സ്വാഗതാര്‍ഹമായ ശിപാര്‍ശ
സംസ്ഥാനത്ത് കള്ളുകച്ചവടം പൂര്‍ണമായി നിരോധിക്കണമെന്ന്, കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് പുറപ്പെടുവിച്ച ഒരു വിധിയുടെ ഭാഗമായി കേരള ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിക്കുകയുണ്ടായി. വൈകുന്നേരം അഞ്ചു മണിവരെ മദ്യഷാപ്പുകളും ബാറുകളും തുറക്കാനനുവദിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. നയപരമായ തീരുമാനം ആവശ്യമുള്ള വിഷയമായതിനാല്‍ നേരിട്ടുത്തരവിടുന്നതിനുപകരം, ആവശ്യമായ തീരുമാനം കൈക്കൊണ്ട് അടുത്ത സാമ്പത്തിക വര്‍ഷത്തിലെങ്കിലും നിരോധം നടപ്പിലാക്കണമെന്ന് ശിപാര്‍ശ ചെയ്തിരിക്കുകയാണ് ജസ്റ്റിസ്മാരായ സി.എന്‍ രാമചന്ദ്രന്‍ നായരും ബി.പി റേയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്.
അമിത മദ്യാസക്തി മലയാളനാടിനെ മുച്ചൂടും ഗ്രസിച്ചു സാഹചര്യത്തില്‍ പൊതുനന്മ ആവശ്യപ്പെടുന്ന അനിവാര്യമായ നടപടിയിലേക്കാണ് കോടതി സര്‍ക്കാറിന്റെ ശ്രദ്ധയുണര്‍ത്തിയിരിക്കുന്നത്. 'കേരളം ദൈവത്തിന്റെ സ്വന്തം നാട്' എന്നത് കെ.ടി.ഡി.സിയുടെ പരസ്യവാചകമാണെങ്കില്‍ 'കേരളം കുടിയന്മാരുടെ സ്വന്തം നാട്' എന്നത് വസ്തുതയുടെ വിളംബരമാണ്. ദേശീയ തലത്തില്‍ മദ്യപാനത്തിന്റെ തോത് 17 ശതമാനമാണെങ്കില്‍ കേരളത്തിലത് 30 ശതമാനത്തിനു മീതെയാണ്. കേരളത്തിലെ മദ്യപരില്‍ 70 ശതമാനം പുരുഷന്മാരും 30 ശതമാനം സ്ത്രീകളുമാണെന്നാണ് കണക്ക്. മദ്യപാനം വ്യക്തിപരമായ ദുശ്ശീലമെന്നതില്‍ നിന്ന് കുടുംബസംസ്‌കാരമായി വികസിക്കുന്നതിന്റെ ആശങ്കാജനകമായ സൂചനയാണിത്. നേരത്തെ കേരളീയന്‍ മദ്യപാനം തുടങ്ങിയിരുന്നത് 18 വയസ്സിനു ശേഷമായിരുന്നു. പിന്നീടത് 15 വയസ്സു മുതലായി. ഇപ്പോള്‍ 12 വയസ്സു മുതലേ കുട്ടികള്‍ മദ്യപിച്ചു തുടങ്ങുന്നുവെന്നാണ് അതു സംബന്ധിച്ച പഠനം നടത്തിയവര്‍ പറയുന്നത്. മദ്യപിച്ചു ക്ലാസിലെത്തിയ സ്‌കൂള്‍ കുട്ടികള്‍ ക്ലാസിലെ സഹപാഠികളായ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വാര്‍ത്തകള്‍ വന്നു തുടങ്ങിയിരിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ നമ്മുടെ കുട്ടികള്‍ പിച്ചവെച്ചു നടക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ മദ്യപാനവും ശീലിക്കുന്ന കാലം അത്ര വിദൂരമാവില്ല.
അടിസ്ഥാന വര്‍ഗത്തെ ദാരിദ്ര്യത്തില്‍ തളച്ചിടുന്നതില്‍ മദ്യം വഹിക്കുന്ന പങ്ക് ആര്‍ക്കും നിഷേധിക്കാനാവാത്തതാണ്. തൊഴില്‍രംഗത്തെ അനാസ്ഥയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഒരു വശത്ത്. മദ്യപാനം മൂലമുണ്ടാകുന്ന കലഹങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വാഹനാപകടങ്ങള്‍ക്കും കണക്കില്ല. ജോലി ചെയ്യാതെ മദ്യപിച്ച് കിറുങ്ങിനടക്കുന്നതിന് പണം കണ്ടെത്താന്‍ മോഷണത്തിലേക്കും പിടിച്ചുപറിയിലേക്കും ക്വട്ടേഷന്‍ സംഘങ്ങളിലേക്കും തിരിയുന്ന യുവജനങ്ങള്‍ മറുവശത്ത്. ഇതെല്ലാം നാം അനുഭവിച്ചറിയുന്ന സത്യങ്ങളാണ്. വാസ്തവത്തില്‍, പതിനാറു വര്‍ഷം മുമ്പ് ചാരായം നിരോധിച്ച സര്‍ക്കാര്‍ ഏറെകഴിയും മുമ്പുതന്നെ സ്വീകരിക്കേണ്ടിയിരുന്ന തുടര്‍നടപടിയാണ് കോടതി ചൂണ്ടിക്കാണിച്ചത്. അതുകൊണ്ടുതന്നെ ജനക്ഷേമത്തിലും പൊതുനന്മയിലും താല്‍പര്യമുള്ളവര്‍ ഈ നിര്‍ദേശം കലവറയില്ലാതെ സ്വാഗതം ചെയ്യേണ്ടതാണ്. കള്ളു നിരോധം പല മതസാംസ്‌കാരിക സംഘടനകളും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും നേരത്തെ ആവശ്യപ്പെട്ടുവരുന്നതാണ്. ഡി.വൈ.എഫ്.ഐ പോലുള്ള ചില യുവജന സംഘടനകളും ഇപ്പോള്‍ മദ്യത്തിനെതിരെ പ്രചാരണം നടത്തുന്നുണ്ട്. 1957-ല്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ നിലനിന്നിരുന്ന മദ്യനിരോധം എടുത്തുകളഞ്ഞ അന്നത്തെ എക്‌സൈസ് മന്ത്രി ശ്രീമതി ഗൗരിയമ്മ ആ നടപടി തനിക്കുപറ്റിയ ഗുരുതരമായ തെറ്റായിരുന്നുവെന്ന് ഈയിടെ തുറന്നുസമ്മതിക്കുകയുണ്ടായി. കള്ളില്‍ നിന്നാരംഭിച്ച് ചാരായത്തിലൂടെ വിദേശ മദ്യങ്ങളിലെത്തുകയാണ് ആളുകള്‍. മദ്യനിരോധം ഫലപ്രദമാവണമെങ്കില്‍ കള്ളും നിരോധിക്കപ്പെടുക തന്നെ വേണം. കള്ളിന്റെ വിലക്കുറവും വീര്യക്കുറവും തുടക്കക്കാര്‍ക്ക് പ്രോത്സാഹനമാകുന്നു. ക്രമേണ കള്ളിന്റെ വീര്യം മതിയാവാതെ വരും. അപ്പോള്‍ കള്ളച്ചാരായത്തിലേക്ക് തിരിയുന്നു. കേരളത്തില്‍ ചെത്തുന്ന കള്ളിന്റെ എത്രയോ ഇരട്ടിയാണ് ഷാപ്പുകളില്‍ വില്‍ക്കപ്പെടുന്നത്. ഈ അത്ഭുതം സൃഷ്ടിക്കുന്നത് കള്ളച്ചാരായമാണ്.
സമ്പൂര്‍ണ മദ്യനിരോധനത്തിനുവേണ്ടി നിലകൊണ്ട ഗാന്ധിജിയുടെ പൈതൃകം അവകാശപ്പെടുന്ന, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കള്ളുഷാപ്പുകള്‍ക്കുമുമ്പില്‍ സത്യാഗ്രഹമനുഷ്ഠിച്ച, മദ്യനിരോധനം ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ എഴുതിച്ചേര്‍ത്ത കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. കോടതി നിര്‍ദേശത്തെ തങ്ങളുടെ ചിരകാലാദര്‍ശം പ്രയോഗവത്കരിക്കാനുള്ള നല്ല അവസരമായി സ്വാഗതം ചെയ്യുന്നതിനുപകരം അതിനോട് പരസ്യമായി വിയോജിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചെയ്തത്. 'ജനങ്ങള്‍ എന്തു കുടിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല' എന്നുകൂടി പറഞ്ഞുകളഞ്ഞു എക്‌സൈസ് മന്ത്രി കെ. ബാബു. 'മദ്യം വിഷമാണ്, അതു ചെത്തരുത്, വില്‍ക്കരുത്' എന്നനുശാസിച്ച ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ധര്‍മപരിപാലന സംഘം (എസ്.എന്‍.ഡി.പി) പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനും കള്ളുനിരോധനത്തെ പൂര്‍ണമായി എതിര്‍ക്കുകയാണ്. ഈഴവ സമുദായത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയായിട്ടാണദ്ദേഹം അതു കാണുന്നത്. അടിസ്ഥാനവര്‍ഗ താല്‍പര്യത്തിന്റെ കുത്തകക്കാരായ സി.പി.എമ്മും കള്ളു നിരോധനത്തില്‍ ഗൂഢാലോചന മണക്കുന്നവരാണ്. മദ്യം കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ ആര്‍ക്കും പ്രശ്‌നമല്ല. എല്ലാവര്‍ക്കും പ്രശ്‌നം നാല്‍പതിനായിരത്തോളം കള്ളുതൊഴിലാളികളുടെ ജോലിക്കാര്യമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ദശലക്ഷത്തില്‍പരം തൊഴിലാളികള്‍ ഈ നേതാക്കളെ നോക്കി ചിരിക്കുന്നുണ്ടാവും. സത്യം എല്ലാവര്‍ക്കുമറിയാം. സര്‍ക്കാറിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രധാനവരുമാന സ്രോതസ്സാണ് അബ്കാരി ബിസിനസ്സ്. അതു വേണ്ടെന്നുവെക്കാനുള്ള സന്മനസ്സോ ഇഛാശക്തിയോ സര്‍ക്കാറിനില്ല, പാര്‍ട്ടികള്‍ക്കുമില്ല. പണത്തിനുമീതെ ആദര്‍ശവും പറക്കില്ല.
ഭരണമുന്നണിയിലെ മുസ്‌ലിം ലീഗ് മാത്രമാണ് കോടതി നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തത്. മുസ്‌ലിം ലീഗിന്റെ ഏതു നിലപാടിനെയും പരാജയപ്പെടുത്താനുള്ള എളുപ്പവഴി അതില്‍ മതമൗലികതയും വര്‍ഗീയതയും ആരോപിക്കുകയാണല്ലോ. നടേശഗുരുവിന്റെയും സി.പി.എമ്മിന്റെയും നീക്കം ആ വഴിക്കാണെന്ന് അവരുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നു. മുസ്‌ലിം ലീഗിന്റെ നിലപാട് സത്യസന്ധവും സന്ദര്‍ഭോചിതവുമാണെങ്കിലും അത് നടപ്പിലാക്കുന്നതിന് ഭരണപക്ഷമോ പ്രതിപക്ഷമോ സമ്മതിക്കാനിടയില്ല. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അകത്തും പുറത്തുമായി, കേരളത്തെ ഗ്രസിച്ച മദ്യവിപത്ത് വിപാടനം ചെയ്യണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന വ്യക്തികളും സംഘങ്ങളും ഒരുപാടുണ്ട്. അവരെയൊക്കെ ഏകോപിപ്പിച്ച് വലിയൊരു സമ്മര്‍ദ്ദശക്തി രൂപപ്പെടുത്താന്‍ കഴിഞ്ഞാല്‍ ചില സല്‍ഫലങ്ങള്‍ പ്രതീക്ഷിക്കാം.
Comments