റജബിന്റെ സന്ദേശം
ഹിജ്‌റ കലണ്ടറിലെ ഏഴാമത്തെ മാസമായ റജബ് യുദ്ധനിരോധിത ചതുര്‍മാസങ്ങളില്‍ ഒന്നാണ്. യുദ്ധം, ശണ്ഠ, കലഹം എന്നിവ എക്കാലത്തും അനഭിലഷണീയവും പരമാവധി വര്‍ജിക്കേണ്ടതുമാണ്. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കാനാണ് സത്യവിശ്വാസി സദാ ശ്രദ്ധിക്കേണ്ടത്. കലഹഹേതുവായേക്കാവുന്ന സ്വഭാവങ്ങള്‍, ശൈലികള്‍, പ്രവണതകള്‍ നിയന്ത്രിച്ച് വരുതിയിലാക്കാനുള്ള പരിശീലനമാണ് പല മാര്‍ഗേണ ഇസ്‌ലാം നല്‍കുന്നത്. ക്ഷമ, വിട്ടുവീഴ്ച തുടങ്ങിയ സല്‍ഗുണങ്ങള്‍ വളര്‍ത്താനും ദയാകാരുണ്യ വികാരങ്ങള്‍ സജീവമാക്കാനും പ്രാര്‍ഥനാപൂര്‍വം പരിശ്രമിക്കേണ്ടതുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പലതരം പ്രവണതകള്‍ പ്രകടിപ്പിക്കുന്ന സമൂഹത്തില്‍ കലഹങ്ങള്‍ ഉണ്ടായേക്കാം. അപ്പോഴും യുദ്ധനിരോധിത ചതുര്‍മാസങ്ങളില്‍ സവിശേഷം സംയമനം പാലിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ മാസങ്ങളില്‍ കലഹവും കാലുഷ്യവും ഇല്ലാതാക്കാനും വ്യക്തിതലം മുതല്‍ സമൂഹത്തിന്റെ വിവിധ വിതാനങ്ങളില്‍ സമാധാനം വളര്‍ത്താനും ശ്രദ്ധിക്കണം.
റജബ് പിറന്നാല്‍ മുസ്‌ലിം ലോകത്തെ പള്ളികളിലും മറ്റും കേള്‍ക്കാറുള്ള ഒരു പ്രാര്‍ഥനാ വാക്യത്തിലേക്കും അതിന്റെ പ്രമേയത്തിലേക്കും ശ്രദ്ധ ക്ഷണിക്കുക എന്നതാണ് ഈ കുറിപ്പിന്റെ മുഖ്യ ഉദ്ദേശ്യം. ഈ പ്രാര്‍ഥനാ വാക്യം പ്രവാചകന്‍ തന്നെ ഉരുവിട്ടതാണോ എന്ന കാര്യത്തില്‍ ഹദീസ് പണ്ഡിതര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇതിന്റെ പ്രമേയം പ്രസക്തവും പ്രയോജനപ്രദവുമാണ്. പൂര്‍വീകരായ സജ്ജനങ്ങള്‍ പ്രാര്‍ഥിച്ച വാക്യം: 'അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിന്‍ വ ശഅ്ബാന്‍, വ ബല്ലിഗ്‌നാ റമദാന്‍...' (അല്ലാഹുവേ! നീ ഞങ്ങള്‍ക്ക് റജബിലും ശഅ്ബാനിലും അനുഗ്രഹങ്ങള്‍ ചൊരിയേണമേ! റമദാനിലേക്ക് ഞങ്ങളെ എത്തിക്കേണമേ!.....)
കൂടുതല്‍ കച്ചവടം നടക്കാവുന്ന സീസണ്‍ അടുത്തുവരുമ്പോള്‍ വ്യാപാരി നന്നായി ഒരുങ്ങി തയാറെടുക്കും. എന്നാലേ ലാഭം കൊയ്യാനാവുകയുള്ളൂ. ഇങ്ങനെ സീസണ്‍ അടുത്തുവരുമ്പോള്‍ ഒരു കച്ചവടക്കാരന്റെ ഹൃദയം തുടിക്കുന്നതിലേറെ സല്‍ക്കര്‍മങ്ങളില്‍ വളരെ മുന്നേറാന്‍ ആഗ്രഹിക്കുന്ന സത്യവിശ്വാസിയുടെ ഹൃദയം തുടിക്കും. അങ്ങനെ വരുമ്പോള്‍ പരിശുദ്ധ റമദാനിനെ പരമാവധി പ്രയോജനപ്പെടുത്താന്‍ നല്ല തയാറെടുപ്പുകള്‍ നടത്തും; നടത്തേണ്ടതുമുണ്ട്. ഒരു തയാറെടുപ്പുമില്ലാതെ, ആകസ്മികമെന്നോണം ഒരു സംഗതിയെ സമീപിക്കുന്നതും മികച്ച തയാറെടുപ്പോടെ, ഉള്ളുരുകിയ പ്രാര്‍ഥനകളോടെ ഒരു സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
വ്രതാനുഷ്ഠാനം പോലെ ഇസ്‌ലാമിന്റെ മറ്റൊരു സ്തംഭമായ ഹജ്ജിന്റെ കാര്യത്തില്‍ തയാറെടുപ്പ് നടത്താന്‍ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. ദീനിന്റെ മാര്‍ഗത്തില്‍ സമര-പോരാട്ടങ്ങള്‍ നടത്തുമ്പോള്‍ നല്ല തയാറെടുപ്പുകള്‍ വേണം. അനിവാര്യമായും സംഭവിച്ചേക്കാവുന്ന പരലോക യാത്രക്ക് വേണ്ടിയുള്ള തയാറെടുപ്പാണ് ഐഹിക ജീവിതമെന്ന് തഖ് വയെപ്പറ്റി അലി(റ) പറഞ്ഞതും സ്മരണീയം. തയാറെടുപ്പ് തന്നെ പുണ്യകരമായ സല്‍കര്‍മമാണ്. നന്മ ലാക്കാക്കി മതിയായ തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കെ അല്ലാഹുവിന്റെ വിധിപ്രകാരം മരണപ്പെട്ടാല്‍ കര്‍മം അനുഷ്ഠിച്ചതുപോലുള്ള പ്രതിഫലം ലഭിക്കുമെന്ന് ഹദീസിന്റെ ആശയങ്ങളില്‍നിന്ന് ഗ്രഹിക്കാം. ആത്മാര്‍ഥമായി ഒരു നല്ല കാര്യം ചെയ്യാന്‍ ഉദ്ദേശിച്ചു; പക്ഷെ, ചെയ്യാനൊത്തില്ല, എങ്കില്‍ ആ സദുദ്ദേശത്തിന് കരുണാവാരിധിയായ റബ്ബ് പ്രതിഫലമേകും.
ഒരു നല്ല കാര്യത്തിന് വേണ്ടി, നല്ല സന്ദര്‍ഭത്തിന് വേണ്ടി, പ്രാര്‍ഥനാപൂര്‍വം പ്രതീക്ഷിച്ചിരിക്കലും പുണ്യം സിദ്ധിക്കുന്ന സംഗതിയാണ്. പള്ളിയില്‍ ജമാഅത്ത് നമസ്‌കാരം പ്രതീക്ഷിച്ച് ഇങ്ങനെ കാത്തിരിക്കുന്നവര്‍ക്ക് വലിയ പുണ്യമുണ്ടെന്നപോലെ വെള്ളിയാഴ്ച ജുമുഅക്ക് നേരത്തെ എത്തുന്നവര്‍ക്കും പുണ്യമുണ്ട്.
ഇങ്ങനെയാണെങ്കില്‍ പുണ്യത്തിന്റെ പൂക്കാലമായ പരിശുദ്ധ റമദാനിനെ സസന്തോഷം വരവേല്‍ക്കാന്‍ പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്നതും അതിന്നായി മികച്ച തയാറെടുപ്പുകള്‍ നടത്തുന്നതും 'അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിന്‍ വ ശഅ്ബാന്‍, വ ബല്ലിഗ്‌നാ റമദാന്‍.....' എന്ന പ്രാര്‍ഥനയുടെ അനിവാര്യ തേട്ടമാണ്. പ്രാര്‍ഥനകളുടെ പ്രമേയത്തെ ഹൃദയപൂര്‍വം ഉള്‍ക്കൊണ്ടുകൊണ്ട് തദടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പ്രാര്‍ഥനയും പ്രയത്‌നവും ഒരു നാണയത്തിന്റെ ഇരുപുറം കണക്കെ ഒപ്പത്തിനൊപ്പം ആവണം. ഹജ്ജിലും ഉംറയിലും ത്വവാഫും സഅ്‌യും ജോടിയാണ്. ത്വവാഫ് വിശുദ്ധവും വിശിഷ്ടവുമായ പ്രാര്‍ഥനയാണ്. അതു നിര്‍വഹിച്ച ഉടന്‍ സഅ്‌യ് ആണ്. ആ പദത്തിന്റെ അര്‍ഥം തന്നെ പ്രയത്‌നം എന്നാണ്. പ്രാര്‍ഥിച്ചാല്‍ അതു പുലരാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ വേണമെന്നതാണതിന്റെ പാഠം.
സന്താനഭാഗ്യത്തിന്നായി പ്രാര്‍ഥിക്കുന്നവര്‍, വിവാഹം കഴിക്കുകയും ദാമ്പത്യ ജീവിതം നയിക്കുകയും വേണം. ഇന്ന് പ്രാര്‍ഥനാ സമ്മേളനങ്ങള്‍ തന്നെ നടക്കുന്നു; കൂട്ടായ പ്രാര്‍ഥനകള്‍ നടക്കുന്നു; പക്ഷെ അതിന്നനുസരിച്ചുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര നടക്കുന്നില്ല. ധാരാളമായി പ്രവര്‍ത്തിക്കുന്നവരില്‍ പലരും റബ്ബിനോട് ഉള്ളുരുകി പതിവായി പ്രാര്‍ഥിക്കാന്‍ ശ്രദ്ധിക്കുന്നില്ല. ഈ അപൂര്‍ണത നാം തിരിച്ചറിയണം. തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ തിരുത്തുകയും വേണം.
Comments