Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 04

3312

1445 മുഹർറം 17

അമേരിക്കയിലെ മുസ്്ലിം ജീവിതങ്ങൾ

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

ഓർമവെച്ച നാള്‍ മുതല്‍ അമേരിക്ക കേള്‍വിയിലും സംസാരത്തിലുമുണ്ട്. ഏഴ് ഭൂഖണ്ഡങ്ങളില്‍ ഒന്ന് എന്നതായിരുന്നു സ്‌കൂളില്‍ അമേരിക്കയെ കുറിച്ചുള്ള ആദ്യപാഠം. ഹൈസ്‌കൂളിലെ സാമൂഹ്യപാഠത്തില്‍ 24 നിലകളുള്ള യു.എന്‍ ആസ്ഥാന മന്ദിരത്തിന്റെ ഫോട്ടോയാണ് മനസ്സില്‍ പതിഞ്ഞ ആദ്യ അമേരിക്കന്‍ ചിത്രം. പിന്നീട് ഒരു ചരിത്ര സംഭവമായി ബോസ്റ്റണ്‍ ടീ പാര്‍ട്ടിയും മനസ്സിലുടക്കിനിന്നു. നയാഗ്രയും ഗ്രാന്റ് കാന്യണും ഗോള്‍ഡന്‍ ഗേറ്റും സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയും എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗുമൊക്കെ ഉള്ള അമേരിക്ക പതിയെ പതിയെ വിസ്മയങ്ങളുടെ ലോകമായി മനസ്സില്‍ ഇടംപിടിക്കുകയായിരുന്നു.
രണ്ടാം ലോകയുദ്ധത്തില്‍ ഹിരോഷിമയും നാഗസാക്കിയും അണുബോംബ് വര്‍ഷിച്ച് നശിപ്പിച്ച അമേരിക്കയെ പക്ഷേ മനസ്സുകൊണ്ട് വെറുത്തു. വിയറ്റ്‌നാം യുദ്ധചിത്രങ്ങള്‍ കണ്ടപ്പോള്‍ വിസ്മയം മാത്രമല്ല, അമേരിക്കയോട് ഭയവും തോന്നി. ഇറാഖ് - അഫ്ഗാന്‍ അധിനിവേശകാലത്ത്, ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം വാര്‍ത്തകളില്‍ കണ്ടപ്പോള്‍ അമേരിക്കയോട് അമര്‍ഷം പതഞ്ഞുപൊങ്ങി. കുഞ്ഞുനാള്‍ മുതല്‍ മനസ്സില്‍ അതിശയങ്ങളുടെ ലോകം തീര്‍ത്ത അമേരിക്ക തന്നെയായിരുന്നു അവിടെ സന്ദര്‍ശിക്കുന്നതുവരെയും മനസ്സില്‍. ഏതൊരു സാധാരണക്കാരനെയും പോലെ അമേരിക്കന്‍ യാത്ര എനിക്കും പ്രതീക്ഷയില്ലാത്ത നടക്കാത്ത സ്വപ്‌നമായിരുന്നു.  
ആ സ്വപ്‌നസാക്ഷാത്കാരത്തിനുള്ള വഴിയായിട്ടായിരിക്കാം അമേരിക്കയില്‍ നടക്കുന്ന ഒരു കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ദൈവാനുഗ്രഹത്താല്‍ ലഭിക്കുന്നത്. ന്യൂയോര്‍ക്കിലെ റോചസ്റ്റര്‍ സിറ്റിയിലുള്ള നസറത് കോളേജില്‍ Hickey Center for Interfaith Studies and Dialogue ഉം International Institute of Islamic Thought ന് കീഴിലെ Chair of Islamic & Interfaith Studies ഉം സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു ആ സമ്മേളനം. 2018-ല്‍ മലേഷ്യയിലെ ഇന്റര്‍ നാഷനല്‍ ഇസ് ലാമിക് യൂനിവേഴ്‌സിറ്റിയിലെ പഠനകാലത്ത്, പ്രഫസര്‍ മുഹമ്മദ് മുംതാസ് അലിയാണ് ഈ കോണ്‍ഫറന്‍സിനു വേണ്ടി ഒരു അബ്‌സ്ട്രാക്ട് എഴുതാന്‍ ആദ്യമായി ആവശ്യപ്പെടുന്നത്. അന്ന് എഴുതി നല്‍കിയ അബ്‌സ്ട്രാക്ട് സ്വീകരിക്കപ്പെടുകയും കോണ്‍ഫറന്‍സിലേക്ക് ക്ഷണം വരികയും ചെയ്‌തെങ്കിലും പല കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 2023-ലെ കോണ്‍ഫറന്‍സില്‍ ആ ശ്രമം തുടരുകയായിരുന്നു. Sacred Texts and Human Contexts: Inclusion or Exclusion, The Self and the Other (വിശുദ്ധ വേദഗ്രന്ഥങ്ങളും മനുഷ്യസാഹചര്യങ്ങളും: ഉള്‍ക്കൊള്ളലോ പുറന്തള്ളലോ, സ്വന്തവും മറ്റുള്ളവരും) എന്ന പ്രമേയത്തില്‍ 'Revisiting Madinah Pact: Toward Rebuilding an Ideal Plural Society' (മാതൃകാ ബഹുസ്വര സമൂഹത്തിന് മദീനാ കരാര്‍,  ഒരു പുനര്‍ വിചിന്തനം) എന്ന വിഷയത്തിലായിരുന്നു എന്റെ പ്രബന്ധാവതരണം. പല നാടുകളില്‍ നിന്നെത്തിയ ജൂത-ബുദ്ധ-ക്രൈസ്തവ-ഹൈന്ദവ പണ്ഡിതന്‍മാര്‍ സംബന്ധിച്ച കോണ്‍ഫറന്‍സിലെ വൈജ്ഞാനികാന്തരീക്ഷം  വേറിട്ട അനുഭവമായിരുന്നു. 2023 മെയ് 22 മുതല്‍ 24 വരെ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തെക്കാള്‍ പക്ഷേ, കൂടുതല്‍ അനുഭവങ്ങള്‍ സമ്മാനിച്ചത് സമ്മേളനാനന്തരം അമേരിക്കയിലെ വിവിധ മുസ്‌ലിം ജീവിത പരിസരങ്ങളിലൂടെയുള്ള യാത്രകളാണ്.     
നമ്മുടെ സങ്കൽപത്തിലെ അമേരിക്കയായിരുന്നില്ല, അനുഭവങ്ങളിലെ അമേരിക്ക. അമേരിക്കയിലെ മുസ് ലിം ജീവിതങ്ങള്‍ ഭാവിയിലേക്കുള്ള വലിയ പ്രതീക്ഷകളായി തോന്നി. അമേരിക്ക വലിയ സാധ്യതകളുടെ പേര് കൂടിയാണ്. ഇസ് ലാമിന്റെ കാര്യത്തിലും ആ സാധ്യതകള്‍ വേണ്ടുവോളമുണ്ട്. അമേരിക്കയിലെ ഇസ് ലാമിനെയും മുസ് ലിം ജീവിതപരിസരങ്ങളെയും അടുത്തറിയാന്‍ ഈ ഹ്രസ്വസന്ദര്‍ശനം മതിയാവില്ലെന്നറിയാം. എന്നിരുന്നാലും അമേരിക്കയെ കുറിച്ച് അറിഞ്ഞ പലതും പറയാനുണ്ട്. അമേരിക്കയിലെ ഇസ് ലാമിന്റെ വളര്‍ച്ചക്കും വികാസത്തിനും പല അടരുകളുമുണ്ട്. അമേരിക്കയിലെ മുസ് ലിംകളെ കുറിച്ച് എഴുതുമ്പോള്‍, തദ്ദേശീയരായ മുസ് ലിംകള്‍, കുടിയേറ്റ മുസ് ലിംകള്‍, ഇന്ത്യന്‍ മുസ് ലിംകള്‍, മലയാളീ മുസ് ലിംകള്‍ തുടങ്ങി പല നിലക്കും അടയാളപ്പെടുത്തേണ്ടതായി വരും. അമേരിക്കയിലെ പ്രധാന മുസ്‌ലിം സംഘടനകളെ എടുത്താലും ഇതുതന്നെ അവസ്ഥ. അത്രയധികം ഉൾപ്പിരിവുകളും വൈവിധ്യങ്ങളുമുണ്ട് ഇവിടെ മുസ് ലിംകള്‍ക്കിടയില്‍.

'വെളിച്ചം' പ്രവർത്തകർക്കൊപ്പം

അമേരിക്കന്‍ മുസ് ലിംകള്‍ക്കിടയില്‍ പൊതുവായി പ്രവര്‍ത്തിക്കുന്ന സംഘടനകളെക്കാള്‍ അടുത്തറിയാന്‍ കൂടുതല്‍ അവസരം ലഭിച്ചത് 'വെളിച്ചം' എന്ന പേരില്‍ നോർത്ത് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയെയാണ്. ഈ യാത്രയില്‍ കൂടുതല്‍ അറിഞ്ഞതും അടുത്തിടപഴകിയതും അവരുമായിട്ടായിരിക്കും. അമേരിക്കയിലെ മുസ് ലിം ജീവിതത്തിന്റെ ഉള്ളറിയാന്‍ അവരെ നിരീക്ഷിച്ചാല്‍ മതി. അമേരിക്കയിലെ മുസ് ലിം സമൂഹത്തിന്റെ ഒരു പരിച്ഛേദമാണവര്‍. 
സംസ്‌കാരം, ഭാഷ, ജീവിതരീതി, ഭൂഖണ്ഡം കൊണ്ടെല്ലാം ഏറെ അകലമുള്ള ഒരു രാജ്യത്തേക്കു പോകുമ്പോള്‍ പല ആശങ്കകളുമുണ്ടായിരുന്നു മനസ്സില്‍. മൂന്ന് ദിവസത്തെ കോണ്‍ഫറന്‍സ് കഴിഞ്ഞാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അമേരിക്കയിലെ മുസ് ലിംകളെ പരിചയപ്പെടാനുമൊക്കെ ഈ രാജ്യത്തെ നന്നായി അറിയുന്ന ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ. അങ്ങനെയാണ് അമേരിക്കയിലെ ഇസ്‌ലാമിക പ്രവര്‍ത്തകരെ കുറിച്ച് അന്വേഷിക്കുന്നത്. സുഹൃത്ത് ബഷീര്‍ തൃപ്പനച്ചിയാണ്, ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഹാമിദി കാവനൂരിന്റെ ഫോൺ നമ്പര്‍ സംഘടിപ്പിച്ചു തരുന്നത്. അദ്ദേഹമാണ് 'വെളിച്ചം' പ്രവര്‍ത്തകരുമായി എന്നെ ബന്ധപ്പെടുത്തുന്നത്. 
ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി എയര്‍പോർട്ടില്‍ മെയ് 19-ാം തീയതി വൈകിട്ട് നാലു മണിക്ക് വിമാനമിറങ്ങുമ്പോള്‍ പുറത്ത് അബ്ദുല്‍ അസീസ് സാഹിബ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 'വെളിച്ചം' സെക്രട്ടറിയായ അദ്ദേഹം കോഴിക്കോട് കുറ്റിക്കാട്ടൂരുകാരനാണ്. 18 മണിക്കൂര്‍ നീണ്ട വിമാനയാത്രയും ഒരു മണിക്കൂറിലേറെ നീണ്ട ഇമിഗ്രേഷന്‍ നടപടിയും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ക്ഷീണിതനായിരുന്നു. എന്നാല്‍, എയര്‍പോര്‍ട്ടിന് പുറത്തുള്ള ആദ്യ അമേരിക്കന്‍ കാഴ്ചകള്‍ തന്നെ എന്നെ ഉത്സാഹഭരിതനാക്കി. ഒരു പുതിയ ലോകം; കൗതുകകരമായ കാഴ്ചകള്‍. വലിയ റോഡുകളും പാലങ്ങളും കടന്ന് കാര്‍ ന്യൂജേഴ്‌സിയെ ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരിക്കുന്നു. അസീസ് സാഹിബ് സൗമ്യനും മിതഭാഷിയുമാണ്. പക്ഷേ, അമേരിക്കയുടെ ഭൂമിശാസ്ത്രം, കാലാവസ്ഥ, ജനങ്ങള്‍ തുടങ്ങി എന്തിനെ കുറിച്ചുമുള്ള എന്റെ ഒരു ചോദ്യത്തിനും അദ്ദേഹം ഉത്തരം തരാതിരുന്നിട്ടില്ല. മാത്രമല്ല, ഒരു യാത്രക്കാരന്‍ എന്ന നിലയില്‍ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുന്ന പ്രകൃതം. സമയം വൈകിട്ട് ആറുമണി കഴിഞ്ഞെങ്കിലും നല്ല വെയിലുണ്ട്. ഇവിടെ ഇപ്പോള്‍ 8.30 കഴിഞ്ഞേ മഗ്‌രിബാകൂ - അസീസ് സാഹിബ് പറഞ്ഞുതുടങ്ങി. ഇവിടെ അസ്വര്‍ 6 മണിക്കും സ്വുബ്ഹ് നാലു മണിക്കുമാണ്. അമേരിക്കയില്‍ പകലിന്റെ ദൈര്‍ഘ്യം കൂടുതലുള്ള സമയമാണിപ്പോള്‍. പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞ് കുറഞ്ഞ് വൈകിട്ട് 4.30-ന് സൂര്യാസ്തമയം (മഗ്‌രിബാകുന്ന) കാലവുമുണ്ട്.
ന്യൂജേഴ്‌സിയെയും ന്യൂയോര്‍ക്ക് സ്‌റ്റേറ്റിനെയും വേര്‍തിരിക്കുന്ന ഹഡ്‌സണ്‍ നദി കുറുകെ കടന്നു ഞങ്ങള്‍ ന്യൂജേഴ്‌സി സ്‌റ്റേറ്റിലേക്ക് പ്രവേശിച്ചു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെ തൊട്ടടുത്ത സ്‌റ്റേറ്റായ ന്യൂജേഴ്‌സിയിലെ എഡിസണിലാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്. എയര്‍പോര്‍ട്ടില്‍നിന്ന് കാറില്‍ ഏകദേശം രണ്ട് മണിക്കൂര്‍ യാത്രയുണ്ട് അങ്ങോട്ടേക്ക്. കണ്ടുപിടിത്തങ്ങളുടെ പിതാവായ തോമസ് ആല്‍വാ എഡിസന്റെ നാടാണിത്. എഡിസണ്‍ തന്റെ ആദ്യ പരീക്ഷണ-ഗവേഷണ കേന്ദ്രമായ മെന്‍ലോ പാര്‍ക് ലാബ് സ്ഥാപിച്ചത് ഇവിടെയാണ്. അങ്ങനെയാണ് ഈ പ്രദേശത്തിന് എഡിസണ്‍ എന്ന പേര് വീണത്. ലോകത്തില്‍ ആദ്യമായി വൈദ്യുത ദീപങ്ങള്‍ തെളിഞ്ഞ ക്രിസ്റ്റി സ്ട്രീറ്റ് ഇവിടെയാണ്. ന്യൂയോര്‍ക്കില്‍ ജോലിയുള്ള നിരവധി ആളുകള്‍ ന്യൂജേഴ്‌സിയില്‍ താമസിക്കുന്നവരാണ്. ട്രെയിനിലോ കാറിലോ ദിവസവും ന്യൂയോര്‍ക്കില്‍ പോയി ജോലി ചെയ്തു തിരിച്ചുവരുന്നു അവര്‍. 
ന്യൂയോര്‍ക്ക് അംബരചുംബികള്‍ നിറഞ്ഞ തിരക്കുപിടിച്ച നഗരമാണെങ്കില്‍ ന്യൂജേഴ്‌സി ഹരിതാഭമായ ഗ്രാമഭംഗി ഏറെയുള്ള സ്‌റ്റേറ്റാണ്. വാഹനങ്ങള്‍ കുതിച്ചുപായുന്ന വീതികൂടിയ റോഡുകള്‍ക്കിരുവശവും വൃക്ഷലതാദികള്‍ ധാരാളമുണ്ട്. കണ്‍നിറയെ പച്ചപ്പ് സമ്മാനിക്കുന്ന മനോഹരമായ ഇവിടത്തെ പുല്‍മേടുകള്‍ അമേരിക്കയിലെ പൊതുവായ ഒരു കാഴ്ചതന്നെ. ജനവാസ മേഖലകളില്‍ ഈ പുല്‍മേടുകള്‍ വേണ്ടത്ര വെള്ളമൊഴിച്ച് സമയാസമയങ്ങളില്‍ വെട്ടിയൊതുക്കി സംരക്ഷിക്കുക ഓരോ വീട്ടുകാരുടെയും ചുമതലയാണ്. തങ്ങളുടെ വീടിന്റെ പരിസരത്തുള്ള പുല്‍മേടുകള്‍ സംരക്ഷിക്കാന്‍ ഓരോ കുടുംബത്തിനും ചില്ലറ ചെലവുമുണ്ട്. ജലദൗര്‍ലഭ്യത കൂടിവരുന്ന ചില പ്രദേശങ്ങളില്‍ ലോണ്‍ നനക്കുന്നത് ഇവിടത്തെ ജനങ്ങള്‍ക്കിടയില്‍ ഒരു സംവാദ വിഷയമായി മാറിയിട്ടുണ്ട്. അടിസ്ഥാനാവശ്യങ്ങള്‍ക്കു പോലും ജലം തികയാതെ വരുമ്പോഴും പുല്‍മേടുകള്‍ നനക്കണമെന്ന നിയമത്തെ ജനങ്ങള്‍ ചോദ്യം ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്തായാലും തങ്ങൾ ജീവിക്കുന്ന ചുറ്റുപാടും പരിസരവും വളരെ ഭംഗിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ അമേരിക്കക്കാര്‍ ബദ്ധശ്രദ്ധരാണ്.
അസീസ് സാഹിബിന്റെ വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ സഹധർമിണി സാബിറ നാട്ടില്‍നിന്നുള്ള ഒരതിഥിയെ സല്‍ക്കരിക്കാന്‍ വേണ്ടതൊക്കെ ചെയ്തിട്ടുണ്ട്. രണ്ട് ദിവസമായി വിമാനത്തിലെ ഇംഗ്ലീഷ് ഭക്ഷണം കഴിച്ച് മടുത്ത എനിക്ക് അവരുടെ കേരളവിഭവങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടു. രാത്രിയാകുന്തോറും തണുപ്പിന് ശക്തിയേറിവരുന്നു. തണുപ്പകറ്റാനുള്ള ജാക്കറ്റോ കട്ടിയുള്ള മേല്‍വസ്ത്രങ്ങളോ ധരിക്കാതെ ഇവിടെ പുറത്തിറങ്ങുക സാധ്യമല്ല. ഇവിടത്തെ തണുപ്പ്; നാടും നഗരവും നദികളും മഞ്ഞുപുതച്ചു കിടക്കുന്ന അതിശൈത്യ കാലാവസ്ഥയാണ്. ആളുകള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥ. പക്ഷേ, ആ കാലാവസ്ഥയെയും അതിജീവിക്കുന്നവരാണിവര്‍. അങ്ങനെയുള്ളവര്‍ക്കേ ഇവിടെ താമസിക്കാനാകൂ. അമേരിക്കയിലേക്ക് ജീവിതം പറിച്ചുനട്ട മലയാളികള്‍ അമേരിക്കന്‍ ലൈഫില്‍ അറിഞ്ഞനുഭവിക്കുന്ന ഒരു വ്യത്യാസം ഇവിടത്തെ കാലാവസ്ഥയാണെന്ന് പലരും പറഞ്ഞുകേട്ടു. ശൈത്യവും വസന്തവും ഗ്രീഷ്മവും, ഹേമന്തവും ഇവിടെ മനുഷ്യര്‍ അറിഞ്ഞനുഭവിക്കുന്നു. 

ന്യൂജേഴ്‌സിയിലെ പള്ളികള്‍

ന്യൂജേഴ്‌സിയില്‍ ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ച പള്ളി എഡിസണിലെ ഓല്‍സെന്‍ അവന്യൂവില്‍ ഉള്ള മസ്ജിദ് അല്‍ വലിയ്യ് ആണ്. 2011-ല്‍ സ്ഥാപിതമായ ഈ പള്ളി മുമ്പ് ഒരു ക്രിസ്ത്യന്‍ ചര്‍ച്ചായിരുന്നു. യൂറോപ്പിലേതു പോലെ, ഇവിടെയും അനേകം ചർച്ചുകള്‍ മുസ്‌ലിം പള്ളികളായി മാറിയിട്ടുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തില്‍ പള്ളികളില്‍ പോകുന്നവരുടെ എണ്ണം കുറഞ്ഞുവരികയും പള്ളി സംരക്ഷിക്കാന്‍തന്നെ ആളില്ലാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ക്രിസ്തുമത വിശ്വാസികള്‍ ചര്‍ച്ചുകള്‍ വില്‍ക്കുന്നത്. മാത്രമല്ല, മതസ്ഥാപനങ്ങളായി തുടങ്ങുന്ന സ്ഥാപനങ്ങള്‍, താമസത്തിനോ മറ്റു കമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കോ ഉപയോഗിച്ചുകൂടെന്ന നിയമവുമുണ്ട്. അതിനാല്‍, അവ മതകേന്ദ്രമായി തന്നെ തുടരണമെന്ന നിയമം മുസ് ലിംകള്‍ക്ക് ഇത്തരം ആരാധനാലയങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കുന്നു.
അമേരിക്കയിലെ പള്ളികളുടെ ഏറ്റവും വലിയ സവിശേഷത അവ കേവലം പള്ളികളല്ല (ആരാധനാലയങ്ങള്‍) എന്നതാണ്. ആരാധനാനുഷ്ഠാന കർമങ്ങള്‍ക്കു പുറമേ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമുദായിക പ്രവര്‍ത്തനങ്ങളുടെയെല്ലാം കേന്ദ്രമാണ് ഇവിടെ പള്ളി. പള്ളിക്കു പുറമേ, ഇത്തരം സംവിധാനങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന കേന്ദ്രം ഇസ് ലാമിക് സെന്റര്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടത്തെ മുസ്‌ലിം ജീവിതത്തില്‍ പള്ളിക്ക് വലിയ സ്വാധീനമുണ്ട്. അതിന്റെ സാധ്യതകളും വളരെ വലുതാണ്. ഇവിടെ പള്ളിയുമായി ബന്ധപ്പെടുന്ന കുടുംബങ്ങളുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചക്കും വികാസത്തിനും ഉതകുന്ന പല പദ്ധതികളും പള്ളി കേന്ദ്രീകരിച്ച് നടപ്പാക്കുന്നു. മസ്ജിദുല്‍ വലിയ്യ് ഇപ്പോള്‍ പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്. പ്രാർഥനക്കെത്തുന്ന വിശ്വാസികളുടെ ബാഹുല്യം മൂലം വെള്ളിയാഴ്ച ദിവസങ്ങളില്‍ ഇവിടെ രണ്ട് പ്രാവശ്യമാണ് ജുമുഅ ഖുത്വ്്ബയും നമസ്‌കാരവും നിര്‍വഹിക്കപ്പെടുന്നത്. ജുമുഅ ഖുത്വ്്ബ ഇംഗ്ലീഷിലാണ്.
ഒരു ഞായറാഴ്ചയാണ് ഞങ്ങള്‍ ഈ പള്ളി സന്ദര്‍ശിച്ചത്. പള്ളിക്ക് ചുറ്റുവട്ടത്തുള്ള വിശാലമായ മുറ്റത്ത് ഒരു കമ്യൂണിറ്റി ഗെറ്റുഗദര്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും ഉയര്‍ന്ന പങ്കാളിത്തമാണ് ഇവിടത്തെ ഏതൊരു മുസ് ലിം ഇവന്റിലെയും പ്രത്യേകത. അതിവിടെയും കാണാം. ഇസ് ലാമിക രീതിയില്‍ വസ്ത്രം ധരിച്ച സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയില്‍ പ്രത്യേക മറകളോ വേര്‍തിരിക്കുന്ന മതിലുകളോ ഇല്ല. എല്ലാവരും ചേര്‍ന്ന് ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്നു. പള്ളിയുടെ അകത്ത് സ്ത്രീകള്‍ക്ക് ഇരിക്കാന്‍ പ്രത്യേകം സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും പുരുഷന്‍മാര്‍ അവരെ കാണാത്തവിധം മറച്ചിട്ടില്ല. ചില്‍ഡ്രന്‍സ് പാര്‍ക്കും, ചെറിയ കുട്ടികള്‍ക്കുള്ള കളിക്കോപ്പുകളുമൊക്കെ ഇവിടെ ഏതൊരു പള്ളിയിലെയും അടിസ്ഥാന സൗകര്യങ്ങളിൽ പെട്ടവയാണ്്. 

മിഡിൽസെക്‌സ് ഇസ്‌ലാമിക് സെന്റര്‍

രണ്ടാമത് ഞങ്ങള്‍ സന്ദര്‍ശിച്ച പള്ളി മിഡില്‍സെക്‌സിലെ പള്ളിയാണ്. MCMC (Muslim Centre of Middlesex County) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ഇസ് ലാമിക് സെന്ററിന് കീഴിലും പള്ളിക്ക് പുറമേ, മറ്റു വിദ്യാഭ്യാസ-സാംസ്‌കാരിക സഹസ്ഥാപനങ്ങളും ഉണ്ട്. ഒരു അസ്വ്്ര്‍ നമസ്‌കാരത്തിനാണ് ഞങ്ങള്‍ ആ പള്ളിയില്‍ എത്തുന്നത്. ഒരു ഇന്റര്‍ഫെയ്ത്ത് പരിപാടി നടന്നുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍ അവിടെ. ഒരു ക്രിസ്ത്യന്‍ സെമിനാരിയിലെ വിദ്യാർഥികളും പുരോഹിതന്‍മാരും അധ്യാപകരുമടങ്ങുന്ന ഒരു സംഘം മുസ്‌ലിം പണ്ഡിതന്‍മാരുമായി ചേര്‍ന്ന് പള്ളിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഒരു ദിവസത്തെ ശില്‍പശാലയാണ് നടക്കുന്നത്. ആ പരിപാടിയില്‍ സംബന്ധിക്കുന്ന ക്രിസ്ത്യന്‍ സഹോദരന്‍മാര്‍ക്ക് പള്ളിയുടെ ഒരു ഭാഗത്തിരുന്ന് നമസ്‌കാരം ആദ്യാവസാനം വീക്ഷിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ ക്രിസ്ത്യന്‍ പ്രതിനിധികള്‍ക്ക് മുമ്പില്‍ നമസ്‌കാരശേഷം ഇമാം ഒരു ലഘു ഭാഷണം നടത്തി. പള്ളിയില്‍ സന്നിഹിതരായ മുസ് ലിംകളെ ഇമാം ആ ക്രിസ്ത്യന്‍ അതിഥികളെ പരിചയപ്പെടാന്‍ ക്ഷണിച്ചു. അതില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ അതിഥികള്‍ക്ക് അതെന്തായാലും നല്ലൊരു അനുഭവമാണെന്നതില്‍ സംശയമില്ല. ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു മതത്തെ കുറിച്ചുള്ള പുതിയ അറിവുകളുടെയും ഉള്‍ക്കൊള്ളലിന്റെയും സംതൃപ്തി ആ മുഖങ്ങളില്‍ കാണാം. ആ അതിഥികളെ ഹസ്തദാനം ചെയ്ത് സ്‌നേഹാദരവുകളോടെ സ്വീകരിക്കുന്ന വിശ്വാസി സമൂഹത്തില്‍ ഞാനും ഒരാളായി. ഇസ് ലാമിനെ കുറിച്ച് ഏറെ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്ന ഇക്കാലത്ത്, സഹോദര സമുദായങ്ങളെ അറിയാനും അവരുമായി ഒരുമിച്ചിരിക്കാനും കഴിയുന്ന ഇതുപോലുള്ള  പരിപാടികള്‍ എന്തുകൊണ്ടും ശ്ലാഘനീയമാണ്.  
2020-ല്‍ നടത്തിയ ഒരു സര്‍വേ പ്രകാരം അമേരിക്കയില്‍ 2769 പള്ളികളുണ്ട്. 2010 മുതല്‍ 2020 വരെ പത്ത് വര്‍ഷത്തിനുള്ളില്‍ പള്ളികളുടെ എണ്ണത്തിൽ അമേരിക്കയില്‍ 31 ശതമാനം വര്‍ധനയുണ്ടായി. 2000 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളിലാണ് പള്ളികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വര്‍ധനവുണ്ടായത് - 74 ശതമാനം വളര്‍ച്ച. 2000-ല്‍ 1209 പള്ളികളുണ്ടായിരുന്ന അമേരിക്കയില്‍ 2010 ആയതോടെ 2106 പള്ളികളായി. l
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 29-33
ടി.കെ ഉബൈദ്

ഹദീസ്‌

സഞ്ചരിക്കുന്ന രക്തസാക്ഷി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്