സ്‌നേഹം വിതറി കടന്നു പോയൊരാള്‍
പലഹാരങ്ങളും പഴങ്ങളുമായി അവധി ദിവസങ്ങളില്‍ വീട്ടിലേക്ക് കയറി വന്നിരുന്ന വിരുന്നുകാരനായിരുന്നു ഞങ്ങള്‍ക്ക് പലപ്പോഴും ബാപ്പ (എം.സി അബ്ദുല്ല മൗലവി, മണ്ണാര്‍ക്കാട്). വീടും കുടുംബവും സാമ്പത്തിക ഭദ്രതയും അടച്ചുറപ്പുള്ള കിടപ്പാടവും ബാങ്ക് ബാലന്‍സും സുഖ സൗകര്യങ്ങളുമൊന്നും ഒരു കാലത്തും എം.സി എന്ന പച്ച മനുഷ്യന്റെ പരിഗണനാ വിഷയങ്ങളേ ആയിരുന്നില്ല. ആയിരുന്നുവെങ്കില്‍, ഉണ്ടായിരുന്ന ഓല മേഞ്ഞ വീട് വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയെന്നറിയുമ്പോള്‍ പൊട്ടിച്ചിരിക്കാനാവില്ലല്ലോ. നിറചിരിയോടെയാണ് നിത്യ ദാരിദ്ര്യത്തെ ബാപ്പ അതിജീവിച്ചത്. തവക്കുല്‍, അല്‍ഹംദുലില്ലാഹ് എന്നീ വാക്കുകളാണ് ആ നാവില്‍ നിന്ന് ഏറ്റവും കൂടുതല്‍ കേട്ടത്. നിത്യ ദാരിദ്ര്യാവസ്ഥ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ മക്കളായ ഞങ്ങളെ അലോസരപ്പെടുത്തിയിരുന്നു എന്നത് സത്യമാണ്. എന്നാല്‍ ബാപ്പയെ ഇതൊന്നും അലട്ടിയിരുന്നില്ല. കുടുംബവുമൊന്നിച്ചുള്ള അത്യാവശ്യ യാത്രകളില്‍ പോലും മര്യാദക്ക് ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിരുന്നില്ല ബാപ്പ. ഇല്ലാത്തതുകൊണ്ട് മാത്രമായിരുന്നില്ല അത്. അതിന്റെയൊന്നും ആവശ്യമില്ലെന്ന ഉറച്ച നിലപാടായിരുന്നു പ്രധാന കാരണം.
ഞങ്ങള്‍ക്ക് വരുമാന മാര്‍ഗങ്ങളായതിന് ശേഷമുള്ള യാത്രകളിലും ഹോട്ടല്‍ ബില്‍ കൊടുക്കുമ്പോള്‍ ബാപ്പ അടുത്തു വന്ന് നില്‍ക്കും. ബില്ലിലെ തുക അറിയാനാണത്. പ്രതീക്ഷിച്ചതിലും വലിയ സംഖ്യയാണെങ്കില്‍ ആ മുഖം ഇരുളും. അപ്പോഴൊന്നും പറയില്ലെങ്കിലും യാത്രക്കിടെ അമിതമായി ചെലവാക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കും. അനാവശ്യമാണിത് എന്ന് പറയും. വസ്ത്രമോ ചെരിപ്പോ എന്തുമായിക്കോട്ടെ ഇതു തന്നെയായിരുന്നു നിലപാട്. അസുഖ ബാധിതനാവുന്നതിന് തൊട്ടുമുമ്പ് ഞങ്ങളോടൊപ്പം ഹൗസ് ബോട്ടില്‍ ഒരു യാത്ര നടത്തിയിരുന്നു. അന്ന് എത്ര രൂപയാണ് ചെലവായതെന്ന് ഒരുപാട് തവണ ചോദിച്ചു. അമിതമായി ചെലവഴിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു അത്. ഒരു സുഹൃത്തിന്റെ ഹൗസ് ബോട്ടാണെന്നും സൗജന്യമായാണ് താമസിക്കുന്നതെന്നും പറഞ്ഞ് രക്ഷപ്പെടേണ്ടി വന്നു. മക്കളുടെ പണം കൊണ്ട് നടത്തുന്ന യാത്രകളില്‍ അപൂര്‍വമായേ ബാപ്പ കൂടാറുള്ളൂ.
യാത്രകള്‍ ഏറെ ഇഷ്ടമായിരുന്നുവെങ്കിലും ബസ്സിലും ട്രെയ്‌നിലും അല്ലാത്ത യാത്രകള്‍ അത്ര ആസ്വദിച്ചിരുന്നില്ല. ഇഷ്ടക്കാരായ വിദ്യാര്‍ഥികളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്ക്, ഇസ്‌ലാമിക സ്ഥാപനങ്ങളിലേക്ക്, ഖുത്വ്ബ നിര്‍വഹിക്കാനും ക്ലാസെടുക്കാനുമൊക്കെയുള്ള ഏകാന്ത യാത്രകളായിരുന്നു ഏറ്റവും പ്രിയങ്കരമായത്. അതില്‍ വല്ലാത്തൊരാനന്ദം കാലുകളും തലച്ചോറും പണിമുടക്കുന്നതു വരെ ബാപ്പ അനുഭവിച്ചിരുന്നു.
കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പോകാത്ത നാടുകളില്ല. നടന്നു കയറാത്ത കുന്നും മലകളുമില്ല. ഈ യാത്രകള്‍ക്കിടയിലെ വിശ്രമ കേന്ദ്രമായിരുന്നു പലപ്പോഴും വീട്. അലച്ചിലിനിടയിലെ ശാന്തി തീരം. ഉമ്മയെയും ഞങ്ങളെയും സുഖിപ്പിക്കാനായിരുന്നു പലഹാരങ്ങളും പഴങ്ങളുമായുള്ള വരവ്. 'മുസാഫിര്‍ ഹേ ഹം, മുസാഫിര്‍ ഹോ തും, കിസീ മോഡ് പേ ഫിര്‍ മിലേംഗേ കഭി' എന്ന കവി വചനത്തിന്റെ സൂഫി വേര്‍ഷനായിരുന്നു ബാപ്പ.
രാവിലെ എഴുന്നേറ്റ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് ബാഗ് പാക് ചെയ്താല്‍ അന്നുറപ്പിക്കാം എവിടേക്കോ യാത്രയുണ്ട്. ഒന്ന്, രണ്ട് ആളുകളെ കാണാനുണ്ട്, ഹിറാ സെന്ററിലൊന്ന് പോണം, അല്ലെങ്കില്‍ ശാന്തപുരം, ആലുവ, ആലത്തൂര്‍ എന്നൊക്കെ പല കാരണങ്ങള്‍ പറഞ്ഞാണ് ഇറങ്ങുക. എപ്പോള്‍ വരുമെന്നോ എങ്ങോട്ടാണ് പോവുന്നതെന്നോ കൃത്യമായി പറയില്ല. പിടി തരാതിരിക്കാനും ഞാന്‍ അന്വേഷിക്കാതിരിക്കാനുമായിരുന്നു അത്. ബാപ്പയെ കാണാതാവുമ്പോള്‍ ആധി പിടിച്ച മനസ്സുമായി ഉമ്മ ഗെയിറ്റിലേക്ക് നോക്കിയിരിക്കും. പ്രതീക്ഷിച്ച നേരത്ത് എത്താതായാല്‍ എന്നെ വിളിച്ച് അന്വേഷിക്കാന്‍ പറയും. ഒന്നുമറിയാത്തതുപോലെ പലയിടങ്ങളിലും കറങ്ങി ബാപ്പ തിരിച്ചെത്തും; നിറ ചിരിയോടെ. അതോടെ ഉമ്മയുടെ വഴക്ക് അവസാനിക്കും. ഇങ്ങനെ എത്രയോ യാത്രകള്‍.
ഒരിടത്തും നില്‍ക്കാതെ, എല്ലായിടത്തും എത്തി, പൊട്ടിച്ചിരി സമ്മാനിച്ച്, കൈകള്‍ ചേര്‍ത്തു പിടിച്ച് ആശ്ലേഷിച്ച്, നിഷ്‌കളങ്കമായി വിശേഷങ്ങള്‍ പങ്കുവെച്ച്, പാണ്ഡിത്യത്തിന്റെ ജാടകളൊന്നുമില്ലാതെ, ഒരപ്പൂപ്പന്‍താടിയെ പോലെയുള്ള ജീവിതമായിരുന്നു അത്.
ബാപ്പയിലെ സൂഫിയെ ഒരു പരിധിവരെ തളച്ചിട്ടത് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജിലെ അധ്യാപക വൃത്തിയായിരുന്നു. ഹൃദയം പണിമുടക്കി അത് അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ ബാപ്പയിലെ സഞ്ചാരി വീണ്ടും സ്വതന്ത്രനായി. യാത്രകള്‍ വിലക്കപ്പെട്ടിരുന്നെങ്കിലും നിര്‍ബാധം തുടര്‍ന്നു. ശാന്തപുരം, വാടാനപ്പള്ളി, കുറ്റ്യാടി, അല്‍ അസ്ഹര്‍ ആലുവ തുടങ്ങിയ കലാലയങ്ങളിലെല്ലാം കയറി ചെന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കുറച്ചു കാലം അലട്ടിയെങ്കിലും ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തി കാര്യമായ മരുന്നുകളൊന്നുമില്ലാതെ തന്നെ ബാപ്പ അതിനെ അതിജീവിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എക്കോ ടെസ്റ്റ് നടത്തിയ സുഹൃത്തുകൂടിയായ ഡോക്ടര്‍ ഹൃദയം സാധാരണ നിലയിലായിരിക്കുന്നു എന്ന് അത്ഭുതത്തോടെ എന്നോട് പറഞ്ഞത് ഇപ്പോഴും ഓര്‍മയിലുണ്ട്. ഈമാനിന്റെ ശക്തി വൈദ്യശാസ്ത്രത്തെ തോല്‍പിക്കുകയായിരുന്നു. ഇസ്‌ലാഹിയയില്‍ ജോലി ചെയ്യുമ്പോഴാണ് ഹൃദയം ആദ്യമായി പണിമുടക്കിയത്. ഒ. അബ്ദുര്‍റര്‍ഹ്മാന്‍ സാഹിബ് വിവരമറിയിച്ചത് അനുസരിച്ച് മെഡിക്കല്‍ കോളേജില്‍ പാഞ്ഞെത്തുമ്പോള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്ന് നമസ്‌കരിക്കുന്ന ബാപ്പയുടെ ഫ്രെയിം ഒരിക്കലും മായാത്തതാണ്.
ഏറ്റവും ഒടുവില്‍ കിടപ്പിലാവുന്നതിന് മുമ്പ് 2020 ഒക്‌ടോബറില്‍ അല്‍ ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മൂന്ന് മണിക്കൂര്‍ ആയുസ്സാണ് ഡോക്ടര്‍ പ്രവചിച്ചത്. എന്നാല്‍ ആയിരക്കണക്കിന് ശിഷ്യരുടെയും സതീര്‍ഥ്യരുടെയും പ്രാര്‍ഥനയുടെ മുന്നില്‍ വൈദ്യശാസ്ത്രം വീണ്ടും തോറ്റു. പിന്നീട് ബാപ്പ ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചു വന്നില്ല. ഓര്‍മകളുടെ അടരുകള്‍ നഷ്ടമായി, തലച്ചോറിന്റെ പ്രവര്‍ത്തനം ചുരുങ്ങി പൂര്‍ണമായി ഞങ്ങളുടെ സഹായത്തോടെയാണ് പിന്നീട് കഴിഞ്ഞത്. ഒരു വര്‍ഷം പൂര്‍ണമായി ഞങ്ങള്‍ക്ക് ബാപ്പയെ കൂടെ കിട്ടിയത് ഒന്നുമറിയാത്ത കുഞ്ഞിനെ പോലെയായിരുന്നു. രണ്ടു മാസം പൂര്‍ണമായി കിടന്നു. ഭക്ഷണം ട്യൂബിലൂടെയായിരുന്നു. ഒടുവില്‍ ഫെബ്രുവരി ആറ് ഞായറാഴ്ച 10.05-ന് ആ നേര്‍ത്ത ശ്വാസം നിലച്ചു. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മടങ്ങിയ കൈകള്‍ ബാപ്പ തന്നെ സ്വയം നിവര്‍ത്തി വെച്ചു. കാലുകള്‍ നീട്ടി. അതുവരെ ശ്വാസഗതി ഉയര്‍ന്നിരുന്നത് സാധാരണഗതിയിലായി. മലക്കുല്‍ മൗത്തിനെ സ്വീകരിക്കാനുള്ള കിടപ്പായിരുന്നു അത്.
പ്രസ്ഥാന ജീവിതം
ശാന്തപുരത്തെ പഠനം കഴിഞ്ഞ് പാലക്കാട് ജില്ലയിലെ മുഴുസമയ പ്രവര്‍ത്തകനായാണ് ബാപ്പ പ്രസ്ഥാന ജീവിതം തുടങ്ങുന്നത്. ആദര്‍ശ പ്രബോധനത്തിനും പ്രചാരണത്തിനുമായി ബാപ്പ നടന്നു തീര്‍ത്ത വഴികള്‍ സങ്കല്‍പിക്കാവുന്നതിനും അപ്പുറത്താണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന് അല്‍പം വേരോട്ടമുള്ള പ്രദേശങ്ങളിലെ ഊടുവഴികള്‍ക്ക് പോലും ആ കാലുകള്‍ ചിരപരിചിതമായിരിക്കും. പൊട്ടിച്ചിരികള്‍ അന്തരീക്ഷത്തിലപ്പോഴുമുണ്ടാവും. അതുകൊണ്ടുതന്നെ ബാപ്പയെ പേര മക്കള്‍ കളിയാക്കി വിളിച്ചിരുന്നത് ഗൂഗ്ള്‍ മാപ് എന്നായിരുന്നു. കീഴുപറമ്പ്, മേലാറ്റൂര്‍, മങ്കട, വണ്ടൂര്‍, തിരൂര്‍ക്കാട്, കട്ടുപ്പാറ, കരിങ്കല്ലത്താണി, മണ്ണാര്‍ക്കാട്, ചേളന്നൂര്‍, ചാലക്കല്‍ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ പള്ളികളിലും മദ്‌റസകളിലും അറിവ് പകര്‍ന്നു. പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓടി നടന്നു. എത്തിയേടത്ത് കിടന്നുറങ്ങി, കിട്ടിയത് കഴിച്ചു, കാലുകള്‍ തളരുന്നതു വരെ നടന്നു. ചെന്നുപെട്ട ഇടങ്ങളിലെല്ലാം ഇടപഴകിയവരുടെ മനസ്സില്‍ കയറി. സ്‌നേഹം പകര്‍ന്നു. ചിരി സമ്മാനിച്ചു. ഔചിത്യബോധമില്ലാതെയും പല സ്ഥലങ്ങളിലും ബാപ്പ കയറിച്ചെന്നു. പലര്‍ക്കും അത് പ്രയാസമുണ്ടാക്കിയിട്ടുണ്ടാവും. അതേ ചൊല്ലി ഉമ്മയും ഞങ്ങളും വഴക്കിടുമ്പോള്‍ നിറഞ്ഞ ചിരിയായിരിക്കും മറുപടി. നിങ്ങള്‍ കരുതുന്നത് പോലെയല്ല അവര്‍ വിചാരിക്കുക, 'അതെല്ലാം എന്റെ ഹബീബീങ്ങളാണ്' എന്നൊക്കെയായിരിക്കും വിശദീകരണം.
നിഷ്‌കളങ്കതയുടെ ആള്‍ രൂപമായിരുന്നു ബാപ്പ. അതുകൊണ്ടുതന്നെ എല്ലാവരെയും സ്വന്തക്കാരായി കണ്ടു. ഇഷ്ടപ്പെടാത്തവരുമുണ്ടാകാം. അവരോട്, ബാപ്പക്ക് പൊറുത്തു കൊടുക്കണമെന്നല്ലാതെ എന്തു പറയാന്‍! അങ്ങോട്ടു ചെല്ലുന്നത് പോലെ ഇഷ്ടക്കാരെ, പ്രസ്ഥാന സുഹൃത്തുക്കളെ ചെറിയ സൗകര്യമുള്ള വീട്ടിലേക്ക് പിടിച്ചുകൊണ്ടുവരാനും ഒരു മടിയുമുണ്ടായിരുന്നില്ല. വന്നു കയറിയതിന് ശേഷമാണ് അതിഥികള്‍ ഉള്ളതു പോലും പറയുക. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീര്‍ സിറാജുല്‍ ഹസന്‍, ഇപ്പോഴത്തെ കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് തുടങ്ങി എത്രയോ പ്രമുഖര്‍ ആ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്.
മക്കളുണ്ടാവുന്നതിന് മുമ്പ് ഉമ്മ ബാപ്പയെ കണ്ടുമുട്ടുന്നത് വല്ലപ്പോഴും ആയിരുന്നു. മക്കളുണ്ടായതിന് ശേഷം ഞങ്ങള്‍ക്കും ബാപ്പ ഇടക്ക് കയറി വരുന്ന അതിഥിയായിരുന്നു. പക്ഷേ, ആ മനസ്സ് നിറയെ സ്‌നേഹമായിരുന്നു. കുടുംബത്തില്‍ എന്ത് ചടങ്ങുകളുണ്ടാവുമ്പോഴും ബാപ്പയുടെ പ്രാര്‍ഥനയുണ്ടാവും. ചെറിയ ഉപദേശവും. അത് കിട്ടാനായി എല്ലാവരും ആഗ്രഹിച്ചിരുന്നു.
വിദ്യാര്‍ഥികളുടെ മനസ്സില്‍ കയറിയ അധ്യാപകന്‍
ഒരധ്യാപകന്‍ എങ്ങനെയാണ് ഇത്രയും പ്രിയങ്കരനായി മാറാനാവുന്നത്? എന്താണ് അതിന്റെ രസതന്ത്രം? എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്ത വിസ്മയമാണത്. എനിക്കുമുണ്ടല്ലോ അധ്യാപകര്‍. അവരില്‍ പലരുടെയും പേരുകള്‍ പോലും ഓര്‍മയിലില്ല. പലരുടെയും അവസ്ഥ സമാനമായിരിക്കും. ഇവിടെ ഇതാ ഒരധ്യാപകന്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും അവരുടെ മനസ്സില്‍ മധുരം കിനിയുന്ന ഓര്‍മയായി ജീവിക്കുന്നു. ഒരു മനുഷ്യന് ഒരുപാട് ഹൃദയങ്ങളില്‍ ഇങ്ങനെ കയറി പറ്റാനാവുന്നത് എങ്ങനെയാണ്! അവരുടെ സ്‌നേഹ വായ്പ് ഇത്രമേല്‍ അനുഭവിക്കാനാവുന്നതില്‍ പരം പുണ്യമെന്തുണ്ട്! നനഞ്ഞ കണ്ണുകളോടെയുള്ള ആയിരങ്ങളുടെ പ്രാര്‍ഥനകളില്‍ ഇടം പിടിക്കുന്നതില്‍ പരം ആത്മഹര്‍ഷം ഏതാണ്. സുകൃതം ചെയ്തവര്‍ക്ക് മാത്രം സാധ്യമാവുന്ന ഔന്നത്യമാണത്. ബാപ്പ കിടപ്പിലായതിന് ശേഷം വീട്ടില്‍ വന്നു പോയ വിദ്യാര്‍ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കണക്കില്ല. ന്യൂസിലാന്റില്‍ നിന്ന് ചുരുങ്ങിയ അവധിക്ക് നാട്ടിലെത്തിയ വിദ്യാര്‍ഥി വരെ ആ കൂട്ടത്തിലുണ്ട്. തിരക്കുകള്‍ക്കിടയിലും മുന്‍ മന്ത്രി കെ.ടി ജലീലുമെത്തിയിരുന്നു. അവര്‍ക്കെല്ലാം ഓര്‍ക്കാനുള്ളത് മനസ്സ് നിറയെ സ്‌നേഹം നിറച്ചു വെച്ച എം.സിയെയാണ്. രക്ഷിതാവായി, കൂട്ടുകാരനായി, അധ്യാപകനായി നിറഞ്ഞാടിയ സൗമ്യതയുടെ ആള്‍ രൂപമായിരുന്നത് കൊണ്ടാവാം അത്രമേല്‍ അവരുടെ ഹൃദയങ്ങളെ ബാപ്പ കീഴടക്കിയത്. ഒരധ്യാപകന് ഇതില്‍ പരം എന്തു വേണം! ബാപ്പ കയറി ചെല്ലാത്ത ശിഷ്യരുടെ വീടുകള്‍ ചുരുക്കമായിരിക്കും. അതിന് നേരവും കാലവുമൊന്നുമുണ്ടായിരുന്നില്ല. അവര്‍ക്ക് അത് അലോസരമായിരുന്നില്ലെന്നറിയുമ്പോഴാണ് ആ ഇഴയടുപ്പം മനസ്സിലാവുന്നത്. അവരില്‍ പലരും വീട്ടിലും വന്നിട്ടുണ്ട്.
ബാപ്പയുടെ പാണ്ഡിത്യത്തെ കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. മരണ ശേഷം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ പ്രമുഖരുടെ കുറിപ്പുകളിലും അതുണ്ടായിരുന്നു. അതേപറ്റി പറയാന്‍ ഞാന്‍ ആരുമല്ല. പക്ഷേ, ഒന്നെനിക്ക് പറയാന്‍ പറ്റും. ബാപ്പയുടെ ശ്വാസത്തില്‍ പോലും ഖുര്‍ആനുണ്ടായിരുന്നു.
ഏതുറക്കത്തിലും ഖുര്‍ആന്‍ തെറ്റായി ഓതുന്നത് കേട്ടാല്‍ പിടഞ്ഞെണീറ്റ് തിരുത്തിയിരുന്നു. മഗ്‌രിബിന് ശേഷം പേരക്കുട്ടികളെയും മരുമക്കളെയുമൊക്കെ വിളിച്ചിരുത്തി ഖുര്‍ആന്‍ ഓതിപ്പിക്കുകയും തെറ്റുകളില്‍ കയര്‍ക്കുകയും ചെയ്യുന്ന ബാപ്പയെ ഞാന്‍ എത്രയോ തവണ കണ്ടിട്ടുണ്ട്. കേള്‍വി 20 ശതമാനമായി കുറഞ്ഞ സമയത്തും ഖുര്‍ആന്‍ കേട്ടാല്‍ ആ കാതുകള്‍ സജീവമാകുമായിരുന്നു. ഓര്‍മകള്‍ നഷ്ടമായി തുടങ്ങിയ സമയത്തും ശരീരം അസ്വസ്ഥമാവുമ്പോഴും ഖുര്‍ആന്‍ കേള്‍പിച്ചാല്‍ ശാന്തനാവുമായിരുന്നു. കണ്ണുകള്‍ വികസിക്കുമായിരുന്നു. ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നടന്നു തീര്‍ത്ത വഴികളും സ്‌നേഹത്തോടെ ഓര്‍ക്കുന്ന ശിഷ്യരും തന്നെയാണ് ബാപ്പയുടെ ഏറ്റവും വലിയ സമ്പാദ്യം. ഒരായുസ്സില്‍ ഇതില്‍ പരം എന്തു നേടാന്‍!
Comments