അഞ്ചിതളുകൾ
വേരുകളുടെ ഗാഥ
പുലർ വെയിലിൽ,
മുറ്റിത്തഴച്ച
തളിരിലച്ചാർത്തിന്റെ
വേദിയിൽ ഉല്ലാസപൂർവം
നൃത്തമാടുന്ന പൂങ്കുലകളെ
ഉയിരേകി നിർത്തുന്നുവെന്ന്
ഉരിയാടുക പോലും ചെയ്യാതെ
അവകാശവാദ
കോലാഹല പൊങ്ങലുകൾക്കെല്ലാം താഴെ
മണ്ണിനടിയിൽ ഒളിച്ച്
ഉറക്കമില്ലാതവിശ്രമം
വേല ചെയ്യുന്നു
വേരുകൾ മൗനമായ്.
ശിശിരർത്തുവിൽ
ഇലപൊഴിയും കാലത്തെ
മഞ്ഞയുടുത്ത കാടും
കാടിനു മീതെ പൂക്കുന്ന
സന്ധ്യയും കേറിയുമിറങ്ങിയും
പരസ്പര പൂരകമാകവെ
ചക്രവാളങ്ങൾ കവിഞ്ഞ്
തുടുക്കുന്നു ശോകച്ഛവിയാർന്ന
വാൻഗോഗ് പെയിന്റിംഗ് പോലെ
ഹൃദയാംബരം!
ഹൈക്കുവിൻ
നീല ചെറിപൂക്കളിൽ
ബാഷോ ധ്യാനിച്ചു വിരിയിച്ച
ഹൈക്കുവിൻ
നീല ചെറിപൂക്കളിൽനിന്നിറ്റു വീഴുന്ന
രാഗാർദ്രമാകും
മഞ്ഞിൻ കണങ്ങളിൽ
ബിംബിച്ചു കാണാം
ഭാവാർഥ സാന്ദ്രമാം
ഫ്യൂജിയെ.
ഹാജറയുടെ പ്രാണമരുത്ത്
മിന സഫ മർവ
മുസ്ദലിഫ എന്നീ ഹജ്ജിന്റെ
ജൈവ തടങ്ങളിലും
സംസത്തിൽ നിന്നുരുവാർന്ന
സംസ്കൃതിയുടെ
കൊടുമുടികളിലും
വീശുന്ന കാറ്റ്
ഹാജറയുടെ
പ്രാണമരുത്താകാം.
കാണാപ്പുറം
ദക്ഷിണയായി
ഏകലവ്യനോട്
പെരുവിരൽ ചോദിച്ച
ആചാര്യൻ ഛേദിച്ചത്
വിവേചനത്തിനെതിരെയുള്ള
അണകെട്ടി നിർത്തിയ
സമരവീര്യത്തിന്റെ
സേതുബന്ധനം കൂടിയായിരുന്നു.
Comments