Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 04

3312

1445 മുഹർറം 17

വിദ്യാഭ്യാസ മുന്നേറ്റത്തിന് വിഘാതമാകുന്ന വിവാദങ്ങൾ

മമ്മൂട്ടി അഞ്ചുകുന്ന്

  കേരളത്തിലെ ഇസ്്ലാമിക മത വിജ്ഞാന മേഖലയിൽ, അതും ഏറ്റവും ജനകീയമായ  വിദ്യാഭ്യാസ സംരംഭങ്ങളുടെ അമരത്തുള്ള പാരമ്പര്യ വിഭാഗത്തിന്റെ  ഇൽമീ മേഖലയിൽ ചില പ്രതിസന്ധികൾ രൂപപ്പെട്ടിരിക്കുന്നു എന്നത് ആർക്കും നിഷേധിക്കാനാവുകയില്ല. ആ പ്രതിസന്ധികൾ ഒട്ടും അനിവാര്യമോ, അഭികാമ്യമോ അല്ല താനും. അത് ആദർശ  ബന്ധിതമോ, ധൈഷണിക വ്യാപ്തി ഉള്ളതോ ആണെന്നും പറയാൻ കഴിയില്ല. സംവാദാത്മകം പോലുമല്ല. ഈ സാഹചര്യത്തിൽ നാം കടന്നുവന്ന വഴികളെയും നിലവിലെ സാമൂഹിക സാഹചര്യത്തിലെ നമ്മുടെ ദൗത്യത്തെയും നിരന്തരം ഓർമപ്പെടുത്തിക്കൊണ്ടിരിക്കുക എന്നതാണ് പരിഹാരത്തിനായി മുന്നിലുള്ള ഏക വഴി. കുറഞ്ഞ കാലയളവിൽ തന്നെ  പ്രൗഢമായ ഒരു നവോത്ഥാന യാത്രയാണ് കേരള മുസ്്ലിംകൾ  നടത്തിയത്. അതിൽ തന്നെ പാരമ്പര്യ സുന്നീ സമൂഹം നടത്തിയ വൈജ്ഞാനിക മുന്നേറ്റങ്ങൾ ഇവിടത്തെ മത സാമൂഹിക ജീവിതത്തിലുണ്ടാക്കിയ സ്വാധീനങ്ങൾ അതിന്റെ വക്താക്കളെത്തന്നെ ഓർമപ്പെടുത്തേണ്ടിവരുന്നത് ഖേദകരമാണ്.


  സൈനുദ്ദീൻ മഖ്ദൂമുമാരാണ് കേരളക്കരയിൽ വ്യവസ്ഥാപിതമായ മതപഠനത്തിന് തുടക്കം കുറിച്ചത്. 'വിളക്കത്തിരുത്തൽ' എന്ന പേരിൽ പ്രസിദ്ധമായ ഈ സമ്പ്രദായത്തിൽ വ്യത്യസ്ത ദേശങ്ങളിൽനിന്നുള്ള  നൂറുകണക്കിന് വിദ്യാർഥികൾ പൊന്നാനി പള്ളിയിൽ താമസിച്ചു പഠിച്ചു. മഖ്ദൂമുമാരിലൂടെയും അവരുടെ പിന്മുറക്കാരിലൂടെയും ശിഷ്യഗണങ്ങളിലൂടെയും വികാസവും വിലാസവും നേടിയ ഈ പാഠ്യ രീതിയാണ്  പിന്നീട് മലബാറിൽ വ്യാപകമായ പള്ളിദർസ് സമ്പ്രദായത്തിന്റെ പ്രചോദനം.
പള്ളിദർസുകൾ വലിയ മതകീയ ചാലക ശക്തിയായി കേരളീയ സമൂഹത്തിൽ നൂറ്റാണ്ടുകളോളം വർത്തിച്ചു പോന്നിട്ടുണ്ട്. ആരാധനാലയം എന്നതിനപ്പുറം ജ്ഞാന പ്രസാരണ കേന്ദ്രങ്ങൾ കൂടിയായി പള്ളികൾ അന്ന് മാറി. ഗ്രാമം, നഗരം, പട്ടണം  എന്ന അന്തരമില്ലാതെ പള്ളിയോടനുബന്ധിച്ചു ദർസുകൾ രൂപപ്പെട്ടു. മത വിജ്ഞാനം ജനകീയവും സാർവത്രികവുമായി മാറിയ കേരളീയ ജ്ഞാന പാരമ്പര്യത്തിന്റെ അടിസ്ഥാന ശിലയായിരുന്നു പള്ളിദർസുകൾ. പ്രാഥമിക മത പഠനത്തിന് പള്ളിയോടനുബന്ധിച്ചു തന്നെ ഓത്തുപള്ളികളും നിലവിൽ വന്നു.


  പിന്നീടാണ് മദ്റസാ സമ്പ്രദായം നിലവിൽ വരുന്നത്.  അതോടെ മത വിദ്യാഭ്യാസം കൂടുതൽ സാർവത്രികമായി.  മതബോധവും മതനിഷ്ഠയും  കേരളീയ മുസ്്ലിം സമൂഹത്തിന്റെ വ്യതിരിക്തതയായി മാറി. പാരമ്പര്യ സുന്നീ ധാരയിൽ, പാങ്ങിൽ അഹമ്മദ് കുട്ടി മുസ്്ലിയാർ, സയ്യിദ് അബ്ദുർറഹ്്മാൻ ബാഫഖി തങ്ങൾ എന്നിവരുടെയെല്ലാം പരിശ്രമ ഫലമാണ് മദ്റസാ പ്രസ്ഥാനത്തിന്റെ പിറവി. എങ്കിലും പള്ളിദർസ് പോലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളല്ല കേരളീയ മദ്റസകൾ. കേരളത്തിന് പുറത്ത് മദ്റസ എന്നത് ഉന്നത മത വിദ്യാഭ്യാസം നൽകുന്ന ഇടങ്ങളാണ്. ഇവ രണ്ടും നിർവഹിക്കുന്ന ധർമം രണ്ടാണ്.
മദ്റസകൾക്ക് ശേഷം അറബിക് കോളേജുകൾ നിലവിൽ വന്നതും പിന്നീട് സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിൽ വന്നതുമെല്ലാം കാലത്തിന്റെ അനിവാര്യതകളെ ഉൾക്കൊണ്ടുകൊണ്ടാണ്. പാരമ്പര്യ ധാരയിലെ പണ്ഡിതന്മാർ തന്നെയാണ് പലപ്പോഴും സമരസപ്പെട്ടുകൊണ്ടു കൂടിയാണെങ്കിലും ഈ മാറ്റങ്ങൾക്കെല്ലാം മുൻനിരയിൽ നിന്നത്. മത വിദ്യാഭ്യാസ രംഗത്ത് കേരളീയ മുസ്്ലിം സമൂഹം സമൂലമായിത്തന്നെ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന മനോഭാവമാണ് പ്രകടിപ്പിച്ച് വന്നിട്ടുള്ളത്. മേൽപ്പറഞ്ഞ സമ്പ്രദായങ്ങളെല്ലാം ഉരുവപ്പെട്ടതും വികസിച്ചതും, പിന്നീട് വകഭേദങ്ങളെ ശങ്കയില്ലാതെ സ്വീകരിച്ചതും, ഒരുവേള പൂർണമായിത്തന്നെ ബദലുകളെ സ്വാംശീകരിച്ചതുമെല്ലാം അവ അനിവാര്യതകളാണ് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്.


  ഉലമാ എന്നതിനൊപ്പം ഉമറാ  സമൂഹവും കേരളീയ മുസ്്ലിംകളുടെ സാമൂഹിക നിർമിതിയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഒരു കാലത്ത് ഏറെ പിന്നാക്കമായിരുന്നു മുസ്്ലിംകൾ. ഇതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ബ്രിട്ടീഷുകാരോടുള്ള വിരോധം കാരണം ആധുനിക വിദ്യാഭ്യാസത്തോടും ഇംഗ്ലീഷ് ഭാഷയോടും വലിയൊരു വിഭാഗം മുഖം തിരിച്ചു നിന്നു.  സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷമാണ് ഈ അവസ്ഥക്ക് മാറ്റമുണ്ടായത്. ഭൗതിക വിദ്യാഭ്യാസം മത വിദ്യാഭ്യാസം പോലെ മുസ്്ലിം സമൂഹത്തിൽ സാർവത്രികമായി വേരൂന്നിയില്ല. അത് ജനകീയമാകാതിരിക്കാനും സ്വീകാര്യത കുറയാനുമുള്ള പ്രധാന കാരണം പാരമ്പര്യ ഉലമാ സമൂഹം അതിനോട് വിമുഖത കാണിച്ചതായിരുന്നു. രാഷ്ട്രീയവും മതപരവും കർമശാസ്ത്രപരവുമായ ഒരുപാട് കാരണങ്ങൾ ഈ നിരാകരണത്തിന്റെ സാധൂകരണത്തിനു വേണ്ടി നിരത്തപ്പെട്ടിരുന്നു.


  പരിഷ്കരണവാദികളായ ഉലമാ സമൂഹം പൊതു ധാരയിൽനിന്ന് വേർപ്പെട്ട്  നടത്തിയ പരിശ്രമങ്ങളാണ് ചെറിയ തോതിലെങ്കിലും ഭൗതിക വിദ്യാഭ്യാസ രംഗത്തേക്ക് വഴികാണിച്ചത്. അതിനാൽ തന്നെ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ഭാഗമാവുകയോ സാമ്പത്തികമായി മുന്നാക്കം നിൽക്കുകയോ  ഒക്കെ ചെയ്ത കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾ മാത്രമേ  വിദ്യാഭ്യാസം ചെയ്തിരുന്നുള്ളൂ.  വലിയൊരു വിഭാഗം മുസ്്ലിംകൾ ഭൗതിക വിദ്യാഭ്യാസം നേടിയിരുന്നില്ല.  എന്നാൽ, മുസ്്ലിം സമൂഹത്തിലെ രാഷ്ട്രീയ നേതാക്കന്മാർ സാമൂഹിക നേതാക്കൾ കൂടിയായിരുന്നു എന്ന ഒരു അനുഗ്രഹം മലയാളക്കരക്കുണ്ട്. സീതി സാഹിബും സി.എച്ചും  എം.കെ ഹാജിയുമെല്ലാം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വലിയ പ്രചോദനം നൽകി. പിന്നെ  പതിയെ പാരമ്പര്യ ഉലമാ സമൂഹവും ആ പാതയിലേക്കെത്തി. ജ്ഞാന സമ്പ്രദായത്തെ നവീകരിച്ചുകൊണ്ടിരിക്കുക എന്ന പാരമ്പര്യത്തെ അവർക്കും നിരാകരിക്കാൻ കഴിയുമായിരുന്നില്ല. ഈ മാറ്റത്തിന് ശേഷമാണ് ഭൗതിക വിദ്യാഭ്യാസം ഇവിടെയുള്ള മുസ്്ലിം സമൂഹത്തിൽ സാർവത്രികവും ജനകീയവുമാകുന്നത്.


  സാധാരണ കുടുംബങ്ങളിലേക്ക് ആധുനിക വിദ്യാഭ്യാസം, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ വാതിലുകൾ തുറക്കുന്നത് പാരമ്പര്യ ധാരയിലെ പണ്ഡിതർ, പ്രത്യേകിച്ച് അവയെ പ്രതിനിധാനം ചെയ്യുന്ന മത സംഘടനയുമായി ബന്ധപ്പെട്ടവർ സമന്വയ മത കലാലയങ്ങൾ എന്ന ആശയം പ്രയോഗവത്കരിച്ചതോടെയാണ്. സമന്വയ സ്ഥാപനങ്ങൾ എന്ന ആശയത്തിന്  ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. പള്ളി ദർസുകളും ഓത്തുപള്ളികളും വ്യാപകമായെങ്കിലും അവ വ്യക്തമായ പാഠ്യപദ്ധതിയോടെ ആയിരുന്നില്ല നടന്നുപോന്നത്. ആ പോരായ്മകൾക്ക് പ്രതിവിധി കാണാനാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ശ്രമിച്ചത്.  മതപഠന രംഗത്ത് പുതിയ രീതിയുടെയും ശൈലിയുടെയും അനിവാര്യത ബോധ്യപ്പെട്ട അദ്ദേഹം പരിഷ്‌കരണ യജ്ഞത്തിന്  ആരംഭം കുറിച്ചു.


  ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി 1909-ൽ വാഴക്കാട് ദാറുല്‍ ഉലൂം സ്ഥാപിച്ച കാലത്ത് തന്നെ പാരമ്പര്യ ദര്‍സ് സംവിധാനം വിട്ട് ആധുനിക വിദ്യാഭ്യാസം കൂടി ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി മുന്നോട്ട് വെച്ചതായി കാണാം. ആദ്യ കാലത്ത് ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും താമസിയാതെ എല്ലാവരാലും അത് അംഗീകരിക്കപ്പെടുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു 1915-ൽ കണ്ണൂര്‍ തളിപ്പറമ്പില്‍ സ്ഥാപിതമായ ഖുവ്വത്തുല്‍ ഇസ്‌ലാമും 1920-കളിൽ താനൂരില്‍  സ്ഥാപിതമായ  ഇസ്വ്്ലാഹുല്‍ ഉലൂമും.


  പരിഷ്കരണ പ്രസ്ഥാന നേതാക്കളിൽ  സമന്വയ വിദ്യാഭ്യാസമെന്ന ആശയം മുന്നോട്ട് വെച്ചവരായിരുന്നു കെ.എം മൗലവിയും ഇസ്സുദ്ദീൻ മൗലവിയും കെ.സി അബ്ദുല്ല മൗലവിയും അബുൽ ജലാൽ മൗലവിയും. ഇവരുടെയൊക്കെ പരിശ്രമങ്ങൾ ചില പ്രത്യേക വിഭാഗങ്ങളിൽ പരിമിതമായിരുന്നു. പാരമ്പര്യവും പരിഷ്കരണവും തമ്മിലെ ആദർശ സംഘട്ടനങ്ങൾ ഇവരുടെയെല്ലാം സേവനങ്ങളുടെ  വ്യാപ്തിയെ പരിമിതപ്പെടുത്തി.


  എന്നാൽ, ഈ പരിമിതി ഇല്ലാത്ത പാരമ്പര്യ സുന്നീ സമൂഹം ജനകീയമായി അടിസ്ഥാന മത വിദ്യാഭ്യാസ പ്രചാരണത്തിലും പിന്നീട് മത-ഭൗതിക സമന്വയ സംവിധാനങ്ങളിലും ശ്രദ്ധയൂന്നിയതോടെയാണ്  കേരളീയ മുസ്്ലിം സമൂഹത്തിന്റെ പൊതുവായ ഗതിയെ മാറ്റിനിർണയിക്കാനായത്. പ്രമുഖ പണ്ഡിതരായ എം.എം ബഷീര്‍ മുസ്‌ലിയാര്‍, മാനു മുസ്്ലിയാർ, യു. ബാപ്പുട്ടി ഹാജി തുടങ്ങി ഒട്ടേറെ പേർ ഈ സമന്വയ വിദ്യാഭ്യാസ സംരംഭങ്ങളുടെ പിറവിക്ക് പിന്നിലുണ്ട്. ഇതിന്റെ തുടർച്ചയാണ് മത-ഭൗതിക സമന്വയ സ്ഥാപനങ്ങളായ ദാറുൽ ഹുദാ സംരംഭങ്ങളും വാഫീ കോളേജുകളുമെല്ലാം.


  കേരളീയ മുസ്്ലിം സമൂഹത്തിന്റെ ആണിക്കല്ലാണ് മഹല്ലുകൾ.  സാധാരണ ജനങ്ങളുടെ മത സാമൂഹിക ജീവിതത്തിൽ നിർണായക സ്വാധീനം ഇവിടത്തെ മഹല്ല് സമ്പ്രദായത്തിനുണ്ട്. ബഹുഭൂരിപക്ഷം മഹല്ലുകളും പാരമ്പര്യ സുന്നീ സംഘടനകളുമായി സാങ്കേതികമായി തന്നെ അഫിലിയേറ്റ് ചെയ്യപ്പെട്ടതാണ് എന്നിരിക്കെ  സമൂഹത്തിന്റെ സാമൂഹിക, വൈജ്ഞാനിക പുരോഗതിയുടെ ഗതിവേഗങ്ങൾ വലിയൊരളവ് വരെ സുന്നീ സംഘശക്തിയുമായി ബന്ധപ്പെട്ടു കിടന്നിരുന്നു. പാരമ്പര്യ ചേരിയിലെ ഉലമാ സമൂഹം ഓരോ സാമൂഹിക അനിവാര്യതകളോടും അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ അത് മഹല്ലുകളിൽ പ്രയോഗവത്കരിക്കപ്പെടുകയും തദ്ഫലമായി സമൂഹത്തിൽ അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാവുകയും ചെയ്തു. ചെമ്പിരിക്ക സി.എം അബ്ദുല്ല മുസ്‌ലിയാർ, കെ.പി ഉസ്മാൻ സാഹിബ് തുടങ്ങി ഒട്ടേറെ പേർ സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിന്റെ കൂടെ സഞ്ചരിച്ചു. ദാറുൽ ഹുദാ ആയിരുന്നു ഈ രംഗത്ത് വലിയ വഴിത്തിരിവുണ്ടാക്കിയത്. ഇന്ന് ഇന്ത്യയാകെ പടർന്നുനിൽക്കുന്ന മഹത്തായ വിദ്യാഭ്യാസ വിപ്ലവമായി അത് മാറിയതിനു പിന്നിൽ ഒട്ടേറെ ഉലമാ-ഉമറാക്കളുടെ പിന്തുണയും പരിശ്രമവുമുണ്ട്.


  വാഫി-വഫിയ്യ എന്ന പേരിൽ സുന്നീ സംവിധാനങ്ങൾക്ക് കീഴിൽ വ്യാപിച്ച വിദ്യാഭ്യാസ സംവിധാനവും സാധാരണക്കാരുടെ മത-ഭൗതിക ജ്ഞാന സമ്പാദനത്തിന്റെ ആവശ്യങ്ങളെ നല്ല രീതിയിൽ അഭിമുഖീകരിച്ചു. നൂറിലേറെ കാമ്പസുകളിലായി  ആയിരക്കണക്കിന് പേർക്ക് ഈ സംവിധാനം വഴിവിളക്കായി. സ്ത്രീ വിദ്യാഭ്യാസ രംഗത്തും കുതിച്ചുചാട്ടമുണ്ടായി. ആദ്യ കാലത്ത് അവരിൽ ബഹുഭൂരിഭാഗവും സ്ത്രീവിദ്യാഭ്യാസത്തോട് വിമുഖത കാണിച്ചിരുന്നുവെങ്കിലും, പിൽക്കാലത്ത് അതേ ധാരയിലുള്ള പണ്ഡിതർ ഈ രംഗത്ത് വലിയ ഇടപെടലുകൾ നടത്തി. ആദ്യ കാലത്ത് സ്ത്രീകളെ വീട്ടിലെ അറിവുള്ള സ്ത്രീകൾ തന്നെയായിരുന്നു മതം പഠിപ്പിച്ചിരുന്നത്. അറബി മലയാളം ലിപിയിൽ സ്ത്രീസാക്ഷരതയുടെ നിരക്ക് ഉയർന്നത് തന്നെയായിരുന്നു.  പിന്നീട് ഓത്തുപള്ളികൾ, മദ്റസകൾ കേന്ദ്രമാക്കി സ്ത്രീകൾ മതപഠനം നടത്തി. പള്ളിദർസ് മാത്രമാണ് സ്ത്രീകൾക്ക് അപ്രാപ്യമായിരുന്ന ജ്ഞാന മേഖല. എന്നാൽ, പിന്നീട് അറബിക് കോളേജുകൾ ആരംഭിച്ചതോടെ അതിന്റെ വനിതാ സംരംഭങ്ങൾക്കും തുടക്കമായി. അഫ്്ദലുൽ ഉലമായുടെ വ്യാപനം ഈ രംഗത്ത് എടുത്തുപറയാവുന്ന ഒന്നാണ്. കെ.ടി മാനു മുസ്‌ലിയാരെ പോലുള്ള പണ്ഡിതർ പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കാൻ ബനാത്ത് സ്ഥാപിച്ചു.  ചേളാരി ശരീഅത്ത് കോളേജ്, ഫാത്തിമ സഹ്‌റ ഇസ്്ലാമിക് വനിതാ കോളേജ് എന്നിവയെല്ലാം ഈ രംഗത്തെ പാരമ്പര്യ ധാരയുടെ സംഭാവനകളാണ്. തഫ്്സീർ, ഹദീസ്, കർമശാസ്ത്രം, ആധുനിക വിഷയങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയ സഹ്‌റവിയ്യ കോഴ്സ് ഒട്ടേറെ മുസ്്ലിം പെൺകുട്ടികളെ വിദ്യാസമ്പന്നരാക്കിയിട്ടുണ്ട്.  2008-ലാണ് സി.ഐ.സിയുടെ കീഴിൽ  വഫിയ്യ എന്ന പേരിൽ സമൂഹത്തിൽ ഏറെ പ്രതിഫലനം സൃ‌ഷ്ടിച്ച വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നത്. ഇപ്പോൾ പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെ വനിതകൾക്കായുള്ള നിരവധി വിദ്യാഭ്യാസ യജ്ഞങ്ങൾക്ക് പാരമ്പര്യ ധാരയിലെ പണ്ഡിതരും സംഘടനകളും ചുക്കാൻ പിടിക്കുന്നുണ്ട്. ഫാദില, ഫദീല കോഴ്‌സും ഈ രംഗത്ത് എടുത്തു പറയേണ്ട ഒന്നാണ്. 


  മുകളിൽ വിവരിച്ചതു പോലെ വിവിധ ഘട്ടങ്ങളിലൂടെ, പരിവർത്തനങ്ങളിലൂടെ കടന്നുവന്ന പരമ്പരാഗത സുന്നീ വിദ്യാഭ്യാസ സംസ്കാരം ഇന്ന് സമുദായത്തിലെ ഇതര ആശയ ധാരകളെ അപേക്ഷിച്ച് ഒട്ടും പിന്നിലല്ല. മത രംഗത്തും പൊതു രംഗത്തുമെല്ലാം അവർ അവരുടേതായ വലിയ അടയാളപ്പെടുത്തലുകൾ  നടത്തിക്കഴിഞ്ഞു. അക്കാദമിക മേഖലയിൽ  ഉന്നത യൂനിവേഴ്സിറ്റികൾ വരെ ആശ്രയിക്കുന്ന മികവുറ്റ അധ്യാപകർ, ശാസ്ത്ര- സാങ്കേതിക രംഗത്ത് ഒട്ടേറെ പ്രതിഭകൾ, സിവിൽ സർവീസ് രംഗമുൾപ്പെടെയുള്ള ഉദ്യോഗ തലങ്ങളിൽ തിളങ്ങുന്നവർ, രചനാ രംഗത്ത് തങ്ങളുടെ ഇടം രേഖപ്പെടുത്തിയവർ, രാപ്പകലില്ലാതെ സമുദായത്തിന് വേണ്ടി നിരന്തരം സേവനം ചെയ്യുന്ന വിദ്യാഭ്യാസ പ്രവർത്തകർ, വിവിധ മേഖലകളിൽ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകൾ ഇവരെല്ലാം അണിനിരക്കുന്നു എന്നതാണ് ഈ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഫലം.


  ഈ നിരന്തര നവീകരണ യജ്ഞത്തോടുള്ള വിമുഖതകൊണ്ടോ ഇതര താൽപര്യങ്ങൾകൊണ്ടോ, തെറ്റിദ്ധാരണകൾകൊണ്ടോ, വിട്ടുവീഴ്ചാ മനോഭാവത്തിന്റെ അഭാവംകൊണ്ടോ ഒക്കെയാവാം ഈ മേഖലയിലെ പുതിയ പ്രശ്നങ്ങൾ. കാരണങ്ങൾ എന്തായാലും അതിന്റെ പ്രതിഫലനങ്ങൾ ഒട്ടും ആശാവഹമല്ല. കഴിഞ്ഞ ഒന്ന് രണ്ടു പതിറ്റാണ്ടായി  സമന്വയ വിദ്യാഭ്യാസ സംരംഭങ്ങൾ ഏറെ ജനകീയമാവുകയും സ്വീകാര്യമാവുകയും ചെയ്തിട്ടുണ്ട്. അവയുടെ ഉത്ഭവവും വികാസവും ജ്ഞാന സമ്പാദനത്തോടൊപ്പം കരിയർ കേന്ദ്രിതമായ അതിന്റെ മികച്ച സംഭാവനകളും വലിയ തോതിൽ ജനങ്ങളെ ആകർഷിച്ചു തുടങ്ങിയിരുന്നു. സമൂഹത്തിലെ എല്ലാ തുറയിലുള്ളവരും ഇതിലേക്ക് ആകൃഷ്ടരായിട്ടുണ്ട്.


  അതിനാൽ തന്നെ മത വിദ്യാഭ്യാസ സ്ട്രീമുകൾ  സാധാരണക്കാർ മാത്രമല്ല വിദ്യാസമ്പന്നരും, ഉയർന്ന സാമ്പത്തിക നിലവാരം ഉള്ളവരും തെരഞ്ഞെടുത്തു തുടങ്ങിയിരുന്നു.  അത് ജ്ഞാന മേഖലയിൽ മാത്രമല്ല, കേരളീയ മുസ്്ലിം മത ജീവിതത്തിലും  സ്വാധീനം ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. സംഘടനാ സ്വാധീനം ഇല്ലാത്ത ദക്ഷിണ കേരളത്തിൽ  പോലും മലബാർ കേന്ദ്രിതമായ ഇത്തരം വിദ്യാഭ്യാസ സ്ട്രീമുകളുടെ സ്വീകാര്യത ഏറെ ആശാവഹമാണ്. എന്നാൽ, പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ പ്രവണതകൾക്ക് ഇടിവ് തട്ടാനുള്ള സാധ്യതകൾ ചെറുതല്ല. ഈ വർഷം മേൽ സ്ട്രീമുകളിൽ എൻട്രൻസ് പരീക്ഷക്ക് എത്തിയ കുട്ടികളുടെ എണ്ണം പകുതിയിലധികം കുറഞ്ഞത് ഇത്തരം ആശങ്കകൾ നിലനിൽക്കുന്നതുകൊണ്ട് മാത്രമാണ്. ആ വസ്തുത വിരൽ ചൂണ്ടുന്നത് ഇത്ര കാലംകൊണ്ട് നേടിയെടുത്ത വിശ്വാസ്യതക്ക് ഇടിവ് സംഭവിക്കുന്നു എന്നത് തന്നെയാണ്.


  വിവാദങ്ങൾ വലിയൊരു വിഭാഗത്തെ ഈ മേഖലയിൽനിന്ന് അകറ്റാൻ കാരണമായി എന്നത് വസ്തുതയാണ്. വിവാദത്തിന്റെ ശരിതെറ്റുകൾക്കപ്പുറം, ഇത്തരം അധികാര വടംവലികളിൽ താൽപര്യമില്ലാത്ത, എന്നാൽ ദീനീ തൽപരരായ ഒട്ടേറെ പേർ തങ്ങളുടെ കുട്ടികളെ ഈ മേഖലയിലേക്ക് വിടാൻ സന്ദേഹിക്കാൻ തുടങ്ങി എന്നതാണ് ഗൗരവപ്പെട്ട കാര്യം.


  ഇത്തരം വിവാദങ്ങളുടെ പരിണതി ഒരു പ്രത്യേക കോഴ്സ് സ്ട്രീമിനെയോ, പ്രത്യേക സംഘടനയെയോ മാത്രം ബാധിക്കുന്നതുമല്ല. ഇത് മുസ്്ലിം സമൂഹത്തിന്റെ പൊതു മനോഭാവത്തിൽ തന്നെ പ്രതിഫലിച്ചേക്കാം  എന്ന ആശങ്ക തള്ളാവുന്നതല്ല.


  പതിറ്റാണ്ടുകളുടെ പ്രയത്നം കൊണ്ട് മത രംഗം ആർജിച്ചെടുത്ത വിശ്വാസ്യതക്ക് ഇടിവ് സംഭവിക്കുന്നു എന്ന വസ്തുത സംഘടനാ ആവേശം കൊണ്ട് എത്രത്തോളം മറച്ചുപിടിക്കാൻ കഴിയും എന്ന് ചിന്തിക്കേണ്ടതുണ്ട്. തലമുറ മാറ്റമെന്ന സത്യത്തോട് എത്ര കാലമാണ് നമുക്ക് മുഖം തിരിച്ചു നിൽക്കാനാവുക? തലമുറ മാറ്റം എന്നത് മുമ്പ് പതിറ്റാണ്ടുകൾ കൂടുമ്പോൾ മാത്രം സംഭവിക്കുന്ന ഒന്നായിരുന്നു. ഇന്നിപ്പോൾ  വർഷം തോറും വിദ്യാർഥി സമൂഹത്തിന്റെ മനോഭാവത്തിലും ചിന്തകളിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. പഴഞ്ചൻ രീതികൾകൊണ്ടോ, സംഘടനാ മാഹാത്മ്യം പറഞ്ഞോ അവരെ വരുതിയിലാക്കാൻ സാധിക്കില്ല.


  ക്യാമറക്കണ്ണുകളും സോഷ്യൽ മീഡിയയും ചെലുത്തുന്ന സ്വാധീനം മറന്നുകൊണ്ടാവരുത് നമ്മുടെ സദസ്സുകളും വേദികളും. പ്രസ്താവനകളിലെ രാഷ്ട്രീയ ശരികൾ പോലും അളന്നു മുറിച്ചു തൂക്കി നോക്കപ്പെടുന്ന കാലത്ത് മത നേതൃത്വം നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്ന പരിക്ക് ഒട്ടും ചെറുതല്ല.


  ഇതര സംസ്ഥാനങ്ങളിലെ മുസ്്ലിം സമൂഹവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ മുസ്്ലിം സാമൂഹിക ജീവിതത്തിലും ജീവിത നിലവാരത്തിലും അടിസ്ഥാന മതവിദ്യയിലും വലിയ പുരോഗതിയുണ്ടായതിന് പിന്നിൽ ഉലമാ - ഉമറാ ബന്ധത്തിന്റെ ചരിത്രമുണ്ട്. ഇവിടത്തെ മത, സാമൂഹിക, രാഷ്ട്രീയ നേതൃത്വം യോജിച്ചു പ്രവർത്തിച്ചു എന്നതിനാൽ വലിയ കുതിച്ചുചാട്ടം കൈവരിക്കാൻ കഴിഞ്ഞു. എന്നാൽ നമ്മെക്കാൾ കിടയറ്റ വൈജ്ഞാനിക, രാഷ്ട്രീയ പാരമ്പര്യമുള്ള ഉത്തരേന്ത്യൻ നാടുകളിൽ ഉലമാ - ഉമറാ ബന്ധത്തിന്റെ ചരിത്രം അത്ര ശുഭകരമായിരുന്നില്ല. അതിന്റെ അനന്തര ഫലമായാണ് അവിടത്തെ ജ്ഞാന സമ്പാദന ശൈലികൾ നവീകരണത്തിനു വിധേയമാവാതിരിക്കുന്നത്. 


  സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഉലമാ ലോകം സംഘടിതമായി വേറിട്ട് നിന്നാണ് അവിടെ പ്രവർത്തിച്ചുപോന്നത്. ജംഇയ്യത്ത് ഉലമായെ ഹിന്ദും സർവേന്ത്യാ മുസ്്ലിം ലീഗും തമ്മിലെ ഭിന്നത സമൂഹത്തിൽ ഉണ്ടാക്കിയ പ്രതിഫലനം ചെറുതല്ല. വിദ്യാഭ്യാസ യജ്ഞങ്ങളിൽ ഉമറാക്കളുടെയും വിദ്യാ സമ്പന്നരുടെയും പങ്കാളിത്തം ഇല്ലാത്തതിനാൽ സംഭവിച്ച പരിണതി നമുക്ക്  വലിയൊരു പാഠമാണ്.
അതിനാൽ യോജിച്ചു നിന്നു മാത്രമേ പുരോഗതി സാധ്യമാകൂ എന്ന, നമ്മുടെ ചരിത്രത്തിൽനിന്നു തന്നെ നമുക്ക് ലഭിക്കുന്ന പാഠത്തോട് നാം മുഖം തിരിക്കരുത്. സംഘടന എന്ന വൃത്തത്തിനപ്പുറം സമുദായം എന്ന വിശാലതയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ളത് ഇവിടത്തെ മുഖ്യധാരാ സുന്നീ സംഘടനക്ക് തന്നെയാണ് . അത് ഉൾക്കൊണ്ടു പ്രവർത്തിക്കാനാവണം. വിമർശനങ്ങളെയും തിരുത്തലുകളെയും അനിവാര്യതകളെയും ഉൾക്കൊണ്ട് സമീപനങ്ങളെ നിരന്തരം പരിഷ്കരിച്ച ചരിത്രം  ഈ സംഘത്തിനുണ്ട്. സമുദായത്തിന്റെ വേരുകൾക്ക് വെള്ളവും വളവും നൽകാൻ ഈ സംഘത്തോളം മറ്റാർക്കാണ് സാധിക്കുക? ആഭ്യന്തര സംഘർഷങ്ങളിൽ നമ്മുടെ നേട്ടങ്ങളെ ബലി കൊടുക്കാതിരിക്കാനുള്ള ജാഗ്രത കാണിക്കാൻ ഇനിയും വൈകിക്കൂടാ. ഈ പ്രതിസന്ധികൾ പരിഹരിച്ചു  കൂടുതൽ ക്രിയാത്മകമായി,  സഹകരണ മനോഭാവത്തോടെയും സഹിഷ്ണുതയോടെയും മുന്നോട്ട് പോകാൻ ബന്ധപ്പെട്ടവർ മനസ്സ് കാണിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 29-33
ടി.കെ ഉബൈദ്

ഹദീസ്‌

സഞ്ചരിക്കുന്ന രക്തസാക്ഷി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്