കൈവെട്ടും "കേരള പൊതുബോധ' നിർമിതിയും
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2010 മുതല്‍ 2021 വരെ കേരളത്തില്‍ നടന്ന രാഷ്ട്രീയ – വര്‍ഗീയ കൊലപാതകങ്ങള്‍ 3943 ആണ്. അതായത്, ആശയവൈരുധ്യങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ഒരു വര്‍ഷം ശരാശരി 360 മനുഷ്യജീവനുകള്‍ പൊലിഞ്ഞു പോകുന്നു എന്നർഥം. അതില്‍ 2016 നവമ്പര്‍ 19-ന് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഒരൊറ്റ വെട്ടിനു കൊല്ലപ്പെട്ട പുല്ലാണി ഫൈസല്‍ എന്ന അനില്‍ കുമാര്‍ ഉണ്ട്. ആറാം നൂറ്റാണ്ടിലെ ‘പ്രാകൃത’ത്വത്തില്‍ ആകൃഷ്ടനായി ഒരുറുമ്പിനെ പോലും നോവിക്കാതെ ജീവിച്ചു എന്നതായിരുന്നു ‘പാതകം.’ അതിനും നാലു വര്‍ഷം മുമ്പ് 2012 മെയ് 4-ന് വടകരയില്‍ വെച്ചു 51 വെട്ടില്‍ ചിതറിയ ടി.പി ചന്ദ്രശേഖരനുമുണ്ട്. ‘കുലം കുത്ത്’ എന്ന ‘മെന്‍ഷവിക്’ റിവിഷനിസമാണ് കുറ്റം. പിന്നെയുമുണ്ട് പ്രോലെറ്റേറിയേറ്റ് – സനാതന നിഗ്രഹങ്ങള്‍ക്ക് ഉദാഹരണങ്ങള്‍. 2015 ജൂലൈ 9-ന് മദ്റസയിലേക്ക് പോകുംവഴി വെട്ടിക്കൊല്ലപ്പെട്ട കാസര്‍കോട്ടെ എട്ടു വയസ്സുകാരന്‍ ഫഹദ്; 2017 മാര്‍ച്ച് 20-ന് കാസര്‍കോട്ട് തന്നെയുള്ള ഒരു പള്ളിയില്‍ വെച്ചു ഉറക്കത്തില്‍ അറുക്കപ്പെട്ട റിയാസ് മൗലവി... അതെല്ലാം ഒന്നുകില്‍ സമത്വസുന്ദരമായ സ്റ്റാലിനിസ്ഥാന് വേണ്ടിയോ അല്ലെങ്കില്‍ ‘തിരുവങ്ങാട് രാമരാജ്യ’ത്തിനു വേണ്ടിയോ ആയതിനാല്‍ വര്‍ഗരഹിത ഇഞ്ചക്കുണ്ട് സഖാക്കള്‍ക്കും ദേശഭക്ത ശിരോമണികള്‍ക്കും പരിഭവമില്ല. അതുകൊണ്ടാണ് 1992 ആഗസ്റ്റ് 6-ന് ബാബരി മസ്ജിദ് തകര്‍ത്ത അതേ ദിവസം തന്നെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ വലത് കാല്‍ ആര്‍.എസ്.എസിന്റെ ബോംബേറില്‍ തകര്‍ന്നപ്പോള്‍ അത് ‘കേരളം കണികണ്ടുണര്‍ന്ന നന്മ’യായി മാറിയതും; 2010 ജൂലൈ 4-ന് തൊടുപുഴയിലെ ഒരു മലയാളം പ്രഫസറുടെ വലത് കൈപ്പടത്തിനു വെട്ടേറ്റപ്പോള്‍ ‘അറ്റുപോവാത്ത ഓർമകളായി’ ഒരു വ്യാഴവട്ടത്തിനു ശേഷവും ‘കേരളീയ പൊതുബോധ’ത്തില്‍ വിങ്ങി നീറുന്നതും.
വടകരയിലെ 51 വെട്ട് നടക്കുന്നതിനും രണ്ടു വര്‍ഷം മുമ്പ് 2010 ജൂലൈ 4-നാണ് ടി.ജെ ജോസഫ് എന്ന മലയാളം പ്രഫസറുടെ വലത് കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ചിലയാളുകള്‍ ചേര്‍ന്ന് വെട്ടിമാറ്റുന്നത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുന്ന വഴിയിലായിരുന്നു ഒരു വാനിലെത്തിയ ഏഴംഗ സംഘം അധ്യാപകനെ ആക്രമിക്കുന്നത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്ററില്‍ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ ‘നിഷ്കളങ്ക’മായ ഒരു ചോദ്യം ഇട്ടതിനായിരുന്നു ആക്രമണം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘തിരക്കഥയുടെ രീതിശാസ്ത്രം’ എന്ന ലേഖന സമാഹാരത്തില്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍’ എന്ന ശീർഷകത്തിലുള്ള ലേഖനത്തില്‍, ചാവക്കാട് അങ്ങാടിയില്‍ അലയുന്ന ഒരു മനോരോഗി ദൈവവുമായി നടത്താറുള്ള സംഭാഷണത്തെ പറ്റി പറയുന്നുണ്ട്. ഭ്രാന്തന്‍ തന്നെയാണ് കഥയിലെ സംഭാഷകനും സംഭാഷിതനും. ദൈവവും ഭ്രാന്തനും തമ്മിൽ സംവാദം ഇങ്ങനെയാണ്:
ഭ്രാന്തന്‍: “പടച്ചോനെ, പടച്ചോനെ.”
പടച്ചോന്‍: “എന്തടാ, നായിന്റെ മോനെ?”
ഭ്രാന്തന്‍: “പടച്ചോനെ, ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാകും?”
പടച്ചോന്‍: “ഒരയില മുറിച്ചാല്‍ മൂന്നു കഷണമാകുമെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞെടാ നായെ?”
ഈ ഭാഗമാണ് ജോസഫ് മാഷ് ഒരു മൈനര്‍ ശസ്ത്രക്രിയ നടത്തി ചോദ്യപ്പേപ്പറില്‍ ചേര്‍ത്തത്. ഭാഷാ വ്യാകരണ പാഠഭാഗത്തെ ആസ്പദമാക്കി ചിഹ്നങ്ങൾ ചേർക്കുന്നതിനായി നൽകിയ ഗദ്യഭാഗങ്ങളില്‍നിന്ന് വിട്ടുകളഞ്ഞ വിരാമം, വിസർഗം, ചോദ്യചിഹ്നം തുടങ്ങിയ അടയാളങ്ങള്‍ കൂട്ടിച്ചേര്‍ക്കുക എന്നതായിരുന്നു ചോദ്യത്തിന്റെ ഉദ്ദേശ്യം. അത് അപ്പടി ചെയ്യുന്നതിന് പകരം പേരില്ലാത്ത ഭ്രാന്തന് ‘മുഹമ്മദ്’ എന്ന് മാഷ് പേരിട്ടു. മാർച്ച് 23-നാണ് സംഭവം നടന്നതെങ്കിലും ഒരു മാസം കഴിഞ്ഞാണ് പുറംലോകമറിയുന്നത്. വിഷയം വിവാദമായ ഉടനെ കോളേജിൽനിന്ന് ജോസഫിനെ സസ്‌പെൻഡ് ചെയ്തു. കോളേജ് അധികൃതർ മാപ്പ് പറഞ്ഞു. മതനിന്ദാ കുറ്റം ചുമത്തി പോലീസ് സ്വമേധയാ കേസെടുത്തു. പ്രഫസര്‍ ഒളിവില്‍ പോയി. അതിനിടയിലാണ് അദ്ദേഹത്തിന് നേരെ മേല്‍ചൊന്ന ആക്രമണം നടക്കുന്നത്. മതനിന്ദാ കേസില്‍ തൊടുപുഴ സി.ജെ.എം കോടതി 2013-ല്‍ പ്രഫസറെ കുറ്റവിമുക്തനാക്കിയെങ്കിലും ജോലിയില്‍ തിരിച്ചെടുക്കാന്‍ സഭാ നേതൃത്വം തയാറായില്ല. അതോടെ പ്രഫസറും ഭാര്യ സലോമിയും മാനസികമായി തകര്‍ന്നു. 2014-ല്‍ സലോമി ജീവനൊടുക്കി. കൈവെട്ടു കേസില്‍ പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ജൂലൈ 13-നാണ് കൊച്ചിയിലെ എന്‍.ഐ.എ കോടതിയുടെ രണ്ടാം ഘട്ട വിധി വരുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും രണ്ടു പ്രതികള്‍ക്ക് മൂന്ന് വര്‍ഷത്തെ തടവും വിധിച്ചു. 37 പേരുടെ ആദ്യഘട്ട വിചാരണയില്‍ 11 പേരെ ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.
പാഠഭാഗത്തില്‍ ‘ഭ്രാന്തന്‍’ എന്ന പദം കണ്ടപ്പോള്‍ ജോസഫ് മാഷിന്റെ ഉപബോധമനസ്സില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടക്കുകയും ശ്രവണ ഭ്രമാത്മകത (auditory hallucination) ബാധിച്ചയാള്‍ ചോദ്യപ്പേപ്പറിൽ ‘മുഹമ്മദ്’ ആയി മാറുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് ഇന്ന് ആരോടും വിശദീകരിക്കേണ്ടതില്ല. “ദൈവത്തെ പടച്ചോന്‍ എന്ന് പരാമര്‍ശിക്കാറുള്ളത് മുസ്‌ലിംകളായതിനാല്‍ ഭ്രാന്തന് ഒരു മുസ്‌ലിം പേര് കൊടുക്കാമെന്ന് കരുതി. സർവസാധാരണമായ മുസ്‌ലിം പേരാണല്ലോ മുഹമ്മദ്. അതുകൊണ്ടാണ് മുഹമ്മദ് എന്ന പേര് കൊടുത്തത്” എന്ന പ്രഫസറുടെ പ്രതികരണം അത്ര നിഷ്കളങ്കവുമല്ല. അതുകൊണ്ടാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ ബേബി പ്രഫസറെ ‘മഠയന്‍’ എന്ന് വിളിച്ചത്. “ഇത്തരത്തില്‍ അതിവൈകാരികമായി പ്രതികരിക്കാന്‍ ഇടയുള്ള വിഷയത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ജോസഫ് മാഷ് മനസ്സിലാക്കണമായിരുന്നു” (Brave India News-ല്‍ സി. രവിചന്ദ്രനുമായുള്ള അഭിമുഖം) എന്നായിരുന്നു എം.എ ബേബിയുടെ പ്രതികരണം. ഒരു ബഹുസ്വര സമൂഹത്തിൽ അത്തരം പ്രയോഗങ്ങള്‍ അസംഗതമാണ് എന്ന ബോധ്യത്തിലാണ് കോളേജ് അദ്ദേഹത്തിനെതിരെ നടപടി എടുത്തത്. പക്ഷേ, കൈവെട്ടോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ജോസഫ് മാഷ് ചെയ്ത പ്രവാചക നിന്ദ വിസ്മരിക്കപ്പെട്ടു. അയാള്‍ വാഴ്ത്തപ്പെട്ടു. പ്രവാചകനെ ജീവന് തുല്യം സ്നേഹിക്കുന്നു എന്ന 'മുടക്കുന്യായ’ത്തിലാണ് ‘പ്രവാചക സ്നേഹികള്‍’ അധ്യാപകന്റെ കൈ വെട്ടിയത്. പ്രവാചകനിന്ദയ്ക്ക് പ്രവാചകന്റെ കാലത്തോളം പഴക്കമുണ്ട്. ബോധത്തിലോ അബോധത്തിലോ ഇസ് ലാമിനോടുള്ള വെറുപ്പാണ് അതിനു കാരണം. ആ വെറുപ്പിനെ ആശയപരമായി പ്രതിരോധിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മാനവികതക്കെതിരായ ഒരു പാതകവും ഇസ്‌ലാമികമായി നീതിവത്കരിക്കാവതല്ല. ഇസ്‌ലാം ഒരു പ്രാകൃത പ്രത്യയശാസ്ത്രമാണെന്ന വിശ്വാസമാണ് പാഠഭാഗത്തില്‍ തിരുത്തല്‍ നടത്താന്‍ ജോസഫിനെ പ്രേരിപ്പിച്ചതെങ്കില്‍, ആ പ്രകോപനത്തോട് വൈകാരികമായി പ്രതികരിച്ചവര്‍ ആ വിശ്വാസം ശരിയാണെന്ന് ആധികാരികമായി സ്ഥാപിക്കാന്‍ ജോസഫിനെ സഹായിക്കുകയാണ് യഥാർഥത്തില്‍ ചെയ്തത്. ‘ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു’ എന്ന മാക്കിവല്യന്‍ സിദ്ധാന്തം എന്തായാലും ഇസ്‌ലാമിന് പഥ്യമല്ല. 'തിന്മയെ നന്മ കൊണ്ട് എതിരിടുക' എന്ന ഖുര്‍ആനികാധ്യാപനമാണ് കൈവെട്ടിലൂടെ ലംഘിക്കപ്പെട്ടത്. എന്നിട്ടും ‘പൊതുബോധ നിര്‍മാണക്കമ്മിറ്റി’ കൈവെട്ട് വരവ് വെച്ചത് ഖുര്‍ആന്റെ കണക്കിലാണ് എന്നതാണ് കഥയിലെ ഐറണി. പ്രഫസര്‍ ജോസഫിന്റെ കൈവെട്ട് പോലെ ടി.പി ചന്ദ്രശേഖരന്‍ വധം ദാരുണമാകാത്തത് ഈ നിര്‍മാണക്കമ്മിറ്റിയാണ് പൊതുബോധം നിര്‍ണയിക്കുന്നത് എന്നതു കൊണ്ടാണ്. ആ ഒരു പരിപ്രേക്ഷ്യത്തില്‍ ആദ്യത്തേത് ഒഞ്ചിയത്തെ മണ്ണില്‍നിന്ന്, ഏത് നാട്ടിലെ മണ്ണിലും, എത്ര വരണ്ട കാലാവസ്ഥയിലും വേരൂന്നി സംഘംചേർന്നു വളരാന്‍ ത്രാണിയുള്ള ‘കമ്യൂണിസ്റ്റപ്പ’യുടെ വേര് തോണ്ടിയ ‘മഹാപാതക’മാണെങ്കില്‍, രണ്ടാമത്തേത് ആറാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു ‘പ്രാകൃത’നെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ബ്ലാക്ക് ഹ്യുമറി’ലൂടെ അവതരിപ്പിച്ച ‘സത്കര്‍മമാണ്.’
മഅ്ദനിയുടെ വലതു കാലും ജോസഫിന്റെ വലത് കൈപ്പത്തിയും രണ്ട് പ്രതീകങ്ങളാണ്. ‘കേരളീയ പൊതുബോധ’ത്തെ സംബന്ധിച്ചേടത്തോളം ആദ്യത്തേത് ‘തീവ്രവാദ’ത്തിനുള്ള ‘കടുത്ത’ ചികിത്സയും രണ്ടാമത്തേത് ‘ആവിഷ്കാര സ്വാതന്ത്ര്യ’ ത്തിനു വേണ്ടിയുള്ള സമര്‍പ്പണവുമാണ്! മഅ്ദനിക്കേസില്‍ 17 കൊല്ലത്തിനു ശേഷം 2009 ഡിസംബര്‍ 17-ന് വന്ന വിധിയില്‍ എട്ട് പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. ആര്‍.എസ്.എസുകാരായ പ്രതികള്‍ക്ക് മഅ്ദനി മാപ്പ് കൊടുത്തു എന്നതായിരുന്നു കാരണം. കേസിലെ ഒന്നാം സാക്ഷിയും മഅ്ദനിയുടെ ബന്ധുവുമായ ബശീര്‍ കുഞ്ഞ് പ്രതികളെ രക്ഷിക്കാന്‍ കോടതിയില്‍ മൊഴി മാറ്റിപ്പറയുകയും ചെയ്തു. പ്രതികളുടെ ‘അവിവേക’ത്തിനാണ് മഅ്ദനി മാപ്പ് കൊടുത്തത്. ശാഖകളില്‍ പഠിപ്പിക്കുന്ന ‘സനാതന ധര്‍മ’ത്തെ അദ്ദേഹം ഭർത്സിച്ചില്ല. അതേസമയം പ്രതികള്‍ക്ക് കൃത്യമായ ശിക്ഷ കിട്ടണം എന്ന ദൃഢനിശ്ചയത്തോടെ കൈവെട്ടു കേസില്‍ പ്രതികൾ തന്നെയാണ് കുറ്റകൃത്യം നടത്തിയത് എന്ന് ജോസഫ് കോടതിയിൽ കൃത്യമായി മൊഴി നൽകി. അവർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അഭ്യർഥിച്ചു. കോടതി പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുകയും ചെയ്തു. എന്നിട്ടും വിധി പുറത്തു വന്ന ഉടനെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം “പ്രതികളെ ശിക്ഷിക്കുന്നതിൽ തനിക്ക് യാതൊരു ഉത്കണ്ഠയുമില്ല. കൈ വെട്ടിയവരും ഇരകളാണ്. അവരെ ശിക്ഷിക്കുന്നതില്‍ അർഥമില്ല. ശിക്ഷിക്കേണ്ടത് പ്രാകൃത വിശ്വാസങ്ങളെയാണ്” എന്നായിരുന്നു. താനടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടക്കുന്ന മദ്റസയില്‍നിന്ന് നല്‍കുന്ന പാഠങ്ങളാണ് അതിനു പ്രചോദകം എന്ന സംഘി നുണ കൂടി മാഷ് ആവര്‍ത്തിച്ചു. എന്നിട്ടും മഅ്ദനി നമുക്കിപ്പോഴും തീവ്രവാദിയാണ്, ജോസഫ് വിശുദ്ധ മാലാഖയും!
ചോദ്യക്കടലാസിലൂടെ വംശവെറി തുപ്പിയ പ്രഫസറുടെ കൈ വെട്ടിയത് ‘മദ്റസ’യില്‍ പഠിച്ചവരായിരുന്നു എന്നതു പോലെ തന്നെ സത്യമാണ് അദ്ദേഹത്തിന്റെ കൈ തുന്നിച്ചേര്‍ക്കാനും ജീവന്‍ രക്ഷിക്കാനും രക്തം കൊടുത്തവരും അതേ മദ്റസാ സംവിധാനത്തിന്റെ ഉൽപന്നങ്ങളായിരുന്നു എന്നതും. ഇല്ലാത്ത നികുതിപ്പണത്തിന്റെ പേരില്‍ മദ്റസയുടെ മോന്തായത്തില്‍ പാഞ്ഞു കയറുന്ന പ്രഫസര്‍ ജോസഫിന് തന്റെ അറ്റുപോയ കൈകള്‍ തുന്നിപ്പിടിപ്പിക്കാനും ജീവന്‍ രക്ഷിക്കാനും തുണയായത് ‘ആറാം നൂറ്റാണ്ടിനെ’ നെഞ്ചേറ്റിയവരുടെ സമയോചിതമായ ഇടപെടലാണ് എന്ന സത്യം അദ്ദേഹം ബോധപൂര്‍വം മറച്ചുവെക്കുകയാണ് ചെയ്തത്. “ജോസഫിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്റ്റെല്ലയാണ് ജമാഅത്തെ ഇസ്‌ലാമി കൊച്ചി ഏരിയാ ഓര്‍ഗനൈസര്‍ വി.എ സലീമിനെ വിളിച്ചു രക്തം ലഭ്യമാകുമോ എന്ന് അന്വേഷിച്ചത്. തുടര്‍ന്ന് 15-ഓളം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കൊച്ചി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എത്തി രക്തം നല്‍കുകയായിരുന്നു” (ആക്രമിക്കപ്പെട്ട അധ്യാപകന് രക്തം നല്‍കിയത് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ - ഡൂള്‍ ന്യൂസ് – 6-7-2010).
Comments