Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 04

3312

1445 മുഹർറം 17

"പ്രബോധനം' ഒരു സംസ്കാരമാണ്

ടി.എം.പി നുഫൈസ

 വായനയോട് വല്ലാത്ത സ്നേഹമുള്ളൊരു കുട്ടിക്കാലമുണ്ടായിരുന്നു. ബാലരമയും പൂമ്പാറ്റയും ബാലഭൂമിയും യുറീക്കയും മലർവാടിയും  ബാലകൗതുകവും തുടങ്ങി പല പേരുകളിൽ പുറത്തിറങ്ങിയിരുന്ന ബാല പ്രസിദ്ധീകരണങ്ങൾ അടങ്ങുന്ന നീണ്ട നിരതന്നെയുണ്ടായിരുന്നു.

 കൗതുകവും ആനന്ദവും അതിലുപരി ഗുണപാഠങ്ങളും നൽകിയ എന്റെ സന്തത സഹചാരികളായിരുന്നു ഇവയൊക്കെ. കൗമാരകാലത്ത് ചില വരികളൊക്കെ എന്നിൽനിന്ന് പിറവിയെടുത്തതും ഈ വായനയുടെ തണലിൽനിന്ന് തന്നെ. മലയാളത്തിലെ എണ്ണം പറഞ്ഞ പല കൃതികളും വായിച്ചതും ഈ കാലയളവിലാണ്. കലാലയ ജീവിതത്തിലാണ് എണ്ണമറ്റ ആഴ്ചപ്പതിപ്പുകളുടെ ലോകം എന്റെ മുന്നിൽ ആദ്യമായി തുറന്നുവന്നത്. വ്യത്യസ്ത അഭിരുചികളുടെ കലവറ എന്നു തന്നെ പറയാം- മാറുന്ന ലോകവും രാഷ്ട്രീയവും സാഹിത്യവും സിനിമയും ജാതീയതയും മാനവികതയും തുടങ്ങി ധാരാളം വിഷയങ്ങൾ. എന്നിലെ വായനക്കാരിക്ക് ലഭിച്ച തീർത്തും പുതിയൊരു മേച്ചിൽ പുറം. സമയം കിട്ടുമ്പോഴൊക്കെ ലൈബ്രറിയുടെ നിശ്ശബ്ദതയിലേക്ക് ഓടിയ ഞാൻ ആർത്തിയോടെ അവയോരോന്നും മറിച്ചുനോക്കി. അന്നത്തെ ആ വായനകൾ തികച്ചും അന്യമായ പല മേഖലകളെ കുറിച്ചുമുള്ള അറിവും ബോധ്യങ്ങളും നൽകിയതോടൊപ്പം തന്നെ, ഇസ്്ലാമോഫോബിക് പ്രവണതകൾ ആദ്യമായി അനുഭവിച്ചറിഞ്ഞതും ആ ഒരു സമയത്തു തന്നെയായിരുന്നു. വരികൾക്കിടയിൽ അപരനിർമിതിയും പട്ടം ചാർത്തലും തിരിച്ചറിഞ്ഞ ഞാൻ ഇതിന്റെ മറുപുറവും അന്വേഷിക്കുന്നുണ്ടായിരുന്നു . എനിക്ക് ചുറ്റും ഞാൻ കണ്ട മുസ്്ലിംകളുടേതെന്ന് അവകാശപ്പെട്ട് പുറത്തിറങ്ങിയ ധാരാളം ആഴ്ചപ്പതിപ്പുകൾ    ഉണ്ടായിരുന്നെങ്കിലും അവയൊക്കെ ചില പ്രത്യേക വിഷയങ്ങളിലും വാദപ്രതിവാദങ്ങളിലും തളച്ചിടപ്പെട്ടിരുന്നു. പ്രതിപക്ഷ ബഹുമാനം സങ്കൽപ്പിക്കാൻ പോലും പറ്റാത്ത സ്ഥിതി. വഴക്കാളികളായ കുറെ അക്ഷരങ്ങളും ചിഹ്നങ്ങളുമായി പരസ്പരം പോരടിച്ചു നടക്കുക എന്നത് മാത്രമായി പലപ്പോഴും അവയുടെ ലക്ഷ്യം. അങ്ങനെയിരിക്കെയാണ് എന്റെ വിവാഹം നടക്കുന്നത്. എന്റെ ഭർതൃവീട്ടിൽ വെച്ചാണ് പ്രബോധനം ഞാൻ ആദ്യമായി കാണുന്നത്. ആദ്യ വായനയിൽതന്നെ എന്നിൽ ആവേശവും ആത്മവിശ്വാസവും നിറച്ചു എന്നു മാത്രമല്ല, ഓരോ ആഴ്ചയും എന്റെ തലയിണക്കടുത്ത് എന്റെ വായനയുടെ പ്രണയവും ഏറ്റുവാങ്ങി എന്റെ സന്തത സാഹചാരിയാവുകയും ചെയ്തു. എന്നിൽ ആത്മീയനിർവൃതിയും ഭൗതിക ഉണർവും നിറച്ചതോടൊപ്പം മാനവികതയുടെയും നീതിയുടെയും പക്ഷം ചേരാൻ എനിക്കെന്നും പ്രേരണ നൽകിയതിലും പ്രബോധനം വായനക്ക് അനൽപമായ പങ്കുണ്ട്. മാറുന്ന കാലത്തെ പുതിയ പുതിയ മുഖങ്ങളും നിരീക്ഷണങ്ങളും, വിമർശനങ്ങളും സമന്വയങ്ങളും കാലാനുവർത്തിയായ യാഥാർഥ്യങ്ങളും ഉൾക്കൊള്ളിച്ച് നീതിയുടെ  ത്രാസും സാഹോദര്യത്തിന്റെ കരസ്പർശവുമായി പ്രബോധനം ഇനിയും നമ്മുടെ സ്വീകരണ മുറികളിലേക്ക് കടന്നുവന്നുകൊണ്ടേയിരിക്കും. അതിന്റെ പ്രയാണത്തിനും അണിയറ ശിൽപികളുടെ പ്രയത്നങ്ങൾക്കും എല്ലാവിധ ഭാവുകങ്ങളും പ്രാർഥനകളും. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 29-33
ടി.കെ ഉബൈദ്

ഹദീസ്‌

സഞ്ചരിക്കുന്ന രക്തസാക്ഷി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്