Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 04

3312

1445 മുഹർറം 17

മാതാക്കളിലൂടെ തലമുറകളിലേക്ക്

ഫാത്തിമ മൂസ

 1970 മുതലാണ് ഞാൻ പ്രബോധനം വാരിക കാണുന്നത്. വിവാഹ സുദിനത്തിൽ, വിവാഹ വസ്ത്രത്തോടൊപ്പം ബാഗിൽ  പ്രബോധനം വാരികയും മാസികയും ചില ഇസ്്ലാമിക സാഹിത്യങ്ങളും ഉണ്ടായിരുന്നു. അന്നത് ആദ്യമായി കാണുകയാണ് ഞാനും വീട്ടുകാരും.


 ഇണയായി ജീവിതത്തിലേക്ക് വന്ന വി. മൂസ മൗലവിയോടൊപ്പം, പിന്നീടങ്ങോട്ട് പ്രബോധനത്തിന്റെ വായനക്കാരിയായി ഞാനും മാറി. അന്ന് പ്രബോധനം രണ്ടു രീതിയിലാണ് ഇറങ്ങിയിരുന്നത്.
ഒന്നു വാരികയും മറ്റേതു മാസികയും. ഓരോന്നിലും മൂല്യവത്തായ ധാരാളം ലേഖനങ്ങളും വിശകലനങ്ങളും ഖുർആൻ, ഹദീസ് പഠനങ്ങളും സംശയനിവാരണങ്ങളും തുടങ്ങി ഒരു പഠിതാവിന് വേണ്ട എല്ലാം ഉണ്ടായിരുന്നു.


 വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ പ്രബോധനം വരാൻ കാത്തിരിക്കുമായിരുന്നു. ഭർതൃവീട്ടിൽ ഉമ്മയും മക്കളും വാരികയുടെ വായനക്കാരായിരുന്നു. പ്രബോധനം വന്നാൽ ഉമ്മയായിരിക്കും ആദ്യം വായിക്കുക. അതിനുശേഷമേ മറ്റുള്ളവർക്ക് കിട്ടുകയുള്ളൂ.


 വായനയിൽ നല്ല മത്സരമാണ് വീട്ടിൽ നടക്കുക. അത്രയേറെ ആകർഷിച്ചിരുന്നു പ്രബോധനം ഞങ്ങളെ. ചിലപ്പോൾ ഒരാൾ വായിച്ച് മറ്റുള്ളവർ കേട്ടിരിക്കും. കുറച്ചു കഴിഞ്ഞ് പ്രബോധനം എല്ലാം ചേർത്ത് വാരികയായി വരാൻ തുടങ്ങി.


 പ്രബോധനം കൈയിൽ കിട്ടിയാൽ ഞാൻ ആദ്യം വായിക്കുന്നത് കത്തുകൾ,  ചോദ്യോത്തരം, പ്രസ്ഥാന പരിപാടികളുടെ വാർത്തകൾ, ആനുകാലിക വിഷയങ്ങളിലെ ലേഖനങ്ങൾ, ചരിത്ര സംഭവങ്ങൾ തുടങ്ങിയവയാണ്. പലതും തെരഞ്ഞെടുത്ത് വായിക്കും. പ്രബോധനം വായനയാണ് എനിക്ക് ഭാഷാപരമായ വളർച്ച നേടിത്തന്നത്. അതുകൊണ്ടുതന്നെ വീട്ടിൽ മക്കളും നല്ല ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. മക്കളെ രൂപപ്പെടുത്തുന്നതിൽ മാതാക്കളുടെ സ്വാധീനം നിർണായകമാണല്ലോ. എങ്കിൽ, പ്രബോധനം വായിക്കുന്ന മാതാക്കളിലൂടെ, ഉന്നതമായൊരു സംസ്കാരമാണ് തലമുറകളിലേക്ക് പടരുന്നത്.

 പ്രബോധനത്തിലെ ചില വാക്കുകൾ വളരെ ഗാംഭീര്യമുള്ളവയാണ്.  അവയുടെ അർഥം പോലും ചിലപ്പോൾ മനസ്സിലാകുമായിരുന്നില്ല. അറിയാത്ത വാക്കുകൾ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കുകയാണ് ചെയ്യാറ്. അങ്ങനെ ഭാഷാ പഠനത്തിന്റെ പ്രചോദനം കൂടിയായി പ്രബോധനം.
പിന്നീട്, പ്രസ്ഥാന നേതൃത്വത്തിലേക്ക് കടന്നുവന്നതോടുകൂടി പ്രബോധനത്തിൽ ചിലതൊക്കെ എഴുതാനും അവസരമുണ്ടായി- അൽഹംദു ലില്ലാഹ്.


 അങ്ങനെ, എന്നെപ്പോലെ ആയിരങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പ്രബോധനത്തിന് സാധിച്ചിട്ടുണ്ട്.  ഒരുപാട് പേർക്ക് ഇസ്്ലാമിനെയും  പ്രസ്ഥാനത്തെയും കാലഘട്ടത്തെയും അതിലെ നന്മ-തിന്മകളെയും വേർതിരിച്ചു മനസ്സിലാക്കാൻ പ്രബോധനം വഴിതുറന്നിട്ടുണ്ട്.


 ഇന്നും ഇസ്്ലാമിന്റെ മുഖമായി, ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ മുദ്രയായി ഉയർന്നുനിൽക്കുന്ന പ്രബോധനം വാരികക്ക്, നമ്മുടെ ജീവിതത്തിൽ, വായനയിൽ കൂടുതൽ പരിഗണന നൽകേണ്ടതുണ്ട്.  തലമുറകൾക്ക് വെളിച്ചമേകി,  സമൂഹത്തിനും രാജ്യത്തിനും മൂല്യബോധനമായി, ഇസ്്ലാമിനും പ്രസ്ഥാനത്തിനും മുതൽക്കൂട്ടായി  പ്രബോധനം നിലകൊള്ളട്ടെ എന്ന് പ്രാർഥിക്കുന്നു. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 29-33
ടി.കെ ഉബൈദ്

ഹദീസ്‌

സഞ്ചരിക്കുന്ന രക്തസാക്ഷി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്