Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 04

3312

1445 മുഹർറം 17

മുഹര്‍റം ചരിത്രസ്മരണയും ഇന്ത്യന്‍ മുസ്‌ലിംകളും

എസ്.എം സൈനുദ്ദീൻ

ചരിത്രത്തിന്റെ പ്രയാണഗതിയെ നിയന്ത്രിച്ച  സംഭവങ്ങള്‍ പില്‍ക്കാലക്കാര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ആവേശം ചെറുതല്ല. ഈ ആവേശാഗ്‌നിയെ ആളിക്കത്തിച്ച ബഹുലമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം കുറിച്ച മാസമാണ് ഹിജ്‌റ വര്‍ഷാരംഭത്തിലെ പ്രഥമ മാസമായ മുഹര്‍റം. 
ആദര്‍ശരാഹിത്യവും, മതപരവും രാഷ്ട്രീയവുമായ ശൈഥില്യങ്ങളും, ഇസ്്ലാമിക ധാര്‍മികതയില്‍നിന്നും ആത്മീയ മൂല്യങ്ങളില്‍നിന്നുമുള്ള വ്യതിചലനവുമാണ് മുസ്്ലിം ഉമ്മത്ത് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ മുഖ്യം. പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ വരെ ഏറിയോ കുറഞ്ഞോ അളവില്‍ ഈ പ്രവണതകള്‍ കാണാനാകും. മുഹര്‍റമിന്റെ ചരിത്രം ഇത്തരം പ്രവണതകള്‍ക്കെതിരായ സമരത്തിന്റേതാണ്. ആ ചരിത്രമുഹൂര്‍ത്തങ്ങളെ വര്‍ത്തമാന പരിസരത്തേക്ക് പുനർവിന്യസിക്കാന്‍ നമുക്കാകുമോ എന്ന ചോദ്യമാണ് മുഹര്‍റം  ഉന്നയിക്കുന്നത്.
മൂസാ നബി(അ)യുടെ ധീരോദാത്തമായ ജീവിതവും സമരവും മുഹര്‍റം ചിന്തകളില്‍ വളരെ സുപ്രധാനമായതാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനമാണ് മൂസാ നബിയുടെ ചരിതം. അദ്ദേഹത്തിന്റെ നിയോഗ സന്ദര്‍ഭവും ജീവിത സമരങ്ങളുടെ വികാസവും എത്ര വിശദമായിട്ടാണ് ഖുര്‍ആന്‍ വിവരിച്ചത്! ഖുര്‍ആനില്‍ ഇത്രയധികം വിശകലനവിധേയമായ മറ്റൊരു പ്രവാചകചരിതവും ഇല്ല എന്നുതന്നെ പറയാം. ഫറോവയുടെ മര്‍ദക ഭരണകൂടവും അതിന്റെ തകര്‍ച്ചയും, അടിമകളാക്കപ്പെട്ട ഇസ്രാഈല്യരും അവരുടെ വിമോചനവും, വിമോചനാനന്തര ഇസ്രാഈല്യരുടെ സാമൂഹികാവസ്ഥകളും എല്ലാം വര്‍ത്തമാനകാലത്തോട് ചേര്‍ത്തുവായിക്കാനാകും.
മുഹമ്മദ് നബി(സ)യുടെയും അനുയായികളുടെയും മദീനാ ഹിജ്റ, ഹിജ്റാനന്തരം മദീനയില്‍ നിലവില്‍വന്ന രാഷ്ട്രം, ഖിലാഫത്തുര്‍റാശിദയുടെ ശേഷം ആ രാഷ്ട്രം പ്രവാചക മാര്‍ഗദര്‍ശനത്തില്‍നിന്ന് വ്യതിചലിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്നുവന്ന പ്രതിരോധങ്ങള്‍ ഇവയെല്ലാം ഇസ്്ലാമിന്റെ തനതു പ്രകൃതം എന്താണെന്ന് അടിവരയിടുന്നുണ്ട്. മുന്നോട്ടുള്ള പ്രയാണത്തിന് ഒരുപാട് തുറസ്സുകള്‍ പകര്‍ന്നുതരാനാകും ആ വായനക്ക്.  മൂസാ(അ)യുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി സമകാലിക സമൂഹത്തെ എങ്ങനെ പുനര്‍നിര്‍മിക്കാമെന്ന ചിന്ത വളരെ പ്രസക്തമാണ്. മൂസാ(അ)യുടെ നിയോഗ ലക്ഷ്യങ്ങളില്‍ വളരെ പ്രാധാന്യപൂര്‍വം ഖുര്‍ആന്‍ ഉദ്ധരിച്ചത് ഇസ്രാഈല്‍ ജനതയുടെ വിമോചനമാണ് (അല്‍ ഖസ്വസ്വ് 3-6).
മൂസാ നബി(അ)യുടെയും ഇസ്രാഈലീ സമൂഹത്തിന്റെയും ചരിത്രത്തെ ആധാരമാക്കി വര്‍ത്തമാനകാല മുസ്്ലിം സാമൂഹികാവസ്ഥകളെ വിശകലനം ചെയ്യാനാകും. മുസ്്ലിം ഉമ്മത്ത് അഭിമുഖീകരിക്കുന്ന ബാഹ്യവും ആന്തരികവുമായ വെല്ലുവിളികളെ നേരിടാനുതകുന്ന ചില സ്ട്രാറ്റജികള്‍ ആവിഷ്‌കരിക്കാനും അതുവഴി സാധിക്കും. 
മൂസായുടെ ജനം, ഫറോവയുടെ ജനം എന്ന രണ്ടു ചേരി അവിടെയുണ്ടായിരുന്നു. ഒന്ന് പ്രബലവും മറ്റൊന്ന് ദുര്‍ബലവുമായിരുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അധികാരമുള്ള ഖിബ്ത്വികള്‍, അടിച്ചമര്‍ത്തപ്പെട്ട ഇസ്രാഈല്യര്‍. തന്റെ കക്ഷിയിൽ പെട്ട ഒരാള്‍,  ശത്രുവിഭാഗത്തില്‍പ്പെട്ട മറ്റൊരാള്‍. ഇത്തരം പ്രയോഗങ്ങള്‍  എന്താശയമായിരിക്കാം ഉള്‍ക്കൊള്ളുന്നത്? ഇന്ത്യയിലും ഈ രീതിയില്‍ രണ്ടു ചേരികളിലേക്ക് മനുഷ്യര്‍ വേര്‍തിരിക്കപ്പെടുകയാണ്. മുമ്പത്തെക്കാള്‍ ആഴവും പരപ്പുമുണ്ട് ഈ ധ്രുവീകരണത്തിന്. വര്‍ഗീയമോ സാമുദായികമോ ആയ ധ്രുവീകരണം മാത്രമായി ഇതിനെ ന്യൂനീകരിക്കാന്‍ കഴിയില്ല. വര്‍ഗീയ ധ്രുവീകരണം എന്നതിനപ്പുറം മര്‍ദക ഏകാധിപത്യവും, സ്വാതന്ത്ര്യവും അധികാരാവകാശങ്ങളും നിഷേധിക്കപ്പെട്ട മര്‍ദിത ജനതയും എന്നതിലേക്ക് ഇന്ത്യന്‍ സാമൂഹികഘടന മാറിക്കൊണ്ടിരിക്കുകയാണ്. ഏകശിലാ സംസ്‌കാരവും ഹിന്ദുത്വ വംശീയതയും ഹിംസാത്മക ദേശീയതയും ഒരു ഭാഗത്ത്. ഇതിന്റെ മറുഭാഗത്ത് പ്രതിഷ്ഠിക്കപ്പെട്ടവര്‍ ദേശവിരുദ്ധര്‍ മാത്രമല്ല, ദേശമില്ലാത്തവര്‍ വരെയാകാന്‍ പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്.
മര്‍ദകരോടും മര്‍ദിതരോടും ഇസ്്ലാമിന് ഒരു നിലപാടല്ല. രണ്ടിടത്തും ഒറ്റ ദൗത്യവും അല്ല. മര്‍ദകര്‍ക്കും മര്‍ദിതര്‍ക്കും ഇസ്്ലാമില്‍ മോചനമുണ്ട്. പക്ഷേ, രണ്ടിനും ഒരു വഴിയല്ല. ഇസ്്ലാമിന്റെ പൊതുവായ പ്രബോധന ഉള്ളടക്കം ഇരുകൂട്ടര്‍ക്കും ഒന്നാണെങ്കിലും, ശൈലിയും പ്രയോഗവും രണ്ടു വിധമാണ്. അതായത്, മര്‍ദകനായ ഫറോവയോട് പറഞ്ഞതല്ല, മര്‍ദിതരായ ഇസ്രാഈല്‍ സമൂഹത്തോട് മൂസാ (അ) പറയുന്നത്.
മര്‍ദകരും മര്‍ദിതരും എന്ന രണ്ടു പക്ഷം നിലനില്‍ക്കുമ്പോള്‍ വിമോചകന്റെ ദൃഷ്ടി പ്രഥമമായും പതിയേണ്ടത് മര്‍ദിതരിലാവണം. അത് ദയയുടെയും അനുകമ്പയുടെയും നോട്ടമാകണം. ശകാരവും കുറ്റപ്പെടുത്തലും താങ്ങാനവര്‍ക്ക് കഴിയുകയില്ല. പ്രശ്ന പരിഹാരമാണ് അവര്‍ക്കാവശ്യം; പ്രശ്നങ്ങളല്ല.  മര്‍ദകരോട് ഒരു വിട്ടുവീഴ്ചയും മൂസാ (അ) കാണിച്ചില്ല. അതേസമയം അവരോട് നയതന്ത്രപരമായ സംഭാഷണം നടത്തിയിട്ടുമുണ്ട്. ഖുര്‍ആന്‍ അത്  വ്യത്യസ്ത സന്ദർഭങ്ങളിൽ ഉദ്ധരിക്കുന്നത് കാണാം (അന്നാസിആത് 17-19, ത്വാഹാ 43-48). മൂസായുടെ ദൗത്യത്തെ എതിര്‍വാദങ്ങളുന്നയിച്ച് പരാജയപ്പെടുത്താന്‍ ഫറോവ തുനിയുന്നതും ഖുര്‍ആനിലുണ്ട് (അശ്ശുഅറാഅ്  18). ഇങ്ങനെ തുടരുന്ന സംവാദത്തിന്റെ ഒരു ഘട്ടത്തില്‍ ഫറോവയോട് മൂസാ (അ) വെട്ടിത്തുറന്നു തന്നെ പറയുന്നു: ''എനിക്കു ചെയ്തുതന്നതായി നീ എടുത്തുകാണിച്ച ആ അനുഗ്രഹം ഇസ്രാഈല്‍ മക്കളെ നീ അടിമകളാക്കിവെച്ചതിനാല്‍ സംഭവിച്ചതാണ്'' (അശ്ശുഅറാഅ് 22). പൗരസമൂഹത്തിന്റെ സമസ്ത അവകാശങ്ങളും കവര്‍ന്നെടുത്ത് പാരതന്ത്ര്യത്തിന്റെ നുകം അവരുടെ ചുമലില്‍ ബന്ധിച്ചതിനു ശേഷം അവര്‍ക്ക് നല്‍കിയ ഔദാര്യത്തിന്റെ കണക്കു പറയുന്ന സകല ഏകാധിപതികളോടും ഇസ്്ലാമിന് പറയാന്‍ ഇതില്‍പരം മറ്റൊന്നുമില്ല. 
ഫറോവയുടെ പതനത്തിനു മുമ്പ് മൂസാ (അ) ഇസ്രാഈല്യരുടെ വിമോചകന്‍ എന്ന ദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫറോവന്‍ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ശ്രമകരമായ ദൗത്യമായിരുന്നു അത്. ഫറോവക്ക് ഇത് മനസ്സിലായിരുന്നു. ഇതിനെ രാഷ്ട്രീയമായി നേരിടാതെ മതപരമായി അഭിമുഖീകരിക്കുകയായിരുന്നു ഫറോവ ചെയ്തത് (അല്‍ ഖസ്വസ്വ് 38, ഗാഫിര്‍ 26).
ദുര്‍ബലരും പതിതരുമായ ഇസ്രാഈല്യര്‍ക്ക് ഫറോവയെ കായികമായി നേരിടാനാവില്ലായിരുന്നു. ദൈവികമായ ശക്തിയും അത്ഭുതവുംകൊണ്ട് മാത്രമേ അവരെ പരാജയപ്പെടുത്താനാവുകയുള്ളൂ. ദൈവിക നടപടിയില്‍ അങ്ങനെയും ഒരു വശമുണ്ട്. തന്റെ ജനതയിലെ നെല്ലും പതിരും വേര്‍തിരിക്കുക എന്നതായിരുന്നില്ല ഈ സന്ദര്‍ഭത്തില്‍ മൂസാ (അ)യുടെ ഊന്നല്‍. ഏതു വിധേനയും ഫറോവന്‍ ആധിപത്യത്തില്‍നിന്ന് ഇസ്രാഈല്യരെ മോചിപ്പിക്കുക എന്നതിലായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും.
നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ മര്‍ദിത ജനതയായ ഇസ്രാഈല്യരെ ഫറോവയില്‍നിന്ന് മൂസാ (അ) മോചിപ്പിച്ചു. ചെങ്കടലില്‍ അല്ലാഹു ഒരുക്കിയ രാജപാതയിലൂടെ സീനാ താഴ്വരയില്‍ എത്തിയവരില്‍ സാമിരിയും അയാളുടെ തെറ്റായ രീതികള്‍ പിന്തുടര്‍ന്നവരും ഉണ്ടായിരുന്നു.
സാമിരിക്കും സില്‍ബന്ധികള്‍ക്കും മൂസാ (അ)ക്കൊപ്പം രക്ഷപ്പെടാന്‍ എന്തിനാണ് അവസരം നല്‍കിയത്? അതല്ലേ സാമിരിയുടെ പ്രതിഷ്ഠക്ക് നിലമൊരുക്കിയത്?
ഫറോവയും ഹാമാനും അവരിരുവരുടെ സൈന്യവും ഖാറൂനും ഒരു ഭീകര യാഥാര്‍ഥ്യമായി എതിര്‍വശത്ത് ഇസ്രാഈല്യരെ അടിച്ചമര്‍ത്തുന്ന വലിയ രാഷ്ട്രീയ ശക്തിയായി വളരുന്നു. ആ സമയത്ത് ആഭ്യന്തര അനൈക്യം മര്‍ദക വ്യവസ്ഥയെ മാത്രമേ സഹായിക്കൂ എന്നതിനാലാകാം സാമിരിയുടെ തിന്മകള്‍ സീനാ താഴ്വര വരെ അനുവദിക്കപ്പെടാന്‍ കാരണം. അതിനാല്‍ ഫാഷിസമെന്ന ഫസാദിനെതിരായ പോര്‍മുഖം മൂര്‍ച്ച കൂട്ടപ്പെടേണ്ട സമയത്ത്, ഒരു സീനാ താഴ്വര എത്തുംവരേക്ക് നമുക്ക് സാമിരിമാര്‍ക്ക് സാവകാശം കൊടുക്കാമെന്നാണ് ഇത് നല്‍കുന്ന പാഠം. സമുദായ സംസ്‌കരണത്തിനുള്ള മികച്ച രീതിശാസ്ത്രം ഈ ചരിത്രത്തില്‍നിന്ന് ഉരുത്തിരിച്ചെടുക്കാം. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 29-33
ടി.കെ ഉബൈദ്

ഹദീസ്‌

സഞ്ചരിക്കുന്ന രക്തസാക്ഷി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്