Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 04

3312

1445 മുഹർറം 17

ജീവിതത്തെ മാറ്റിപ്പണിയുന്നത് പരലോക ചിന്ത

ഫാത്വിമ കോയക്കുട്ടി

    നമ്മിലോരോരുത്തരിലും അനുനിമിഷം സജീവമായിരിക്കേണ്ട ഒന്നാണ് പരലോക ബോധം. ഏത് പരിതഃസ്ഥിതിയിലും ഇഹലോകത്തെക്കാൾ പരലോകത്തിന് മുൻഗണന നൽകണം. ഏത് പ്രവർത്തന മേഖല തെരഞ്ഞെടുക്കുമ്പോഴും നമ്മുടെ ലക്ഷ്യം  പരലോകത്തിലെ വിജയസൗഭാഗ്യങ്ങളായിരിക്കണം. ശാശ്വതവും അത്യുത്തമവുമായത് പരലോക ജീവിതമാണെന്ന് ഖുർആൻ പഠിപ്പിക്കുന്നു.
"സംസ്കരണം സാധിക്കുകയും തന്റെ രക്ഷിതാവിന്റെ നാമത്തെ ഓർത്ത് നമസ്കരിക്കുകയും ചെയ്തവർ തീർച്ചയായും വിജയം വരിച്ചു. പക്ഷേ, നിങ്ങൾ ഇഹലോകത്തിനു പരലോകത്തെക്കാൾ മുൻഗണന നൽകുന്നു. എന്നാൽ, പരലോകമാണ് എന്നെന്നും ഉത്തമവും ശാശ്വതവും ആയത്" (87: 14,15,16, 17).
ഐഹിക ലോകമാകുന്ന ഈ താൽക്കാലിക വാസസ്ഥലം ഒരു പരീക്ഷണാലയം മാത്രമാണ്. ഐഹിക ജീവിത സുഖങ്ങളഖിലവും അതിലെ സന്താന-സാമ്പത്തികനേട്ടങ്ങളും സ്ഥാനമാനങ്ങളുമെല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങൾ മാത്രമാണ്. ഭൂമിയിൽ അല്ലാഹുവിന്റെ ധാർമിക നിയമങ്ങൾ പാലിച്ചുകൊണ്ട് ഭൗതിക സുഖങ്ങളാസ്വദിക്കാൻ അല്ലാഹു നമുക്ക് അനുവാദം നൽകുന്നുണ്ട്. നമ്മുടെ ജ്ഞാനവും ബുദ്ധിശക്തിയും ചിന്താശക്തിയും ഉപയോഗപ്പെടുത്തി കൂടുതൽ കൂടുതൽ ഐഹിക നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് അല്ലാഹു മനുഷ്യനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം പരലോകത്തെ വിസ്മരിച്ചുകൊണ്ട് നശ്വരമായ ഐഹിക ജീവിതത്തിന്റെ വർണപ്പകിട്ടിൽ വഞ്ചിതരാകരുത് എന്ന് അല്ലാഹു താക്കീത് നൽകുന്നുമുണ്ട്.
ഐഹികമായ എന്തെല്ലാം നേട്ടങ്ങൾ ഉണ്ടായി, ആർ ദാരിദ്ര്യത്തിന്റെ കയ്്പു രസം അനുഭവിച്ചു, ആർ വിത്തപ്രതാപത്തിന്റെ ഉച്ചിയിലെത്തി, ആർ രാജകീയ പദവിയിലെത്തി- ഇതൊന്നുമല്ല പരീക്ഷണത്തിന്റെ സാക്ഷാൽ മാനദണ്ഡം. ജീവിതത്തിൽ താൽക്കാലികമായി ഉണ്ടാകുന്ന ജയപരാജയങ്ങളുടെ അടിസ്ഥാനത്തിലുമല്ല സാക്ഷാൽ വിജയം നിലകൊള്ളുന്നത്. ഈ ലോകത്ത് അല്ലാഹു നമുക്ക് നൽകിയിട്ടുള്ള ജീവിത ചുറ്റുപാടുകളും നിലവാരവും ഏതു നിലയിലുള്ളതായിക്കൊള്ളട്ടെ, അവിടെയെല്ലാം അല്ലാഹുവിന്റെ അനുസരണയുള്ള അടിമകളും അവന്റെ ഇച്ഛയ്ക്കു മാത്രം വിധേയമായി ജീവിച്ചവരുമാണെന്ന് തെളിയിക്കുന്നതിലാണ് നമ്മുടെ സാക്ഷാൽ വിജയം കുടികൊള്ളുന്നത്. അതേ വിഷയത്തിലാണ് നാം സദാ ദൃഷ്ടി പതിപ്പിക്കേണ്ടത്. ഐഹികമായ സുഖാസ്വാദനത്തിൽ മുഴുകി ഒരു മേഖലയിലും ഒരു നിമിഷം പോലും അല്ലാഹുവിനെ വിസ്മരിച്ചുകൊണ്ട് നാം ജീവിതം നയിക്കരുത്. കാരണം, ഐഹിക ജീവിതം ക്ഷണികവും നശ്വരവുമാണ്.


     അതുകൊണ്ടാണ്  അല്ലാഹു പരിശുദ്ധ ഖുർആനിൽ പരലോകത്തെയും ഐഹിക ജീവിതത്തെയും ഇപ്രകാരം താരതമ്യം ചെയ്തിട്ടുള്ളത്: "യഥാർഥത്തിൽ ഐഹിക ജീവിതം കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പരലോക ജീവിതമാണ് സൂക്ഷ്മശാലികൾക്ക് ഉത്തമം. നിങ്ങൾ ചിന്തിക്കുന്നില്ലേ?" (29: 64).  "സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിലെ അലങ്കാരങ്ങളാണ്. എന്നാൽ, അവശേഷിക്കുന്ന സൽക്കർമങ്ങളാണ് നിന്റെ രക്ഷിതാവിങ്കൽ ഏറ്റവും ഉത്തമം. പ്രതീക്ഷിക്കാവുന്നതിൽ ഏറ്റവും മെച്ചപ്പെട്ടതും അതു തന്നെ" (18: 46).
പരലോകത്തെ വിസ്മരിച്ചു നാമീ ലോകത്ത് ജീവിക്കുന്നതായാൽ അല്ലാഹുവിന്റെ പരിധികൾ ലംഘിക്കാനും ഐഹിക ജീവിതത്തിന് പ്രാമുഖ്യം കൽപിക്കാനും ഇട വന്നേക്കും. പരലോകം അദൃശ്യമായ ഒന്നാണല്ലോ. അവിടത്തെ സുഖസൗകര്യങ്ങളും ജയപരാജയങ്ങളും ഇഹലോകത്ത്  ഭാവനയിൽ കാണാനേ നമുക്ക് കഴിയൂ. ഐഹികമായ സുഖസൗകര്യങ്ങളും ജയപരാജയങ്ങളും നമുക്ക് നേരിട്ട് അനുഭവവേദ്യമാവുന്നതുമാണ്. അപ്പോൾ ഭൗതിക നേട്ടങ്ങൾ മനുഷ്യനെ വഞ്ചിതനാക്കുകയും അവന്റെ പരലോകം അപകടത്തിലാവുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയേക്കാം.  അതിന്റെ ചെറിയൊരു അസ്വാസ്ഥ്യം നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ ഉണ്ടായേക്കാനും മതി. അതും ഹൃദയത്തിൽ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ അൽപമെങ്കിലും ഉണ്ടെങ്കിൽ മാത്രം. 
ഒരു ആദർശം എന്ന നിലയിൽ പരലോക വിശ്വാസത്തെ അംഗീകരിക്കൽ എളുപ്പമാണെങ്കിലും, ചിന്താപരവും ധാർമികവും കർമപരവുമായ മുഴുവൻ ജീവിതത്തെയും പ്രസ്തുത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വാർത്തെടുക്കുക എന്നത് അതീവ ദുഷ്കരമായ ഒന്നാണ്. ഇഹലോകത്തെ സംബന്ധിച്ച് അതു നശ്വരമാണ്, നൈമിഷികമാണ് എന്നൊക്കെ നാവുകൊണ്ട് പറയുക എളുപ്പമാണെങ്കിലും ഇഹലോകത്തോടുള്ള പ്രേമം ഹൃദയത്തിൽനിന്ന് തുടച്ചു നീക്കുക അത്ര എളുപ്പമുള്ളതല്ല. അങ്ങേയറ്റത്തെ ത്യാഗ പരിശ്രമങ്ങൾ അതിനു വേണ്ടി നാം നടത്തേണ്ടതുണ്ട്. സ്വന്തം ഹൃദയത്തോട് തന്നെ  അതിനു വേണ്ടി വലിയ ജിഹാദ് ചെയ്യേണ്ടി വരും.


   അതിനു വേണ്ടി നാം എന്താണ് ചെയ്യേണ്ടത്? 'പരലോകത്തിൽ വിശ്വസിച്ചു 'എന്ന് നാവു കൊണ്ട് പറയുന്നത് കൊണ്ടു മാത്രം തൃപ്തിപ്പെടാതെ നാം വിശുദ്ധ ഖുർആൻ പഠന പാരായണങ്ങൾ നടത്തിക്കൊണ്ടേയിരിക്കുക. അതു മുഖേന ഇഹലോക ജീവിതത്തെക്കാൾ പരലോക ജീവിതത്തിന് മുൻഗണന നൽകാനുള്ള ഒരു ആത്മീയ ബലം ക്രമേണ നമുക്ക് കിട്ടിക്കൊണ്ടിരിക്കും. തന്റെ ശാശ്വത വാസസ്ഥലം പരലോകമാണെന്നും അതിനു വേണ്ടി പരീക്ഷണ ഘട്ടമായ ഐഹിക ജീവിതം വിജയപ്രദമാക്കേണ്ടതാണെന്നുമുള്ള ബോധം നമുക്കുണ്ടായിത്തീരുന്നു. പരലോകത്തെക്കുറിച്ച് വിശദമായി വിവരിച്ചു തരുന്ന നബിവചനങ്ങളും ഹൃദിസ്ഥമാക്കാൻ ശ്രമിക്കണം.
പരലോക ചിന്ത മനുഷ്യ മനസ്സിന് ദൃഢതയേകുന്നു. അത് അവന്റെ ഹൃദയത്തെ തന്റെ റബ്ബുമായി ബന്ധിപ്പിക്കുന്നു. അപ്പോൾ  ഹൃദയത്തിന് സമാധാനവും ആശ്വാസവും ലഭ്യമാകുന്നു.  മനുഷ്യനെ തെറ്റുകുറ്റങ്ങളിൽനിന്നും മ്ലേഛ വിചാര-വികാരങ്ങളിൽനിന്നും അകറ്റിനിർത്താൻ അതു സഹായകമാകുന്നു. ആരാധനാകർമങ്ങളിൽ ഹൃദയ സാന്നിധ്യമേകുന്ന ഊർജസ്വലത അത് പ്രദാനം ചെയ്യുന്നു. ഐഹിക ജീവിതത്തിൽ അല്ലാഹു നമുക്ക് എന്താണോ നൽകിയത് അതിൽ തൃപ്തിപ്പെട്ടു ജീവിക്കാനുള്ള  ഈമാനിക ശക്തി അതു മുഖേന  ലഭ്യമാകും. ഒരാളുടെ ചിന്ത ഇഹലോകത്തെ ചുറ്റിപ്പറ്റിയായാൽ, പരലോകത്തെ പ്രതി അവൻ അശ്രദ്ധനായാൽ, എല്ലാ പ്രശ്നങ്ങളിലും അവന്റെ ഹൃദയം ഇടുങ്ങിയതാവും. അവന്റെ ദുഃഖവും പ്രയാസവും തീരുകയില്ല. സങ്കടങ്ങളും വേദനകളും ഒടുങ്ങുകയില്ല. പരലോക ചിന്തയിലൂടെ മാത്രമേ 'സമാധാനമടഞ്ഞ മനസ്സ്' എന്ന അതിവിശിഷ്ടമായ അനുഗൃഹീതാവസ്ഥയിലേക്ക്   വിശ്വാസികൾക്ക് എത്തിച്ചേരാനാകൂ. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 29-33
ടി.കെ ഉബൈദ്

ഹദീസ്‌

സഞ്ചരിക്കുന്ന രക്തസാക്ഷി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്