തുടര്‍ക്കഥയാവുന്ന ഖുര്‍ആന്‍ നിന്ദ
പരിശുദ്ധ ഖുര്‍ആന്ന് മുസ്്‌ലിം സമൂഹത്തിലുള്ള സ്ഥാനമെന്താണെന്നും അവര്‍ ആ പവിത്ര ഗ്രന്ഥത്തെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നും എല്ലാവര്‍ക്കുമറിയാം. ഇതറിഞ്ഞുകൊണ്ട് തന്നെയാണ് ഇസ്്‌ലാമിന്റെ ശത്രുക്കള്‍ കാലാകാലങ്ങളായി ഖുര്‍ആൻ നിന്ദ നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്്‌ലിം വികാരം കുത്തിയിളക്കാന്‍ വേണ്ടി ഖുര്‍ആന്‍ കത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ഇസ്്‌ലാമോഫോബിക് ട്രന്റ്. ഇറാഖില്‍നിന്ന് പലായനം ചെയ്ത് സ്വീഡനിലെത്തി അവിടത്തെ പൗരത്വം സ്വീകരിച്ച ഒരാള്‍ സ്റ്റോക്‌ഹോമിലെ സെന്‍ട്രല്‍ മസ്ജിദിന് മുന്നില്‍വെച്ച് ഖുര്‍ആന്‍ പരസ്യമായി കത്തിച്ചതാണ് ഇപ്പോള്‍ ലോക വ്യാപകമായി പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്; അതും കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തില്‍. ഖുര്‍ആന്‍ കത്തിച്ച ഇറാഖി വംശജന്റെ പേര് സൽവാന്‍ മൂമികാ എന്നാണ്. ഇദ്ദേഹം ക്രൈസ്തവ വിഭാഗത്തില്‍ പെടുന്നയാളാണെങ്കിലും, താന്‍ നിരീശ്വരവാദിയാണ് എന്നാണ് അവകാശപ്പെടുന്നത്. ഖുര്‍ആനിക മൂല്യങ്ങള്‍ പാശ്ചാത്യ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നീതിസങ്കല്‍പത്തിനും എതിരാണെന്ന് പറയുന്ന ഇയാള്‍, ജനശ്രദ്ധ പരമാവധി ലഭിക്കാനാണ് കത്തിക്കാനായി ബലിപെരുന്നാള്‍ തെരഞ്ഞെടുത്തത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഡെന്‍മാര്‍ക്കിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്ട്രാം കുര്‍സി(Stram Kurs)ന്റെ നേതാവ് റാംസസ് പലുഡാന്‍ കഴിഞ്ഞ റമദാനില്‍ ഖുര്‍ആന്‍ കോപ്പി പരസ്യമായി കത്തിക്കുകയുണ്ടായി. ഈ രണ്ട് സംഭവങ്ങളിലും ഭരണകൂടത്തിന്റെയും കോടതിയുടെയുമൊക്കെ അനുവാദത്തോടെയും സമ്മതത്തോടെയുമാണ് കത്തിക്കല്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ പോലീസ് കാഴ്ചക്കാരന്റെ റോളിലായിരുന്നു.
മധ്യ യുഗത്തില്‍ യൂറോപ്പിനെ അടക്കി ഭരിച്ചിരുന്ന ചര്‍ച്ച് മേധാവികളുടെ വിധ്വംസക പ്രവൃത്തികളിലൊന്നായിരുന്നു എതിരാളികളെ (അവര്‍ സ്വന്തം മതത്തിലെ അവാന്തര വിഭാഗങ്ങളാണെങ്കില്‍ കൂടി) മാത്രമല്ല, അവരുടെ മത ഗ്രന്ഥങ്ങളെയും ചുട്ടെരിക്കുക എന്നത്. ക്രി. 1530-ല്‍ വെനിസ് നഗരത്തില്‍ വിശുദ്ധ ഖുര്‍ആന്റെ ആദ്യ ലാറ്റിന്‍ പരിഭാഷ പ്രസിദ്ധീകൃതമായപ്പോള്‍ അത് ചുട്ടെരിക്കാനായിരുന്നു പോപ് ക്ലമന്റ് ഏഴാമന്റെ ഉത്തരവ്. ഇതിനെത്തുടര്‍ന്ന് മധ്യയുഗത്തിലെ കുപ്രസിദ്ധമായ സ്പാനിഷ് ഇന്‍ക്വിസിഷന്‍ വിശുദ്ധ ഖുര്‍ആന്റെ ഒരൊറ്റ ലാറ്റിന്‍ പരിഭാഷയും പുറത്തിറക്കാന്‍ അനുവദിച്ചില്ല. കുരിശ് യുദ്ധകാലത്തുടനീളം ഇതുപോലുള്ള നിരവധി വിലക്കുകളും നശീകരണങ്ങളും വന്നുകൊണ്ടിരുന്നു. ഇത് ഇസ്്‌ലാമോഫോബിയ അല്ലാതെ മറ്റൊന്നുമല്ല. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. മുമ്പത്തെപ്പോലെ ഇപ്പോഴും ഈ നശീകരണ പ്രവൃത്തികള്‍ക്ക് ഭരണകൂടത്തിന്റെയും മത മേധാവികളുടെയും മൗനസമ്മതമുണ്ട്. തങ്ങള്‍ക്കെതിരെ ഭരണകൂടത്തില്‍നിന്ന് കാര്യമായ നടപടികളൊന്നുമുണ്ടാകില്ല എന്ന ഉറപ്പിലാണ്, കുടിയേറ്റ വിരുദ്ധത എന്ന മറവില്‍ മുസ്്‌ലിംവിരുദ്ധത മൂലധനവും ഇന്ധനവുമാക്കിയ യൂറോപ്പിലെ തീവ്ര വലതുപക്ഷങ്ങള്‍ ഇത്തരം ഹീനവൃത്തികള്‍ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, തുര്‍ക്കിയ ഒഴികെയുള്ള മറ്റു മുസ്്‌ലിം രാഷ്ട്രങ്ങള്‍ ഒഴുക്കന്‍ മട്ടില്‍ അപലപിച്ച് ഒന്നും ചെയ്യാതിരിക്കുന്നതും ഇസ്്‌ലാമോഫോബിയ ബാധിച്ച ഭരണകൂടങ്ങള്‍ക്കും സംഘങ്ങള്‍ക്കും ഖുര്‍ആന്‍ നിന്ദയും നബി നിന്ദയും ആവര്‍ത്തിക്കാന്‍ പ്രേരണയാകുന്നു.
Comments