ഹിജാബ് ഭരണഘടന നല്‍കുന്ന അവകാശമാണ്
ഹിജാസ് ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. പൊതു ഇടത്തിലെ ഇസ്‌ലാമിന്റെ ദൃശ്യതയോടുള്ള അടങ്ങാത്ത വെറുപ്പാണ് ഹിജാബ് വിരുദ്ധ ബഹളങ്ങളുടെ മൂലശില. അതിനാല്‍ അതിന്റെ നിയമപരവും ഭരണഘടനാപരവുമായ വശങ്ങള്‍ എത്ര തന്നെ ആവര്‍ത്തിച്ചാലും ഹിജാബടക്കമുള്ള മുസ്‌ലിം രാഷ്ട്രീയ ചോദ്യങ്ങള്‍ അവസാനിക്കുകയില്ല. എങ്കിലും ഹിജാബും കോടതി കയറിയ സാഹചര്യത്തില്‍ അതിന്റെ ഭരണഘടനാപരവും നിയമപരവുമായ മാനങ്ങള്‍ പരിശോധിക്കാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വ സങ്കല്‍പ്പത്തെ കുറിച്ചാണ് ആദ്യം ആലോചിക്കേണ്ടത്. ഇന്ത്യന്‍ മതേതരത്വം ഭരണകൂടത്തിനു മതമുണ്ടാവരുത് എന്ന് നിഷ്‌കര്‍ഷിക്കുന്നതോടൊപ്പം, പൗരസമൂഹത്തിന്റെ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും സംസ്‌കാരങ്ങളെയും സംരക്ഷിക്കുന്നതുമാണെന്നാണ് സങ്കല്‍പ്പം. ഭരണഘടനാ രൂപീകരണ അസംബ്ലിയില്‍ മതവിശ്വാസത്തെ തിരിച്ചറിയുന്ന പേരുകള്‍ നിരോധിക്കണമെന്ന തീവ്രവാദം വരെ ഉന്നയിക്കപ്പെട്ടിരുന്നു. പക്ഷേ അത്തരം വാദങ്ങളെ തള്ളിക്കളഞ്ഞ് പൗരന്മാര്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിശ്വാസം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കാനുള്ള ഭരണഘടനാ രൂപീകരണ സമിതിയുടെ കരടിന് അംഗീകാരം നല്‍കുകയാണ് വലിയ സംവാദങ്ങള്‍ക്ക് ശേഷം ഭരണഘടനാ രൂപീകരണ അസംബ്ലി ചെയ്തത്. അനുഛേദം 25-ന്റെ വിശദീകരണത്തില്‍ സിഖ് മതവിശ്വാസ പ്രകാരമുള്ള മൂര്‍ച്ചയുള്ള ആയുധം ധരിക്കുന്നത് വരെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അനുവദനീയമാണെന്നു എടുത്തു പറയുന്നുണ്ട്. അന്നത്തെ മതനിരാസ വാദികളുടെ ഭൂതം പേറുന്ന സെക്യുലര്‍ ത്രീവവാദികളുടെ വാദങ്ങള്‍ക്ക് അതിനാല്‍ തന്നെ ഭരണഘടനാപരമായി യാതൊരു സാധുതയുമില്ല.
തീര്‍ച്ചയായും ഒരു മൗലികാവകാശവും സമ്പൂര്‍ണ അവകാശം (Absolute Right)അല്ല. നിയമവിധേയമായി ഭരണകൂടത്തിന് നിയന്ത്രണം കൊണ്ടുവരാവുന്നതാണ്. അങ്ങനെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനു അടിസ്ഥാന വ്യവസ്ഥകളും മൂല്യങ്ങളുമുണ്ട്. അത് ഭരണഘടനാ വിധേയമായിരിക്കണം. ഭരണകൂടം മൗലികാവകാശങ്ങളെ നിയന്ത്രിക്കുന്നതിന് ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കുമ്പോള്‍ അവ ഭരണഘടനാ വിധേയമായിരിക്കണം, യുക്തിസഹം (reasonable) ആയിരിക്കണം, സ്വേഛാപരം (arbitrary) ആയിരിക്കരുത് തുടങ്ങിയ അടിസ്ഥാന ഭരണഘടനാ സങ്കല്‍പ്പങ്ങളുണ്ട്. Reasonable ആവുക എന്നു പറഞ്ഞാല്‍, എന്താണോ നിയന്ത്രണത്തിന്റെ ഉദ്ദേശം അതിനാവശ്യമായ നിയന്ത്രണം മാത്രമേ കൊണ്ടുവരാവൂ എന്നാണ്.
അത്തരം ഭരണകൂട നിയന്ത്രണങ്ങള്‍ മൗലികാവകാശ ലംഘനമായാല്‍ പൗരന്മാര്‍ക്ക് ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാം. അത്തരം ഹരജികളില്‍ കോടതികള്‍ ഭരണഘടനാപരമായ പരിശോധനയാണ് നടത്തുക. നമുക്ക് ഹിജാബിലേക്ക് തന്നെ വരാം.
ഒരു സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ സാധിക്കാതെ വരുന്നു. യൂനിഫോം നിഷ്‌കര്‍ക്കിക്കാന്‍ ഭരണകൂടത്തിന്/സ്‌കൂളുകള്‍ക്ക്/കോളജുകള്‍ക്ക് അധികാരമുണ്ട്. വസ്ത്ര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനു മേലുള്ള നിയന്ത്രണമാണെങ്കിലും അനിവാര്യമായ നിയന്ത്രണം എന്ന നിലയില്‍ അതിന് നിയമസാധുതയുണ്ട്. യൂനിഫോമിന്റെ ഭാഗമായി ഹിജാബ് ധരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ അതിനു നിയമപരമായും ഭരണഘടനാപരമായും സവിശേഷമായ മാനം കൈവരുന്നു. അത്തരം സാഹചര്യങ്ങളില്‍ രണ്ടു പരിശോധനകളാണ് കോടതികള്‍ക്ക് നടത്തേണ്ടി വരുന്നത്.
ഒന്നാമതായി ഈ നിയന്ത്രണം ഭരണഘടനാ പരീക്ഷ (Constitutional Test) പാസ്സാകണം. ഭരണഘടനാപരമായി അനുവദിക്കപ്പെടുന്ന നിയന്ത്രണങ്ങളാണോ? ഞലമീെിമയഹല ആണോ?. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണ്? പൊതുവായ ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണോ? ഇങ്ങനെ നിരവധി ഘടകങ്ങളെ മുന്‍നിര്‍ത്തിയാണ് ആ പരിശോധന നടത്തേണ്ടത്.
അങ്ങനെ ഭരണഘടനാപരമായ നിയന്ത്രണം ആണെങ്കിലും അത് മതവിശ്വാസ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതാണെങ്കില്‍ എന്ത് ചെയ്യണം? ഇതാണ് രണ്ടാമത്തെ പരിശോധന. അത്തരം സന്ദര്‍ഭങ്ങളില്‍ അനിവാര്യമായ മതാചാരങ്ങള്‍ക്ക് (Essential Religious Practice) ഭരണഘടനയുടെ 25(1) സംരക്ഷണം ലഭിക്കും. ഒരു പ്രാക്ടീസ് അനിവാര്യമായ മതാചാരമാണോ എന്ന് നിര്‍ണയിക്കുന്നതിന് അമേരിക്കന്‍ ജൂറിസ്പ്രൂഡന്‍സില്‍ വികസിച്ച Essential Religious Practice Test (ERP) തന്നെയാണ് ഇന്ത്യയിലെ കോടതികളും പിന്‍പറ്റിവരുന്നത്. ഹിജാബും ഫുള്‍സ്‌ളീവും ഇസ്‌ലാമിക വിശ്വാസ പ്രകാരം അനിവാര്യമായ മതാചാരമാണോ എന്ന ചോദ്യത്തിനു വിശദമായ പരിശോധനക്ക് ശേഷം Amna Binth Basheer V.CBSE എന്ന കേസില്‍ കേരളാ ഹൈക്കോടതി അത് അനിവാര്യമായ മതാചാരമാണെന്നും അതിനാല്‍ തന്നെ ഭരണഘടനാ അനുഛേദം 25(1) സംരക്ഷണം ലഭിക്കുമെന്നും വിധി പറഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക മതാചാരങ്ങളെ കുറിച്ചുള്ള പരിശോധനക്ക് ഖുര്‍ആനും ഹദീസും ആചാരങ്ങളും പണ്ഡിതാഭിപ്രായങ്ങളും മുന്‍കാല കോടതിവിധികളുമാണ് ഏതൊരു കോടതിക്കും ആധാരമാക്കാനാവുക. ഹിജാബ് സംബന്ധിച്ചു ഖുര്‍ആനില്‍ തന്നെ കൃത്യമായി പ്രതിപാദിച്ചിരിക്കെ വസ്തുനിഷ്ഠമായി പരിശോധിക്കുന്ന ഒരു നീതിപീഠത്തിനും മറിച്ചൊരു അഭിപ്രായം പറയുക സാധ്യമല്ല.
ഇപ്പോള്‍ കര്‍ണാടകയില്‍ കോടതി പരിഗണിക്കുന്ന ഹിജാബുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും എസ്.പി.സി യൂനിഫോം സംബന്ധിച്ച് കേരള സര്‍ക്കാര്‍ പുറപ്പെടുപ്പിച്ച ഉത്തരവും ചേര്‍ത്തു വായിക്കേണ്ട പ്രശ്നങ്ങളാണ്. എസ്.പി.സി യൂനിഫോം ഉത്തരവിലൂടെ പോലീസ് സേനയുടെയും സൈന്യത്തിന്റെയും മതേതര സ്വഭാവത്തെ ബാധിക്കുമെന്ന വാദം മുന്നോട്ടുവെക്കുന്ന കേരള സര്‍ക്കാര്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന എല്ലാ മതവിശ്വാസങ്ങളെയും ഉള്‍ക്കൊള്ളണമെന്ന ഭരണഘടനാ സങ്കല്‍പ്പത്തെയാണ് തള്ളിപ്പറയുന്നത്. ഇന്ത്യന്‍ സൈന്യത്തിലും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയിലും സിവില്‍ സര്‍വീസിലുമൊക്കെ ടര്‍ബണ്‍ ധരിക്കുന്നതിനടക്കം സിഖ് സമൂഹത്തിനു ലഭിക്കുന്ന ഭരണഘടനാപരമായ വിശ്വാസ സ്വാതന്ത്ര്യം ഹിജാബ് ധരിക്കുന്നതിന് മുസ്‌ലിം സ്ത്രീകള്‍ക്കും ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഭരണകൂടം തന്നെ സവര്‍ണ ചിഹ്നങ്ങളെ മതേതരമായി അവതരിപ്പിച്ചതിന് ശേഷമാണ് മുസ്‌ലിം സമൂഹത്തെ പുറന്തള്ളുന്നതിനു വേണ്ടി മതനിരാസത്തെ മതേതരത്വമെന്ന പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. വിവിധ ജനാധിപത്യ രാജ്യങ്ങളില്‍ പോലീസിലും സൈന്യത്തിലും മതസമൂഹങ്ങളെ ഉള്‍ക്കൊള്ളുന്നതിനു അവരുടെ വിശ്വാസാചാരങ്ങള്‍ക്കനുസരിച്ചു വേഷം ധരിക്കാന്‍ സാധിക്കുന്ന തരത്തില്‍ നിയമനിര്‍മാണങ്ങള്‍ വരെ നടക്കുന്ന സന്ദര്‍ഭത്തിലാണ് കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും സ്‌കൂളുകളില്‍ നിന്നുപോലും ഹിജാബിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികളെ പുറന്തള്ളാനുള്ള ശ്രമം നടക്കുന്നതെന്നതാണ് ഏറെ വിചിത്രമായ കാര്യം.
Comments