മതനേതൃത്വം മറുപടി പറയണം
കേരളത്തിലെ പ്രധാന മതസംഘടനകളിലൊന്നിന്റെ ഏറ്റവും പ്രമുഖനായ നേതാവിനോട് അബ്ദുന്നാസര്‍ മഅ്ദനിയുടെ കാര്യം സംസാരിച്ച എന്റെ സുഹൃത്തിന് കിട്ടിയത് ഏറെ നിരാശാജനകമായ മറുപടിയായിരുന്നു. തുല്യതയില്ലാത്ത അന്യായങ്ങള്‍ക്ക് ഇരയാക്കപ്പെട്ട് തടവറയില്‍ നരകിക്കുന്ന മഅ്ദനിയുടെ കാര്യത്തില്‍ പ്രതികരിക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് കട്ടായം പറഞ്ഞ ഇതേ ബഹുമാന്യ പണ്ഡിതനുള്‍പ്പെടെയുള്ളവര്‍ സമുദായൈക്യത്തെക്കുറിച്ച് വാചാലരാകുന്നത് കേള്‍ക്കാന്‍ എനിക്കും അവസരമുണ്ടായിട്ടുണ്ട്. വിഭവക്കൊഴുപ്പുള്ള ഇഫ്ത്വാര്‍ മീറ്റുകളിലും സമാന സല്‍ക്കാരങ്ങളിലും മുഴങ്ങാറുള്ള ഐക്യസന്ദേശങ്ങള്‍ പ്രയോഗതലങ്ങളില്‍ പാലിക്കപ്പെടാതെ പോകുന്നതിന്റെ ഉത്തരവാദികള്‍ മതനേതൃത്വത്തിലുള്ളവര്‍ തന്നെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രയോഗ സാധ്യതകളില്ലാത്ത ഐക്യപ്രഘോഷണങ്ങള്‍കൊണ്ട് എന്ത് പ്രയോജനം?
ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലി ചെയ്ത് വിരമിച്ച ഒരുദ്യോഗസ്ഥന്‍ കേരളത്തിലെ മുസ്‌ലിം മതനേതൃത്വത്തില്‍ ചിലരെങ്കിലും പരസ്പരം പഴിചാരുന്നതിനെക്കുറിച്ച് ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. തങ്ങള്‍ കുഴപ്പക്കാരല്ലെന്നതിന്റെ സമര്‍ഥനം മറ്റുള്ളവരൊക്കെയും കുഴപ്പക്കാരാണെന്ന് വരുന്നത് ഏറ്റവും വിചിത്രമായ അയുക്തിയാണ്. പരിഹാസ്യമായ ഈ പാപ്പരത്തംകൊണ്ട് സ്വന്തം കേമത്തം സ്ഥാപിക്കുന്നവര്‍ക്കെങ്ങനെ ആത്മാര്‍ഥമായ സഹിഷ്ണുതയും സാഹോദര്യവും പുലര്‍ത്താനാവും? പല മതസംഘടനകളും സ്വന്തം നില ഭദ്രമാക്കാന്‍ പരസ്പരം പാര പണിയുന്നവരാണെന്ന വസ്തുത എന്തിന് മറച്ചുവെക്കണം? ഐക്യം പ്രസംഗമല്ലെന്നും പ്രാവര്‍ത്തികതയാണെന്നുമുള്ള ലളിതമായ യാഥാര്‍ഥ്യത്തിലേക്ക് പല മതസംഘടനകള്‍ക്കും ഇനിയുമെത്രയോ ദൂരം സഞ്ചരിക്കാനുണ്ട്.
കേരളത്തിലെ മുസ്‌ലിം സമൂഹം പ്രായേണ സജീവവും ചലനാത്മകവുമാണ്. മതസംഘടനകളുടെ സജീവത അതിനെ വിളംബരപ്പെടുത്തുന്നു. ഈ സജീവതയെ ക്രിയാത്മകതയിലേക്ക് വഴി നടത്താന്‍ മുസ്‌ലിം മതനേതൃത്വം ബാധ്യസ്ഥമാണ്. സംഘടനാത്വത്തെ സജീവമാക്കാന്‍ പരസ്പരമുള്ള മത്സരങ്ങള്‍ സഹായിച്ചേക്കാം. സംഘടനകള്‍ വളരും. പക്ഷേ സര്‍വതോന്മുഖമായ വികാസത്തിന്റെ മുന്നുപാധിയായ പാരസ്പര്യത്തിന് അതോടെ മങ്ങലേല്‍ക്കും. ആശയപരമായ വിയോജിപ്പുകള്‍ പ്രസക്തവും സ്വാഭാവികവുമാണ്. എന്നാല്‍ പ്രത്യയശാസ്ത്ര നിലപാടിന്റെ തലങ്ങള്‍ക്കപ്പുറത്തേക്ക് അതിനെ വലിച്ച് നീട്ടാന്‍ ശ്രമങ്ങളുണ്ടാവരുത്.
മുസ്‌ലിം സമൂഹം സന്ദിഗ്ധഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നിരന്തരമായ കലാപത്തിലൂടെ ഭയപ്പാടിന്റെ നെരിപ്പോടില്‍ നിര്‍ത്തപ്പെട്ട പരീക്ഷണങ്ങള്‍ കൂടുതല്‍ അപകടകരമായ തലങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ വേട്ടയാടപ്പെടുകയാണ്. മുസ്‌ലിം സാംസ്‌കാരിക ചിഹ്നങ്ങള്‍ തീവ്രവാദത്തിന്റെയും ഭീകരതയുടെയും കുറിയടയാളങ്ങളാണെന്ന് പലരും വരുത്തിത്തീര്‍ക്കുന്നു. വിഭജനാനന്തര മുസ്‌ലിം സമൂഹത്തിന്റെ പൊതുവായ മാനസികാവസ്ഥയെ വിശകലനം ചെയ്തുകൊണ്ട് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ചൂണ്ടിക്കാട്ടിയ ഭയത്തിന്റെ മനോനില (Fear Psychosis) വിദ്യാസമ്പന്നരായ മുസ്‌ലിം ചെറുപ്പക്കാരില്‍ കൂടുതല്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്നു. മതാനുഷ്ഠാനങ്ങളില്‍ കൂടുതല്‍ കണിശത പുലര്‍ത്തുകയും മതകീയ ചിഹ്നങ്ങളണിയുകയും ചെയ്യുന്ന വിദ്യാസമ്പന്നരും പ്രഫഷണലുകളും അതീവ സംശയത്തോടെ നിരീക്ഷിക്കപ്പെടുകയാണ്. പൊതുകാര്യങ്ങളില്‍ നിരന്തരമായി ഇടപെടുന്ന ആക്ടിവിസ്റ്റുകളില്‍ ഭീകരബന്ധങ്ങളുടെ കണ്ണികള്‍ തേടുന്ന പ്രവണത അത്തരക്കാരെ ക്ഷണത്തില്‍ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. സാമൂഹിക നവോത്ഥാനത്തിന്റെ ചാലകശക്തികളായിത്തീരേണ്ടവരും വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഉള്‍ക്കരുത്താകേണ്ടവരുമൊക്കെ ഇപ്രകാരം മാര്‍ക്ക് ചെയ്യപ്പെടുന്നത് അവരുടെ വ്യക്തിപരമായ പിന്‍വലിയലുകളിലല്ല സമൂഹത്തിന്റെ തന്നെ പൊതുവായ തളര്‍ച്ചയിലാണ് ചെന്നവസാനിക്കുക. ആശങ്കപ്പെടേണ്ട കാര്യവും അതുതന്നെ. ആസൂത്രിതമായ ഈ ഉപജാപങ്ങളെക്കുറിച്ച് ജാഗ്രത്താവേണ്ടതും സ്വസമൂഹത്തിന് ആത്മവിശ്വാസവും മനക്കരുത്തും നല്‍കുംവിധം നിലപാടുകള്‍ സ്വീകരിക്കേണ്ടതും മതനേതൃത്വത്തിന്റെ ബാധ്യതകളില്‍പെടുന്നു. രാഷ്ട്രീയ താല്‍പര്യങ്ങളോ രാഷ്ട്രീയമായ ലാഭേഛകളോ മതനേതൃത്വത്തിന് ഉണ്ടാകേണ്ടതില്ലാത്തതുകൊണ്ട് തന്നെ പക്വമാര്‍ന്ന നിലപാടുകളിലൂടെ സമുദായത്തെ വഴിനടത്താന്‍ മതനേതൃത്വത്തിന് സാധിക്കണം. മതനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊക്കെ നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്നതുതന്നെയാണ് കാതലായ ചോദ്യം.
രാജ്യത്ത് മുസ്‌ലിം മതസംഘടനകള്‍ അത്ര നിസ്സാരമായ സംഗതിയൊന്നുമല്ല. ശതകോടി വിലവരുന്ന സ്ഥാപനശൃംഖലകളും സമുച്ചയങ്ങളും സ്വന്തമായുണ്ട് പലര്‍ക്കും. ആത്മീയവും ആരാധനാപരവുമായ കാര്യങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നവയുമല്ല പല സംഘടനകളും. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ആതുരാലയങ്ങളുടെ നടത്തിപ്പുകള്‍, സാമൂഹ്യ സേവനങ്ങള്‍, സന്നദ്ധ സംരംഭങ്ങള്‍ തുടങ്ങി ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കുവരെ പല മതനേതാക്കളും നേതൃത്വം നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ആശ്രയിക്കേണ്ടിവരുന്ന മതനേതാക്കളുമുണ്ട്. ചില മതനേതാക്കളുടെയെങ്കിലും ഇടപെടലുകള്‍ വോട്ടുകളെയും തെരഞ്ഞെടുപ്പ് ഫലങ്ങളെയും സ്വാധീനിക്കാറുമുണ്ട്. മുസ്‌ലിം രാഷ്ട്രീയ നേതാക്കളേക്കാള്‍ മുസ്‌ലിം പൊതുസമൂഹത്തില്‍ ഇടമുള്ളവരാണ് മതനേതാക്കള്‍. എന്നിട്ടും മുസ്‌ലിം സമൂഹം നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളില്‍ മതനേതൃത്വത്തിന്റെ ഇടപെടലുകള്‍ വിരളമാണ്. തങ്ങളുടെ അനല്‍പമായ സ്വാധീനത്തിന്റെ ചെറിയൊരംശമെങ്കിലും അന്യായമായി പീഡിപ്പിക്കപ്പെടുകയും തടവറകളില്‍ തള്ളപ്പെടുകയും ചെയ്തവരുടെ മോചനത്തിന് വേണ്ടി മതനേതാക്കള്‍ ചെലുത്തിയതായി കേട്ടറിവില്ല. ടാഡ നിയമം ചെറിയൊരുദാഹരണമാണ്. കുപ്രസിദ്ധമായ ഈ ഭീകരനിയമത്തിന്റെ താണ്ഡവനാളുകളില്‍ പതിനായിരക്കണക്കില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ ഉണ്ടായിരുന്നു. നിയമം കാലഹരണപ്പെട്ടിട്ടും ഇന്നും തടവറകളില്‍ കഴിയുന്നവരുണ്ട് പല സംസ്ഥാനങ്ങളിലും. പൊതുപ്രവര്‍ത്തകരോ പൊതുപ്രവര്‍ത്തകരായ അഭിഭാഷകരോ ആക്ടിവിസ്റ്റുകളോ ആണ് നിസ്സഹായരായ ഈ നിരപരാധികള്‍ക്ക് വേണ്ടി രംഗത്ത്‌വരാറുള്ളത്. മുസ്‌ലിം മതനേതൃത്വത്തിന് അതൊന്നും തങ്ങളുടെ അജണ്ടയില്‍ വരേണ്ടതാണെന്ന് തോന്നിയിട്ടില്ല. അതേസമയം, വിവാഹപ്രായത്തിന്റെ കാര്യത്തിലോ ജീവനാംശ വിഷയത്തിലോ കോടതിയുടെയോ മറ്റോ ഇടപെടലുണ്ടായാല്‍ ശക്തമായ പ്രതികരണമുയര്‍ത്താന്‍ മതനേതാക്കള്‍ മടിക്കാറുമില്ല. നിലപാടുകളിലെ ഈ വൈരുദ്ധ്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഗുജറാത്തിലെ വംശീയകലാപത്തിന്റെ കരാളപ്പുക കെട്ടടങ്ങുന്നതിന്റെ തൊട്ടുമുമ്പായി ഹൈദരാബാദില്‍ നടന്ന മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡിന്റെ സമ്പൂര്‍ണ യോഗാനുഭവങ്ങള്‍. ക്രൂരമായ വംശഹത്യക്ക് ഇരയാക്കപ്പെട്ട സ്വസഹോദരങ്ങളോടുള്ള അനുഭാവപ്രകടനം വെറും പ്രാര്‍ഥനക്കപ്പുറത്തേക്ക് പോകുന്നതില്‍ താല്‍പര്യം കാണിക്കാത്തവരായിരുന്നു മതനേതൃത്വത്തിലധികപേരും. നീതിപൂര്‍വകമായ ഒരിടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാറിനോടോ മാന്യമായൊരു നഷ്ടപരിഹാരമെങ്കിലും നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോടോ ഉരിയാടാനുള്ള കരളുറപ്പുപോലും കാണിച്ചില്ല മതനേതാക്കളിലധികപേരും. പകരം അവരിലേറെപേരും താല്‍പര്യമെടുത്തത് വിവാഹപ്രായപരിധിയുടെ നിയമനിര്‍മാണത്തില്‍ നിന്ന് മുസ്‌ലിം സമുദായത്തെ ഒഴിവാക്കിക്കിട്ടണമെന്നാവശ്യപ്പെടാനാണ്. സമുദായം നേരിടുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് പോകട്ടെ, സാമൂഹികപ്രശ്‌നങ്ങളിലേക്ക്‌പോലും പേഴ്‌സണല്‍ ലോ ബോര്‍ഡ് നേതൃത്വം വിരല്‍ചൂണ്ടുന്നതിഷ്ടപ്പെടാത്ത മതാധ്യക്ഷന്മാരുണ്ട് രാജ്യത്ത് ധാരാളം. അത്തരം 'ലൗകിക' കാര്യങ്ങള്‍ക്കൊന്നും മെനക്കെടുത്തേണ്ടതല്ല തങ്ങളുടെ വിലപ്പെട്ട സമയമെന്ന് കരുതുന്നവരാണ് ഭൂരിഭാഗം മതനേതൃത്വവും. അറുപതുകളിലെ കരാളമായ വര്‍ഗീയ കലാപങ്ങളുടെ ഭയചകിതമായ പശ്ചാത്തലത്തില്‍ മുസ്‌ലിം സമൂഹത്തിന് ആത്മവിശ്വാസം പകരാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പുനരധിവാസവും നടത്താനും പിറവികൊണ്ട മുസ്‌ലിം മജ്‌ലിസെ മുശാവറക്ക് സംഭവിച്ച ക്ഷയത്തിന്റെ കാരണവും മറിച്ചല്ല. മുസ്‌ലിം മതനേതൃത്വത്തിന് സ്ഥാപനവത്കൃതമായ അജണ്ടകള്‍ക്കപ്പുറത്ത് കാഴ്ചപ്പാടുകളും നിലപാടുകളുമുണ്ടെന്ന്‌പോലും പൊതുസമൂഹത്തിന് ധാരണയില്ലെന്നതാണ് സത്യം.
മര്‍ദിത സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ബാധ്യസ്ഥമാണ് മതനേതൃത്വം. മര്‍ദിത വിഭാഗത്തിന്റെ ജാതിയോ മതമോ സമുദായ വ്യത്യാസങ്ങളോ അതിന് തടസ്സമാകേണ്ടതില്ല. മാനവികതയുടെ സന്ദേശം ഏറ്റവും മഹോജ്വലമായി ഉയര്‍ത്തിപ്പിടിക്കുന്നത് മറ്റേത് പ്രത്യയശാസ്ത്രത്തേക്കാളും മതമാണെന്നത് തന്നെ അതിന് കാരണം. ഈ നിയോഗം പക്ഷേ മതസംഘടനകളില്‍ പലതിനും അന്യമാണ്. രാജ്യത്ത് നിര്‍ബാധം നടക്കുന്ന പൗരാവകാശ ലംഘനങ്ങളുടെയും മനുഷ്യാവകാശ കൈയേറ്റങ്ങളുടെയും കാര്യമെടുത്താല്‍ ഇത് ബോധ്യമാകും. ആദിവാസി-ദലിത് സമൂഹം നേരിടുന്ന നിലനില്‍പിന്റെ പ്രശ്‌നങ്ങളിലോ, രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി ഉയരുന്ന പാരിസ്ഥിതിക പോരാട്ടങ്ങളിലോ തങ്ങള്‍ക്കും തനതായ ഒരിടമുണ്ടെന്ന് മതനേതൃത്വത്തിന് ധാരണയുള്ളതായി പൊതുസമൂഹത്തിന് തോന്നിയിട്ടില്ല. മതനേതൃത്വം അതിന്നവസരമുണ്ടാക്കിയിട്ടുമില്ല. മാനുഷിക പരിഗണനകളുടെ വിശാലമായ ഇടങ്ങളിലേക്ക് മനുഷ്യസ്‌നേഹത്തിന്റെ സന്ദേശവുമായി കടന്നുചെല്ലാന്‍ ബാധ്യതപ്പെട്ടവരാണ് തങ്ങളെന്ന യാഥാര്‍ഥ്യം പൊതുവെ വിസ്മൃതമായിരിക്കുന്നു.
ഉമ്മത്ത് എന്ന സമഗ്രിത സ്വത്വത്തെയാണ് മതനേതൃത്വം നയിക്കുന്നത്. അതുകൊണ്ട് തന്നെ ഉമ്മത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചക്ക് പര്യാപ്തമാകുന്ന കര്‍മപരിപാടികള്‍ മതനേതൃത്വത്തിന്റെ പക്കലുണ്ടാകണം. മുന്നോട്ടുള്ള പ്രയാണത്തിന് ദിശാബോധം നല്‍കാന്‍, പ്രതിസന്ധി ഘട്ടങ്ങളില്‍ ആത്മവിശ്വാസവും മനസ്ഥൈര്യവും നല്‍കാന്‍, സ്വയംപര്യാപ്തതയിലൂന്നിയ സാമൂഹികജീവിതം സ്വായത്തമാക്കാന്‍ മതനേതൃത്വത്തിന്റെ ഇടപെടലുകള്‍ക്ക് കഴിയണം. ദാരിദ്ര്യവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന ആത്മസംഘര്‍ഷം അരാജകത്വത്തിലേക്കുള്ള തുറന്ന വഴിയാണ്. സാമൂഹികവിരുദ്ധതയുടെ വളക്കൂറുള്ള മണ്ണാണിത്. സാമൂഹികവിരുദ്ധതയില്‍ നിന്ന് സമുദായത്തെ രക്ഷിക്കുവാനുള്ള ബാദ്ധ്യത മറ്റാരേക്കാളേറെ മതനേതൃത്വത്തിനാണുള്ളത്. പ്രബോധക സമൂഹമെന്ന നിലയില്‍ ഉമ്മത്തിനെ വളര്‍ത്തിയെടുക്കേണ്ട ചുമതലയും മതനേതൃത്വത്തിന് തന്നെ. പതിതാവസ്ഥയിലാണ് മുസ്‌ലിം ഉമ്മത്ത്. അക്കാരണത്താല്‍ മാത്രം മതത്തിന്റെ മൗലിക സന്ദേശങ്ങള്‍ക്ക് അപഭംഗം (refraction) സംഭവിക്കുകയാണ്. ഉമ്മത്തിന്റെ സാമൂഹികജീവിതത്തിന് പ്രബോധനാത്മകമായ സന്ദേശച്ചുവയില്ല. പലതരം പ്രതിലോമശക്തികളും മുസ്‌ലിം പൊതുസമൂഹത്തില്‍ സമര്‍ഥമായി മുതലിറക്കുന്നുണ്ട്. ഇത്തരം അപചയങ്ങളില്‍നിന്ന് ഉമ്മത്തിനെ രക്ഷിക്കേണ്ട ബാധ്യത മതനേതൃത്വത്തിനാണുള്ളത്. അതൊക്കെയും എത്രയളവില്‍ നിര്‍വഹിക്കപ്പെടുന്നുണ്ടെന്ന ഒരാത്മപരിശോധന മതനേതൃത്വത്തിന് ഉചിതമായിരിക്കും.
Comments