Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 13

'നിങ്ങളിപ്പോള്‍ മറുപടിയൊന്നും പറയണ്ട'

കെ.വി ഖയ്യൂം പുളിക്കല്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിക പ്രസ്ഥാനത്തെ അവഹേളിക്കുകയും കളിയാക്കുകയും ചെയ്തുകൊണ്ട് മുജാഹിദ് സംഘടന നിരന്തര പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ തുല്യ നാണയത്തില്‍ മറുപടി പറയാന്‍ പ്രസ്ഥാന നേതൃത്വത്തോട് സമ്മതം ചോദിച്ചതോര്‍ക്കുന്നു. അന്ന് നേതൃത്വം പറഞ്ഞ വാക്കുകള്‍: 'നിങ്ങളിപ്പോള്‍ മറുപടിയൊന്നും പറയണ്ട, നമ്മിലര്‍പ്പിതമായ ചുമതല നിര്‍വഹിക്കുക.' പ്രസ്ഥാന നേതൃത്വത്തിന്റെ പക്വമായ മറുപടി ഉള്‍ക്കൊള്ളാന്‍ പ്രയാസമായിട്ടും ആ കല്‍പന അനുസരിച്ചു. ഇത് ഒറ്റപ്പെട്ട അനുഭവമല്ല. കളിയാക്കാനും സദസ്സിനെ കൈയിലെടുക്കാനും കരുത്തുറ്റ പ്രാസംഗികര്‍ ഉണ്ടായിട്ടും സമ്മതം ലഭിക്കാത്തതിന്റെ ഗുണഫലമാണ് ഇന്ന് ഇസ്ലാമിക പ്രസ്ഥാനം അനുഭവിക്കുന്നതെന്ന് വ്യക്തം. തൊട്ടതിനൊക്കെയും മറുപടി പറയാനും എല്‍.സി.ഡി പ്രദര്‍ശനം നടത്താനും അണികളെ കയറൂരി വിട്ടിരുന്നെങ്കില്‍ ഇന്ന് ജമാഅത്തെ ഇസ്ലാമിയും പൊതുസമൂഹത്തില്‍ അപമാനിക്കപ്പെടുമായിരുന്നു.
'സ്നേഹത്തോടെ സംവദിച്ചുകൂടേ മതസംഘടനകള്‍ക്ക്' എന്ന ലേഖനം പ്രസിദ്ധീകരിച്ച അതേ ആഴ്ച കേരളത്തില്‍ സലഫീ ഗ്രൂപ്പുകള്‍ തമ്മില്‍ പോസ്റര്‍ വിപ്ളവം നടത്തുകയായിരുന്നു. 'ഇവര്‍ക്ക് എല്ലാം ശാഖാപരം' എന്നു പറഞ്ഞ് കളിയാക്കുകയും അണികളെ ശാഖാപരമായ കാര്യങ്ങളില്‍ കാര്‍ക്കശ്യം പഠിപ്പിക്കുകയും ചെയ്തതിന്റെ തിക്തഫലമാണ് മുജാഹിദ് വിഭാഗങ്ങളില്‍ ഇന്ന് കാണുന്ന നയവ്യതിയാനങ്ങള്‍.
മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്
കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പാല രൂപതയുടെ നേതൃത്വത്തില്‍ പട്ടാള യൂനിഫോം അണിഞ്ഞ് ഹെലികോപ്ടര്‍ മാതൃകയുടെ അകമ്പടിയോടെ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചാണ് ഈ കുറിപ്പിന്നാധാരം. മുമ്പ് കാസര്‍കോട് നബിദിന റാലിയില്‍ പട്ടാളവേഷം അണിഞ്ഞവര്‍ക്കെതിരെ തീവ്രവാദവും ഭീകരവാദവും ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദഫലമായി നടപടിയെടുത്തതും അത് ഏറ്റെടുത്ത് ആഘോഷിച്ച ദൃശ്യ പത്രമാധ്യമങ്ങളുടെ നിലപാടും നാം കണ്ടതാണ്. സൈനിക വേഷം ധരിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം മുട്ടിയ അവസ്ഥയാണുണ്ടായത്.
ഇതേ സമീപന രീതിയാണ് ആസാമില്‍ ബോഡോ കലാപകാരികള്‍ മുസ്ലിംകള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളിലും മീഡിയ സ്വീകരിച്ചത്. കാര്യം വേണ്ടവിധം വിശകലനം ചെയ്ത് ഒരു പൊതുപ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ മീഡിയ താല്‍പര്യം കാണിച്ചില്ല. അതേസമയം, അങ്ങകലെ പ്രവാചകനിന്ദ നടത്തിയ 'ഇന്നസെന്‍സ് ഓഫ് മുസ്ലിം' എന്ന സിനിമ ഇറക്കിയവര്‍ ജൂതലോബികളും നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യമുള്ളവരും ആണെന്നറിഞ്ഞിട്ടും അതിന്റെ പിന്നിലുള്ള യഥാര്‍ഥ ചേതോവികാരങ്ങള്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാന്‍ മീഡിയ തയാറായില്ല. പകരം പ്രവാചക നിന്ദക്കെതിരെയുള്ള പ്രതികരണങ്ങളെ കുന്തമുനയില്‍ നിര്‍ത്തി, മുസ്ലിം സമൂഹത്തിന് ജനാധിപത്യ സമര മാര്‍ഗങ്ങള്‍ അസ്വീകാര്യമാണെന്നും അവര്‍ സഹിഷ്ണുതയില്ലാത്തവരാണെന്നും വരുത്തിത്തീക്കാനായിരുന്നു മീഡിയക്ക് ഉത്സാഹം. മീഡിയയുടെ ഈ ഇരട്ടത്താപ്പ് എത്രകാലം?
വി. ഹശ്ഹാശ് കണ്ണൂര്‍സിറ്റി
ആരാണ് ഇസ്ലാമിന് ഈണം പകരുക?
'പൂത്തുലഞ്ഞത് ഇസ്ലാമിസ്റ് ഗാനശാഖ' എന്ന ലേഖനം വായിച്ചപ്പോള്‍ വല്ലാത്തൊരു നൊസ്റാള്‍ജിയ. മജ്ലിസ് സ്ഥാപനങ്ങളിലെ കലോത്സവ വേദികളില്‍ നിറഞ്ഞുനിന്നിരുന്ന ഗാനശകലങ്ങള്‍ മനസ്സില്‍ ഓടിയെത്തി. ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക് ആളുകളെ അടുപ്പിക്കുന്നതില്‍ വലിയൊരു പങ്ക് അതിന്റെ കലാസാഹിത്യ ശാഖകള്‍ക്ക് ഉണ്ട്. പുതിയ തലമുറ ഈ മേഖലയില്‍ വളരെ പിറകിലാണ്. പൊതുസമൂഹം ധ്രുതതാളങ്ങളില്‍ ഉറങ്ങിയും ഉണര്‍ന്നും ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കെ മുസ്ലിം യുവതയും നവതരംഗത്തിനൊത്ത് ചുവടുവെച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. സംഗീതത്തെ ഇത്രമേല്‍ പ്രണയിക്കുന്ന ഒരു തലമുറക്ക് ഇസ്ലാമിന്റെ ഈണം പകര്‍ന്നു നല്‍കാന്‍ ഇന്നാരുമില്ല.
സി.എച്ച് ഫരീദ കണ്ണൂര്‍
പണ്ഡിതോചിതമായ പഠനം
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ലേഖനം പണ്ഡിതോചിതമായി. ധ്യാനം ഇന്ദ്രിയ വിരോധിയല്ലെന്നും ശങ്കരചിന്തയുടെ നിലപാട് ഭാരതീയ ചിന്താ പാരമ്പര്യത്തിനെതിരാണെന്നും അദ്ദേഹം രാമായണവും ഭഗവദ്ഗീതയും ഉദ്ധരിച്ച് സമര്‍ഥിക്കുന്നു. ഹൈന്ദവ ദര്‍ശനത്തിന്റെ കാതലായ ഈ സമീപനത്തെ പുരോഹിത വര്‍ഗം ഇടിച്ച് പരത്തിയിരിക്കുന്നു. ധ്യാനമെന്ന ഉന്നതമായ മാനസിക പ്രക്രിയയെ അതിന്റെ തുടക്കം മുതല്‍ മേല്‍ക്കൂര വരെ വിശദമായി വിവരിച്ച ശേഷം, ധ്യാനം ഉണ്മബോധത്തിലേക്ക് മെല്ലെ മെല്ലെ മനുഷ്യരെ അടുപ്പിക്കുന്നതും അവരുടെ പ്രജ്ഞ വികസിച്ച് ആ ഉണ്മയുടെ കൊച്ചു ഭാഗമാണ് തങ്ങളെന്ന് മനസ്സിലാക്കുന്നതുമൊക്കെ ലളിത മനോഹരമായി വിവരിച്ചിരിക്കുന്നു. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന സൂഫി പഠനങ്ങള്‍ ദുര്‍ഗ്രാഹ്യമാണ്; മലയാളത്തില്‍ അപൂര്‍വവും.
റഹീം കരിപ്പോടി
മാനവികതയുടെ ഗീതികള്‍
സെപ്റ്റംബര്‍ 29-ലെ 'പൂത്തുലഞ്ഞത് ഇസ്ലാമിസ്റ് ഗാനശാഖ' എന്ന റഹ്മാന്‍ മുന്നൂരിന്റെ പ്രതികരണത്തില്‍ അഹ്മദ് കൊടിയത്തൂരിന്റെ ഗാനസംരംഭങ്ങളെ പ്രകീര്‍ത്തിച്ചത് ഉചിതമായി. കലയുടെ തനിമയെയും താളത്തെയും ഗാഢമായി പരിണയിച്ച സമര്‍പ്പിത ചേതസ്സായിരുന്നു നമ്മെ വിട്ടുപോയ അഹ്മദ് കൊടിയത്തൂര്‍. ആത്മാവില്‍ കവിതയുടെ കനലുമായി പിറന്നുവെങ്കിലും അത് ഊതിപ്പെറുക്കിയെടുക്കാനാകാതെ കൊടിയ ദാരിദ്യ്രത്തിന്റെ കൊല്ലികളില്‍ വീണ ഈയുള്ളവന്റെ കലാവാസനയെ ഏറ്റവും നന്നായി തിരിച്ചറിയുകയും ആത്മാര്‍ഥമായി പ്രോത്സാഹിപ്പിക്കുകയും ചെയ്ത അഹ്മദ് കൊടിയത്തൂര്‍ ജാടകളില്ലാത്ത, മനുഷ്യ സ്നേഹിയായ കലാകാരനായിരുന്നു. മാനവികതയുടെ വിശാല കാഴ്ചപ്പാടുമായി കവിതയെ നെഞ്ചേറ്റിയ ആ പ്രതിഭാശാലി കലയുടെ തനിമയിലേക്ക് പ്രസരിപ്പിച്ച ഊര്‍ജം തിന്മകളോട് പൊരുതുന്ന കേരളീയ യുവതക്ക് സര്‍ഗവസന്തം തീര്‍ക്കാനുതകുംവിധം വഴിവെളിച്ചമാകാന്‍ പര്യാപ്തമാണ്.
കൂട്ടത്തില്‍ പറയട്ടെ, ഇസ്ലാമിസ്റ് ഗാനങ്ങളെന്നോ കമ്യൂണിസ്റ് ഗാനങ്ങളെന്നോ (അവര്‍ അങ്ങനെ വിശേഷിപ്പിക്കുന്നത് കേട്ടിട്ടില്ലെങ്കിലും) മാപ്പിളപ്പാട്ടുകളെന്നോ ക്ഷേത്ര കീര്‍ത്തനങ്ങളെന്നോ ക്രിസ്തീയ ഗാനങ്ങളെന്നോ സിനിമാ പാട്ടുകളെന്നോ ലളിത ഗാനങ്ങളെന്നോ ഏതു പേരില്‍ വിളിച്ചാലും ഗാനങ്ങള്‍ കലാസൃഷ്ടികളാണല്ലോ. താള-ലയ ഭാവ മുഗ്ധവും ആശയ സമ്പുഷ്ടവുമായ ഈരടികള്‍ ആസ്വാദകരുടെ മനസ്സിനെ തൊട്ടുണര്‍ത്തും. ഗാനരചനയല്ലെങ്കിലും ഖുര്‍ആന്‍ ഓതുന്നതിലെ താളാത്മകത എത്രമാത്രം ഹൃദ്യമെന്ന്, സാത്വിക വിശുദ്ധി വഴിയുന്ന കഅ്ബാലയത്തിന്റെ ചാരെ, പുണ്യഭൂമിയില്‍ നില്‍ക്കുമ്പോള്‍ കൂടുതല്‍ അനുഭവവേദ്യമാകുന്നു. ദീനിന്റെ പേരില്‍ സംഗീതത്തിന് വിലക്ക് കല്‍പിക്കുന്നവര്‍ പോലും ഖുര്‍ആന്‍ പാരായണത്തിലെ ഈ സംഗീതാത്മകതയെ എതിര്‍ക്കുമെന്ന് തോന്നുന്നില്ല. അവ്വിധം പുതുഭാവകോടിയിലേക്ക് മനസ്സിനെ ഉന്നമിപ്പിക്കുംവിധം ഇസ്ലാമിന്റെ ആശയാടിത്തറയില്‍ ഊന്നിനിന്ന് എഴുതപ്പെടുന്ന സര്‍ഗാത്മക രചനകളെ 'മാനവ ഗാനങ്ങള്‍' എന്നും വിളിക്കാമെന്ന് തോന്നുന്നു. മറ്റേതു പ്രത്യയശാസ്ത്രത്തേക്കാളും സൂക്ഷ്മമായി മാനവികതയെ പരിചരിക്കുന്ന ജീവിതരീതിയാണല്ലോ ഇസ്ലാം.
മതമൈത്രി തണല്‍ വിരിച്ച/ പുതിയൊരിന്ത്യ പണിയുവാന്‍
മനുഷ്യരൈക്യ ഗാഥപാടു- മേക ലോക ദൂതുമായ്...
എന്നാണല്ലോ ഗാനവരികള്‍.
മുഹമ്മദ് കുട്ടി എളമ്പിലാക്കോട് ജിദ്ദ
വിവാഹസദ്യ നിയന്ത്രണങ്ങളില്ലെന്നോ?
ഖുര്‍ആന്‍ ബോധനം അല്‍ ഇസ്റാഅ് 26,27-ന്റെ വ്യാഖ്യാനക്കുറിപ്പില്‍ എ.വൈ.ആര്‍ എഴുതുന്നു: "ധൂര്‍ത്തിനും ലുബ്ധിനും സ്ഥിരവും കൃത്യവുമായ മാനദണ്ഡമില്ല. ആവശ്യത്തിന്റെ സ്വഭാവവും ചെലവഴിക്കുന്നവന്റെ സമ്പന്നതയുമനുസരിച്ച് മാനദണ്ഡം മാറിക്കൊണ്ടിരിക്കും. വീട്ടിലെ വിവാഹാഘോഷത്തിന് ആയിരക്കണക്കിനാളുകളെ ക്ഷണിച്ചുവരുത്തി വിഭവ സമൃദ്ധമായ സദ്യ നല്‍കുന്നത് വമ്പിച്ച വരുമാനമുള്ള മുതലാളിയെ സംബന്ധിച്ചേടത്തോളം ധൂര്‍ത്താകുന്നില്ല'' (പ്രബോധനം 15-9-2012).
വിവാഹസദ്യകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് പാകിസ്താന്‍ സുപ്രീംകോടതി ഈയിടെ വിധി പ്രസ്താവിച്ചിരുന്നു. ഹോട്ടലുകള്‍, ക്ളബ്ബുകള്‍, വിവാഹമണ്ഡപങ്ങള്‍ എന്നിവിടങ്ങളില്‍ പാനീയങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നാണ് വിധി. എന്നാല്‍, വീട്ടിനുള്ളില്‍ ബന്ധുമിത്രാദികള്‍ക്ക് മാത്രമായി ആഹാരമൊരുക്കുന്നതില്‍ നിയന്ത്രണമൊന്നുമില്ല. അതേസമയം വിവാഹത്തോടനുബന്ധിച്ച് വീടുകളോ സ്ഥലങ്ങളോ വീഥികളോ അലങ്കരിക്കുന്നതും വെടിമരുന്ന് പൊട്ടിക്കുന്നതും നിയമദൃഷ്ട്യാ കുറ്റകരമാണ്. ധൂര്‍ത്തിന്റെയും പൊങ്ങച്ച പ്രകടനത്തിന്റെയും പേരില്‍ പീഡിതരാകുന്നത് പാവങ്ങളും ഇടത്തരക്കാരുമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ വിധിയുടെ പശ്ചാത്തലത്തില്‍ 'സദ്യകള്‍ക്ക് നിയന്ത്രണം' എന്ന തലക്കെട്ടില്‍ മാധ്യമം മുഖപ്രസംഗത്തില്‍ എഴുതുന്നു: "ശരീഅത്തിന് പ്രാബല്യമുള്ള രാജ്യമാണ് പാകിസ്താന്‍. നവ വിവാഹിതനായ പുരുഷന്‍ വലീമത്ത് (സദ്യ) നല്‍കുന്നത് പ്രവാചക ചര്യയാണെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഒരു സദ്യയും അതിരുകടക്കാന്‍ പാടില്ലെന്നും പാവങ്ങളെ അകറ്റിനിര്‍ത്തുന്ന സദ്യ അഭിശപ്തമാണെന്നും ധൂര്‍ത്തും ദുര്‍വ്യയവും പൊങ്ങച്ചവും പൈശാചികമാണെന്നും മതം പഠിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. സദ്യകള്‍ മിതവ്യയത്തിന്റെ സകല സീമകളും ലംഘിച്ചതുകൊണ്ടാകണം പാകിസ്താന്‍ ഗവണ്‍മെന്റ് അവക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്'' (മാധ്യമം 8-11-2004). ധനികന് അവരുടെ സമ്പത്തിനനുസരിച്ച് സദ്യയൊരുക്കാമെന്ന 'ഖുര്‍ആന്‍ ബോധന'ത്തിലെ വരികള്‍ ഇവിടെ ആശയക്കുഴപ്പമുണ്ടാക്കുന്നില്ലേ എന്ന് സംശയിക്കുന്നു.
കെ.പി ഇസ്മാഈല്‍
'നമക്' അല്ല 'നം'
പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ ലേഖനം (മനസു വെച്ചാല്‍ നമുക്ക് വരുംകാലങ്ങളെ വരയാനാകും- ലക്കം 16)വര്‍ത്തമാനകാലത്ത് ഏറെ ശ്രദ്ധേയമാണ്. അതിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല ഈ കത്ത്. 'അല്‍പം ഉപ്പുണ്ടെങ്കില്‍ ഈ മണ്ണ് ഏറെ ഫലഭൂയിഷ്ഠമാണ്' എന്ന് ഇഖ്ബാലിന്റേതായി ഒരു വരി ഉദ്ധരിച്ചുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. എന്നാല്‍, ഇഖ്ബാലിന്റെ വരികളില്‍ 'ഉപ്പി'ല്ല. നനവ് എന്നര്‍ഥമുള്ള 'നം' എന്ന വാക്കാണ് ഇഖ്ബാല്‍ ഉപയോഗിച്ചിട്ടുള്ളത്. 'സറാ നം ഹോതോ യഹ് മീഠി/ബഡാ സര്‍ഖേസ് ഹെ സാഖി' എന്നാണ് ആ വരികളുടെ പൂര്‍ണ രൂപം. 'നം' ലേഖകന്‍ 'നമക്' എന്ന് തെറ്റിദ്ധരിച്ചതാണ്. 'നനവി'നെ സാധൂകരിക്കുന്നതാണ് രണ്ടാം പാദത്തിലെ 'സാഖീ' എന്ന വാക്ക്.
എസ്. ബീഗം കോഴിക്കോട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍