുദ്ധം നടത്താന്‍ എല്ലാവിധ നിയമസഹായവും നല്‍കുമെന്ന് ജസ്റ്റിസ് സച്ചാര്‍ പ്രഖ്യാപിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആഞ്ഞടിച്ച അരുന്ധതി റോയ് രാജ്യത്ത് നിരപരാധികളെ ഭീകരമുദ്ര ചാര്‍ത്തി വേട്ടയാടാന്‍ പോലീസ് മാധ്യമപ്രവര്‍ത്തകരെത്തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകരോ, തീവ്രവാദബന്ധമാരോപിക്കപ്പെട്ടവരുടെ കുടുംബക്കാരോ അന്വേഷണ ഏജന്‍സിയുടെ കള്ളക്കളികളെ ചോദ്യം ചെയ്യുകയാണെങ്കില്‍ സാധാരണഗതിയില്‍ ലഭിക്കുന്ന ഉത്തരം ഇതായിരിക്കും: തീര്‍ച്ചയായും അവര്‍ക്ക് എവിടെയെങ്കിലും ചില ബന്ധങ്ങള്‍ ഉണ്ടായിരിക്കും. അല്ലെങ്കില്‍ പിന്നെന്തിന് പോലീസ് അവനെ അറസ്റ്റ് ചെയ്തു, എന്നെ അറസ്റ്റ് ചെയ്തില്ല? ഈ ചോദ്യത്തോടെയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. പോലീസ് പ്രതികള്‍ക്ക് മേല്‍ ചാര്‍ത്തിയിട്ടുള്ള കുറ്റാരോപണങ്ങള്‍ പലതാണ്. കലാപമുണ്ടാക്കുക, സ്റ്റേറ്റിനെതിരെ യുദ്ധംചെയ്യുക, കുറ്റകരമായ ഗൂഢാലോചന, ബോംബുവെക്കാന്‍ പ്ലാന്‍ ചെയ്യുക, തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുക, ആയുധങ്ങള്‍ ശേഖരിക്കുക, സ്‌ഫോടകവസ്തുക്കള്‍ കൈവശംവെക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുക തുടങ്ങി ലിസ്റ്റ് നീളുന്നു. ജീവപര്യന്തമോ മരണ ശിക്ഷയോ ആണ് പോലീസും പ്രോസിക്യൂഷനും ശിക്ഷയായി ആവശ്യപ്പെട്ടത്. എന്നാല്‍, 1992-നും 2012-നും ഇടയില്‍ കുറ്റാരോപണം നടത്തി അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗത്തെയും എല്ലാവിധ കുറ്റാരോപണങ്ങളില്‍ നിന്നും കോടതി മുക്തരാക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഈ റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തരാക്കപ്പെട്ടവരുടെ കഥകളാണ് പറയുന്നത്. മുഖ്യമായും കോടതിവിധിയെയും ശേഷം അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളെയും അതിനെ തുടര്‍ന്ന് നടന്ന വിചാരണയെയും സൂക്ഷ്മമായി അവലോകനം ചെയ്തുകൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്. തന്‍വീര്‍ അഹ്മദ് അടങ്ങുന്ന ഏഴു പേരെ 1992 ഏപ്രില്‍ 29-നു അറസ്റ്റ് ചെയ്തതായി പ്രഖ്യാപിക്കപ്പെട്ടു. ദല്‍ഹിയിലെ ഒരു വീട് കേന്ദ്രമാക്കിക്കൊണ്ടു വീട്ടുടമസ്ഥന്റെ തന്നെ കാര്‍ ഉപയോഗപ്പെടുത്തി അക്രമത്തിനു തയാറെടുക്കുകയായിരുന്നുവെന്നതാണ് കുറ്റം. ലക്ഷ്യംവെച്ച സുപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങള്‍, ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവ പ്രതികളില്‍നിന്നും കണ്ടെടുത്തുവെന്ന് പോലീസ് വെളിപ്പെടുത്തി. എന്നാല്‍, വീട്ടുടമസ്ഥനായ ഗുലാം ഹൈദര്‍ സമര്‍പ്പിച്ച ഫേബിയസ് കോര്‍പസിന്റെ അടിസ്ഥാനത്തിലും, പ്രതികളിലൊരാളിന്റെ ഭാര്യ മീററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റില്‍ സമര്‍പ്പിച്ച ഹരജിയുടെയും അടിസ്ഥാനത്തിലും കോടതി 'മുഴുവന്‍ പ്രോസിക്യൂഷന്‍ കഥകളെയും' അപലപിച്ചുകൊണ്ട് പ്രതികളെ വെറുതെ വിടുകയായിരുന്നുവെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അയാസ് അഹ്മദ് ഷാ ഏലിയാസ് ഇഖ്ബാല്‍ വെല്‍കം മെട്രോ സ്റ്റേഷനില്‍നിന്ന് 2004 ജനുവരി 22-നു അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. 'ഒരു യുവാവ് സ്‌ഫോടകവസ്തുക്കളും ഹവാല പണവുമായി വരുന്നുണ്ട്' എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. റെയ്ഡ് സംഘം സ്‌ഫോടകവസ്തുക്കളും മൂന്നു ലക്ഷം രൂപയും കണ്ടടുത്തതായും, കശ്മീരിലെ ഹിസ്‌ബെ ഇസ്‌ലാമി എന്ന സംഘടനയുടെ അംഗമാണെന്ന് ഷാ കുറ്റസമ്മതം നടത്തിയതായും വെളിപ്പെടുത്തുകയും ചെയ്തു. പക്ഷേ, കേസിനാസ്പദമായി പൊതു സാക്ഷികളെ ഹാജരാക്കാന്‍ കഴിഞ്ഞില്ല, പോലീസ് സാക്ഷിയുടെ മൊഴിയിലെ വൈരുധ്യവും പുറത്തുവന്നു. റെയ്ഡിന് ഉപയോഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതും രജിസ്റ്റര്‍ ചെയ്തതുമായിരുന്നു. അതുപോലെ തന്നെ ഷാ ഹിസ്‌ബെ ഇസ്‌ലാമിയുടെ അംഗമാണെന്ന് തെളിയിക്കാനും കഴിഞ്ഞില്ല. അങ്ങനെ പ്രതിയെ വിട്ടയക്കുകയായിരുന്നു.
വിദ്യാര്‍ഥിയായ ഗുല്‍സാര്‍ അഹ്മദ് ഗനിയുടെയും സര്‍ക്കാര്‍ ജീവനക്കാരായ അമിന്‍ ഹജാമിന്റേതുമാണ് മറ്റൊരു കേസ്. ഇരുവരെയും 2006 ഡിസംബര്‍ 10-നു ദല്‍ഹിയില്‍ വെച്ചാണ് അറ്റസ്റ്റ് ചെയ്തത്. ഇരുവരും ലശ്കറെ ത്വയ്യിബയിലെ അബു താഹിറിന്റെ സഹായികളാണെന്നും ആയുധ സ്‌ഫോടക വസ്തുക്കളുടെയും ഹവാല പണത്തിന്റെയും വിതരണത്തിനായി ദല്‍ഹിയിലേക്കു നിയോഗിക്കപ്പെട്ടവരാണെന്നുമായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ആറു ലക്ഷം രൂപയും കണ്ടെടുത്തതായും 'വെളിപ്പെടുത്തി.' നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ചതിനെ ന്യായീകരിക്കാനായി ഒരു സാക്ഷി ഇവരെ അറസ്റ്റ് ചെയ്തത് നവംബര്‍ ഇരുപത്തിയേഴിനാണെന്നു മൊഴി നല്‍കി. മൊഴികളിലെ വൈരുധ്യം എടുത്തുകാട്ടി കോടതി, 'ചുട്ടെടുക്കാന്‍ ശ്രമിക്കുന്നേരം തെറ്റുകള്‍ ചെയ്യേണ്ടിവന്നു' എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ഇവരെ വെറുതെ വിടുകയായിരുന്നു.
ഇത്തരത്തിലുള്ള പതിനാറു കേസുകളാണ് പുസ്തകം വിശദമായി പരിശോധിക്കുന്നത്. 'റിപ്പോര്‍ട്ടി'ന്റെ അവസാനം ഒന്നാമത്തെ അനുബന്ധമായി ദല്‍ഹി സ്‌പെഷല്‍ സെല്ലിന്റെ ചാരനായി പ്രവര്‍ത്തി ക്കുകയും പിന്നീടു തീവ്രവാദ കേസില്‍ തീഹാര്‍ ജയിലില്‍ പോകേണ്ടിവരികയും ചെയ്ത ഇര്‍ഷാദ് അലി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ പകര്‍പ്പും എടുത്തു നല്‍കിയിട്ടുണ്ട്. സ്‌പെഷല്‍ സെല്ലും സി.ബി.ഐയും തീവ്രവാദികളെ സൃഷ്ടിക്കുകയാണെന്ന് പരാതിപ്പെട്ട് പ്രധാനമന്ത്രിയുടെ അടിയന്തര ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ളതാണ് കത്ത്.
റിപ്പോര്‍ട്ടിന്റെ അണിയറ പ്രവര്‍ത്തകരില്‍ വിഷന്‍ 2016-നു കീഴില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സും (APCR) ഉണ്ടായിരുന്നു.
Framed, Damned and Acquitted: Dossiers of a Very Special Cell
പ്രസാധനം: ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍
പേജ്: 196/സംഭാവന വില: 100 രൂപ.
Comments