Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 25

3241

1443 റജബ് 24

സുനഹദോസുകളും വിശ്വാസപ്രമാണങ്ങളും

ഡോ. ഇ.എം സക്കീര്‍ ഹുസൈന്‍

ഇന്നത്തെ ക്രൈസ്തവ സമൂഹം വിശ്വാസമായി കൊണ്ടുനടക്കുന്ന കാര്യങ്ങളില്‍ പ്രധാനമായവയെല്ലാം നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലും നടന്ന സുനഹദോസുകളിലൂടെയാണ് പ്രാബല്യത്തില്‍ വരുന്നത്. സഭയില്‍ ദൈവശാസ്ത്രപരമായി തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ തീര്‍പ്പുകല്‍പിക്കുവാനും സഭയുടെ ഏകോപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനും സഭാ തലവന്മാര്‍ ഒത്തു ചേരുന്ന സമ്മേളനത്തെയാണ് സുനഹദോസ് എന്നു പറയുക.
ക്രി. 325 മുതല്‍ 451 വരെയുള്ള കാലയളവില്‍ നടന്ന സുനഹദോസുകളാണ് സാര്‍വത്രിക സുനഹദോസുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. മരണാനന്തര ജീവിതത്തിലെ രക്ഷയുമായി ബന്ധപ്പെട്ട് പതിമൂന്നു ലേഖനങ്ങളിലൂടെ പൗലോസ് പ്രചരിപ്പിച്ച കുരിശുമരണ സിദ്ധാന്തം എഴുതപ്പെട്ടത് അപ്പോസ്തലന്മാരുടെ കാലഘട്ടത്തിലാണെങ്കിലും അതിന് പ്രചുരപ്രചാരം സിദ്ധിച്ചത് ആദ്യ സുനഹദോസിനു ശേഷമായിരുന്നു. കാരണം, അതില്‍ വച്ചാണ് പൗലോസിന്റെ 13 ലേഖനങ്ങള്‍ ഔദ്യോഗിക ബൈബിളിന്റെ ഭാഗമാണ് എന്ന് അത്തനേഷ്യസ് ചൂണ്ടിക്കാണിച്ചത്.
സുന്‍, ഹോദോസ് എന്നിങ്ങനെ രണ്ടു പദങ്ങള്‍ ചേര്‍ന്നതാണ് സുനഹദോസ്. സുന്‍ എന്നാല്‍ ഒരുമിച്ച് എന്നും ഹോദോസ് എന്നാല്‍ വഴി എന്നുമാണര്‍ഥം. ഒരേ മാര്‍ഗത്തിലുള്ളവരുടെ ഒരുമിച്ച് ചേരല്‍ എന്ന ആശയമാണീ പദം ഉള്‍ക്കൊള്ളുന്നത്.

നിഖയ്യാ സുനഹദോസ് 325
തുര്‍ക്കിയിലെ ഇന്നറിയപ്പെടുന്ന ഇസ്‌നിക് എന്ന പട്ടണത്തിന്റെ പൂര്‍വനാമമാണ് നിഖയ്യ. സാര്‍വത്രിക സുനഹദോസുകളില്‍ ഒന്നാമത്തേത് നിഖയ്യയില്‍ വച്ചു നടന്നതായിരുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വിളിച്ചുചേര്‍ത്ത പ്രസ്തുത സുനഹദോസില്‍, അലക്‌സാണ്ട്രിയയിലെ അത്തനേഷ്യസും അരിയൂസും തമ്മില്‍ വാദവും പ്രതിവാദവും നടന്നു. 'താലിയ' എന്ന ഗ്രന്ഥത്തില്‍ അരിയൂസ് തന്റെ ആശയങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
യേശു ദൈവത്തിന്റെ ഇഛയാല്‍ സൃഷ്ടിക്കപ്പെട്ട ഒരു സൃഷ്ടി മാത്രമാണെന്നും യേശു ഒരിക്കലും ദൈവമല്ല എന്നും അരിയൂസ് വാദിച്ചു. യേശുവിന് ആരംഭമുണ്ടെന്നും അവനില്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ യേശുവിനെ ദൈവം എന്ന് മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും അരിയൂസ് ഉറപ്പിച്ചു പറഞ്ഞു. യേശു ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടവനും മാറ്റങ്ങള്‍ക്ക് വിധേയനുമാണ്; അതുകൊണ്ട് യേശുവെ സംബന്ധിച്ച് അതിരു കവിഞ്ഞ അവകാശവാദങ്ങള്‍ ഉന്നയിക്കരുത്- അരിയൂസ് നിഖയ്യാ കൗണ്‍സിലില്‍ വാദിച്ചു.
യേശു ദൈവം തന്നെയാണെന്നും, പിതാവില്‍നിന്ന് ജനിച്ചവനാണെങ്കിലും അവന്‍ സൃഷ്ടിയല്ലെന്നും അത്തനേഷ്യസ് വാദിച്ചു. 'അവനില്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു' എന്നോര്‍മിപ്പിച്ച അരിയൂസിനെയും അനുയായികളെയും പുറന്തള്ളി ഭ്രഷ്ട് കല്‍പിച്ച് 'അങ്ങനെ പറയുന്നവര്‍ ശപിക്കപ്പെട്ടവര്‍' എന്ന് നിഖയ്യാ വിശ്വാസ പ്രമാണം തയാറാക്കുകയും ചെയ്തു.

നിഖയ്യാ വിശ്വാസ പ്രമാണം
''സര്‍വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. പിതാവിന്റെ ഏകപുത്രനും ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ള സകലത്തിന്റെയും സ്രഷ്ടാവുമായ ഏക കര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി സ്വര്‍ഗത്തില്‍ നിന്നിറങ്ങി, മനുഷ്യ സ്വഭാവം സ്വീകരിച്ച് മനുഷ്യനായിത്തീര്‍ന്നു. അവിടുന്ന് കഷ്ടം അനുഭവിച്ചു. മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗത്തിലേക്ക് കരേറി. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.
എന്നാല്‍ ആരെങ്കിലും അവന്‍ (ക്രിസ്തു) ഇല്ലാതിരുന്ന സമയം ഉണ്ടായിരുന്നു എന്നും, അവന്‍ (ക്രിസ്തു) സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് ഇല്ലായിരുന്നു എന്നും, അവന്‍ (ക്രിസ്തു) ഇല്ലായ്മയില്‍നിന്ന് സൃഷ്ടിക്കപ്പെട്ടു എന്നും, വേറൊരു സത്ത ഉള്ളവനാണ് എന്നും അല്ലെങ്കില്‍ ദൈവപുത്രന്‍ സൃഷ്ടിക്കപ്പെട്ടു എന്നും മാറ്റപ്പെടുന്നു എന്നും പറയുന്നു എങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ പുറന്തള്ളുന്നു.'' (തിരുസഭാ ചരിത്രം - റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, പേ. 288,289)
നിഖയ്യാ വിശ്വാസ പ്രമാണത്തില്‍, 'ജനിച്ചവനും സൃഷ്ടിയല്ലാത്തവനും' എന്നതിന് അരമായ ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നത് 'യീലീദോ വ്‌ലോ അബീദോ' എന്നാണ്. വിശുദ്ധ ഖുര്‍ആനിലെ സൂറ അല്‍ ഇഖ്‌ലാസ്വി(112:3)ലൂടെ അല്ലാഹു ആ പദങ്ങള്‍ ഉപയോഗിച്ചുതന്നെ സത്യം വ്യക്തമാക്കുന്നതായി കാണാം. ''ലം യലിദ് വലം യൂലദ്'' (അവന്‍ ജനിപ്പിച്ചവനല്ല, ജനിച്ചവനുമല്ല).
''മര്‍യമിന്റെ മകന്‍ മിശിഹാ തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ സത്യത്തെ നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്'' (വി.ഖു. 5:17). സൂറ അല്‍ മാഇദയിലെ ഈ ആയത്തിലൂടെ 325-ലെ നിഖയ്യാ കൗണ്‍സിലില്‍ ഔദ്യോഗികമായി സഭ തീരുമാനിച്ച വിശ്വാസപ്രമാണത്തെ വിശുദ്ധ ഖുര്‍ആന്‍ പ്രശ്‌നവല്‍ക്കരിക്കുന്നതായി കാണാം. വേദവാഹകരും സത്യാന്വേഷികളുമായ മുഴുവന്‍ ക്രൈസ്തവര്‍ക്കും മാര്‍ഗദര്‍ശകങ്ങളാണീ വാക്യങ്ങള്‍.

കോണ്‍സ്റ്റാന്റിനോപ്പിള്‍ 
സുനഹദോസ് 381
381-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട സുനഹദോസില്‍ വച്ചാണ് ഗബ്രിയേല്‍ ദൂതന്‍ എന്ന പരിശുദ്ധാത്മാവ് ദൈവമാണെന്ന പ്രഖ്യാപനമുണ്ടായത്. പരിശുദ്ധാത്മാവ് എന്നാല്‍ ഗബ്രിയേല്‍ ദൂതനാണെന്ന് ബൈബിള്‍ പലയിടങ്ങളിലായി വ്യക്തമാക്കുന്നുണ്ട്.
''അവര്‍ കൂടിവരും മുമ്പേ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കണ്ടു.'' (മത്തായി 1:19)
മാസിഡോണിയസ് പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഈ സുനഹദോസില്‍ പ്രത്യേകം ചര്‍ച്ച ചെയ്തു. പരിശുദ്ധാത്മാവ് ഒരു മാലാഖ മാത്രമാണെന്ന് അദ്ദേഹം വാദിച്ചു. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ ദിവ്യത്വം കല്‍പിച്ച് കൊണ്ടു കാണാനാകില്ലെന്ന് മാസിഡോണിയസ് പറഞ്ഞു.
''പരിശുദ്ധാത്മാവ് ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമാണെന്നും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ ദൈവിക പ്രവര്‍ത്തനങ്ങളായി അംഗീകരിക്കാനാവില്ലെന്നും മാസിഡോണിയനിസം പഠിപ്പിക്കുന്നു.
'ആത്മാവിനെ എതിര്‍ക്കുന്നവര്‍' എന്ന പേരിലാണ് മാസിഡോണിയനിസത്തിന്റെ വക്താക്കള്‍ അറിയപ്പെട്ടത്. പരിശുദ്ധാത്മാവിനെ ഒരു മാലാഖയായും അവര്‍ ചിത്രീകരിച്ചു.'' (ക്രൈസ്തവ സഭ ഇരുപത് നൂറ്റാണ്ടുകളിലൂടെ - ജെ.സി ദേവ്, ജി.എല്‍.എസ് പബ്ലിക്കേഷന്‍സ്, പത്തനംതിട്ട, പേ. 231,232)
ഈ സുനഹദോസില്‍ മറ്റു ചില ഉപദേശങ്ങളും കൂടി ചര്‍ച്ച ചെയ്യുകയുണ്ടായി ''ഒന്നാം കുസ്തന്തീനംപോലീസ് സുനഹദോസ്, അരിയൂസിന്റെ ദുരുപദേശവും അപ്പോളിനാരിയൂസിന്റെ ദുരുപദേശവും മാസിഡോണിയസിന്റെ ദുരുപദേശവും പ്രത്യേകം ചര്‍ച്ച ചെയ്ത് അവ വേദവിപരീതമെന്ന് വിധിച്ചു. ത്രിത്വം, പരിശുദ്ധാന്മാവിന്റെ ദൈവത്വം, പരിശുദ്ധാത്മാവിന്റെ ആളത്വം, ക്രിസ്തു പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനുമാണെന്ന ഉപദേശം എന്നിവ ഈ സുനഹദോസ് അംഗീകരിച്ചു.'' (Ibid: p. 232)
കോണ്‍സ്റ്റാന്റിനോപ്പിളിലെ തീരുമാനങ്ങള്‍ക്കനുസൃതമായിട്ടായിരുന്നു ക്രൈസ്തവ ലോകത്ത് ത്രിത്വ വിശ്വാസം പ്രചരിച്ചത്. 381-ലെ പ്രസ്തുത സുനഹദോസിലെ തീരുമാനങ്ങള്‍ക്കുള്ള പ്രതികരണമെന്നോണം, സത്യാന്വേഷികള്‍ക്കുള്ള വെളിച്ചമായി മുഹമ്മദിന്റെ നാവിലൂടെ ദൈവം സംസാരിച്ചു.
''വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടു കൊടുത്ത തന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍! ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.'' (വി. ഖു. 4:171).
കോണ്‍സ്റ്റാന്റിനോപ്പിള്‍ സുനഹദോസിലൂടെ സ്വീകരിക്കപ്പെട്ട വിശ്വാസം വഴി അറിഞ്ഞോ അറിയാതെയോ ഒരു മനുഷ്യന്‍ എവിടെ എത്തിച്ചേരും, എന്നതിലേക്ക് സൂചന നല്‍കിക്കൊണ്ട്, സത്യസംശോധനക്ക് ആഹ്വാനം ചെയ്യുകയാണ് ഖുര്‍ആന്‍.
''ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ പറച്ചിലുകളില്‍നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ നോവേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.'' (വി.ഖു. 5:73).

എഫ്‌സൂസ് സുനഹദോസ് 431
ആധുനിക തുര്‍ക്കിയിലെ ഇസ്മിര്‍ പ്രവിശ്യയിലെ സെല്‍ജൂക് ജില്ലയിലെ സെല്‍ജൂക് ടൗണിന്റെ രണ്ടു കിലോമീറ്റര്‍ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് എഫ്‌സൂസ് പട്ടണം. ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള ഈ പട്ടണത്തിലായിരുന്നു സാര്‍വത്രിക സുനഹദോസില്‍ മൂന്നാമത്തേതായ എഫ്‌സുസ് സുനഹദോസ് നടന്നത്.
മര്‍യമിന്റെ സ്ഥാനപദവിയെ സംബന്ധിച്ച വിഷയമായിരുന്നു ഈ സുനഹദോസില്‍ ചര്‍ച്ച ചെയ്തത്. മര്‍യം 'ദൈവത്തിന്റെ അമ്മ' യാണെന്ന് അലക്‌സാണ്ട്രിയന്‍ സെമിനാരിയുടെ തലവനായ കൂറിലോസ് വാദിച്ചു. അന്ത്യോഖ്യന്‍ സെമിനാരി റെക്ടറായ നെസ്‌തോര്‍ ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് മര്‍യം 'ക്രിസ്തുവിന്റെ അമ്മ' മാത്രമാണെന്ന് വാദിച്ചു. ''മര്‍യത്തെ ദൈവജനനി എന്നു വിളിച്ചു കൂടാ; അവള്‍ മനുഷ്യ പുത്രിയാണ്. അവള്‍ പ്രസവിച്ചത് ദൈവത്തെയല്ല; ഒരു മനുഷ്യനെയാണ്. മനുഷ്യത്വത്തിന് വണക്കം ആവശ്യമില്ല.'' (പൂര്‍വ സഭാ പിതാക്കന്മാരും പൊതുസുനഹദോസുകളും-പി.പി യൗസേഫ് ശമ്മാന്‍, മോര്‍ ആദായി സ്റ്റഡി സര്‍ക്ക്ള്‍, ചങ്ങനാശ്ശേരി, പേ. 150).
ഈ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട്, എഫ്‌സൂസ് സുനഹദോസ് മറിയം 'തെയോട്ടോക്കോസ്' അഥവാ ദൈവമാതാവാണ് എന്നു പ്രഖ്യാപിക്കുകയും നെസ്‌തോറിനെയും കൂട്ടരെയും സഭാഭ്രഷ്ടരാക്കുകയും ചെയ്തു.
ഈ സുനഹദോസിന്റെ സ്വാധീനഫലമായി മര്‍യമിനോടുള്ള പ്രാര്‍ഥനകള്‍ ക്രൈസ്തവ സമൂഹത്തില്‍ വ്യാപകമാവുകയുണ്ടായി. പ്രൊട്ടസ്റ്റന്റ് സമൂഹം അത്തരം പ്രാര്‍ഥനകളെ എതിര്‍ത്തു. ''മര്‍യത്തെ ആരാധിക്കുന്നത് എന്തിന് എന്ന് ആദ്യകാലത്ത് മാര്‍ട്ടിന്‍ ലൂഥര്‍ ചോദിച്ചിരുന്നു. അതിനെ അധാര്‍മികമായ വിഗ്രഹാരാധന എന്നാണ് ലൂഥര്‍ വിശേഷിപ്പിച്ചത്. ഈ ആരാധനയിലൂടെ മര്‍യത്തെ സ്തുതിക്കുകയല്ല, അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് ലൂഥര്‍ പറഞ്ഞു.'' (മധുരം നിന്റെ ജീവിതം - കെ.പി അപ്പന്‍, ഡി.സി ബുക്‌സ്, കോട്ടയം, പേ. 47).
മേരീ പൂജയിലേക്ക് കടന്ന കത്തോലിക്കാ സമൂഹത്തിലെ ഒരു പ്രാര്‍ഥന ഇവ്വിധമാണ്:
'നന്മ നിറഞ്ഞ മറിയമേ സ്വസ്തി
കര്‍ത്താവ് അങ്ങയോടു കൂടെ
സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു
അങ്ങയുടെ ഉദരത്തിന്‍ ഫലമായ
ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ
പാപികളായ ഞങ്ങള്‍ക്കു വേണ്ടി
ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും
തമ്പുരാനോട് അപേക്ഷിക്കേണമേ,'
മര്‍യമിനോട് നടത്തുന്ന ഈ അപേക്ഷയെ സംബന്ധിച്ചു വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്, അത് മര്‍യമിനെ ഇലാഹാക്കല്‍/ദൈവമാക്കല്‍ ആണെന്നാണ്.
''ഓര്‍ക്കുക: അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം: മര്‍യമിന്റെ മകന്‍ യേശുവേ, അല്ലാഹുവെ വെടിഞ്ഞ് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവീന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അപ്പോള്‍ അദ്ദേഹം പറയും: നീ എത്ര പരിശുദ്ധന്‍, എനിക്ക് പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാവതല്ലല്ലോ? ഞാന്‍ അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്റെ ഉള്ളിലുള്ളത് നീ അറിയും. എന്നാല്‍ നിന്റെ ഉള്ളിലുള്ളത് ഞാന്‍ അറിയുന്നില്ല. തീര്‍ച്ചയായും നീ തന്നെയാണ് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതു പോലും നന്നായറിയുന്നവന്‍. നീ എന്നോട് കല്‍പിച്ചതല്ലാതെ ഒന്നും ഞാനവരോട് പറഞ്ഞിട്ടില്ല. അഥവാ എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവെ മാത്രം വഴിപ്പെട്ട് ജീവിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അവരിലുള്ള കാലത്തോളം അവരുടെ എല്ലാ കാര്യങ്ങള്‍ക്കും നീ സാക്ഷിയായിരുന്നു. പിന്നെ നീ എന്നെ തിരിച്ചു വിളിച്ചപ്പോള്‍ അവരുടെ നിരീക്ഷകന്‍ നീ തന്നെയായിരുന്നല്ലോ? നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു.'' (വി.ഖു. 5;116,117).
കല്‍ക്ക ദൂനിയാ സുനഹദോസ് 451
യേശുവിന്റെ ആളത്വത്തെ സംബന്ധിച്ച തര്‍ക്കമായിരുന്നു ഈ സുനഹദോസിന്റെ വിഷയം. യേശുവില്‍ ഒരേസമയം ദൈവസ്വഭാവവും മനുഷ്യസ്വഭാവവും ഉണ്ട്, എന്നാല്‍ അത് പൂര്‍ണമായും സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് ഒരു പക്ഷവും, യേശുവില്‍ ഇത് രണ്ടും ഒന്നായിരിക്കുമെന്ന് മറു പക്ഷവും വാദിച്ചു. ആശയപരമായി രണ്ട് വാദവും ഒന്നുതന്നെയായിരുന്നു. എന്നാല്‍ രണ്ടാമത്തെ വിഭാഗം മോണോഫിസൈറ്റുകള്‍ എന്നറിയപ്പെടുകയും അവരെ സുനഹദോസ് പുറന്തള്ളുകയും ചെയ്തു. 'ഏകസ്വഭാവവാദക്കാര്‍' എന്നറിയപ്പെട്ട ഇവര്‍ യാക്കോബ് ബുര്‍ദായ എന്ന സന്യാസിയുടെ നേതൃത്വത്തിലാണ് സംഘടിച്ചത്. ഇവര്‍ 'യാക്കോബായക്കാര്‍' എന്നറിയപ്പെട്ടു.
''ക്രിസ്തു എന്ന ഏക വ്യക്തിയില്‍ ദൈവത്വവും മനുഷ്യത്വവും പൂര്‍ണമായി സംയോജിക്കപ്പെട്ടിരിക്കുന്നുവെന്ന് സുനഹദോസ് ആധികാരികമായി പ്രഖ്യാപിച്ചു.''
(ക്രൈസ്തവ സഭ ഇരുപത് നൂറ്റാണ്ടുകളിലൂടെ, പേ. 243).
451-ലെ പ്രസ്തുത സുനഹദോസിനു ശേഷം സി.ഇ 610-ല്‍ മുഹമ്മദീയ ശരീഅത്തുമായി ഖുര്‍ആന്‍ അവതീര്‍ണമായി. മുന്‍കാല വേദക്കാര്‍ ഭിന്നിച്ച വിഷയങ്ങളിലെല്ലാം കൃത്യമായി വെളിച്ചം വീശിക്കൊണ്ടായിരുന്നു, വിശുദ്ധ ഖുര്‍ആന്റെ അവതരണം നടന്നത്. പുരോഹിതന്മാരാല്‍ തീരുമാനിക്കപ്പെടുകയും സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കപ്പെടുകയും ചെയ്ത ഈ സുനഹദോസ് തീരുമാനങ്ങളില്‍ ശരിയും സത്യസന്ധവുമായ ഒരു നിലപാട് സ്വീകരിക്കുവാന്‍ ഓരോ ക്രിസ്തീയ വിശ്ാസിയെയും ആഹ്വാനം ചെയ്യുക കൂടിയാണ് വിശുദ്ധ ഖുര്‍ആന്‍ ഒരു സത്യാസത്യവിവേചക ഗ്രന്ഥം എന്ന നിലയില്‍ ചെയ്യുന്നത്.
''വേദക്കാരും ബഹുദൈവ വിശ്വാസികളുമായ സത്യനിഷേധികള്‍ വ്യക്തമായ തെളിവ് വന്നെത്തുംവരെ തങ്ങളുടെ വഴിയില്‍ ഉറച്ചുനിന്നു. അല്ലാഹുവില്‍ നിന്നുള്ള ദൂതന്‍ പവിത്രമായ ഗ്രന്ഥത്താളുകള്‍ വായിച്ചു കേള്‍പ്പിക്കുന്നത് വരെ. ആ ഗ്രന്ഥത്താളുകളില്‍ സത്യനിഷ്ഠമായ പ്രമാണങ്ങളുണ്ട്.'' (വി. ഖു. 98:1-3).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 46-50
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിന്റെ സുന്ദര നാമങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌