Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 04

3312

1445 മുഹർറം 17

മുതിർന്നവരാണ് കുട്ടികളുടെ സ്വഭാവം നിർണയിക്കുന്നത്

ബഷീർ തൃപ്പനച്ചി

 കുട്ടികളുടെ അച്ചടക്കം മുതിർന്നവരുടെ എക്കാലത്തെയും ഒരു വലിയ വിഷയമാണ്. സ്വഭാവം, പെരുമാറ്റം, സംസാര രീതി, ശരീര ഭാഷ, ഇടപെടലുകൾ, പഠനത്തിലുള്ള ശ്രദ്ധ എന്നിവയിൽ കുട്ടികൾ ഉയർത്തിപ്പിടിക്കണമെന്ന് മുതിർന്നവർ വിശ്വസിക്കുന്ന മിതത്വത്തിന്റേതായ ഒരു സങ്കൽപമുണ്ട്. നിയതമായ ചില മാനദണ്ഡങ്ങൾ അതിന് മുതിർന്നവർ നിശ്ചയിച്ചുവെച്ചിട്ടുമുണ്ട്. കുട്ടികൾ ആ പരിധി വിടുമ്പോൾ നാമതിന് അച്ചടക്കരാഹിത്യം എന്നും ചിലപ്പോൾ അച്ചടക്ക ലംഘനമെന്നും മുദ്രകുത്തും. 
എങ്ങനെയാണ് കുട്ടികളിൽ സ്വഭാവം രൂപപ്പെടുന്നത്, അല്ലെങ്കിൽ എങ്ങനെ അത് രൂപപ്പെടുത്താനാവും എന്ന് ലളിതമായി പറഞ്ഞുതരികയാണ് ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ 'നക്ഷത്രങ്ങളാണ് കുട്ടികൾ' എന്ന പുസ്തകം. രക്ഷിതാക്കളും അധ്യാപകരും മുതിർന്നവരുമാണ് കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിൽ നിർണായക പങ്കുവഹിക്കുന്നത്. അതിനാൽ, അവരെയാണ് ഈ പുസ്തകം അഭിസംബോധന ചെയ്യുന്നത്.

 എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ കുട്ടികൾ മിടുക്കരും  വിജയികളും ആകാനാണ്. ശിശുമനഃശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങൾ മനസ്സിലാക്കാതെ കുട്ടികളുടെ ഭാവി ആസൂത്രണം ചെയ്യാൻ ശ്രമിച്ചാൽ ഈ ലക്ഷ്യം പൂർത്തീകരിക്കാനാവില്ല. കുട്ടികളെക്കുറിച്ച് തീർച്ചയായും നമുക്ക് നല്ല സ്വപ്നങ്ങൾ ഉണ്ടാകണം. ആ സ്വപ്നങ്ങൾ പക്ഷേ, കുട്ടികളുടെ അഭിരുചികൾ നമ്മുടെ മറ്റെന്തെങ്കിലും അഭിലാഷങ്ങളുമായി സംഘർഷപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. എല്ലാവർക്കും എല്ലാം നേടാനാകും എന്ന് നാം ധരിക്കരുത്. അവസരങ്ങൾ ഒരുക്കുക, ജീവിതാനുഭവങ്ങൾ നൽകുക എന്നതാണ് മുതിർന്നവരുടെ ധർമം. കുട്ടികൾ അവരുടെ നിയോഗം പോലെ എത്തേണ്ടിടത്ത് എത്തിക്കൊള്ളും. കുട്ടികൾക്ക് അവരുടെ കുട്ടിക്കാലത്ത് കിട്ടേണ്ടത് കിട്ടാതിരിക്കുമ്പോഴാണ് പലപ്പോഴും എത്തേണ്ടിടത്ത് എത്താൻ കഴിയാതെ പോകുന്നത്. പാരന്റിംഗും  അധ്യാപനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും അധ്യാപകരും മുതിർന്നവരും മനസ്സിലാക്കേണ്ട ഇത്തരം കുറെ കാര്യങ്ങളാണ് ഈ പുസ്തകം ലളിതമായി പറയുന്നത്. ഒറ്റയടിക്ക് വായിക്കാവുന്ന രീതിയിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം ഗ്രന്ഥകർത്താവ് ക്രമീകരിച്ചിരിക്കുന്നത്. 


 രണ്ടോ മൂന്നോ പേജിൽ ഒതുങ്ങുന്ന ചെറു കുറിപ്പുകളാണ് ഓരോ അധ്യായവും. ദീർഘകാലം അധ്യാപകനും അധ്യാപക പരിശീലകനുമായ കുഞ്ഞുമുഹമ്മദ് പുലവത്ത് തന്റെ അനുഭവങ്ങൾ കൂടി കലർത്തി അവതരിപ്പിക്കുന്ന ശൈലിയാണ്  പുസ്തകത്തിൽ സ്വീകരിച്ചിട്ടുള്ളത്. അതിനാൽതന്നെ ഈ പുസ്തകത്തിന്റെ വായന താളാത്മകമായ ഒരു ഒഴുക്കായി അനുഭവപ്പെടും. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 29-33
ടി.കെ ഉബൈദ്

ഹദീസ്‌

സഞ്ചരിക്കുന്ന രക്തസാക്ഷി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്