Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 04

3312

1445 മുഹർറം 17

സമാധാന ശ്രമങ്ങളും സഹായ ഹസ്തങ്ങളും മണിപ്പൂരിലെ മുസ്്ലിം മാതൃക

അബ്ദുൽ ഹലീം ഇംഫാൽ

മണിപ്പൂരിലെ മുസ്‍ലിംകൾക്ക് അഥവാ, 'മെയ്ത്തി പംഗലുകൾ'ക്ക് (അങ്ങനെയാണവർ പ്രാദേശികമായി അറിയപ്പെടുന്നത്) അവരുടെ ചരിത്രത്തിലെ വിധിനിർണായക രാത്രിയായിരുന്നു 2023 മെയ് മൂന്നിലേത്. ആജ്ഞാപിക്കാൻ ഒരു കേന്ദ്ര നേതൃത്വം ഇല്ലാതിരുന്നിട്ടും, സ്വയം പ്രേരിതരായി മുസ്‍ലിംകൾ താമസിക്കുന്ന ഇടങ്ങൾ  പോർമുഖത്തുള്ള രണ്ടു വിഭാഗങ്ങൾക്കും ആ ദിനത്തിൽ രക്ഷകരാവുകയായിരുന്നു. പൗരാണിക കാലം മുതൽ ഇന്നോളം മണിപ്പൂരിന്റെ അഭിമാന തലസ്ഥാനമായി പരിലസിക്കുന്ന ഇംഫാലിലായിരുന്നു ആയിരക്കണക്കിന് കുക്കി ക്രിസ്ത്യാനികൾക്ക് മെയ്ത്തി ഭീകരതയുടെ മരണദംഷ്്ട്രയിൽനിന്ന് ജീവിതം തിരിച്ചുകിട്ടിയത്. ഒരേ സമയം, മെയ്ത്തി താഴ്്വരയിൽ കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിൽ ജീവനെടുക്കാൻ കാത്തുനിന്ന തോക്കുകളിൽനിന്നും ഓടിരക്ഷപ്പെ​ട്ട മെയ്ത്തികൾക്കും നീട്ടിപ്പിടിച്ച കരങ്ങളുമായി ക്വാക്റ്റയിലെ മുസ്‍ലിംകൾ അഭയത്തുരുത്തൊരുക്കി.
താഴ്്വരയുടെ അതിർത്തിയിൽ സമീപത്തെ ഒമ്പത് മലനിരകളെ ചുറ്റി, തെക്കേ അറ്റത്ത് കുന്നുകൾ തുടങ്ങുന്നേടത്താണ് ക്വാക്റ്റയെന്ന സമൃദ്ധമായ വ്യാപാര നഗരം. ഏറെയും മുസ്‍ലിംകൾ വസിക്കുന്ന നാട്.  അതിരുചേർന്ന് കുന്നുകൾക്കരികെ ടോർബംഗ്, ബംഗ്ല, വെയ്കുറോക് തുടങ്ങിയ മെയ്ത്തി പ്രദേശങ്ങളും ഏറെ ദൂരെയല്ലാതെ കാംഗ്‍വായ് പോലുള്ള കുക്കി മേഖലകളും. മെയ് മൂന്നിന് ഉച്ചക്കു ശേഷം മൂന്നു മണിയോടടുത്ത സമയം, മെയ്ത്തികൾ ക്വാക്റ്റ ലക്ഷ്യമിട്ട് ഓടിരക്ഷപ്പെടാൻ തുടങ്ങി. വീടുകൾ കൂട്ടമായി ചുട്ടെരിച്ചും വെടിവെച്ചും കുക്കികൾ നടത്തിയ ആക്രമണത്തിൽനിന്ന് രക്ഷ തേടിയായിരുന്നു ഓട്ടം. എല്ലാവർക്കും താമസവും ഭക്ഷണവുമൊരുക്കി മുസ്‍ലിംകൾ.  മണിപ്പൂരിന്റെ തെക്കു- കിഴക്ക് മ്യാൻമർ (പഴയ ബർമ) അതിർത്തിയിലെ വ്യാപാര നഗരമായ മൊറേഹിലും സമാനമായി കുക്കി ആക്രമണം ഭയന്ന് ഓടിയ മെയ്ത്തികൾക്ക് മുസ്‍ലിംകൾ ​തന്നെ രക്ഷകരായി.
എന്നാൽ, ഇംഫാലിന്റെ ഹൃദയ ഭാഗത്ത് തന്നെ, എന്നും മെയ്ത്തി ഹിറ്റ്ലിസ്റ്റിലുള്ള   മുസ്‍ലിംകൾ തിങ്ങിത്താമസിക്കുന്ന ഹറ്റ-ഗോലാപതിയുണ്ട്. അതിനോടു ചേർന്നാണ് ​ഗോത്രവർഗ പ്രദേശമായ ചെക്കോൺ സ്ഥിതി ചെയ്യുന്നത്. മെയ് മൂന്നിന് രാത്രി ഏഴുമണിയോടടുത്ത സമയത്ത് ആയിരക്കണക്കിന് മെയ്ത്തികൾ സംഘം ചേർന്ന് ഇംഫാൽ നഗരത്തിലെ ഗോത്രവർഗ പ്രദേശങ്ങൾ ആക്രമിക്കാനെത്തി. അവിടെയും അഭയമാകാനുണ്ടായിരുന്നത് മുസ്‍ലിം പ്രദേശങ്ങൾ. തിടുക്കപ്പെട്ട് രക്ഷാ​ദൗത്യ​മേറ്റെടുത്ത മുസ്‍ലിംകൾ അവർക്ക് ഭക്ഷണവും താമസവുമൊരുക്കി. കേന്ദ്ര സേനയുടെ രക്ഷാസംഘങ്ങൾ എത്താനായി കാത്തിരിക്കുകയും ചെയ്തു. അർധരാത്രി കഴിഞ്ഞാണ് പലരെയും സുരക്ഷാസേനയുടെ ​ സംരക്ഷണത്തിൽ മാറ്റിപ്പാർപ്പിക്കാനായത്. അങ്ങനെ എന്തും ചെയ്യാനെത്തിയ മെയ്ത്തി ആൾക്കൂട്ട ആക്രമണത്തിൽനിന്ന് അവർക്ക് രക്ഷ നൽകാനായി. ഈ സമയമാകുമ്പോഴേക്ക് നിരവധി കുക്കികൾക്ക് തലസ്ഥാന നഗരത്തിന്റെ മറ്റു  ഭാഗങ്ങളിൽ ജീവൻ നഷ്ടമായിക്കഴിഞ്ഞിരുന്നുവെന്നറിയണം.
സംഘർഷം അണയാതെ കത്തിയ പിന്നീടുള്ള നാളുകളിലും ഇരു സമുദായങ്ങളും പരസ്പരം വീടുകൾ തീയിടൽ തുടർന്നു. താഴ് വരയിലും കുന്നുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും മുസ്്ലിംകൾ സന്നദ്ധസേവകരായിറങ്ങി അവശ്യ വസ്തുക്കളും പണവും സ്വരൂപിച്ച് താഴ്്വരയിലെ റിലീഫ് ക്യാമ്പുകളിൽ എത്തിച്ചുകൊണ്ടിരുന്നു. എന്നാൽ, സംഘട്ടനം കനത്തതോടെ യാത്ര ചെയ്യാനോ ചരക്കുകളെത്തിക്കാനോ സാധ്യമാവാതെ വന്നപ്പോൾ കുന്നുകളിലെ ക്യാമ്പുകളിൽ എത്തിപ്പെടുക മുസ്‍ലിംകൾക്ക് ദുഷ്കരമായി. കുന്നുകളിലെ കുക്കി മേഖലകളിൽ ചുരാചന്ദ്പൂർ, മൊറേഹ് എന്നിങ്ങനെ രണ്ട് മുസ്‍ലിം പോക്കറ്റുകളുണ്ടായിരുന്നു. അവിടങ്ങളിൽ സംഘർഷം എത്തിയിരുന്നില്ല. ഇപ്പോഴും ഒരു പക്ഷവും ചേരാതെയാണ് ഈ പ്രദേശങ്ങൾ നിലകൊള്ളുന്നതും.
മുസ്‍ലിംകൾ സ്വയം പ്രേരിതരായി ഈ സഹായ ദൗത്യവുമായി ഇറങ്ങാൻ കാരണമെന്താകും? എനിക്ക് മനസ്സിലാകുന്നത്, ശ്രമകരമായി എന്നാൽ, സമർഥമായി മുസ്‍ലിം ജമാഅത്തുകളും മദ്റസകളും  പകർന്നുനൽകിയ പ്രബോധനത്വരയും സന്ദേശ പ്രചാരണവും സേവന മനഃസ്ഥിതിയും നന്മ ഉപദേശിക്കലും തിന്മ തടയലും ദൈവിക ദീനിനെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തലും സേവന മനോഭാവവും തഖ്‍വയും ആത്മശുദ്ധീകരണവുമൊക്കെയാണ് അതിന് നിദാനമായി വർത്തിച്ചത് എന്നാണ്.  കഠിന പരീക്ഷണങ്ങളുടെ ഈ നാളുകളിൽ, മുസ്‍ലിംകളിലെ ശരാശരി രാഷ്ട്രീയക്കാർ പോലും തൗബയുടെയും ഇസ്വ്്ലാഹിന്റെയും സേവനത്തിന്റെയും നന്മയുടെയും ഭാഷ സംസാരിക്കുന്നതാണ് ഞാൻ കേട്ടത്. ഖുർആനിക പാഠങ്ങൾ സ്വാംശീകരിക്കുകയും അതു പ്രകാരം മുന്നോട്ടുപോകാൻ മുസ്‍ലിംകൾ തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ടെന്ന്  തോന്നുന്നു. അതിനാവശ്യമായ പ്രോത്സാഹനം മുസ്‍ലിം നേതൃത്വത്തിൽനിന്നുണ്ടാകുന്നില്ലെന്നതാണ് വെല്ലുവിളി. നവീകരണവും മാറ്റവും ആവശ്യപ്പെട്ട് പത്രപ്രസ്താവനകളോ പൊതു ആഹ്വാനങ്ങളോ ഉണ്ടാകുന്നില്ല. പൊതുസമൂഹം പരിവർത്തനത്തിനും നവീകരണത്തിനും കൊതിയോടെ കാത്തിരിക്കുന്നു. എന്നാൽ, മുന്നിൽനിൽക്കേണ്ട നേതൃത്വം രംഗത്തിറങ്ങി മഹത്തായത് ലക്ഷ്യമിടുകയും കഠിനമായി ശ്രമിക്കുകയും ആത്മവികാസത്തിന്റെ ഉയരങ്ങൾ പിടിക്കുകയും ചെയ്യുകയെന്ന ദൗത്യമേൽക്കാൻ വിസമ്മതിച്ചു നിൽക്കുകയാണ്.
അപ്പോഴും, ഏറ്റവും മികച്ച മാർഗങ്ങൾ തേടുന്നതിലും സത്യത്തിനും നീതിക്കും വേണ്ടി നിലയുറപ്പിക്കുന്നതിലും ഈ മധ്യമ സമുദായത്തിനു മുന്നിലുള്ള കടുത്ത അപായങ്ങൾ കണക്കിലെടുക്കാതെ വയ്യ. മെയ്ത്തി തീവ്രവാദികൾ മണിപ്പൂരിലെ മുസ്‍ലിംകൾക്ക് മേൽ കടുത്ത സമ്മർദമാണ് ചെലുത്തുന്നത്. തങ്ങളുടെ പക്ഷം ചേർന്ന് മുസ്്ലിംകൾ പോർമുഖത്തിറങ്ങണമെന്നാണ് അവരുടെയൊക്കെയും ആവശ്യം. ദുരിതാശ്വാസ പ്രവർത്തനങ്ങളും അവശ്യ വസ്തുക്കൾ എത്തിക്കലും മാത്രം പോരെന്നും പോർമുഖത്ത് നേരിട്ട് അങ്കം കുറിക്കുന്ന പോരാളികൾ തന്നെയാകണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്.
എന്നാൽ, ആഭ്യന്തര യുദ്ധം ഒരിക്കലും രാജ്യത്തെ സഹായിക്കില്ലെന്നാണ് മുസ്‍ലിം നിലപാട്. അത് ഭിന്നതയും ശൈഥില്യവും രൂക്ഷമാകാൻ മാത്രമേ സഹായിക്കൂ. എന്നാൽ, സമുദായങ്ങൾ പരസ്പരം മുഖാമുഖം നിൽക്കുമ്പോൾ 53 ശതമാനം വരുന്ന മെയ്ത്തികൾക്കൊപ്പം എട്ടു ശതമാനം മാത്രം ജനസംഖ്യയുള്ള മുസ്‍ലിംകൾ ചേർന്നുനിൽക്കണമെന്നും അവരുടെ കാവലും കരുതലും ആവശ്യമായി വരുമെന്നും വാദിക്കുന്ന വിഘടിത വിഭാഗങ്ങളും മുസ്‍ലിംകൾക്കിടയിലുണ്ട്. മുസ്‍ലിംകൾ വസിക്കുന്ന പ്രദേശങ്ങൾക്ക് ചുറ്റിലുമുള്ളത് മെയ്ത്തികളാണ്. ഭരണം നിയന്ത്രിക്കുന്നത് അവരാണ്. ഉയർന്ന വിദ്യാഭ്യാസമുള്ളവർ. എല്ലാറ്റിലുമുപരി, പുറത്തെ സർക്കാറുകളുടെ പിന്തുണയുള്ള സുസംഘടിതരും സമരസജ്ജരുമായ വിഘടന തീവ്രവാദ ഗ്രൂപ്പുകളും ഇവരിലുണ്ട്. മുസ്‍ലിംകളിലെ പക്വമതികളും വിവേകശാലികളും ഈ വാദത്തെ ഖണ്ഡിക്കുന്നു. മുസ്‍ലിംകളോട് സന്മനസ്സ് കാണിക്കുന്ന, അവരെ ഒരിക്കലും ആക്രമിക്കാത്ത പരിസരത്തെ ഗോത്രവർഗങ്ങളെ പിണക്കരുതെന്നും അവർക്കെതിരെ ഉയരുന്ന കൊടിയ ശത്രുത തിരിച്ചറിയണമെന്നുമാണ് അവർ അഭ്യർഥിക്കുന്നത്.
ഗോത്രവർഗങ്ങൾ പകർന്നുനൽകുന്ന  ഈ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വില മനസ്സിലാവണമെങ്കിൽ കഴിഞ്ഞ മെയ് 3-ന് നടന്ന സംഭവങ്ങൾക്ക് കൃത്യം 30 വർഷം മുമ്പ് എന്താണ് ഉണ്ടായത് എന്നറിയണം. 1993 മെയ് മൂന്നിനായിരുന്നു മെയ്ത്തി ആൾക്കൂട്ടങ്ങൾ മുസ്‍ലിംകളെ കുരുതി നടത്തിയത്. ന്യൂനപക്ഷമായ മുസ്‍ലിംകൾ മെയ്ത്തി സ്ത്രീകളെ  ബലാൽസംഗം ചെയ്യുന്നുവെന്നും കൊലപ്പെടുത്തുന്നുവെന്നുമുള്ള വ്യാപക നുണക്കഥകൾക്കു പിന്നാലെയായിരുന്നു കുരുതി. ആ കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കുന്നതിൽ മണിപ്പൂരിൽ മാറിമാറി വന്ന സർക്കാറുകൾ കാണിച്ച അലംഭാവമാണ് അതേ ആൾക്കൂട്ട ക്രൂരതകളും ആഭ്യന്തര യുദ്ധവും അതിന്റെ അനേകം ഇരട്ടി വീര്യത്തോടെ ആവർത്തിക്കുന്നതിന് കാരണമായത്. എന്തു സംഭവിച്ചാലും മെയ്ത്തി പംഗലുകൾക്കോ മണിപ്പൂരി മുസ്‍ലിംകൾക്കോ മെയ്ത്തികളിൽനിന്ന് അകന്നുനിന്ന് ജീവിക്കാനാകില്ല. ഒരേ ഭാഷയാണ് ഇരുവരും സംസാരിക്കുന്നത്. ഒരേ സംസ്കാരമാണ് ഉപജീവിക്കുന്നത്. ഒന്നാണ് മാതൃരാജ്യം. ഒരേ മണ്ണിൽ വസിക്കുകയും സമാന തീർപ്പുകൾ പങ്കിടുകയും ചെയ്യുന്നവർ.
1819 മുതൽ 1826 വരെ മണിപ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം പെയ്ത ഏഴു വർഷക്കാലമുണ്ട്. അന്നത്തെ ബർമീസ്/മ്യാൻമറിലെ അവാ രാജക്കന്മാർ മണിപ്പൂർ അധിനിവേശം നടത്തി അതിനെ തകർത്തുതരിപ്പണമാക്കുകയായിരുന്നു. മെയ്ത്തികൾക്കും മുസ്്ലിം പംഗലുകൾക്കും ഒന്നിച്ച് അസം, ത്രിപുര, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് നാടുവിടേണ്ടിവന്നു. ഏഴു വർഷത്തെ മഹാദുരന്തത്തിന്റെ ഓർമകൾ പേറി ത്രിപുരയിലെ ബാറക് താഴ് വരയിലും സിൽഹട്ടിലും ഇപ്പോഴുമുണ്ട് പംഗലുകളും മെയ്ത്തികളും ഒന്നിച്ചു കഴിയുന്ന ഗ്രാമങ്ങൾ. ബർമ/മ്യാന്മറിൽനിന്ന് മണിപ്പൂർ സ്വതന്ത്രമായപ്പോൾ അവിടം വിട്ടുപോരാൻ മനസ്സുവരാത്തവരായിരുന്നു അവർ. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 29-33
ടി.കെ ഉബൈദ്

ഹദീസ്‌

സഞ്ചരിക്കുന്ന രക്തസാക്ഷി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്