Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 04

3312

1445 മുഹർറം 17

സൈഫുല്ലാ  റഹ്‌മാനിയെ  വായിച്ചപ്പോൾ

ഷാനവാസ് കൊടുവള്ളി

ജൂലൈ ഇരുപത്തിയൊന്നിലെ പ്രബോധനം വായിച്ചപ്പോൾ ലഭിച്ചത് അറിവ് മാത്രമല്ല ആത്മഹർഷം കൂടിയാണ്. ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സനൽ ലോ ബോർഡിന്റെ പുതിയ അധ്യക്ഷൻ ഖാലിദ് സൈഫുല്ലാ റഹ് മാനി എന്ന മഹാ മനുഷ്യനെ കുറിച്ച വായന പകർന്നത് വലിയ ആത്മവിശ്വാസമാണ്. അദ്ദേഹത്തെ പോലൊരാൾ ജീവിച്ചിരിക്കുന്നത് ഉമ്മത്തിന് വലിയ കരുത്താണ്. രചനയിലും അധ്യാപനത്തിലും ഏറെ വ്യതിരിക്തത പുലർത്തുന്ന അദ്ദേഹത്തിന്റെ വൈജ്ഞാനിക സേവന സ്വഭാവം ഒരു സംസ്കാരമായി സമുദായത്തിൽ വ്യാപിക്കണം. അദ്ദേഹത്തെ അനുഭവിക്കാൻ കേരള മുസ്‌ലിംകൾക്ക് വിശേഷിച്ചും അവസരങ്ങളുണ്ടാവണം. ആ കൃതികൾ  കാലവിളംബമില്ലാതെ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടണം. 
ഇനിയും ഇന്ത്യയിൽ അങ്ങിങ്ങായുള്ള ഇത്തരം പണ്ഡിതരെ കണ്ടെത്തി പരിചയപ്പെടുത്താൻ പ്രബോധനത്തിന്  കഴിഞ്ഞെങ്കിൽ എന്ന് ആശിക്കുന്നു. കേരളീയ മുസ്‌ലിം സമുദായത്തിനകത്തുള്ള പല പണ്ഡിതന്മാരെയും കക്ഷിഭേദമില്ലാതെ പരിചയപ്പെടുത്തിയ അനുഗൃഹീത പ്രസിദ്ധീകരണമാണ് പ്രബോധനം. ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട, കേരളീയവും ദേശീയവും അന്തർ ദേശീയവുമായ ഏതാണ്ടെല്ലാ വിഷയങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കം കാലത്തോടും ലോകത്തോടുമൊപ്പം സഞ്ചരിക്കാൻ വിശ്വാസിയെ പ്രാപ്തനാക്കുന്നതാണ്.
ഇസ്‌ലാമിക കലാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ പാഠപുസ്തകങ്ങളോടൊപ്പം  പ്രബോധനവും വായിച്ചാൽ പ്രപഞ്ചത്തോളം വിശാലമായ ഇസ്‌ലാമിനെ ഉൾവഹിക്കാൻ അവർക്ക് സാധിച്ചേനെ.
പഠന കാലത്ത് പ്രബോധനം വായന ലഹരിയായപ്പോൾ പോസ്റ്റിൽ വരുന്നതിലും ഒരുനാൾ നേരത്തെ കിട്ടാൻ കാമ്പസിൽ നിന്ന് പലപ്പോഴും ഒളിച്ചോടി എട്ട് കിലോമീറ്റർ അകലെയുള്ള ടൗണിലെ ബുക് ഷോപ്പിൽ ചെന്ന് വാങ്ങുന്നതും, ആരെയും കാണിക്കാതെ അടിമുടി വായിച്ചു തീർക്കുന്നതും ഓർത്തുപോകുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ആദ്യമായി  ഖുത്വ്്ബ നിർവഹിക്കാൻ ഒരവസരം തരപ്പെട്ടപ്പോൾ ആശ്രയമായത് ലൈബ്രറിയിൽനിന്ന് കിട്ടിയ പണ്ടത്തെ പുസ്തക രൂപത്തിലുള്ള പ്രബോധനത്തിലെ ഒരു ലേഖനമായിരുന്നു. 
ഏഴര പതിറ്റാണ്ടിൽ പ്രസിദ്ധീകരിച്ച മുവ്വായിരത്തി മുന്നൂറ്റിപ്പത്ത് ലക്കങ്ങളിൽ നിറഞ്ഞുനിൽക്കുന്ന നൂറുകണക്കിന് വിഷയങ്ങളിലുള്ള ഇനിയും സമാഹരിക്കാത്ത പഠനങ്ങളും ലേഖനങ്ങളും ഗ്രന്ഥരൂപത്തിലാവാതെ പോയത്  വലിയ നഷ്ടമാണ്.  പല വിഷയത്തിലും  ഗൂഗ്ൾ തപ്പുമ്പോൾ കിട്ടുന്ന പ്രബോധനം ലേഖനം  വലിയ ആശ്വാസമാണ്. ആവശ്യക്കാർക്ക് സധൈര്യം എളുപ്പം കൈമാറാൻ കഴിയുന്ന അറിവാണ്. പ്രബോധനം ലേഖനങ്ങൾ വിഷയാധിഷ്ഠിതമായി ഓൺലൈനിൽ ലഭ്യമാക്കുന്നത് മികച്ച സേവനമായിരിക്കും.

 

കവര്‍ സ്‌റ്റോറി മറ്റൊരു ലേഖനത്തെ ഓര്‍മിപ്പിച്ചു

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ യുവജന വിഭാഗമായ കെ.എം.വൈ.എഫിന്റെ സംസ്ഥാന അധ്യക്ഷന്‍ ഇലവുപാലം ശംസുദ്ദീന്‍ മന്നാനി 'ഒരുമയിലാണ് നന്മ' എന്ന തലക്കെട്ടില്‍ (ലക്കം 8, ജൂലൈ 21) എഴുതിയത് വായിച്ചപ്പോള്‍ ഈ ലേഖകന്‍ 40 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സംഭവം ഓര്‍ത്തുപോയി. 1980 മുതല്‍ 1995 വരെ അദ്ദേഹം നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന കെ.എം.വൈ.എഫ് എന്ന യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ഈ ലേഖകന്‍.
ശംസുദ്ദീന്‍ മന്നാനി എഴുതിയ ലേഖനത്തിന്റെ ഉള്ളടക്കം (മുസ്്‌ലിം ഐക്യം) അന്നും ചര്‍ച്ചയായിരുന്നു. ജംഇയ്യത്തിന്റെ മുഖപത്രമായ 'അന്നസീമി'ന്റെ പേജുകളിലും നിരവധി പ്രഭാഷണങ്ങളിലും ഈ ഒരുമയുടെ സന്ദേശം ഈ വിനീതനും പ്രചരിപ്പിച്ചിരുന്നു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ ധീരനും കരുത്തനുമായിരുന്ന ചേലക്കുളം അബുല്‍ ബുശ്‌റ മൗലവി അന്ന് സംഘടനയുടെ സംസ്ഥാന ജറല്‍ സെക്രട്ടറിയായിരുന്നു. അക്കാലത്താണ് ഉത്തര കേരളത്തില്‍നിന്ന് മുസ്്‌ലിം ഐക്യത്തിന്റെ സന്ദേശം ദക്ഷിണ കേരളത്തിലേക്ക് അലയടിച്ചത്. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ചേലക്കുളം ഉസ്താദ് ആ ഐക്യസന്ദേശത്തിന്റെ പ്രസക്തിയും അനിവാര്യതയും കൃത്യമായി വിശദീകരിച്ചുകൊണ്ടുള്ള ഒരു ലേഖനം അഖിലേന്ത്യാ മുസ്്‌ലിം ലീഗിന്റെ പത്രമായിരുന്ന 'ലീഗ് ടൈംസി'ല്‍ എഴുതുകയും അത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. 40-ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ സംഭവത്തിലേക്ക് സൂചന നല്‍കിയത് അന്നത്തെ തലമുറകള്‍ക്ക് ചിന്തിക്കാനും ഇന്നത്തെ തലമുറകള്‍ക്ക് മാതൃകയാക്കാനും ഉപകരിക്കുന്ന പലതും അതില്‍ ഉണ്ടായിരുന്നു എന്നതിനാലാണ്. 
എല്ലാ അര്‍ഥത്തിലും മുസ്്‌ലിം ഐക്യം അനിവാര്യമായിരിക്കുന്ന ഈ കാലഘട്ടത്തില്‍, വര്‍ത്തമാനകാല ഇന്ത്യയുടെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആ ലേഖനത്തിന് വളരെ കാലിക പ്രസക്തിയുണ്ട്. ലേഖനം വായിച്ചപ്പോള്‍ ചിന്തയില്‍ ഉണര്‍ന്ന ഗൃഹാതുരത്വം ഒരു കുറിപ്പിലൂടെ രേഖപ്പെടുത്തണമെന്നു തോന്നി. പ്രബോധനത്തിനും ലേഖകനും നിറഞ്ഞ മനസ്സോടെ അഭിനന്ദനങ്ങള്‍.
മുഹമ്മദ് വെട്ടത്ത്, പെരുമ്പാവൂര്‍
9744414187

 

'പ്രബോധനം' നൽകിയ പ്രചോദനം

ഏതാണ്ട് 1983 കാലം. ചേരാവള്ളി അബൂബക്കർ സാഹിബ് തിരൂർക്കാട് ഇലാഹിയാ കോളേജിൽ പഠിക്കുന്ന കാലയളവിലാണ് ചേരാവള്ളിയിൽ എസ്.ഐ.ഒ രൂപം കൊള്ളുന്നത്. ഒരിക്കൽ വെക്കേഷൻ സമയത്ത് നാട്ടിൽ വന്നപ്പോൾ എസ്.ഐ.ഒ മെമ്പർഷിപ്പ് ഫോം ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ കൈയിൽ. പഴയ കൂട്ടുകാരനായതിനാൽ വീട്ടിൽ വന്നു ജമാഅത്തിനെയും എസ്.ഐ.ഒവിനെയും എനിക്ക് പരിചയപ്പെടുത്തി. മറുത്തൊന്നും പറയാതെ ഞാൻ ക്ഷണം സ്വീകരിച്ചു.
ഒമ്പത് പേരടങ്ങിയ ഒരു എസ്.ഐ.ഒ യൂനിറ്റ് കായംകുളം പ്രദേശത്ത് ആദ്യം രൂപവത്കൃതമായത് ചേരാവള്ളിയിലാണ്.  പ്രഥമ പ്രസിഡന്റായി എന്നെ തെരഞ്ഞെടുത്തതിനു ശേഷമാണ് അദ്ദേഹം വീണ്ടും കോളേജിലേക്ക് പോയത്. അന്നു തുടങ്ങിയ പ്രസ്ഥാന യാത്ര ദൈവാനുഗ്രഹത്താൽ ഇപ്പോഴും തുടരുന്നു.
ആദ്യമായി പ്രബോധനം വാരികയും മാസികയും കാണുന്നത് അദ്ദേഹം വഴി പ്രസ്ഥാനത്തിൽ എത്തിയ നാളുകളിലാണ്. ദീനീ വൈജ്ഞാനിക പിൻബലം നേടിയത് ഉൾക്കരുത്തുള്ള പ്രബോധനം മാസികയുടെ വായനയിലൂടെയാണ്. ദീനീ മാർഗത്തിൽ എളിയ സേവനങ്ങൾ ചെയ്യാനുള്ള ധൈര്യവും പിൻബലവും നൽകിയതിൽ പ്രബോധനവും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. ജീവിത വളർച്ചയിൽ ജില്ലയിലെ മുൻനിര നേതാക്കളുടെ പിന്തുണയും പ്രചോദനവും കാരണമായിട്ടുണ്ട്. ഖുർആൻ പഠനത്തിൽ സി.എൻ അഹ്്മദ് മൗലവിയുടെ പരിഭാഷയും വൈജ്ഞാനിക വളർച്ചക്ക് കരുത്തേകി.
'90 കാലങ്ങളിൽ പ്രതികരണ കുറിപ്പുകൾ പ്രബോധനത്തിൽ ഇടം പിടിക്കാറുണ്ടായിരുന്നു. പഴയ തലമുറക്കാരായ പ്രബോധനം വായനക്കാർ 'സലാഹുദ്ദീൻ ചേരാവള്ളി' എന്നു പേരു പറയുമ്പോൾ, നിങ്ങൾ പ്രബോധനത്തിൽ കത്തെഴുതുന്ന ആളു തന്നെയല്ലേ എന്ന് ഇപ്പോഴും ചോദിക്കാറുണ്ട്. ആ കാലത്ത് ഒരിക്കൽ എന്റെ പ്രതികരണ കുറിപ്പ് വായിച്ച ആദരണീയനായ അഡ്വ. മനോഹരൻ സാർ നല്ല ഭാഷയാണെന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ച കാര്യം ഇപ്പോഴും ഓർമയിൽ സൂക്ഷിക്കുന്നു. അതൊരു പ്രചോദനമായി മാറുകയും ചെയ്തിട്ടുണ്ട്. അക്കാദമിക പഠനം കുറഞ്ഞിട്ടു കൂടി ഗൾഫിലും നാട്ടിലും ഇസ്്ലാമിക പ്രവർത്തനത്തിന് പ്രചോദനമായിട്ടുള്ളത് പ്രബോധനം വായന തന്നെയാണെന്ന് അഭിമാനത്തോടെ പറയട്ടെ.
ഇത് എന്റെ മാത്രമല്ല, വായനക്കാരായ ഓരോരുത്തരുടെയും അനുഭവമാണ്. മുസ്്ലിം സമൂഹത്തിന് എഴുത്തിൽ മെയ്്വഴക്കമുണ്ടാകുന്നതിന് പ്രബോധനം വഹിച്ച പങ്ക് അനിഷേധ്യമാണ്. ഇന്നും മുസ്്ലിം ലോകത്തിന്റെ അകക്കണ്ണും പുറം കണ്ണാടിയുമായി പ്രബോധനം ജൈത്രയാത്ര തുടരുന്നു.
കൂടുതൽ കരങ്ങളിലേക്ക് ഈ വൈജ്ഞാനിക വെളിച്ചം എത്തിക്കാൻ ശ്രമങ്ങളുണ്ടാവട്ടെ.  
സ്വലാഹുദ്ദീൻ ചേരാവള്ളി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 29-33
ടി.കെ ഉബൈദ്

ഹദീസ്‌

സഞ്ചരിക്കുന്ന രക്തസാക്ഷി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്