Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 13

പ്രവാചക സ്നേഹം പ്രകടിപ്പിക്കാന്‍ കലയുടെ വഴിയും

മൂസക്കുട്ടി വെട്ടിക്കാട്ടിരി

പ്രവാചകനെ അവഹേളിക്കുന്ന അമേരിക്കന്‍ ചിത്രത്തിനെതിരെ മൂര്‍ച്ചയേറിയ അറബിക് കാലിഗ്രഫിയുമായി കലാകാരന്മാര്‍. വിശുദ്ധ ഖുര്‍ആന്‍ ആയത്തുകള്‍ ഉപയോഗിച്ചാണ് അന്താരാഷ്ട്ര കലാകാരന്മാര്‍ പ്രവാചക സ്നേഹത്തിന്റെ  കാലിഗ്രഫി പ്രദര്‍ശനം നടത്തിയത്. സുഊദിയില്‍ നിന്നുതുടങ്ങുന്ന പ്രദര്‍ശനം മൊത്തം ഗള്‍ഫ് രാജ്യങ്ങള്‍ ചുറ്റി വിവിധ ലോക രാഷ്ട്രങ്ങളിലെത്തും. പ്രവാചകനെ ആശ്വസിപ്പിച്ചുകൊണ്ടിറങ്ങിയ ആയത്തുകള്‍ ചേര്‍ത്താണ് കമനീയമായ കാലിഗ്രഫി ഒരുക്കിയിട്ടുള്ളത്. കലിഗ്രഫി പ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത് പ്രശസ്ത സുഊദി ചിത്രകാരന്‍ അബ്ദുല്ല അല്‍സാനി ആണ്.
മസ്ജിദുന്നബവിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതി
മദീനയിലെ മസ്ജിദുന്നബവിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിക്ക് സുഊദി ഭരണാധികാരി അബ്ദുല്ല രാജാവ് തറക്കല്ലിട്ടു. പുതിയ വികസനം പൂര്‍ത്തിയാവുന്നതോടെ മസ്ജിദുന്നബവിയുടെ ശേഷി മൂന്നിരട്ടിയോളം വര്‍ധിക്കും. നിലവില്‍ 10 ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മസ്ജിദുന്നബവിയില്‍ വികസനം പൂര്‍ത്തിയാവുന്നതോടെ 28 ലക്ഷം പേര്‍ക്ക് ഒരേസമയം നമസ്കരിക്കാന്‍ സൌകര്യമുണ്ടാവും. നിര്‍മാണ ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ അബ്ദുല്ല രാജാവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരമാവധി രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് രാജാവിന്റെ നിര്‍ദ്ദേശം.
ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ അവസാനിച്ചാലുടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. വികസന മാതൃക അബ്ദുല്ല രാജാവ് നേരില്‍ കണ്ട് വിലയിരുത്തി. മദീന സന്ദര്‍ശിക്കുന്ന തീര്‍ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വികസനം നടക്കുന്നത്.
ശൈഖ് ആയദ് അല്‍ഖര്‍നി വീണ്ടും വിവാദത്തില്‍
പ്രശസ്ത സുഊദി പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ ശൈഖ് ആയദ് അല്‍ഖര്‍നിയെ വിവാദം വിട്ടൊഴിയുന്നില്ല. സുഊദി എഴത്തുകാരി സല്‍വ അല്‍ഹുളൈദാന്‍ തന്റെ പുസ്തകത്തിലെ ആശയം ചോര്‍ത്തിയാണ് ശൈഖ് അല്‍ഖര്‍നി ഗ്രന്ഥരചന നടത്തിയതെന്ന് ആരോപിച്ച് കോടതി കയറിയിരുന്നു. ഇപ്പോഴിതാ പ്രസിദ്ധ പണ്ഡിതന്‍ ഡോ. റഅ്ഫത്ത് അല്‍ബാഷയുടെ 'സ്വഹാബാക്കളുടെ ജീവിതത്തില്‍നിന്ന്' എന്ന പുസ്തകത്തിന്റെ ആശയം ചോര്‍ത്തിയെന്ന ആരോപണവുമായി മകന്‍ യമാന്‍ അല്‍ബാഷ രംഗത്ത് വന്നിരിക്കുന്നു. വിഷയം സംസാരിക്കാന്‍ ശൈഖ് അല്‍ഖര്‍നിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ലെന്നും യമാന്‍ അല്‍ബാഷ പറഞ്ഞു. യമാന്‍ അല്‍ബാഷയും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ക്ക് മഹത്തായ സംഭാവനകളര്‍പ്പിച്ച ചിന്തകനും ഗ്രന്ഥകാരനും വാഗ്മിയുമായ ശൈഖ് ആയദ് അല്‍ഖര്‍നിയുടെ സംഭാവനകളെ വിലകുറച്ചു കാണാന്‍ പോന്നതല്ല ഇത്തരം ആരോപണങ്ങള്‍ എന്നാണ് പൊതുസമൂഹം കരുതുന്നത്.  
ഉര്‍ദുഗാന്‍ മൂന്നാം തവണയും പാര്‍ട്ടിയുടെ തലപ്പത്ത്
തുര്‍ക്കിയിലെ ഭരണകക്ഷി ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടിയുടെ പ്രസിഡന്റായി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മൂന്നാം തവണയും തെരഞ്ഞെക്കപ്പെട്ടു. തുര്‍ക്കിയിലെ അങ്കാറയില്‍ നടന്ന നാലാം പര്‍ട്ടി സമ്മേളത്തില്‍ വെച്ചാണ് പാര്‍ട്ടി പ്രസിഡന്റായി മൂന്നാം തവണയും ഉര്‍ദുഗാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനത്ത് അദ്ദേഹത്തിന്റെ അവസാനത്തെ ഊഴം കൂടിയാണിത്. 'ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടി' യുടെ ഭരണഘടന പ്രകാരം ഒരാള്‍ തുടര്‍ച്ചയായി മൂന്നില്‍ കൂടുതല്‍ തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയില്ല. പ്രതിനിധികളുടെ മുഴുവന്‍ വോട്ടും നേടിയാണ് ഉര്‍ദുഗാന്‍ മൂന്നാം തവണയും പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. പാര്‍ട്ടിയുടെ പരമോന്നത ബോഡിയായ കേന്ദ്ര എക്സിക്യൂട്ടീവിലേക്ക് നിലവിലെ വിദേശ കാര്യ മന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലുവും തെരഞ്ഞെക്കപ്പെട്ടു.
മൂന്നാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉര്‍ദുഗാന്‍ നടത്തിയ രണ്ടുമണിക്കൂറോളം നീണ്ട പ്രസംഗം വന്‍ കൈയടിയോടെയാണ് അറബ് ഇസ്ലാമിക ലോകത്ത്നിന്നും മറ്റുമുള്ള പ്രതിനിധികളടങ്ങിയ സദസ്സ് സ്വീകരിച്ചത്. സ്ഥാനമാനങ്ങളേക്കാള്‍ വലുതാണ് ജനസേവനമെന്നും രാജ്യത്തെ ജനങ്ങള്‍ നല്‍കുന്ന വര്‍ധിച്ച പിന്തുണ പാര്‍ട്ടിക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയില്‍ സൈനിക അട്ടിമറികളുടെ കാലം കഴിഞ്ഞുവെന്നും രാജ്യത്തിന് ശക്തമായ ജനാധിപത്യ അടിത്തറ നല്‍കാന്‍ ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടിക്ക് സാധിച്ചുവെന്നും ഉര്‍ദുഗാന്‍ അവകാശപ്പെട്ടു.
കഴിഞ്ഞ പത്തു വര്‍ഷമായി തുര്‍ക്കിയിലെ ഇസ്ലാമിക പ്രസ്ഥാനം മികച്ച ജനപക്ഷ ഭരണമാണ് കാഴ്ചവെച്ചത്.  ഇത് ലോക ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. സദസ്സില്‍നിന്നുയര്‍ന്ന ആരവങ്ങള്‍ക്കിടെ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സമ്മേളനത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി, അന്നഹ്ദ നേതാവ് റാശിദുല്‍ ഗനൂശി, ഇറാഖി പാര്‍ലമെന്റ് സ്പീക്കര്‍ ഉസാമ അല്‍ നജൈഫി, ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ തുടങ്ങി പ്രമുഖ ലോക നേതാക്കള്‍ പങ്കെടുത്തു.
ഇസ്ലാമിക സാമ്പത്തിക രംഗം കുതിപ്പ് തുടരുന്നു
ലോക സാമ്പത്തിക വേദികള്‍ കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ ഇസ്ലാമിക സാമ്പത്തികരംഗം കുതിപ്പ് തുടരുന്നതായി പല അന്താരാഷ്ട്ര ഇസ്ലാമിക സ്ഥാപനങ്ങളുടെയും ആസ്ഥാനമായ മലേഷ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലേഷ്യന്‍ 'ഹലാല്‍' ഉല്‍പന്നങ്ങള്‍ കഴിഞ്ഞ വര്‍ഷം ചൈനയിലെ മാര്‍ക്കറ്റില്‍ വന്‍ കുതിപ്പ് നടത്തിയെന്നാണ് മലേഷ്യന്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2011-ല്‍ 1300 കോടി അമേരിക്കന്‍ ഡോളറാണ് മലേഷ്യന്‍ ഇസ്ലാമിക് ഉല്‍പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതിയെന്നും റിപ്പോര്‍ട്ട് പറഞ്ഞു. 2010 നെ അപേക്ഷിച്ച് 28.3 ശതമാനം വര്‍ധനയാണ് 2011-ല്‍ രേഖപ്പെടുത്തിയത്. അതോടൊപ്പം ചൈനയിലെ ഇസ്ലാമിക് മാര്‍ക്കറ്റ് 10 ശതമാനം വളര്‍ച്ച നേടിയതായി മലേഷ്യയിലെ ഇസ്ലാമിക ഉല്‍പന്നങ്ങളുടെ റിസര്‍ച്ച് കേന്ദ്ര നിരീക്ഷണ വിഭാഗവും വ്യക്തമാക്കി. ലോക മാര്‍ക്കറ്റുകളില്‍ ഇസ്ലാമിക് 'ഹലാല്‍' ഉല്‍പന്നങ്ങളുടെ കാര്യക്ഷമത നിരീക്ഷിക്കുന്ന സ്ഥാപനം കൂടിയാണിത്.
സ്വിറ്റ്സര്‍ലന്റില്‍ പര്‍ദ വിലക്ക് നീക്കി
തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ 2009-ല്‍ സ്വിറ്റ്സര്‍ലന്റില്‍ നടപ്പാക്കിയ പര്‍ദ നിരോധം സ്വിസ് പാര്‍ലമെന്റ് നീക്കി. 87-നെതിരെ 93 വോട്ടിനാണ് പര്‍ദവിലക്ക് നിയമത്തെ പരാജയപ്പെടുത്തിയതെന്ന് ടംശ കിളീ പറഞ്ഞു. സ്വിസ് മുസ്ലിംകള്‍ പര്‍ദ ധരിക്കുന്നതുകൊണ്ട് സമൂഹത്തില്‍ യാതൊരു പ്രശ്നവും നിലനില്‍ക്കുന്നില്ലെന്ന് പാര്‍ലമെന്റ് അംഗം ഔഴൌല ഒശഹുീഹറ പറഞ്ഞു. എന്നാല്‍, പര്‍ദവിലക്ക് സ്വിസ് പൊതുസമൂഹത്തിന്റെ താല്‍പര്യ മായിരുന്നുവെന്ന് തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു. സ്വിറ്റ്സര്‍ലന്റില്‍ നാലു ലക്ഷം മുസ്ലിംകളാണുള്ളത്. ഏകദേശം 8 ദശലക്ഷം വരുന്ന സ്വിസ് ജനസംഖ്യയുടെ അഞ്ചു ശതമാനമാണ് മുസ്ലിംകള്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍