ആകാശമയക്കുന്ന ഇ-മെയിലുകള്‍
യാസീന്‍ വാണിയക്കാട്
ആകാശമയക്കുന്ന
ഇ-മെയിലുകളാകുന്നു
മഴ
ഓരോ വാക്കും
ക്രമം തെറ്റിക്കിടക്കും
കുട്ടികളുടെ
കൈയക്ഷരങ്ങള്‍ പോലെ.
ചേര്‍ത്തുവെച്ച് വായിക്കാന്‍
ശീലിച്ചാല്‍ ആര്‍ക്കുമത്
വായിക്കാം
മഴ നനയുന്നവര്‍
ആകാശത്തെ വായിക്കാറില്ല
സദാസമയവും
മുങ്ങിക്കിടക്കുന്ന ചൂണ്ടക്കൊളുത്ത്
പുഴയെ വായിക്കാത്തപോലെ
വേരുകളത്
വായനക്കെടുക്കുമ്പോള്‍
ചില്ലകളുടെ നടനങ്ങള്‍ക്ക്
ലാസ്യഭംഗി
മണ്ണതിന്റെ ആദ്യവരിയില്‍
കണ്ണ് പൂഴ്ത്തുമ്പോള്‍
ഭൂമിയണിയുന്നു
പച്ചക്കൊലുസുകള്‍
ചിതറിയ മഴയക്ഷരങ്ങള്‍
ചേര്‍ത്തുവെച്ച്
ആഴത്തില്‍ വായിക്കാന്‍
പുഴയോളം
അഭ്യസ്തവിദ്യര്‍
ആരുമില്ല തന്നെ.
മണ്ണിലേക്കയക്കുന്ന സന്ദേശങ്ങള്‍
ടൈപ്പ് ചെയ്യാനുള്ള
കീബോര്‍ഡുകളാകുന്നു
മേഘങ്ങള്‍.
Comments