ക്ലാവ് പറ്റിയ പാരമ്പര്യരീതികളില്‍നിന്ന് വഴിമാറി നടന്ന ചിന്തകന്‍
ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിയുടെ മരണത്തോടെ മുസ്‌ലിം ഇന്ത്യക്ക് പൊതുവിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും മൗലിക ചിന്തകള്‍ കൊണ്ട് ഇസ്‌ലാമിക ധൈഷണിക മണ്ഡലത്തെ പ്രോജ്ജ്വലിപ്പിച്ച ഒരു ഇസ്‌ലാമിക പണ്ഡിതനെയാണ് നഷ്ടമായത്. മത പണ്ഡിതന്‍, ഇസ്‌ലാമിക പണ്ഡിതന്‍ തുടങ്ങിയ വിശേഷണങ്ങള്‍ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിയെ സംബന്ധിച്ചേടത്തോളം അത്ര പഥ്യമാണെന്ന് തോന്നുന്നില്ല. കാരണം, പരമ്പരാഗത മത ഗ്രന്ഥങ്ങള്‍ കലക്കി കുടിക്കുകയും, സാമൂഹിക യാഥാര്‍ഥ്യങ്ങളെയും സാഹചര്യങ്ങളെയും തെല്ലും മനസ്സിലാക്കാതെ ഹറാം-ഹലാല്‍ ഫത്‌വകള്‍ നല്‍കാന്‍ മാത്രം യോഗ്യത നേടുകയും ചെയ്തവരെയാണ് പൊതുവെ ഇപ്പോള്‍ മതപണ്ഡിതരായി വ്യവഹരിക്കുന്നത്. ദാറുല്‍ ഉലൂം ദയൂബന്ദിനെയും നദ്‌വത്തുല്‍ ഉലമയെയും പോലുള്ള മതകലാലയങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ അത്തരം മത പണ്ഡിതന്മാര്‍ക്ക് ഇപ്പോഴും പഞ്ഞമൊന്നുമില്ല. ശൈഖുല്‍ ഹദീസുമാരായും മുഫ്തികളായും അവര്‍ കൊണ്ടാടപ്പെടുകയും ചെയ്യുന്നുണ്ട്.
എന്നാല്‍, അബ്ദുല്‍ ഹഖ് അന്‍സാരി മത പണ്ഡിതനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ജനുസ് വേറെയാണ്. പരമ്പരാഗത മത വിഷയങ്ങളോടൊപ്പം ആധുനിക വിഷയങ്ങളിലും തത്ത്വശാസ്ത്രം, ഹൈന്ദവ-ക്രിസ്ത്യന്‍ മത മീമാംസകള്‍, പാശ്ചാത്യവും പൗരസ്ത്യവുമായ ഭാഷകള്‍ തുടങ്ങിയവയിലെല്ലാം അവഗാഹമുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. ഇത്തരം മത പണ്ഡിതന്മാര്‍ ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ ഇപ്പോള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.
മൗലാനാ മൗദൂദിയുടെ വിപ്ലവാത്മകമായ വിദ്യാഭ്യാസ ചിന്തയുടെ ആദ്യത്തേതും അവസാനത്തേതുമായ പരീക്ഷണശാലയായ റാംപൂരിലെ മര്‍കസി ദര്‍സ് ഗാഹില്‍ തുടങ്ങി അലീഗഢിലൂടെ അമേരിക്കയിലെ ഹാര്‍വാര്‍ഡിലേക്ക് വികസിച്ച വിദ്യാഭ്യാസ സപര്യയാണ് അന്‍സാരിയിലെ ചിന്തകനെയും അക്കാദമീഷ്യനെയും പ്രസ്ഥാന നായകനെയും രൂപപ്പെടുത്തിയത്. അതിനാല്‍ വിശാലമായ അര്‍ഥത്തില്‍ നജാത്തുല്ലാ സിദ്ദീഖിയെയും ഡോ. എഫ്.ആര്‍ ഫരീദിയെയും ഡോ. ഉമര്‍ ചാപ്രയെയും പോലെ ഡോ. അന്‍സാരിയും മൗദൂദി സ്‌കൂളിന്റെ സന്തതിയാണ്. കാരണം, ഇവരെല്ലാം സയ്യിദ് മൗദൂദി പഠിക്കുകയോ ഒരുവേള കാണുക പോലും ചെയ്തിട്ടില്ലാത്ത ലോകത്തെ ഉന്നത സര്‍വകലാശാലകളില്‍ പഠിച്ചവരാണെങ്കിലും ഇസ്‌ലാമിന്റെ സാമൂഹിക ഉള്ളടക്കത്തെക്കുറിച്ച ബോധവും, വിജ്ഞാനങ്ങളെയെല്ലാം ഇസ്‌ലാമികമായി നോക്കിക്കാണാനുള്ള കഴിവും അവര്‍ ആര്‍ജിച്ചത് മൗദൂദിയുടെ വിപ്ലവാത്മകമായ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ ചിന്തകളില്‍നിന്നാണ്. അതിനവര്‍ക്ക് അവസരം നല്‍കിയതാകട്ടെ ഥാനവി ദര്‍സ് ഗാഹിലെ നാല് വര്‍ഷത്തെ പഠനവും. മര്‍കസി ദര്‍സ് ഗാഹില്‍ അന്‍സാരിയുടെ സതീര്‍ഥ്യരായ നജാത്തുല്ലാ സിദ്ദീഖിയും എഫ്.ആര്‍ ഫരിദീയും ഡോ. ഉമര്‍ ചാപ്രയും തങ്ങളുടെ പഠനം പ്രധാനമായും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ കേന്ദ്രീകരിച്ചപ്പോള്‍ ഡോ. അന്‍സാരി കേന്ദ്രീകരിച്ചത് മതമീമാംസ, തത്ത്വശാസ്ത്രം, ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത എന്നിവയിലാണ്.
വിദേശത്തെയും സ്വദേശത്തെയും സര്‍വകലാശാലകളിലെ അധ്യാപനം, ഗ്രന്ഥരചന, പരന്ന വായന എന്നിവയുമായി ബന്ധപ്പെട്ട് തികഞ്ഞ ഒരു അക്കാദമീഷ്യനായിരിക്കെ തന്നെ ഒരാക്ടിവിസ്റ്റ് എന്ന നിലയില്‍ കൂടി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ പഠനകാലം മുതല്‍ തന്നെ ഡോ. അന്‍സാരിയുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇസ്‌ലാമിക പ്രവര്‍ത്തനത്തിനായി അലീഗഢ് മുസ്‌ലിം സര്‍വകലാശാല കാമ്പസ് കേന്ദ്രമായി 1956-ല്‍ നിലവില്‍ വന്ന സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ (ഇപ്പോഴത്തെ എസ്.ഐ.ഒ അല്ല) രൂപീകരണത്തിന് നേതൃത്വം നല്‍കിയവരിലൊരാള്‍ ഡോ. അന്‍സാരിയായിരുന്നു. പിന്നീട് ദീര്‍ഘകാലം അന്‍സാരി ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര ശൂറാംഗവും ഒടുവില്‍ 2003 മുതല്‍ 2007 കാലയളവില്‍ അഖിലേന്ത്യ അമീറുമായത് പില്‍ക്കാല ചരിത്രം.
പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ തന്നെ സ്വതന്ത്ര ചിന്തയും മൗലികമായ അന്വേഷണവും അബ്ദുല്‍ ഹഖ് അന്‍സാരി കൈവിട്ടിരുന്നില്ല. ആ അന്വേഷണവും പഠനവും സൂക്ഷ്മതലത്തില്‍ പ്രാസ്ഥാനിക ചിന്തയെ വികസിപ്പിക്കുന്നതും പുതിയ സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രയാണത്തിന് ദിശാബോധം പകരുന്നതുമായി മാറുകയും ചെയ്തു.
ഡോ. അന്‍സാരിയുടെ വേറിട്ട ചിന്തയും അന്വേഷണവും വലിയ അളവില്‍ പ്രകടമായ രണ്ട് കൃതികളാണ് ഇംഗ്ലീഷിലെ സൂഫിസം ആന്റ് ശരീഅത്തും ഉര്‍ദുവിലെ മഖ്‌സ്വദ് സിന്ദഗി കാ ഇസ്‌ലാമി തസവ്വറും. ഇതില്‍ ആദ്യത്തെ കൃതി സ്വൂഫിസവും ശരീഅത്തും സര്‍ഹിന്ദി ചിന്തകളുടെ അപഗ്രഥനം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വൂഫിസത്തെ ഈ കൃതി വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ടെങ്കിലും ഇസ്‌ലാമില്‍ ഇടമുള്ളതും പരിഷ്‌കരണം സാധ്യവുമായ ഒരു കര്‍മപാത എന്ന നിലക്കാണ് അന്‍സാരി സ്വൂഫിസത്തെ പരിഗണിക്കുന്നത്. അന്ധമായ സ്വൂഫി പക്ഷപാതിത്വത്തിനും അന്ധമായ സ്വൂഫി വിമര്‍ശനത്തിനും ഇടയിലെ ഒരു മധ്യ മാര്‍ഗമാണിത്. സ്വൂഫിസത്തെ തീര്‍ത്തും ഇസ്‌ലാമിന് അന്യമായി കാണാന്‍ പരിശീലിച്ചിട്ടുള്ള ഇസ്‌ലാമിസ്റ്റുകളെ ഒരു പുനര്‍ചിന്തക്ക് പ്രേരിപ്പിക്കുന്ന കാഴ്ചപ്പാടുകളാണ് അന്‍സാരി ഇതില്‍ മുന്നോട്ടു വെക്കുന്നത്.
മഖ്‌സ്വദ് സിന്ദഗി കാ ഇസ്‌ലാമി തസ്വവ്വുര്‍ സയ്യിദ് മൗദൂദിയുടെ പ്രാസ്ഥാനിക ചിന്തയുടെ വികാസവും പുനര്‍വായനയുമാണ്. വ്യത്യസ്ത കാലയളവില്‍ പ്രസിദ്ധീകൃതമായതെങ്കിലും മുസ്‌ലിം ബഹുജനങ്ങളെ അഗാധമായി സ്വാധീനിക്കുകയും അവരില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുകയും ചെയ്ത ഇസ്‌ലാമിക ഗ്രന്ഥരചനാ ചരിത്രത്തിലെ മൂന്ന് ക്ലാസിക്കുകളാണ് ഇമാം ഗസാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീനും ശാഹ് വലിയ്യുല്ലാഹ് ദഹ്‌ലവിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയും മൗലാനാ മൗദൂദിയുടെ ഖുത്വ്ബാത്തും. ഉള്ളടക്കത്തിലും ശൈലിയിലും സമീപനങ്ങളിലുമെല്ലാം ഇവ തമ്മില്‍ പല വൈജാത്യങ്ങളുമുണ്ടെങ്കിലും ഈ മൂന്ന് കൃതികളും കൈകാര്യം ചെയ്യുന്നത് ഒരേ വിഷയമാണ്. ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ അത്യപൂര്‍വമായി മാത്രം കൈകാര്യം ചെയ്തിട്ടുള്ള ശരീഅത്തിന്റെ പൊരുളുകളെന്നോ ശരീഅത്തിന്റെ യുക്തിയെന്നോ വിശേഷിപ്പിക്കാവുന്ന വിഷയമാണ് ഈ മൂന്ന് ഗ്രന്ഥങ്ങളുടെയും ഉള്ളടക്കം. ഇസ്‌ലാമിക ശരീഅത്തിന്റെ ആദ്യ ഭാഗമായ വിശ്വാസത്തെ ദാര്‍ശനികമായി വിശകലനം ചെയ്യുന്ന ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇല്‍മുല്‍ കലാം എന്ന വിജ്ഞാന ശാഖ തന്നെ അങ്ങനെ രൂപപ്പെട്ടതാണ്. ശരീഅത്തിന്റെ രണ്ടാം ഭാഗമായ അനുഷ്ഠാനങ്ങളുടെ ഘടനയും രീതിയും സ്വഭാവവും വിവരിക്കുന്ന കര്‍മശാസ്ത്ര കൃതികളുടെ എണ്ണമാകട്ടെ ആര്‍ക്കും എണ്ണി തിട്ടപ്പെടുത്താനാവില്ല. വിശ്വാസത്തെയും അനുഷ്ഠാനത്തെയും നിഗൂഢമായി വ്യാഖ്യാനിക്കുന്ന സൂഫി ഗ്രന്ഥങ്ങള്‍ക്കും പഞ്ഞമില്ല. എന്നാല്‍, ഇസ്‌ലാമിക വിശ്വാസങ്ങളും അതിന്റെ ആചാരാനുഷ്ഠാനങ്ങളും മനുഷ്യ ജീവിതത്തെ എവ്വിധം സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നുവെന്ന അന്വേഷണമാണ് ഈ മൂന്ന് കൃതികളും നടത്തുന്നത്. ഉള്ളടക്കത്തിലെ ഈ അപൂര്‍വതയാണ് ആയിരക്കണക്കിന് വരുന്ന മറ്റു ഗ്രന്ഥങ്ങള്‍ക്കൊന്നും സാധിക്കാത്ത വിപ്ലവം ഈ കൃതികള്‍ മനുഷ്യ ജീവിതത്തില്‍ സൃഷ്ടിച്ചത്.
പക്ഷേ, മനുഷ്യ ജീവിതത്തെ വിപ്ലവാത്മകമായി സ്വാധീനിക്കുന്ന ഏതൊരു ചിന്തക്കും അന്വേഷണത്തിനും ഊന്നലുകളില്‍ ചില അതിഭാവുകത്വങ്ങള്‍ സ്വാഭാവികമാണ്. വ്യത്യസ്ത രീതിയിലാണെങ്കിലും അത് കുറച്ചൊക്കെ ഈ മൂന്ന് കൃതികള്‍ക്കും ബാധകമാണ്. ഇഹ്‌യാ ഉലൂമിദ്ദീനിലെ ദുര്‍ബല ഹദീസുകളുടെ ആധിക്യവും സ്വൂഫി രീതികളോടുള്ള അതിരു കവിഞ്ഞ അഭിവാഞ്ഛയും ഈ അതിഭാവുകത്വത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്. ശാഹ് വലിയ്യുല്ലാഹി ദഹ്‌ലവിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയിലും തത്ത്വശാസ്ത്രത്തിന്റെ അതിപ്രസരമുണ്ട്. അപൂര്‍വമായ ഇത്തരം അതിഭാവുകത്വങ്ങളെ കണ്ടെത്തി അവ തിരുത്താനുള്ള ശ്രമങ്ങളും പില്‍ക്കാലത്തുണ്ടായി എന്നതാണ് എടുത്തു പറയേണ്ട വസ്തുത. പുനര്‍വായനയിലൂടെയും സംശോധനയിലൂടെയുമാണ് അത്തരം തിരുത്തലുകള്‍ നടന്നത് എന്നത് ആ കൃതികളുടെ മാറ്റു കുറക്കുകയല്ല, കൂട്ടുകയാണ് ചെയ്തത് എന്നാണ് നാം മനസ്സിലാക്കേണ്ടത്.
ഖുത്വ്ബാത്തിന്റെ ഇത്തരം ഒരു പുനര്‍വായനയാണ് മഖ്‌സ്വദ് സിന്ദഗി കാ ഇസ്‌ലാമി തസ്വവ്വുറിലൂടെ ഡോ. അന്‍സാരി നടത്തുന്നത്. അനുഷ്ഠാനങ്ങള്‍ മനുഷ്യ ജീവിതത്തിലുണ്ടാക്കേണ്ട സ്വാധീനത്തെ ഊന്നിപ്പറയുന്നതിന്റെ ഭാഗമായി ഇബാദത്തുകളെ മാര്‍ഗമായി മൗദൂദി വിലയിരുത്തുന്നുണ്ട്. ഈ വിലയിരുത്തല്‍ തീര്‍ത്തും ഖുര്‍ആനികവുമാണ്. നിശ്ചയം നമസ്‌കാരം നീചകൃത്യങ്ങളെയും തിന്മകളെയും തടയുമെന്നത് ഖുര്‍ആന്റെ ഖണ്ഡിതമായ പ്രസ്താവനയാണല്ലോ. എന്നാല്‍, ഇബാദത്തുകള്‍ മാര്‍ഗമായതുപോലെ തന്നെ ലക്ഷ്യം കൂടിയാണ്. വിശ്വാസികള്‍ക്ക് ഭൂമിയില്‍ അധികാരം ലഭിച്ചാല്‍ അവര്‍ നമസ്‌കാരം നടപ്പിലാക്കുകയും സകാത്ത് നല്‍കുകയും ചെയ്യുമെന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്. അതിനാല്‍ ഇബാദത്തുകള്‍ ഒരേസമയം ലക്ഷ്യവും മാര്‍ഗവുമാണ് എന്ന വശത്തിനാണ് തന്റെ കൃതിയില്‍ അന്‍സാരി ഊന്നല്‍ നല്‍കുന്നത്. ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ചിന്തയും കര്‍മവും സന്തുലിതമാകാന്‍ ഈയൊരു ദിശാബോധം അനിവാര്യമാണെന്ന് അന്‍സാരി തീര്‍ച്ചയായും കരുതിയിട്ടുണ്ടാകണം. കാരണം, പ്രസ്ഥാനത്തിന്റെ സാമൂഹിക ലക്ഷ്യം എത്രതന്നെ പ്രാധാന്യമുള്ളതാണെങ്കിലും ഇബാദത്തുകളും അതിലൂടെയുള്ള ദൈവപ്രീതിയും പരലോകമോക്ഷവും ഒരു പ്രചോദനം എന്നതിലുപരി വ്യക്തിയുടെ ആത്യന്തിക ലക്ഷ്യമായാല്‍ മാത്രമേ സമ്പൂര്‍ണമായ ഒരു ഇസ്‌ലാമിക വ്യക്തിത്വം രൂപപ്പെടുകയുള്ളൂ.
പ്രസ്ഥാനത്തിന്റെ വൈജ്ഞാനിക സമ്പത്തിന്റെ ഏറിയകൂറും പാശ്ചാത്യ ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതിനാല്‍ ആ ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ടെന്നും, ഇനി ഇന്ത്യന്‍ മതങ്ങളുടെയും ദര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ ഇസ്‌ലാമിന്റെ പുതിയ വായനകള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അന്‍സാരി കൂടെക്കൂടെ ഓര്‍മപ്പെടുത്തിയിരുന്നു. ഹിന്ദുമതത്തിന്റെയും ബുദ്ധമതത്തിന്റെയും യുദ്ധസങ്കല്‍പങ്ങളുമായി ഇസ്‌ലാമിന്റെ യുദ്ധസങ്കല്‍പങ്ങളെ താരതമ്യം ചെയ്തുകൊണ്ട് അല്‍ ജിഹാദു ഫില്‍ ഇസ്‌ലാമിലൂടെ മൗദൂദി തന്നെ തുടക്കംകുറിച്ച ശ്രമം മാതൃകയാക്കാമെന്നും അന്‍സാരി ചൂണ്ടിക്കാട്ടിയിരുന്നു. വിഭജനാനന്തരം പാകിസ്താനിലേക്ക് പോയതിനാല്‍ മൗദൂദിക്ക് തന്റെ ശ്രമങ്ങള്‍ തുടരാനാകാത്തത് ഇന്ത്യന്‍ ഇസ്‌ലാമിക പഠനങ്ങള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്നും അന്‍സാരി ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. അലീഗഢില്‍ തുടങ്ങി പിന്നീട് ദല്‍ഹിയിലേക്കും അവിടെ നിന്ന് വീണ്ടും അലീഗഢിലേക്കും പറിച്ചുനടപ്പെട്ട തന്റെ ഇസ്‌ലാമിക് അക്കാദമി ഈ മേഖലയില്‍ അദ്ദേഹം നടത്തിയ ചുവട് വെപ്പായിരുന്നു. അതിന് ഇസ്‌ലാമിക സമൂഹത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തന്നെയും പിന്തുണയും സഹകരണവും എത്രത്തോളം ലഭിച്ചുവെന്നത് ആലോചനാ വിഷയമാകേണ്ടതാണ്.
2003 മുതല്‍ 2007 വരെ നാലു വര്‍ഷം മാത്രമേ അന്‍സാരി അഖിലേന്ത്യാ അമീറായിരുന്നുള്ളൂവെങ്കിലും ചിന്താരംഗത്തും കര്‍മരംഗത്തും വിപ്ലവകരമായ ചില മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ കാലയളവില്‍ അദ്ദേഹത്തിന് സാധിക്കുകയുണ്ടായി. രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണം, വിഷന്‍ 2016, മനുഷ്യാവകാശപ്രശ്‌നങ്ങളിലെ ഇടപെടല്‍ എന്നിവയുടെയെല്ലാം ആശയ പരിസരം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ ഇമാറത്ത് നിര്‍ണായകമായിരുന്നു. പോളിസികള്‍ രൂപപ്പെടുത്തുകയും തദടിസ്ഥാനത്തില്‍ സംസ്ഥാന തലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ മോണിറ്ററിംഗ് നടത്തുകയുമാണ് കേന്ദ്രതലത്തില്‍ ജമാഅത്തിന്റെ പതിവ് രീതി. ഈ രീതി വിട്ട് കേന്ദ്ര തലത്തില്‍ തന്നെ പരിപാടികള്‍ അസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് അന്‍സാരിയുടെ മീഖാത്തിന്റെ പ്രധാന സവിശേഷത. ദേശീയതലത്തില്‍ നടന്ന മനുഷ്യാവകാശ കാമ്പയിനും കുടുംബ കാമ്പയിനും വിഷന്‍ 2016 ഉം അങ്ങനെ രൂപപ്പെട്ടതാണ്.
അന്‍സാരിയുടെ വിജ്ഞാനത്തിന്റെ ആഴവും പരപ്പും നേരില്‍ അനുഭവിക്കാന്‍ ലഭിച്ച അപൂര്‍വ അവസരം കൂടി അനുസ്മരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. 2003-ല്‍ അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയുടെ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശാന്തപുരത്ത് വന്നപ്പോഴായിരുന്നു അത്. ഉത്തരാധുനിക ചിന്തകളുടെ സ്വാധീനം കാരണം കേരളത്തിലെ ഇസ്‌ലാമിക വിദ്യാര്‍ഥി യുവജന ബുദ്ധിജീവികള്‍ക്കിടയില്‍ ചില സൈദ്ധാന്തിക സംഘര്‍ഷങ്ങള്‍ കത്തിനിന്ന കാലമായിരുന്നു അത്. സുഹൃത്തുക്കളായ ഫൈസ് ബാബു, പ്രബോധനം സബ് എഡിറ്ററായിരുന്ന കെ. അബ്ദുര്‍റസ്സാഖ് എന്നിവരോടൊപ്പം ശാന്തപുരത്ത് അദ്ദേഹം താമസിക്കുന്ന വീട്ടില്‍ വെച്ച് അന്ന് നടത്തിയ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ദീര്‍ഘമായ സംഭാഷണം ഒട്ടേറെ തെറ്റിദ്ധാരണകള്‍ നീങ്ങിപ്പോകാനും സൈദ്ധാന്തിക സംഘര്‍ഷങ്ങള്‍ക്ക് അയവ് വരാനും കാരണമായി. ഉത്തരാധുനിക മുസ്‌ലിം എഴുത്തുകാരില്‍ പ്രമുഖനായ സിയാഉദ്ദീന്‍ സര്‍ദാറിനെക്കുറിച്ച് അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനം ഇന്നും ഓര്‍ക്കുന്നു. 'സര്‍ദാര്‍ മനോഹരമായി എഴുതാന്‍ കഴിയുന്ന ഒരു പത്രപ്രവര്‍ത്തകന്‍ മാത്രമാണ്. ഇസ്‌ലാമിക പണ്ഡിതനോ ബുദ്ധിജീവിയോ ഒന്നുമല്ല'- അന്‍സാരി പറഞ്ഞു. സര്‍ദാറിനെ കേരളത്തിലെ പല ഇസ്‌ലാമിക എഴുത്തുകാരും ബുദ്ധിജീവികളും പുതിയ നൂറ്റാണ്ടിന്റെ ഇസ്‌ലാമിക ചിന്തകനായി കൊണ്ടാടുന്ന കാലമായിരുന്നു അത്.
മര്‍ഹൂം അന്‍സാരിക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ.
Comments