ഉമ്മു ആയിശ ശാന്തപുരം
കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനും, അതിന്റെ ആദ്യ സംസ്ഥാന അമീറുമായിരുന്ന ഹാജി സാഹിബിന്റെ സഹധര്‍മിണിയായിട്ടാണ് ഉമ്മമ്മ രംഗത്ത് വരുന്നത്. ഹാജി സാഹിബുമായുള്ള ആ സഹവാസം കാരണം ഉമ്മമ്മ ഹാജി സാഹിബിന്റെ ധാരാളം വിശേഷങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ടായിരുന്നു. മാത്രമല്ല പ്രബോധനം വാരികയുടെ വളര്‍ച്ചക്കായി ധാരാളം അധ്വാനങ്ങള്‍ സ്വന്തം കരങ്ങളാല്‍ ചെയ്തിരുന്നു. പേരമക്കളായ ഞങ്ങളോട് ഒഴിവ് സമയങ്ങളില്‍ ഉമ്മമ്മാന്റെ പഴയകാല ഓര്‍മകള്‍ അയവിറക്കാറുണ്ടായിരുന്നു.
ആദ്യകാലത്ത് പൂക്കാട്ടിരിയില്‍ വെച്ച് പ്രബോധനം വാരിക തുന്നിക്കെട്ടാനും അത് വിവിധ പ്രദേശങ്ങളിലേക്ക് അയക്കാനും ഹാജി സാഹിബിനെ സഹായിക്കുമായിരുന്നു.
നന്മയായ കാര്യങ്ങളോടെല്ലാം അതീവ താല്‍പര്യമായിരുന്നു. ഓരോ നമസ്‌കാര ശേഷവും അടുത്ത നമസ്‌കാരത്തെ പ്രതീക്ഷിച്ചിരിക്കും. സുന്നത്ത് നമസ്‌കാരങ്ങള്‍ സമയമെടുത്താണ്് നിര്‍വഹിക്കുക. ദിവസവും വലിയ സൂറത്തുകള്‍ ഓതി തഹജ്ജുദ് നമസ്‌കരിക്കും. മാത്രമല്ല ഉമ്മമ്മാക്ക് 90 വയസ്സുള്ളപ്പോള്‍ പലപ്പോഴും ഞാന്‍ കൂടെ കിടക്കാറുണ്ടായിരുന്നു. 3.30-ന് എന്നെ വിളിച്ച് തഹജ്ജുദ് നമസ്‌കരിപ്പിക്കും. ഫര്‍ള് നമസ്‌കാരങ്ങളും ഇതുപോലെത്തന്നെ വീട്ടിലെ എല്ലാവരെയും കൂട്ടി നമസ്‌കരിക്കും. ബാങ്ക് വിളിച്ചാല്‍ പിന്നെ മറ്റൊരു ജോലിയിലേക്ക് തിരിയാന്‍ ആരെയും അനുവദിക്കുമായിരുന്നില്ല.
വാര്‍ധക്യത്തിന്റെ വിവശതയിലും രാത്രി ഓരോ പത്ത് മിനിറ്റിലും ഞെട്ടി ഉണരുകയും നമസ്‌കാര സമയത്തെ സംബന്ധിച്ച് ചോദിക്കുകയും സമയമായാല്‍ വിളിക്കണമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്യുമായിരുന്നു. രാത്രിയുടെ അധിക ഭാഗവും ഖുര്‍ആന്‍ തിലാവത്തിലായാണ് കഴിച്ചുകൂട്ടുക. അവസാന കാലത്ത് ആശുപത്രിയില്‍ വെച്ച് ആവശ്യപ്പെട്ടിരുന്നതും നമസ്‌കാരത്തെപ്പറ്റി ഓര്‍മപ്പെടുത്താനായിരുന്നു. മുമ്പ് മുതലേ തന്നെ നാട്ടില്‍ മരണപ്പെടുന്ന സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഉമ്മമ്മയായിരുന്നു. 90 വയസ്സിനു ശേഷവും റമദാനിലെ 30 നോമ്പും സുന്നത്ത് നോമ്പുകളും ഏത് വേനലിലും എടുക്കുമായിരുന്നു. ഉമ്മമ്മനെ കൂട്ടാതെ സുന്നത്ത് നോമ്പെടുത്താല്‍ ഞങ്ങളെ ശകാരിക്കും. ലോക്ക് ഡൗണ്‍ കാലത്ത് റമദാനില്‍ ഞങ്ങള്‍ തറാവീഹ് നമസ്‌കാരത്തില്‍ ഖുര്‍ആന്‍ മുഴുവനും ഓതി നമസ്‌കരിക്കുമ്പോള്‍ ഉമ്മമ്മയും ഒപ്പം കൂടും. 21 വയസ്സുള്ള എനിക്ക് തളര്‍ച്ച അനുഭവപ്പെട്ടാലും ഉമ്മമ്മക്ക് യാതൊരു ക്ഷീണവും ഉണ്ടായിരുന്നില്ല.
സ്വദഖ, ദാനധര്‍മ്മങ്ങളുടെ വിഷയത്തില്‍ ഉമ്മമ്മ ഞങ്ങളെയെല്ലാം തോല്‍പിച്ചു. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് അവയവങ്ങള്‍ ചലനമറ്റ് കിടക്കുന്ന സമയം വീട്ടില്‍ ഞങ്ങളെ സഹായിക്കാന്‍ വരാറുള്ള സ്ത്രീ ആശുപത്രിയില്‍ വന്ന് ഉമ്മമ്മനെ കണ്ട് സലാം ചൊല്ലി. ഉമ്മമ്മ കണ്ണ് കൊണ്ട് ആഗ്യം കാണിച്ച് അവര്‍ക്കുള്ള സ്വദഖ നല്‍കാന്‍ അമ്മായിയോട് ആവശ്യപ്പെട്ടു.
ഉമ്മമ്മാക്ക് ഒരു മാവുണ്ട്. അതില്‍ ഉണ്ടാവുന്ന മാമ്പഴം മുഴുവന്‍ അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും ഉള്ളതാണ്.
മരണത്തിന് മുമ്പ് തന്നെ ആഭരണങ്ങള്‍ എല്ലാം ഊരി അതില്‍ നല്ലൊരു വിഹിതം വീടിനടുത്ത് നിര്‍മിക്കുന്ന പള്ളി പണിയിലേക്ക് സംഭാവന നല്‍കി. ഉമ്മമ്മാന്റെ പേരിലുള്ള സ്ഥലം ഹിഫ്ള് മദ്‌റസ തുടങ്ങാന്‍ വേണ്ടി വഖ്ഫ് ചെയ്തു മകനെ ഏല്‍പിച്ചു.
83 വയസ്സുള്ളപ്പോള്‍ മകന്റെയും പേരമക്കളുടെയും കൂടെ ഉംറ നിര്‍വഹിക്കാന്‍ ഒരവസരം കൂടി കിട്ടി.
പ്രബോധനം, ആരാമം, മാധ്യമം മുതലായവ ഈ അടുത്ത കാലം വരെയും വായിച്ചിരുന്നു. സ്വന്തം കാര്യങ്ങള്‍ എല്ലാം വാര്‍ധക്യത്തിലും ഉമ്മമ്മ തന്നെ സ്വയം നിര്‍വഹിക്കുമായിരുന്നു.
അവസാന കാലത്ത് കണ്ണട വെക്കാതെ തന്നെ ടോര്‍ച്ചടിച്ച് ഖുര്‍ആന്‍ ഓതുമായിരുന്നു.
അറ്റാക്കിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കിയപ്പോള്‍ ഉമ്മമ്മ അന്വേഷിച്ചത് തസ്ബീഹ് മാലയും ഖുര്‍ആനുമായിരുന്നു. ഉമ്മമ്മാക്ക് ശ്വാസതടസ്സം കൂടുമ്പോള്‍ ഖുര്‍ആനിലെ സ്വര്‍ഗ-നരക പരാമര്‍ശങ്ങളുള്ള ആയത്തുകളാണ് സ്വയം ഓതിയിരുന്നത്. അവയവങ്ങള്‍ ചലനമറ്റ് ഹോസ്പിറ്റലില്‍ കിടക്കവെ സൂറ: യാസീന്‍ ഓതിക്കൊടുക്കുമ്പോള്‍ കണ്ണുകള്‍ പതുക്കെ തുറക്കും. അങ്ങനെ 27.1.22-ന് ഉമ്മമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. അല്ലാഹുവിന്റെ ചില ഇഷ്ട ദാസീദാസന്മാര്‍ക്ക് നല്‍കുന്ന ആഫിയത്തോടു കൂടിയുള്ള ദീര്‍ഘായുസ്സ് അല്ലാഹു ഉമ്മമ്മാക്ക് നല്‍കി അനുഗ്രഹിച്ചു.
നാലകത്ത് അബൂബക്കര്‍
ഈയിടെ നമ്മോട് വിടവാങ്ങിയ വടകര നാലകത്ത് അബൂബക്കര്‍ സാഹിബ് ദീര്‍ഘകാലം സലാലയിലും കുവൈത്തിലും പ്രവാസ ജീവിതം നയിച്ചിരുന്നു. പെരുമ്പിലാവ് അന്‍സാര്‍ കോളജ് കാന്റീനിലും, വാദിഹുദ സ്‌കൂള്‍ കാന്റീനിലും മാനേജറായി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷമായി വിശ്രമ ജീവിതത്തിലായിരുന്നു.
നാല്‍പത്തിമൂന്ന് വര്‍ഷത്തോളമായി ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു; നാട്ടിലും വിദേശത്തും.
വടകര ശാന്തി നികേതന്‍ കേന്ദ്രീകരിച്ചുള്ള മത, സാമൂഹിക, വിദ്യാഭ്യാസ, കാരുണ്യ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായിരുന്നു.
സമകാലിക വിഷയങ്ങള്‍ക്കൊപ്പം പ്രസ്ഥാനത്തിന്റെ ആദര്‍ശവും ആഴത്തില്‍ പഠിച്ചിരുന്ന അദ്ദേഹത്തിന് ആരോടും ദീര്‍ഘനേരം സംവദിക്കാനുള്ള കഴിവും ആത്മവിശ്വാസവുമുണ്ടായിരുന്നു.
കുടുംബ സദസ്സിലും പ്രാസ്ഥാനിക സദസ്സുകളിലും ഗാനങ്ങള്‍ ആലപിക്കാറുണ്ടായിരുന്നു. വടകരയില്‍നിന്ന് തോടന്നൂരിലേക്ക് അദ്ദേഹം കുടുംബത്തോടൊപ്പം താമസം മാറി. ഭാര്യ ലൈല.
മക്കള്‍: ഫതാഹ്, ഫാത്വിമ ബക്കര്‍, ഫര്‍ഹാന്‍. മരുമക്കള്‍: ഡോ. തമീം, ചാലിക്കര കുന്നത്ത് മുനീര്‍.
എന്‍.പി.എ കബീര്‍, നിലപ്പാറ, നൊച്ചാട്
ഡോ. എം.എസ് അബ്ദുല്‍ ഖാദര്‍
ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ചങ്ങനാശ്ശേരി പ്ലാമ്മൂട്ടില്‍ ഡോ.എം.എസ് അബ്ദുല്‍ ഖാദര്‍ അല്ലാഹുവിലേക്ക് യാത്രയായി. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചു.
1955-ല്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ ഒന്നാം റാങ്കോടെ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയാണ് അദ്ദേഹം ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയത്. ഖരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എം.ടെക്കും പി.എച്ച്.ഡിയും കരസ്ഥമാക്കി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി സേവനം അനുഷ്ഠിച്ചു വരുമ്പോഴാണ് തൃശൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ ലക്ചററായി നിയമനം ലഭിക്കുന്നത്. അവിടെ ഇലക്ട്രിക്കല്‍ വിഭാഗം വകുപ്പുമേധാവിയായി സേവനം അനുഷ്ഠിച്ചു.1987-ല്‍ ടെക്നിക്കല്‍ എജുക്കേഷന്‍ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരിക്കെ സര്‍വീസില്‍ നിന്നും വിരമിച്ചു.
ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം പല കൃതികളും മലയാളത്തിലേക്ക് സംക്ഷിപ്
ത രൂപത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക മൂല്യങ്ങള്‍ ചരിത്രത്താളുകളിലൂടെ എന്ന തന്റെ ചരിത്ര ഗ്രന്ഥത്തില്‍ ഓരോ സംഭവ വിവരണത്തിന് ശേഷവും പ്രസക്തമായ ഒരു ഖുര്‍ആന്‍ വചനവും ചേര്‍ത്തിട്ടുണ്ട്.
മുഹമ്മദ് ദ പ്രോഫറ്റ്, ഇഖ്ബാല്‍ കവിത നിദര്‍ശനങ്ങള്‍, റൂമിയുടെ സ്‌നേഹ സന്ദേശം, ഹനഫീ ഗൈഡ്, പ്രവാചക ജീവിതത്തിന്റെ ഔന്നത്യം, ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്. അനന്തരാവകാശ നിയമങ്ങളെക്കുറിച്ച് വളരെ ലളിതമായി തയാറാക്കിയ പുസ്തകം സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. അദ്ദേഹം എഴുതിയ ടെക്‌നിക്കല്‍ പ്രബന്ധങ്ങള്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിനയവും ലാളിത്യവും നിറഞ്ഞ ഇസ്‌ലാമിക വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാക്കള്‍, മതപണ്ഡിതന്മാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്നു. കേരളത്തിലെ ഒട്ടനവധി ദീനീ സംരംഭങ്ങളെ അകമഴിഞ്ഞ് സഹായിച്ചു.
ചങ്ങനാശ്ശേരിയില്‍ പ്രസ്ഥാനം ആരംഭിച്ച ദാറുസ്സക്കാത്ത് സംരംഭത്തിന്റെ തുടക്കം മുതലേയുള്ള സഹകാരിയായിരുന്നു. സക്കാത്ത് ആര്‍ക്കും വെറുതെ നല്‍കരുതെന്നും ശാസ്ത്രീയമായ സംവിധാനത്തിലൂടെ വ്യവസ്ഥാപിതമായി മാത്രമേ അത് നല്‍കാവൂ എന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആരും പട്ടിണി കിടക്കരുതെന്നും അങ്ങനെ വന്നാല്‍ സമുദായം അതിന് ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം ഒര്‍മിപ്പിച്ചു.
ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനു സമീപമുള്ള അല്‍ ഇഹ്‌സാന്‍ മസ്ജിദിന് തറക്കല്ലിട്ടതും അസ്വ്ര്‍ നമസ്‌കാരത്തിന് നേതൃത്വം കൊടുത്ത് പള്ളി ആരംഭിച്ചതും അദ്ദേഹമാണ്.
വാര്‍ധക്യസഹജമായ അസുഖങ്ങളില്‍ ഓര്‍മകള്‍ മാഞ്ഞു തുടങ്ങിയ വേളയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് 'മരുന്നൊക്കെ കഴിക്കുന്നുണ്ടോ' എന്ന് ചോദിച്ചപ്പോള്‍ 'വാര്‍ധക്യത്തിന് എന്ത് മരുന്ന്' എന്നായിരുന്നു മറുപടി.
ഗവേഷകരായ ഡോ. അഹമ്മദ് റജീന (ഓസ്‌ട്രേലിയ), ഡോ. സജീവ് (ഓസ്‌ട്രേലിയ), എ. ജവാദ് എന്നിവര്‍ മക്കളാണ്.
പി.എ ഹനീസ് ചങ്ങനാശേരി
അബ്ദുല്‍ ഖാദര്‍ വക്കീല്‍
ജമാഅത്തെ ഇസ്‌ലാമി അംഗവും കടവത്തൂര്‍ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു അഡ്വ. അബ്ദുല്‍ ഖാദര്‍. അഭിഭാഷകവൃത്തി ഉപേക്ഷിച്ചിട്ടും കടവത്തൂരിലെ ജനങ്ങള്‍ 'വക്കീല്‍' എന്ന അഭിസംബോധന വേണ്ടെന്ന് വെച്ചില്ല. സൗമ്യനും മിതഭാഷിയും വിനയാന്വിതനുമായ അബ്ദുല്‍ ഖാദര്‍ സാഹിബ് പ്രസ്ഥാനത്തിന്റെ കടുത്ത എതിരാളികളുടെ പോലും മനസ്സില്‍ ഇടം കണ്ടെത്തിയത് തര്‍ബിയത്ത് കൊണ്ട് ജീവിതത്തെ സംശുദ്ധമായി നിലനിര്‍ത്തി എന്ന ഒറ്റക്കാരണം കൊണ്ടാണ്. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഒരു നാടു മുഴുവന്‍ തേങ്ങിയത്.
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരിനടുത്ത് പുളിയനമ്പ്രം എന്ന പ്രദേശത്ത് 1944-ല്‍ അബ്ദുല്ല - അയിശു ദമ്പതിമാരുടെ മൂത്ത മകനായി ജനിച്ച അബ്ദുല്‍ ഖാദര്‍ ബിരുദ പഠനത്തിനു ശേഷം കടവത്തൂരിലുള്ള അമ്മാവന്‍ കീഴക്കണ്ടി മൂസയുടെ പ്രേരണയില്‍ നിയമ പഠനം നടത്തുകയും 1970-ല്‍ തലശ്ശേരി കോടതിയില്‍ അഭിഭാഷക ജീവിതം ആരംഭിക്കുകയും ചെയ്തു.
ഈ കാലയളവില്‍ അമ്മാവന്റെ മകള്‍ ആയിഷയെ വിവാഹം ചെയ്യുകയും കടവത്തൂരില്‍ സ്ഥിര താമസമാക്കുകയും ചെയ്തു. 1977-ല്‍ ജോലി ആവശ്യാര്‍ത്ഥം ഖത്തറില്‍ പ്രവാസ ജീവിതം തുടങ്ങിയ വക്കീല്‍ 1988-ല്‍ നാട്ടിലേക്ക് തിരിച്ചെത്തുകയും ജമാഅത്തെ ഇസ്‌ലാമിയുടെ മുഴുസമയ പ്രവര്‍ത്തകനായി മാറുകയും ചെയ്തു.
തന്റെ ജന്മനാടായ പുളിയനമ്പ്രത്ത് ആദ്യമായി ഒരു പൊതുപരിപാടി സംഘടിപ്പിച്ചപ്പോള്‍ യാഥാസ്ഥിതിക പക്ഷം എതിര്‍പ്പുമായി രംഗത്തെത്തി. അദ്ദേഹത്തിന്റെ പിതാവിനെ പ്രകോപിപ്പിച്ചു കൊണ്ട് പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചു. പ്രാസംഗികന്റെ വസ്തുനിഷ്ഠമായ അവതരണം കേട്ടപ്പോള്‍ പിതാവിന്റെ നീരസം അലിഞ്ഞില്ലാതായി.
കടവത്തൂരിന്റെ മുക്കിലും മൂലയിലും പ്രസ്ഥാനത്തിന്റെ സന്ദേശവുമായി അദ്ദേഹം കടന്നു ചെന്നു.
കൂക്കിവിളികളും അവഗണനകളുമൊന്നും ആ ഉദ്യമത്തില്‍ നിന്ന് അദ്ദേഹത്തെ തെല്ലും പിന്തിരിപ്പിച്ചില്ല. മാധ്യമം പത്രവും, പ്രബോധനവും ആരാമവും മലര്‍വാടിയും നാടുനീളെ വരി ചേര്‍ത്തു കൊണ്ട് പ്രദേശത്ത് പുതിയ വായനാനുഭവങ്ങള്‍ സൃഷ്ടിച്ചതില്‍ അദ്ദേഹത്തിനുള്ള പങ്ക് നിസ്തുലമാണ്. ലഘുലേഖകളും പുസ്തകങ്ങളുമായി വീടുവീടാന്തരം കയറിയിറങ്ങുന്ന വക്കീലിനെ കളിയാക്കാനായി ചിലര്‍ അദ്ദേഹത്തെ നൂഹ് നബിയോട് ഉപമിച്ചു പറഞ്ഞെങ്കിലും, പ്രബോധകന്റെ ദൗത്യം പ്രബോധിത സമൂഹത്തിലേക്ക് ഈ സന്ദേശം എത്തിക്കുക മാത്രമാകുന്നു എന്ന കല്‍പന അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ പരിഹാസങ്ങളെയൊക്കെ തന്റെ സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് വക്കീല്‍ അതിജയിച്ചു.
ഒരു പുരുഷായുസ്സ് മുഴുവന്‍ അല്ലാഹുവിന്റെ ദീനിന് വേണ്ടി നിലകൊണ്ട അബ്ദുല്‍ ഖാദര്‍ വക്കീല്‍ വിടവാങ്ങുമ്പോള്‍ ഒരു യഥാര്‍ത്ഥ വിശ്വാസി സമൂഹത്തില്‍ എങ്ങനെയായിരിക്കണം എന്ന മാതൃകയാണ് ബാക്കി വെച്ചത്. പ്രദേശത്തെ ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുള്ള വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
അസ്മ, ഇഖ്ബാല്‍, ഷമീം എന്നിവര്‍ മക്കളാണ്. നജ്മ ഇഖ്ബാലിന്റെ ഭാര്യയും.
ശരീഫ് കടവത്തൂര്‍
Comments