Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 04

3312

1445 മുഹർറം 17

സഞ്ചരിക്കുന്ന രക്തസാക്ഷി

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

عَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ صَلَّى الله عَلَيْهِ وَ سَلَّمَ قَالَ : مَنْ سَرَّهُ أنْ يَنْظُرَ إلَى شَهِيدٍ يَمْشِي عَلَى وَجْهِ الأَرْضِ فَلْيَنْظُرْ إلَى طَلْحَةَ بْنِ عُبَيْدِ اللهِ  (الترمذي)

ജാബിറുബ്്നു അബ്ദില്ല(റ)യിൽ നിന്ന്. നബി (സ) പറഞ്ഞു: "ഭൂമുഖത്ത് നടക്കുന്ന രക്തസാക്ഷിയെ കാണാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ത്വൽഹതുബ്്നു ഉബൈദില്ലയെ നോക്കട്ടെ" (തിർമിദി).

 

 സ്വർഗം ഉറപ്പ് നൽകപ്പെട്ട പത്ത് പ്രഥമ പ്രവാചക ശിഷ്യരിൽ ഒരാളാണ് ത്വൽഹതുബ്നു ഉബൈദില്ല (സി.ഇ 594 - 656).

 തനിക്ക് ശേഷമുള്ള  ഖലീഫയെ തെരഞ്ഞെടുക്കാൻ ഉമർ (റ) ചുമതലപ്പെടുത്തിയ ആറ് പേരിൽ ഒരാളായിരുന്നു ത്വൽഹ. അദ്ദേഹത്തിന്റെ മഹത്വമാണ് ഈ ഹദീസിൽ വിവരിക്കുന്നത്.

 ഉഹുദ് യുദ്ധം അവസാനിക്കാറായപ്പോൾ മുസ്്ലിം സൈന്യം ശിഥിലമാവുകയും പലരും ചിതറിയോടുകയും ചെയ്തിരുന്നുവല്ലോ. വളരെ കുറച്ചാളുകളാണ് പോരാട്ട വേദിയിൽ സ്ഥൈര്യത്തോടെ ഉറച്ചുനിന്നത്. മുറിവേറ്റ നബി(സ)യെ മലമുകളിൽ  എത്തിച്ച്  രക്ഷപ്പെടുത്തുന്നതിനായി ത്വൽഹയും ഏതാനും അനുയായികളും ശ്രമിച്ചു. പക്ഷേ, അക്കൂട്ടത്തിൽ ത്വൽഹ അല്ലാത്തവരെല്ലാം രക്തസാക്ഷികളായി. വെട്ടും കുത്തുമേറ്റ് ബോധരഹിതനായി വീഴുന്നത് വരെ ത്വൽഹ ശത്രുക്കളോട് പോരാടി. അതുകൊണ്ടാണ് നബി (സ) അദ്ദേഹത്തെ 'ഭൂമുഖത്ത് നടക്കുന്ന രക്തസാക്ഷി' എന്ന് പ്രശംസിച്ചത്.

 അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷിയായവർക്കുള്ള അതേ പ്രതിഫലം ത്വൽഹക്ക് ലഭിക്കും. എൺപതിൽ പരം വെട്ടുകൾ അന്നേരം ത്വൽഹയുടെ ദേഹത്തുണ്ടായിരുന്നു.

 ഉഹുദ് യുദ്ധത്തെക്കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം സ്വഹാബികൾ ഇപ്രകാരം പറയാറുണ്ടായിരുന്നു:  ذَاكَ يَوْمٌ كَانَ كُلُّهُ لِطَلْحَةَ (ആ ദിനം മുഴുവനും  ത്വൽഹയുടേതായിരുന്നു).
അല്ലാഹു പറഞ്ഞു: "സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവര്‍ അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിലൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല" (33: 23).

 ഇമാം ത്വബരി ഈ വാക്യത്തിന്റെ വിശദീകരണത്തിൽ എഴുതി: "ത്വൽഹ (റ) വിവരിക്കുന്നു: ഒരു ഗ്രാമീണൻ അല്ലാഹുവിന്റെ റസൂലിന്റെ അരികിൽ വന്നു. ആളുകൾക്ക്  പല കാര്യങ്ങളും പ്രവാചകനോട് ചോദിക്കാൻ ധൈര്യമുണ്ടായിരുന്നില്ല.

 അവർ ഗ്രാമീണനോട്, 'കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തിയ ചിലരുണ്ട്' എന്ന ഖുർആൻ വാക്യത്തെക്കുറിച്ച് ചോദിക്കാൻ ആവശ്യപ്പെട്ടു. ഗ്രാമീണൻ അതിനെ സംബന്ധിച്ച് തിരുമേനിയോട് ചോദിച്ചെങ്കിലും മറുപടി പറഞ്ഞില്ല. വീണ്ടും ചോദിച്ചു. ഉത്തരം കിട്ടിയില്ല. അപ്പോഴാണ് പച്ച വസ്ത്രങ്ങളണിഞ്ഞ് ഞാൻ പള്ളിയുടെ വാതിലിലൂടെ കടന്നു വന്നത്. അല്ലാഹുവിന്റെ റസൂൽ (സ) എന്നെ കണ്ടയുടനെ വിളിച്ചു ചോദിച്ചു:  أَيْنَ السَّائِلُ عَمَّنْ قَضَى نَحْبَهُ؟ (കരാർ പാലിച്ചവനെ സംബന്ധിച്ച് വിശദീകരണം ചോദിച്ചയാൾ എവിടെ?).

 ഗ്രാമീണൻ പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ, ഞാനാണ് ചോദിച്ചത്." എന്നെച്ചൂണ്ടി നബി(സ) പ്രഖ്യാപിച്ചു: هَذَا مِمَّنْ قَضَى نَحْبَهُ
(ഇതാ.. ഇദ്ദേഹമാണ് കരാർ പാലിച്ചയാൾ).
മറ്റുള്ളവരുടെ നന്മകൾ അവരുടെ മുഖത്ത് നോക്കി പറയുന്നതിന് മടി കാണിക്കേണ്ടതില്ല എന്നതിനുള്ള സാക്ഷ്യമാണ് ഈ ഹദീസെന്ന് പണ്ഡിതർ ചൂണ്ടിക്കാണിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 29-33
ടി.കെ ഉബൈദ്

ഹദീസ്‌

സഞ്ചരിക്കുന്ന രക്തസാക്ഷി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്