Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 04

3312

1445 മുഹർറം 17

ഹാജറ കരുവാരക്കുന്നത്ത് 

നഫീസ എടപ്പിലേടത്ത്  

ബാലുശ്ശേരി ഏരിയ നൻമണ്ട രാമല്ലൂർ ഹൽഖയിലെ സജീവ പ്രവർത്തകയായിരുന്നു ഈയിടെ വിടപറഞ്ഞ ഹാജറ കരുവാരക്കുന്നത്ത്. വെൽഫെയർ പാർട്ടിയുടെ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ശാരീരികാവശതകൾ വകവെക്കാതെ സ്ക്വാഡ് പോവാൻ ഹാജറ കാണിക്കുന്ന ഉത്സാഹം മറ്റുള്ളവർക്ക് മാതൃകയായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തിന് ചികിൽസയിലായിരുന്നു. 


ഹാജറയുടെ കുടുംബവും പ്രസ്ഥാനപ്രവർത്തകരാണ്. ഭർത്താവ് ഖാദർ കരുവാരക്കുന്നത്ത് സജീവ പ്രവർത്തകനായിരുന്നു. വെൽഫെയർ പാർട്ടി എലത്തൂർ നിയോജക മണ്ഡലത്തിൽ ഇലക്്ഷൻ ഏജന്റായി പ്രവർത്തിക്കെ എതിർ പാർട്ടിക്കാരുടെ ആക്രമണത്തിനിരയായി, ഒടുവിൽ രോഗബാധിതനായി മരണപ്പെടുകയാണുണ്ടായത്. ഹാജറ കിനാലൂർ സമരത്തിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്.


ശിവപുരം ഇസ്‌ലാമിയാ കോളേജിലായിരുന്നു പഠനം. പ്രബോധനം വാരികയുടെ സ്ഥിരം വായനക്കാരിയായ ഹാജറ ഖുർആൻ സ്റ്റഡി സെന്റർ കോഴിക്കോട് ജില്ല നടത്തിയ 'പ്രകാശധാര 2020'-ലെ സൂറ ലുഖ്മാൻ ഓൺലൈൻ പരീക്ഷയിലെ ഒന്നാം സ്ഥാനക്കാരിയാണ്. അതിഥി സൽക്കാരപ്രിയയായിരുന്ന ഹാജറ കുടുംബ ബന്ധങ്ങൾക്ക്‌ ഏറെ വില കൽപിച്ചിരുന്നു.
 

കെ. അബ്ദുർറഹീം


സമൂഹത്തിന് മാതൃകയായ ഒട്ടേറെ ജീവിത ചിത്രങ്ങൾ  സമ്മാനിച്ചാണ് പാലക്കാട് ജില്ലയിലെ പഴയ ലക്കിടി ഹൽഖയിലെ സജീവ ഇസ്്ലാമിക പ്രവർത്തകനും, ജമാഅത്തെ ഇസ്്ലാമി അംഗവും, ഐ.ആർ. ഡബ്ലിയു സീനിയർ വളണ്ടിയറുമായിരുന്ന കെ. അബ്ദുർറഹീം സാഹിബ് അല്ലാഹുവിലേക്ക് യാത്രയായത്.


പഴയ ലക്കിടിയില്‍ പ്രസ്ഥാന പ്രവർത്തനത്തിന് തുടക്കം കുറിച്ച ആദ്യകാല പ്രവർത്തകരിൽ ഒരാൾ കൂടിയാണ് റഹീം സാഹിബ്.


ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധ പുലർത്തി. പ്രദേശത്ത് പ്രസ്ഥാനം നടത്തിയിട്ടുള്ള നിരവധി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, സൗജന്യ ചേലാകർമ ക്യാമ്പുകൾ എന്നിവയ്ക്ക് നേതൃത്വം നൽകിയത് റഹീം സാഹിബ് ആയിരുന്നു.


ഐ.ആർ.ഡബ്ലിയു പാലക്കാട് യൂനിറ്റിന്റെ 'ഒരു വളണ്ടിയർ, ഒരു പ്രോജക്ട്' എന്ന നിർദേശത്തിന്റെ ഭാഗമായി പാലിയേറ്റീവ് സംവിധാനം ഏറ്റെടുക്കുകയും പഴയ ലക്കിടിയില്‍ 'മർഹമ പാലിയേറ്റീവ് സൊസൈറ്റി'യുടെ പ്രവർത്തനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഇന്ന് പാലക്കാട് ജില്ലയിൽ മികച്ച പാലിയേറ്റീവ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിലൊന്നായി അത് മാറിയിരിക്കുന്നു.


മാനസിക വെല്ലുവിളി നേരിടുന്നവരെ താമസിപ്പിക്കുന്ന പ്രോജക്ട് ഏറ്റെടുക്കുകയും, തൊട്ടടുത്ത പ്രദേശമായ പത്തിരിപ്പാലയിലെ പ്രവർത്തകരെ സംഘടിപ്പിച്ച്  കാരുണ്യ ഭവനം എന്ന സ്ഥാപനം യാഥാർഥ്യമാക്കുന്നതിന് മുന്നിൽനിന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ന് 50-ൽ പരം അന്തേവാസികളുമായി സ്ഥാപനം നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.


'ഒരു പിടി അരി' എന്ന പേരിൽ വീടുകളിൽനിന്ന് അരി ശേഖരിച്ച് അർഹരായവർക്ക് എത്തിച്ചും, വിധവകളെ  തെരഞ്ഞെടുത്ത് മാസംതോറും പെൻഷൻ വിതരണം ചെയ്യാൻ പണം കണ്ടെത്തിയും മരണം വരെ അവയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. റമദാൻ കാലത്ത് പാലക്കാട് ഫ്രൈഡേ ക്ലബ്ബിന്റെ റിലീഫ് കിറ്റ് ശേഖരിച്ച് അർഹരായ കുടുംബങ്ങൾക്ക് എത്തിക്കുകയും, സംഗമം പലിശരഹിത നിധിയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.


ഐ.ആർ.ഡബ്ലിയുവിന്റെ പ്രദേശത്തെ ഏക വളണ്ടിയറായിരുന്ന റഹീം സാഹിബ് ഗുജറാത്ത് ഭൂകമ്പ കാലത്തും, സുനാമി പോലുള്ള പ്രകൃതി ദുരന്ത സമയങ്ങളിലും ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവപങ്കാളിത്തം വഹിച്ചിട്ടുണ്ട്.


പഴയ ലക്കിടി ഇസ്്ലാമിക് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ രൂപവത്കരണം മുതലുള്ള മെമ്പർ, ട്രസ്റ്റിന്റെ സെക്രട്ടറി, ട്രഷറർ, പഴയ ലക്കിടി മസ്ജിദ് സ്വഹാബാ പ്രസിഡന്റ്, മർഹമ പാലിയേറ്റീവ് ചെയർമാൻ, പത്തിരിപ്പാല കാരുണ്യ ഭവനം സെക്രട്ടറി, ട്രഷറർ, പഴയ ലക്കിടി ഹൽഖാ നാസിം, പലിശരഹിത നിധി പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.


ഹൽഖാ പ്രവര്‍ത്തകയായ സുബൈദയാണ് ഭാര്യ. ആഷിഫ്, ആരിഫ് (കുവൈത്ത് KIG), സൈഫുദ്ദീന്‍, ഫാത്തിമ ഷമീം എന്നിവർ മക്കളാണ്.
ഷൗക്കത്ത് അലി, നൗഫിയ, ഇര്‍ഫാന, ഷിഫാന എന്നിവർ മരുമക്കൾ.


സക്കീര്‍ ഹുസൈന്‍ പഴയ ലക്കിടി

 

പൂഴിക്കുന്ന് മുസ്തഫ


സമർപ്പണത്തിന്റെ ആൾരൂപമായിരുന്നു ഈയിടെ അന്തരിച്ച തിരൂർ പൂഴിക്കുന്ന് സ്വദേശിയായിരുന്ന, മുത്തു സാഹിബ് എന്ന് എല്ലാവരാലും വിളിക്കപ്പെട്ടിരുന്ന മുസ്തഫ സാഹിബ്. അദ്ദേഹത്തിന്റെ എപ്പോഴുമുള്ള പ്രാർഥന പോലെ തന്നെ നെറ്റിത്തടത്തിൽ വിയർപ്പുമായി നാഥനെ സന്ധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗുരുതരമായ രോഗമാണ് തന്നെ ബാധിച്ചിട്ടുള്ളത് എന്നറിഞ്ഞിട്ടും അസാമാന്യമായ ക്ഷമയും സ്ഥൈര്യവുമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.  വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പ്രവർത്തനങ്ങൾക്കിടയിലാണ് രോഗമറിയുന്നത്. കടുത്ത രോഗാവശതകൾക്കിടയിലും സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു.


പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മുത്തു സാഹിബ് തിരൂരിൽ കച്ചവടമാരംഭിച്ചു. വൈകാതെ തന്നെ പ്രസ്ഥാന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. അദ്ദേഹത്തിലെ ജനസേവന മനസ്സ് IRW യിലും എത്തിച്ചു. തിരൂരിലെ കച്ചവടം നിർത്തിയതോടെ അദ്ദേഹം മുഴുസമയ പ്രവർത്തകനായി. പ്രസ്ഥാന പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം സജീവമായി. പാർട്ടി പ്രവർത്തനത്തിലും ബാലസംഘാടനത്തിലും അനിതര സാധാരണമായ വൈഭവം  കാഴ്ചവെച്ചു. മാധ്യമത്തിന്റെയും പ്രബോധനത്തിന്റെയും ഏജന്റായും  പ്രവർത്തിച്ചിട്ടുണ്ട്. തൊട്ടടുത്ത പ്രദേശമായ പൊയിലിശ്ശേരിയിൽ ഒരു പ്രസ്ഥാന ഘടകം രൂപവത്കരിച്ച് അതിന് നേതൃത്വം നൽകി.  തിരൂർ മേഖലയിൽ പ്രസ്ഥാന ശബ്ദം എത്താത്ത പല പ്രദേശങ്ങളിലും വൃത്തങ്ങളും ഘടകങ്ങളും രൂപവത്കരിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്.  അദ്ദേഹത്തിന്റെ ടു വീലർ മഹ്ശറിൽ തീർച്ചയായും പ്രദർശിപ്പിക്കപ്പെടും എന്ന് സഹപ്രവർത്തകർ പറയാറുണ്ടായിരുന്നു.


ആലത്തിയൂരിൽ സൗഹൃദ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ രൂപവത്കരിക്കാൻ മുന്നിട്ടിറങ്ങിയ മുത്തു സാഹിബ് മരണം വരെയും അതിന്റെ എല്ലാമെല്ലാമായിരുന്നു. ഫണ്ട് ഉണ്ടാക്കാനും പഞ്ചായത്തിൽ മുഴുവൻ അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനും അദ്ദേഹം നിരന്തരം ഓടിനടന്നു. അവശരായ രോഗികൾക്കും ആലംബ ഹീനർക്കും കൈത്താങ്ങായി അദ്ദേഹം സദാ അവരുടെ ഒപ്പമുണ്ടാവും. മനോരോഗികൾക്കും കിടപ്പുരോഗികൾക്കും ക്ഷൗരം ചെയ്തുകൊടുക്കാനും അവരെ കുളിപ്പിക്കാനും അദ്ദേഹം ഓടിയെത്തുമായിരുന്നു. തിരൂർ ജില്ലാ ഹോസ്പിറ്റലിലെ മോർച്ചറിയിലെത്തുന്ന എത്ര ജീർണിച്ച മൃത ശരീരങ്ങളും ഒരു മടിയും കൂടാതെ സംസ്കരിക്കാൻ അദ്ദേഹം മുന്നിൽ നിന്നു.


വലിയ വരുമാനമുള്ള ആളായിരുന്നില്ലെങ്കിലും ദൈവ മാർഗത്തിൽ നിർലോഭം ചെലവഴിച്ചു. ബി.പി അങ്ങാടി ബൈപ്പാസിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന പള്ളിയുടെ നിർമാണത്തിനായി വിളിച്ചു കൂട്ടിയ ആദ്യ യോഗത്തിൽ തന്നെ കിണർ കുഴിക്കാനാവശ്യമായ സംഖ്യ വാഗ്ദാനം ചെയ്തു. ആവേശ പൂർവം കാത്തിരുന്ന പള്ളി ഉദ്ഘാടനം കാണാൻ അദ്ദേഹം ഇല്ലല്ലോ എന്ന സങ്കടത്തിലാണ് സഹപ്രവർത്തകർ.


ഭാര്യയും ഒരു മകനും മൂന്ന് പെൺകുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.


വി.കെ അബൂബക്കർ

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 29-33
ടി.കെ ഉബൈദ്

ഹദീസ്‌

സഞ്ചരിക്കുന്ന രക്തസാക്ഷി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്