Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 04

3312

1445 മുഹർറം 17

എന്താണ് "മസ് ലഹ മുർസല'?

കെ. ഇൽയാസ് മൗലവി

 ഇസ്‌ലാമിക ശരീഅത്തിന്റെ ഏറ്റവും പ്രധാന സവിശേഷതകളിൽ പെട്ടതാണ് അതിന്റെ കാലാതിവർത്തിത്വം. അഥവാ, ഏത് കാലത്തേക്കും ഏത് ദേശത്തേക്കും അനുയോജ്യമായ നിയമങ്ങളും വിധിവിലക്കുകളും പ്രദാനം ചെയ്യാനും പ്രയോഗവൽക്കരിക്കാനുമുള്ള ശേഷി. ഇങ്ങനെ കാല-ദേശ വ്യത്യാസങ്ങൾക്കനുസൃതമായി വിധികൾ നിർധാരണം ചെയ്യാൻ സഹായിക്കുന്ന ഏറ്റവും കാര്യശേഷിയുള്ള ടൂളുകളിലൊന്നാണ് 'മസ്‌ലഹ മുർസല'.


 ശരീഅത്തിന്റെ വീക്ഷണത്തിൽ മസ്‌ലഹത്ത് എന്നതിന്റെ വിവക്ഷ എന്താണ്? അത് എത്ര വിധമുണ്ട്? മസ്‌ലഹ മുർസല തെളിവാകുന്നത് അഥവാ വിധിനിർധാരണത്തിന് ആധാരമാകുന്നത് എപ്പോൾ? മസ്‌ലഹ മുർസല തെളിവായി സ്വീകരിക്കുമ്പോൾ പരിഗണിക്കേണ്ട ഉപാധികൾ എന്തൊക്കെ? മസ്‌ലഹ മുർസല അടിസ്ഥാനമാക്കി ആവിഷ്കരിച്ചിട്ടുള്ള നിയമങ്ങൾക്ക്  ഇക്കാലത്തെ ഉദാഹരണങ്ങൾ എന്തൊക്കെ, മസ്‌ലഹ മുർസല തെളിവാണെന്ന് കുറിക്കുന്ന അടിസ്ഥാനങ്ങൾ എന്തൊക്കെ? ഇതൊക്കെയാണ് ഇവിടെ ചർച്ച ചെയ്യുന്നത്.


മസ്‌ലഹയുടെ വിവക്ഷ 

മസ്‌ലഹ: الْمَصْلَحَة എന്ന വാക്കിന്റെ ആശയം പൂർണമായും പ്രതിഫലിപ്പിക്കുന്ന ഒറ്റപ്പദം മലയാളത്തിൽ ഇല്ല. ക്ഷേമം, ഐശ്വര്യം, നേട്ടം, പ്രയോജനം, താൽപര്യം, ഉപകാരം, നന്മ എന്നൊക്കെ പറയാം. ഇതിന്റെ നേരെ വിപരീതമാണ് മഫ്്സദത്ത് (الْمَفْسَدَة). അഥവാ നാശം, തിന്മ, ദോഷം, കോട്ടം, ഉപദ്രവം എന്നൊക്കെയർഥം.
ദൈവദാസന്മാരുടെ മസ്‌ലഹത്ത് ഉറപ്പുവരുത്തുക എന്നതാണ് ഇസ്്ലാമിക ശരീഅത്തിന്റെ മുഖ്യ ലക്ഷ്യമായി കർമശാസ്ത്ര വിശാരദന്മാർ പറഞ്ഞിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ അവർ നൽകിയ വിശദീകരണങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:

1. നാശം തടയുക, ദോഷം ഇല്ലാതാക്കുക, ഉപദ്രവം വരുത്താതിരിക്കുക.

2. നന്മ കൈവരുത്തുക, ഗുണം ഉണ്ടാക്കുക, പ്രയോജനം ഉളവാക്കുക, ക്ഷേമം ഉറപ്പുവരുത്തുക.

3. പ്രയാസം എടുത്തുകളയുക, ഞെരുക്കം ഒഴിവാക്കുക, എളുപ്പമുണ്ടാക്കുക, സൗകര്യം ചെയ്യുക.
ഇസ്്ലാമിലെ ഏതൊരു വിധിയിലും ഈ പറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങൾ കൂടിയോ കുറഞ്ഞോ അളവിൽ ഉണ്ടായിരിക്കും എന്ന് ഉറപ്പാണ്. അത് നമുക്ക് ബോധ്യപ്പെടട്ടെ, ബോധ്യപ്പെടാതിരിക്കട്ടെ.
മസ്‌ലഹത്തുകൾ മൂന്നു വിധമാണ്. പ്രമാണങ്ങളുടെ വെളിച്ചത്തിലാണ് പണ്ഡിതന്മാർ ഇങ്ങനെ തരം തിരിച്ചിട്ടുള്ളത്:

1. ഇസ്്ലാമിക ശരീഅത്ത് പരിഗണിക്കുകയും മുഖവിലക്കെടുക്കുകയും ചെയ്തിട്ടുള്ള മസ്‌ലഹത്ത് (الْمَصْلَحَةُ الْمُعْتَبَرَةُ).

2. പ്രത്യക്ഷത്തിൽ മസ്‌ലഹത്താണ് എന്ന് ഒരു വേള തോന്നാമെങ്കിലും ഇസ്്ലാമിക ശരീഅത്ത് അത് പരിഗണിക്കുകയോ മുഖവിലക്കെടുക്കുകയോ ചെയ്യാതെ അവഗണിച്ചിരിക്കുന്നു (الْمَصْلَحَةُ الْمُلْغَاة).


3. ശരീഅത്ത് പരിഗണിച്ചതായോ അവഗണിച്ചതായോ യാതൊരു തെളിവും പ്രമാണവും വന്നിട്ടില്ലാത്ത, എന്നാൽ മസ്‌ലഹത്താണ് എന്ന് അനുമാനിക്കാവുന്ന ഇനം. സൂക്ഷ്മമായി പഠിക്കുമ്പോൾ അവയിൽ മഫ്്സദത്തും (ദോഷം) ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം മസ്‌ലഹത്തുകൾക്കാണ് ഫിഖ്ഹിന്റെ സാങ്കേതിക ഭാഷയിൽ അൽമസ്‌ലഹത്തുൽ മുർസല (الْمَصْلَحَةُ الْمُرْسَلَةُ) എന്ന് പറയുന്നത്.


ഇത്തരം മസ്‌ലഹത്തുകളെ സംബന്ധിച്ച് അതിന്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ചാൽ ഒന്നുകിൽ അത് ശരീഅത്ത് പരിഗണിച്ച മസ്‌ലഹത്തിനോട് ചായ്്വ് പുലർത്തുന്നവയായിരിക്കും; അല്ലെങ്കിൽ അവഗണിച്ച മസ്‌ലഹത്തിനോട് ചായ്്വ് പുലർത്തുന്നവയായിരിക്കും. ഇവിടെ ദോഷത്തെക്കാൾ ഏറെ ഗുണവും കോട്ടത്തെക്കാൾ ഏറെ നേട്ടവും ഉപദ്രവത്തെക്കാൾ ഏറെ ഉപകാരവും തിന്മയെക്കാൾ ഏറെ നന്മയുമാണ് മികച്ചു നിൽക്കുന്നതെങ്കിൽ അതെല്ലാം മുഖവിലക്കെടുത്തുകൊണ്ട് അക്കാര്യം അനുവദനീയമായവയുടെ ഗണത്തില്‍ പെടുത്തുകയാണ്  കർമശാസ്ത്ര പണ്ഡിതന്മാർ പൊതുവെ സ്വീകരിക്കുന്ന നിലപാട്. ഇവിടെയാണ് മസ്‌ലഹ മുർസല ഒരു പ്രമാണമായിത്തീരുന്നത്. ഈ തത്ത്വം ആവിഷ്കരിക്കാൻ ഫുഖഹാക്കൾക്ക് അവലംബം മദ്യത്തെയും ചൂതാട്ടത്തെയും സംബന്ധിച്ച് അല്ലാഹു പറഞ്ഞ കാര്യമാണ്. അവ രണ്ടിലുമുള്ള പാപം അവയുടെ ഉപകാരത്തെക്കാൾ വലുതാണ് എന്നതാണ് ആ തത്ത്വം.


 ഖുര്‍ആനിലോ സുന്നത്തിലോ വ്യക്തമായ വിധി വന്നിട്ടില്ലാത്ത വിഷയങ്ങളിലാണ് മസ്‌ലഹ മുർസല വിധി നിർധാരണത്തിന്റെ അവലംബമായിത്തീരുന്നത്. ഒരു വിഷയത്തിൽ വ്യക്തമായ വിധി വന്നിട്ടില്ലെങ്കിലും സമാനമായ വിഷയത്തിൽ വിധി വന്നിട്ടുണ്ടെങ്കിൽ മസ്‌ലഹ മുർസല തെളിവാകുകയില്ല. കാരണം, അവിടെ ഖിയാസ് ചെയ്യാനുള്ള പഴുതുണ്ട്. ചുരുക്കത്തിൽ ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ പ്രമാണങ്ങൾ ബാധകമല്ലാത്തപ്പോൾ മാത്രമേ മസ്‌ലഹ മുർസല പരിഗണിക്കപ്പെടുകയുള്ളൂ.


മസ്‌ലഹ മുർസല പരിഗണിക്കുമ്പോൾ അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട നിബന്ധനകൾ:
1. അത് ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് യോജിക്കുന്നതായിരിക്കണം. ശരീഅത്തിന്റെ അടിസ്ഥാന തത്ത്വങ്ങളോടോ വ്യക്തമായ പ്രമാണങ്ങളോടോ ഏറ്റുമുട്ടുന്നതാണെങ്കിൽ അവിടെ മസ്‌ലഹ മുർസല പരിഗണിക്കുന്നതല്ല.

ഉദാഹരണമായി, പലിശ. ഇന്ന് കാണുന്ന പല വികസന പ്രവർത്തനങ്ങളുടെയും പിന്നിൽ ബാങ്ക് ലോണാണെന്നും അത് വ്യക്തിക്കും സമൂഹത്തിനും ഒരു പോലെ മസ്‌ലഹത്താണെന്നും, ആരോഗ്യവും ക്രയശേഷിയും സാമർഥ്യവുമുള്ള ഒരാൾ സമ്പത്തിന്റെ ഒറ്റ കുറവ്കൊണ്ട് നിഷ്ക്രിയനായി ഇരിക്കുന്നത് ആർക്കും ഒരു ഗുണവുമുണ്ടാക്കില്ലെന്നും, ഒരാൾ അയാളെ സാമ്പത്തികമായി സഹായിച്ചാൽ അതിന്റെ ഗുണം ഇരുവർക്കും കിട്ടില്ലേ എന്നുമൊക്കെ ഒരാൾ വാദിച്ചെന്നിരിക്കട്ടെ. എങ്കിൽ ഇപ്പറഞ്ഞ ന്യായങ്ങളൊക്കെ ശരിയാണെന്ന് വാദത്തിന് അംഗീകരിച്ചാൽ പോലും പലിശ അനുവദനീയമാവുന്ന പ്രശ്നമില്ല.

  പെണ്മക്കൾക്ക് ആണ്മക്കളെ പോലെ തന്നെ അനന്തരാവകാശമുണ്ട് എന്ന വാദവും ഇതു പോലെ തന്നെ സ്വീകാര്യമല്ല. കാരണം, ഓരോരുത്തരുടെയും വിഹിതം അല്ലാഹു കൃത്യവും വ്യക്തവുമായ ശൈലിയിൽ വ്യക്തമാക്കിയിരിക്കെ അതിന് വിരുദ്ധമായ ഒരു വിധിയും മസ്‌ലഹത്തിന്റെ പേര് പറഞ്ഞ് ഉണ്ടാക്കിക്കൂടാ. അങ്ങനെ മാറ്റാൻ സ്വാതന്ത്ര്യമുള്ളതോ പഴുതുള്ളതോ ആയ വിഷയമല്ല ഇത്‌. ഇത്തരം നിയമങ്ങൾ മാറ്റുക എന്നു പറഞ്ഞാൽ ദൈവിക വിധികളുടെ സ്ഥായീഭാവത്തെയും അതിന്റെ കാലാതിവർത്തിത്വത്തെയും ചോദ്യം ചെയ്യലും നിഷേധിക്കലുമാണ്. 


2. ഈ മസ്‌ലഹത്ത് ബുദ്ധിക്ക് നിരക്കുന്നതും സുഗ്രാഹ്യമായതും, അതിലടങ്ങിയ യുക്തി വ്യക്തമായും വിശദമായും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതുമായിരിക്കണം. ഉദാഹരണമായി വുദൂ, നമസ്കാരം, നോമ്പ് തുടങ്ങിയ ആരാധനാനുഷ്ഠാനങ്ങൾ. അത്തരം കാര്യങ്ങളുടെ യുക്തി തത്ത്വത്തിലും മൊത്തത്തിലും മനസ്സിലാക്കാമെന്നല്ലാതെ വിശദാംശങ്ങളുടെ യുക്തി എന്താണെന്ന് ബുദ്ധിക്ക് കണ്ടെത്താൻ കഴിഞ്ഞുകൊള്ളണമെന്നില്ല. ത്വലാഖ്, ഇദ്ദ, അനന്തരാവകാശം തുടങ്ങി എണ്ണം പറഞ്ഞ വിധിവിലക്കുകളും ഈ ഗണത്തിൽ പെട്ടതാണ്. ഉദാഹരണമായി, ഭർത്താവ് മരിച്ച സ്ത്രീ നാലു മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കണമെന്നാണ് അല്ലാഹുവിന്റെ കൽപന. ഇതിൽ പല യുക്തികളും അടങ്ങിയിട്ടുണ്ടെന്നും ഇതിലൂടെ മസ്്ലഹത്താണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നും പൊതുവായി നമുക്ക് മനസ്സിലാക്കാം. എന്നാല്‍, എന്തുകൊണ്ട് നാലു മാസം എന്ന് പറഞ്ഞു, എന്തു കൊണ്ട് പത്തു ദിവസം എന്ന് കൃത്യമാക്കി പറഞ്ഞു, എന്തുകൊണ്ട് ഒമ്പതു ദിവസമായില്ല? ഇത്യാദി ചോദ്യങ്ങൾക്കൊന്നും യാതൊരു പ്രസക്തിയുമില്ല. കാരണം, അവയെല്ലാം നിർദേശിക്കപ്പെട്ട അതേപടി അനുഷ്ഠിക്കാൻ ബാധ്യതപ്പെട്ടവരാണ് വിശ്വാസികൾ.


3. ഈ മസ്‌ലഹത്തുകൾ, ഇസ്്ലാമിക ശരീഅത്ത് അനിവാര്യമായും സംരക്ഷിച്ചിട്ടുണ്ട് എന്ന് ഉറപ്പുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടതായിരിക്കണം. ദീൻ, ശരീരം, സമ്പത്ത്, അഭിമാനം, വംശം എന്നിവ പോലെ. ഉദാഹരണമായി കിഡ്നി പോലുള്ള അവയവ മാറ്റ ശസ്ത്രക്രിയ അനുവദനീയമാണെന്ന് അഭിപ്രായപ്പെടുന്ന ഫുഖഹാക്കളെ സംബന്ധിച്ചേടത്തോളം ഇത്‌ ഒരാളുടെ ജീവന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യമാണ്. അതുപോലെ മറ്റൊരു ഉദാഹരണമാണ് പോസ്റ്റ്‌മോർട്ടം. മൃതദേഹം എത്രയും പെട്ടെന്ന് മറവു ചെയ്യുക എന്നതാണ് ശരീഅത്ത് അനുശാസിക്കുന്നത്. എന്നാല്‍, ചിലരുടെ മരണത്തിൽ ദുരൂഹത ഉണ്ടായേക്കാം. അത്തരം  ദുരൂഹതകൾ നീക്കാനും കുറ്റകൃത്യം തിരിച്ചറിയാനും ഉറപ്പുവരുത്താനും കുറ്റവാളികളെ തിരിച്ചറിഞ്ഞ് നിയമത്തിനു മുന്നിൽ കൊണ്ടുവരാനുമൊക്കെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യൽ അനിവാര്യമായി വരും. ഇവിടെ ആധാരമാക്കുന്ന തെളിവ് മസ്‌ലഹ മുർസല ആയിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 29-33
ടി.കെ ഉബൈദ്

ഹദീസ്‌

സഞ്ചരിക്കുന്ന രക്തസാക്ഷി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്