Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 25

3241

1443 റജബ് 24

'അല്ലാഹു അക്ബര്‍' അടിച്ചമര്‍ത്തപ്പെടുന്നവരുടെ  വിമോചന മന്ത്രം

 കെ.പി പ്രസന്നന്‍

ആധികളും വ്യഥകളും ഇല്ലാത്ത ജീവിതം ഏതൊരു മനുഷ്യന്റെയും മോഹമാണ്. ഒരുപക്ഷേ മനുഷ്യരുടെ ദുഃഖ നിര്‍മാര്‍ജനത്തിനു വേണ്ടിയാണ് ലോകത്തെ മിക്ക പ്രത്യയശാസ്ത്രങ്ങളും ജന്മമെടുത്തത് തന്നെ. പല ആചാര്യന്മാര്‍ പല രീതിയില്‍ പ്രശ്‌നത്തെ സമീപിച്ചിട്ടുണ്ടാവാം.
മനുഷ്യവംശത്തിന്റെ തുടക്കത്തെയും ചരിത്രത്തെയും സംബന്ധിച്ച് ഇസ്‌ലാമും അതിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. വിശ്വാസികളെ സംബന്ധിച്ചേടത്തോളം വിശുദ്ധ ഖുര്‍ആന്‍ പടച്ച തമ്പുരാന്റെ വചനങ്ങള്‍ ആയതിനാല്‍ ആ ഗൗരവത്തിലായിക്കും അവരതിനെ പരിഗണിക്കുന്നത്.
മനുഷ്യ സൃഷ്ടിപ്പിനോടനുബന്ധിച്ച് ഉന്നത സഭയില്‍ നടന്ന സംവാദങ്ങള്‍ ഖുര്‍ആന്‍ ചുരുക്കി വിവരിക്കുന്നുണ്ട്. പ്രപഞ്ച നാഥനായ അല്ലാഹു, മാലാഖമാര്‍, പിശാച്, ആദമും അവന്റെ ഇണയും ഒക്കെ ചേര്‍ന്നുള്ള സംഭവബഹുലമായ ആ  സംവാദരംഗത്തിനൊടുവില്‍ അറിവ് നേടിയിട്ടും പിശാചിന്റെ പ്രലോഭനത്തില്‍ വീണു പോയ  മനുഷ്യ പിതാവും മാതാവും ഖേദത്തിലാവുന്നു. തുടക്കവും ഒടുക്കവുമൊക്കെ അറിയുന്ന സര്‍വജ്ഞനായ നാഥന്‍ പിഴവുകളുടെ ആധിയില്‍ ഉഴറിയ ആദ്യമനുഷ്യര്‍ക്ക് ഉപജീവനത്തിനായി ഭൂമിയിലെ വാസം നിശ്ചയിച്ച് കൊണ്ടിങ്ങനെ പറഞ്ഞു.
'എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല' (2:38).
പ്രലോഭനത്തിന്റെ കല്‍പ്പടവുകളില്‍ ഇടറി വീഴാതിരിക്കാനായി മാര്‍ഗദര്‍ശകരായ പ്രവാചകന്മാരെയും വേദങ്ങളെയും സമ്മാനിച്ച് കൊണ്ട് അല്ലാഹു വാക്ക് പാലിച്ചു. പക്ഷേ വിശ്വാസികളെന്നവകാശപ്പെടുന്നവര്‍ക്ക് മറവി പറ്റിക്കൊണ്ടിരിക്കുന്നു.  ഇന്‍സാന്‍ (മനുഷ്യന്‍) എന്ന അറബിപദത്തില്‍ മറവിക്കാരന്‍ എന്ന അര്‍ഥവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ആസക്തികളാലും പ്രലോഭനങ്ങളാലും ഇടറി വീഴുമെങ്കിലും  വെളിച്ചത്തിന്റെ തുരുത്തുകളില്‍ അവന്‍ അവനെ വീണ്ടെടുത്ത് തിരിച്ചറിയാറുണ്ട്.
'അലസ്തു ബി റബ്ബിക്കും'  (ഞാനല്ലയോ നിങ്ങളുടെ റബ്ബ്)
'ബലാ' (പിന്നല്ലാതെ)
പിന്നെന്തായാലെന്ത്!
അല്ലാഹു അക്ബര്‍ (പരംപൊരുളായ അല്ലാഹു  മഹത്ത്വം നിറഞ്ഞവന്‍)
ഈ വിശ്വാസം ആത്മാവിലേക്കാവാഹിക്കുമ്പോള്‍ വിശ്വാസികള്‍ അനുഭവിക്കുന്ന ഒരു നിര്‍ഭയത്വമുണ്ട്. ഈമാന്‍ (വിശ്വാസം) ശരിയായി  ഉള്‍ക്കൊള്ളുമ്പോള്‍ അംന് (സമാധാനം) വരേണ്ടതുണ്ട് എന്നത് തന്നെയാണ് ഇസ്‌ലാമിക പാഠം. ലോക സ്രഷ്ടാവായ അല്ലാഹുവോട് ചേര്‍ന്ന് നില്‍ക്കുമ്പോഴല്ലാതെ മറ്റെപ്പോഴാണ് അത് കിട്ടുക. സമാധാനത്തിന്റെ ഗേഹത്തിലേക്കാണല്ലോ അവന്റെ ക്ഷണം. അത് കൊതിക്കാത്ത വിശ്വാസികളുണ്ടോ! ജീവിതത്തിലും ജീവിതാനന്തരത്തിലും ഒക്കെ സമാധാനമാണ് അവരുടെ ലക്ഷ്യം.
ഒരുപക്ഷേ ഈ മോഹത്തെ സ്വഹാബികള്‍ക്കിടയില്‍ വേരൂന്നിയെടുക്കാനാണ് ആദ്യ കാലങ്ങളില്‍  നബി തിരുമേനി  പരിശ്രമിച്ചു കൊണ്ടിരുന്നത്. പ്രവാചകത്വം ലഭിച്ച ശേഷമുള്ള പത്തു പന്ത്രണ്ട് വര്‍ഷം ഈ വിശ്വാസത്തെ ചെത്തി മിനുക്കി ഉറപ്പിച്ചപ്പോള്‍ ബാക്കി ഒക്കെ എളുപ്പമായി. ഓരോ ജീവിത സന്ദര്‍ഭത്തിലും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തിനു വേണ്ടി അവര്‍ കൊതിച്ചു. വിണ്ണില്‍ നിന്ന്  വേദ വചനങ്ങള്‍ ഉതിര്‍ന്നു വീണു. ആയത്തുകള്‍ സൃഷ്ടിച്ച  മനുഷ്യര്‍ക്ക് വേണ്ടി വചനങ്ങളിറങ്ങിയോ അതോ വചനപ്പൊരുള്‍  അനുധാവനം ചെയ്തവര്‍ ആയത്തുകള്‍ സൃഷ്ടിച്ചതോ എന്ന് പറയാനാവാത്ത വിധം നന്മകള്‍ നിറഞ്ഞു നിന്ന കാലഘട്ടം. തിരുദൂതര്‍ ഭൂമിയില്‍ ഉണ്ടുറങ്ങിയ  കാലഘട്ടം. മാലാഖമാര്‍ പോലും ഭൂമിയില്‍ വിരുന്നുവന്ന ആ കാലത്തിലെ പ്രാര്‍ഥനകളുടെ ജീവവായുവായിരിക്കാം ഇന്നും മുസ്‌ലിം സമുദായത്തിന്റെ നിലനില്‍പ്പിന് ഇന്ധനമേകുന്നത്.
ആകാശത്തിനും ഭൂമിക്കുമിടയിലെ ബന്ധമറ്റു  പ്രവാചകന്‍ വിട വാങ്ങിയപ്പോള്‍. വിശ്വാസികള്‍ക്ക് അല്ലാഹുവും വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യകളും  ബാക്കിയായി. ഏതൊരു സമൂഹത്തിലും എന്ന പോലെ മൂല്യച്യുതിയും വിശ്വാസനഷ്ടവും മുസ്‌ലിംകളെയും ബാധിച്ചിരിക്കാം. ദുന്‍യാവിലെ ആസക്തികളോടുള്ള ഭ്രമം  കൊണ്ടും  മരണത്തെ പേടിച്ചു  കൊണ്ടും ശത്രുക്കള്‍ക്കു മുന്നില്‍ പെരുമഴയില്‍ ഒലിച്ചുപോകുന്ന ചണ്ടികളായി അവര്‍ മാറിയിരിക്കാം. ഭയവും ആധിയും അവരെ വരിഞ്ഞു മുറുക്കിയിരിക്കാം. പക്ഷേ വിശ്വാസത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടവര്‍ ഏത് പ്രതിസന്ധിയിലും വീണ്ടെടുക്കുന്ന ചില തിരുശേഷിപ്പുകളുണ്ട്. ഭൂമിയില്‍ ഒരു ദുരധികാരിയുടെയും അക്രമിയുടെയും അടിമയായി ജീവിക്കാനുള്ളതല്ല തന്റെ ജീവനും ജീവിതവുമെന്ന ബോധ്യം. ആ ബോധ്യം വലിഞ്ഞു മുറുകുമ്പോള്‍ അവരറിയാതെ മന്ത്രിച്ചു പോവും.
'അല്ലാഹു അക്ബര്‍'
ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി. അവള്‍ തന്റെ ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത് നാം ഈയിടെ കണ്ടതാണ്. വെറുപ്പിന് വശംവദരായി വേട്ട മൃഗങ്ങളെ പോലെ ആര്‍ത്തിരമ്പി വന്ന  വംശീയ ഭ്രാന്തന്മാരുടെ നടുവിലൂടെ നടന്നു പോകുമ്പോള്‍ അവള്‍ക്ക് ധൈര്യവും സമാധാനവും നല്‍കിയത് ആ ബോധ്യമാണ്. ഒറ്റയിലുള്ളവള്‍ക്ക്  കൂട്ടായി ഒറ്റയായ അല്ലാഹു ഉണ്ടെന്ന്. അവന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റി ജീവിക്കാന്‍ തീരുമാനിച്ച ഒരാള്‍ക്കുള്ള സമാധാനവും രക്ഷയും അവന്റെ പക്കലുണ്ടെന്ന ബോധ്യം.  അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതില്ല എന്നത് അവരുടെ വിമോചനത്തിന്റെയും ഭയമില്ലായ്മയുടെയും  മോചന മന്ത്രമായി മാറുന്നു.
ചരിത്രത്തിലും വര്‍ത്തമാനത്തിലുമൊക്കെ ഒറ്റയും ഒറ്റപ്പെട്ടവരും ചേര്‍ന്ന് വീണ്ടെടുത്ത സ്വാതന്ത്ര്യത്തിന്റെ ഗാഥകളുണ്ട്. അവരുടെ പോരാട്ടങ്ങളിലും ദുഃഖ നിര്‍മാര്‍ജനത്തിലും രാസത്വരകമായി വര്‍ത്തിക്കുന്ന ഇത്തരം വിമോചന മന്ത്രങ്ങളില്‍ വര്‍ഗീയത തിരയുന്നവരെയും നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. സ്വന്തം അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു മര്‍ദിത ജനത പ്രതീക്ഷ അര്‍പ്പിച്ചു ചുറ്റും നോക്കിയിട്ടുണ്ട്, മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ വിവേചനം സംഭവിക്കുമ്പോള്‍ ജനാധിപത്യ, മതേതര വിശ്വാസികള്‍ അവരുടെ കൂടെ കാണുമെന്ന്. ഇസ്‌ലാമോഫോബിയയുടെ വിവിധ നിറങ്ങള്‍ നിറഞ്ഞാടുമ്പോള്‍ ആ പ്രതീക്ഷകള്‍  അസ്ഥാനത്താണെന്ന് തിരിച്ചറിഞ്ഞു താന്‍ ഒറ്റക്കാണെന്ന് തിരിച്ചറിയുന്ന പെണ്‍കുട്ടിയോ സമുദായമോ അവരുടെ വിമോചന മന്ത്രം ഉരുവിട്ടു പോവുന്നത് യാദൃഛികമല്ല. അത് അക്രമോല്‍സുക ഹിന്ദുത്വം  വിളിക്കുന്ന ജയ് ശ്രീറാമിനോട് ചേര്‍ത്ത് വെച്ച് വേട്ടക്കാരെയും ഇരയെയും നാണയത്തിന്റ ഇരുവശങ്ങളാക്കി മീന്‍ പിടിക്കുന്ന ദാരിദ്ര്യം ലിബറല്‍, പുരോഗമന രാഷ്ട്രീയക്കാര്‍ എന്നവകാശപ്പെടുന്നവര്‍ പോലും പേറുന്നുണ്ട് താനും.
അല്ലാഹു എന്നത് തങ്ങളുടെ മാത്രം ദൈവമാണെന്ന് മുസ്‌ലിംകള്‍ക്ക് വാദമില്ല.  ലോകത്തെ മുഴുവന്‍ മനുഷ്യരെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനായ  ദൈവമാണ് ഉള്ളതെന്നും അവനിലേക്കാണ് എല്ലാവരും മടങ്ങേണ്ടി വരിക എന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആ സ്രഷ്ടാവിന്റെ പേര് അല്ലാഹു എന്നോ യഹോവ എന്നോ പരമേശ്വരന്‍ എന്നോ  ഒക്കെ വിവിധ ഭാഷകളില്‍, സമുദായങ്ങളില്‍ പ്രയോഗിക്കുന്നവര്‍ ഉണ്ടാകാം. ആര്‍ ഏതു പേരില്‍ വിളിച്ചാലും, അഭയം തേടിയാലും നന്മ ചെയ്യുന്നവരുടെ പരിദേവനങ്ങള്‍ അവന്‍ കേള്‍ക്കുക തന്നെ ചെയ്യും. രക്ഷിക്കാനുള്ള മാനദണ്ഡം നീതിയുടെ പക്ഷത്തായിരിക്കുക എന്നായിരിക്കെ അക്രമികളുടെ ആക്രോശത്തിനും മര്‍ദിതരുടെ നിശ്വാസത്തിനും ഒരേ ശബ്ദമാണെന്ന് തോന്നുന്നവര്‍ വേട്ടക്കാരോടൊപ്പമാണ് എന്നും തിരിച്ചറിയാം.  ഏകനായ അല്ലാഹുവില്‍ ജീവിതം സമര്‍പ്പിക്കുന്നവര്‍ അവരുടെ നിത്യ ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന ഒരുപാട് കപട ദൈവങ്ങളില്‍ നിന്ന് രക്ഷ നേടുകയാണ് എന്നും വായിക്കാം. ദുരധികാരം, ആസക്തി, പണം, വിഗ്രഹങ്ങള്‍, മനുഷ്യ ദൈവങ്ങള്‍ ഇതൊക്കെ ദൈവസമാനമായി ആരാധിക്കപ്പെടുന്ന ആധുനിക കാലത്ത് പ്രപഞ്ച സ്രഷ്ടാവിലേക്കുള്ള മടക്കമാണ് ഇസ്‌ലാം പ്രബോധനം ചെയ്യുന്നത്. അല്ലാഹുവിനുള്ള ഒരു സുജൂദ്, മറ്റൊരായിരം സുജൂദുകളില്‍ നിന്ന് നിങ്ങളെ രക്ഷിക്കും എന്ന് മഹാകവി ഇഖ്ബാല്‍ പാടിയത് വെറുതെയല്ല. 
ഇങ്ങനെ മാനവികമായി വായിക്കപ്പെടേണ്ട ഒരാശയത്തിന്റെ ചൈതന്യത്തിലാണ്, വര്‍ണത്തിന്റെയോ സമുദായത്തിന്റെയോ നാടിന്റെയോ മതത്തിന്റെയോ പേരില്‍ മറ്റൊരു മനുഷ്യന് വിധേയനായി കഴിയേണ്ടവനല്ല താന്‍ എന്ന ബോധ്യം ഒരു മുസ്‌ലിം ആര്‍ജിച്ചെടുക്കുന്നത്. സ്വാതന്ത്ര്യ കുതുകികളായ  ചില മനുഷ്യരെങ്കിലും അത് തിരിച്ചറിയുകയും ഈ ആദര്‍ശത്തോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്താനും.
സമകാലീന ഇന്ത്യയില്‍  തീവ്ര  ഹിന്ദുത്വ  സംഘടനകള്‍ കൊണ്ട് നടക്കുന്ന ഇസ്‌ലാംവിരോധത്താലും, ഭരണകൂടങ്ങളെയും ബ്യുറോക്രസിയെയും ബാധിച്ച ഇസ്‌ലാമോഫോബിയ മൂലം  സംഭവിക്കുന്ന നീതിനിഷേധങ്ങളാലും അടിച്ചമര്‍ത്തപ്പെടുന്ന  ഈ സമുദായം അതീജീവനം തേടുന്നത് ഇത്തരം വിശ്വാസങ്ങളിലും, മന്ത്രങ്ങളിലുമാണ്. നമ്മള്‍ പിടിക്കപ്പെട്ടു പോയില്ലേ എന്നാശങ്ക പൂണ്ട സഹചരനോട് തിരുനബി പറയുന്നുണ്ട് 'പേടിക്കേണ്ട, നമ്മള്‍ രണ്ടുപേരെങ്കിലും മൂന്നാമനായി അല്ലാഹു നമ്മോടൊപ്പമുണ്ട്.' വേട്ടയാടുന്ന ശത്രുക്കളുടെ കണ്ണ് വെട്ടിച്ചു മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോവുന്ന സന്ദര്‍ഭത്തില്‍ ഒളിച്ചിരിക്കേണ്ടിവന്ന ഗുഹയിലെ സംഭാഷണമാണ്. ദുരധികാരി ആയി ഫറോവയും കിങ്കരന്മാരും വന്‍ സന്നാഹവുമായി പിടിക്കാന്‍ വന്നപ്പോള്‍  മൂസാ നബിയുടെ പ്രതീക്ഷയും അല്ലാഹുവില്‍ നിന്നുള്ള സഹായത്തിലായിരുന്നു. ഇങ്ങനെയുള്ള ചരിത്രങ്ങള്‍ അയവിറക്കുന്ന മുസ്‌ലിം കുട്ടികള്‍ അപ്രതീക്ഷിതമായ അക്രമങ്ങള്‍ക്കു നടുവിലും, പ്രതീക്ഷിക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കിടയിലും അല്ലാഹുവിനെ ഭരമേല്‍പിക്കാന്‍ തീരുമാനിക്കുന്നതില്‍ എന്തതിശയം!  അവരുടെ രക്ഷകനായി അല്ലാഹു എത്തും എന്നുള്ള വിശ്വാസം ബോധ്യമായി പരിവര്‍ത്തിക്കപ്പെടുന്ന പരീക്ഷണ നാളുകളെ അവര്‍ ഭയക്കുന്നില്ലതാനും.
ഗ്രാമത്തിലെ ചിത്രകാരനെ കുറിച്ചാണ് ജനങ്ങള്‍ മുഴുവന്‍ സംസാരിക്കുന്നത്. രാജാവിന് സഹിച്ചില്ല. എന്നെ കുറിച്ച് മാത്രമല്ലേ പ്രജകള്‍ വാഴ്ത്തുപാട്ടുകള്‍ പാടേണ്ടത്? ദുരധികാരി  ചിത്രകാരനെ പിടിച്ചു തടവിലാക്കി. കൂരിരുട്ടുള്ള തടവറ. ഇരുട്ടിനെകുറിച്ചു പരാതി പറഞ്ഞ ചിത്രകാരനെ  രാജാവ് പരിഹസിച്ചു.
വല്യ വരക്കാരനല്ലേ, വെളിച്ചത്തെ വരച്ചാല്‍ പോരെ? അതായി പിന്നത്തെ അത്ഭുതം. കരിങ്കല്‍ ഭിത്തിയില്‍ ചിത്രകാരന്‍ കോറിയ കിളിവാതില്‍  ചിത്രത്തിലൂടെ ദിവ്യപ്രകാശം തുറുങ്കിലേക്ക്! വിവരം രാജാവിന്റെ ചെവിയിലെത്തി.  അത്ഭുതകാഴ്ച കാണാന്‍ രാജാവെത്തി. അപ്പോഴും രാജാവിന് പരിഹാസം തന്നെ.
'അത്ര കേമനെങ്കില്‍ കിളിവാതിലിലൂടെ  രക്ഷപ്പെടാമായിരുന്നില്ലേ?'
പിന്നെ താമസിച്ചില്ല.
മര്‍ദിതന്‍  തുറുങ്കില്‍നിന്ന് കിളിവാതിലിലൂടെ പറന്നു പോയി.
പണ്ട് വായിച്ച കഥയാണ്. നീതി നിഷേധത്തിലും അടിച്ചമര്‍ത്തലിലും വഴങ്ങുന്ന ഒരാദര്‍ശമല്ല ഇസ്‌ലാമിന്റേത്. പോരാടാനും അല്ലെങ്കില്‍ മരണമെന്ന ജനലിലൂടെ പരലോകത്തിന്റെ വിശാലതയിലേക്കു പറക്കാനും മാത്രം കരുത്തുണ്ടതിന്. അതുകൊണ്ടാണ് പ്രചണ്ഡമായ ഇസ്‌ലാംവിരുദ്ധ കോലാഹലം  നടക്കുമ്പോഴും സമുദായത്തില്‍ പലര്‍ക്കും സമാധാനം കൈവിടാതെ ജീവിക്കാന്‍ സാധിക്കുന്നത്.  ജനാധിപത്യ രീതിയില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിരോധിക്കപ്പെടുക, അവകാശങ്ങള്‍ നിഷേധിക്കപ്പെടുക ഒക്കെ സംഭവിക്കുമ്പോഴാണ് സമൂഹം അരാജകത്വത്തിലേക്ക് ഇടറി വീഴുക. നീതി നിഷേധിക്കപ്പെടുന്ന ജനത നിയമലംഘനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്  എന്നതിന് ഇന്ത്യാ ചരിത്രം തന്നെ സാക്ഷിയാണ്. അതിലേക്ക് വഴുതി വീഴാതെ ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അപ്പോഴും വര്‍ഗീയ ഭൂരിപക്ഷത്തിന്റെ കരുത്തില്‍ ന്യായമായ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെങ്കില്‍  ഈ ജനത അവരുടെ വിമോചന മന്ത്രം നെഞ്ചോട് ചേര്‍ക്കുക തന്നെ ചെയ്യും.
അല്ലാഹു അക്ബര്‍.
അല്ലാഹു ഉണ്ടെന്ന വിശ്വാസം പോലെ തന്നെ പ്രധാനമാണ് അവന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റുക എന്നുള്ളതും. അത് നേരും നന്മയും ആധാരമാക്കി സാമൂഹിക നീതി ഉറപ്പു വരുത്തുന്ന ഒരുപാട് സാന്മാര്‍ഗിക നിര്‍ദേശങ്ങളും പ്രായോഗിക പരിപാടികളും ചേര്‍ന്നിട്ടുള്ളതുമാണ്.  ആ നന്മകള്‍ ആര്‍ജ്ജിക്കാനുള്ള പോരാട്ടം അകത്തും പുറത്തും സംഭവിക്കുമ്പോഴാണ് ഒരാള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ ഉന്നതനായി പ്രതിഷ്ഠിക്കുന്നതെന്നും, അത്തരം മഹത്വ പ്രഘോഷങ്ങളാണ്  ദൈവിക സിംഹാസനത്തെ  കോരിത്തരിപ്പിക്കുക എന്നും കൂടി തിരിച്ചറിയേണ്ടതുണ്ട്.  അത്തരം തിരിച്ചറിവിനും  ആത്മ നവീകരണത്തിനും കൂടിയുള്ളതാണ്  അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യം. അങ്ങനെ നീതിക്കും, ന്യായത്തിനും വേണ്ടി പോരാടുന്നവരുടെ നിര്‍ഭയത്വത്തിനും, വിമോചനത്തിനും സാക്ഷിയായി ഉരുവിടപ്പെടുന്ന 'അല്ലാഹു അക്ബര്‍' എന്ന മുദ്രാവാക്യം സമാധാനത്തിന്റെ സുഗന്ധം പരത്തുക തന്നെ ചെയ്യും.
ഭൂമിയിലും, ആകാശത്തിലും
അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍,  വലില്ലാഹില്‍ ഹംദ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 46-50
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിന്റെ സുന്ദര നാമങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌