Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 25

3241

1443 റജബ് 24

കര്‍ണാടക കാമ്പസുകളില്‍  ഹിജാബ് വിലക്കുമ്പോള്‍

 അഡ്വ. സുമയ്യ റോഷന്‍

കര്‍ണാടകയില്‍ ഹിജാബ് സംഘര്‍ഷത്തിന്റെ തുടക്കം ഉഡുപ്പി ഗവണ്‍മെന്റ് പി.യു കോളേജിലാണ്. ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ 2021 ഡിസംബര്‍ 31-ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു. മുമ്പ് ഹിജാബ് ധരിക്കാത്ത കുട്ടികള്‍ പെട്ടെന്ന് തീരുമാനമെടുത്ത് അത് ധരിച്ച് വരുന്നത് അംഗീകരിക്കാനാവില്ലെന്നും  തങ്ങളുടെ സ്ഥാപനത്തില്‍ ഹിജാബിന് അനുവാദമില്ലെന്നും കോളേജ് അധികൃതര്‍ വിശദീകരിക്കുകയുണ്ടായി. എന്നാല്‍, അധികൃതര്‍ വാദിക്കുന്നതുപോലെ കോളേജ് പ്രോസ്പക്ടസില്‍ ഹിജാബിന് വിലക്കുള്ളതായി പറയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥാപനത്തില്‍ ഇതുവരെ ഹിജാബ് ധരിക്കാത്ത കുട്ടികള്‍ എന്തുകൊണ്ട് ഹിജാബ് ധരിക്കാന്‍ തുടങ്ങി എന്നത് വ്യക്തമല്ല. ഈ പ്രശ്‌നം പ്രാദേശിക തലത്തില്‍ ഒതുങ്ങിനിന്ന ഘട്ടത്തില്‍ പഠനത്തിന് മുടക്കം വരാതെ, വിദ്യാര്‍ഥികള്‍ക്കും മാനേജ്‌മെന്റിനുമിടയില്‍ സമാധാനപരമായ പ്രശ്‌ന പരിഹാരത്തിന്,  'മുസ്‌ലിം ഒക്കൂട്ട' എന്ന മുസ്‌ലിം സംഘടനാ കൂട്ടായ്മയുടെയും, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവയുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, 2022 ജനുവരി ഒന്നിന് ആദ്യ ധാരണാപത്രം ജില്ലാ കമീഷണര്‍ക്കും പ്രീ യൂനിവേഴ്‌സിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കൈമാറുകയും ചെയ്തു.
എന്നാല്‍ ചില തല്‍പരകക്ഷികളുടെ ഇടപെടല്‍ കാരണം പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണുണ്ടായത്. ഹിജാബ് വിലക്ക് സംബന്ധിച്ച വാര്‍ത്ത പരന്നുതുടങ്ങിയതോടെ മുസ്‌ലിം പണ്ഡിതരുടെയും സംഘടനകളുടെയും കൂട്ടായ്മയായ മുസ്‌ലിം ഒക്കൂട്ട വിഷയം ഏറ്റെടുത്തു. വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ കോളേജ് അധികൃതര്‍ തയാറായില്ല. യൂനിഫോമിനോട് ചേരുന്ന വസ്ത്രം കൊണ്ട് തലമറക്കുന്നതും അവര്‍ക്ക് സ്വീകാര്യമായില്ല. ഹിജാബ് ധരിച്ച് ക്ലാസ് റൂമുകളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ചയായ ആഴ്ചകള്‍ ക്ലാസ് മുടങ്ങി.  ഇപ്പോള്‍ കര്‍ണാടകയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഹിജാബ് വിരോധം പടരുകയാണ്.
ഈ ഹിജാബ് വിവാദത്തിന് ഒരു പശ്ചാത്തലം കൂടി ഉണ്ടെന്നാണ് മനസ്സിലാകുന്നത്. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ദക്ഷിണ കന്നട, ഉഡുപ്പി, റായ്ച്ചൂര്‍ ജില്ലകളില്‍ വിവിധ സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. ഒന്ന്: ദല്‍ഹിയിലെ റിപ്പബ്ലിക് പരേഡില്‍ നിന്ന് കേരളത്തിന്റെ ശ്രീനാരായണ ഗുരുവിനെ ചിത്രീകരിച്ച  പ്ലോട്ട് ഒഴിവാക്കിയ സംഭവം ഈഴവര്‍ ഭൂരിഭാഗമുള്ള ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ ബി.ജെ.പി അനുഭാവികളില്‍ വമ്പിച്ച പ്രതിഷേധമാണ് ഉണ്ടാക്കിയത്. തങ്ങളുടെ ശക്തമായ പ്രതിഷേധം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു.  രണ്ട്: റായ്ച്ചൂര്‍ ജില്ലയില്‍ നടന്ന റിപ്പബ്ലിക് ദിന പരിപാടിയില്‍ ജില്ലാ കോടതിയിലെ സെഷന്‍ ജഡ്ജ് മല്ലികാര്‍ജുന ഗൗഡ  അംബേദ്കറുടെ ഫോട്ടോ എടുത്ത് മാറ്റിയാലേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് പറഞ്ഞതിന്റെ പേരില്‍ ഫോട്ടോ എടുത്ത് മാറ്റിയ സംഭവം സംസ്ഥാനത്തുടനീളം വിശേഷിച്ച് ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഈ രണ്ട് സംഭവങ്ങളുടെയും പേരില്‍ സംസ്ഥാനത്ത് പ്രതിഷേധം കനത്തുകൊണ്ടിരിക്കെയാണ്, നേരത്തെ സൂചിപ്പിച്ച ഉഡുപ്പിയിലെ സര്‍ക്കാര്‍ ജൂനിയര്‍ വനിതാ കോളേജില്‍ പത്തോളം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ വന്നതിന്റെ പേരില്‍ അവരെ ക്ലാസില്‍ നിന്നും പുറത്താക്കിയത്. അവര്‍ ദിവസങ്ങളോളം ക്ലാസിന് പുറത്തിരുന്ന് പ്രതിഷേധിച്ചു. സമരം ശക്തിപ്പെട്ടതോടെ, ഫാഷിസ്റ്റ് സംഘടനകള്‍ വീണു കിട്ടിയ അവസരം നന്നായി മുതലെടുത്തു എന്നതാണ് ശരി.
ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വിഷയം കത്തിപ്പടര്‍ന്നതോടെ ഉഡുപ്പി ജില്ലയിലെ കുന്താപൂരം ഗവ. കോളേജിലും സമാനമായ പ്രശ്‌നം കുത്തിപ്പൊക്കി. അതോടെ വിഷയത്തിന് വലിയ അളവില്‍ രാഷ്ട്രീയ, സാമുദായിക മാനം കൈവരികയും ചെയ്തു.  കുന്താപുരത്താണ് രണ്ടാമതായി ഹിജാബ് വിവാദം തല പൊക്കിയത്. കുന്താപുരം ജൂനിയര്‍ കോളേജില്‍ നേരത്തെ ഹിജാബ് ധരിക്കാന്‍ അനുവാദമുണ്ടായിരുന്നു. ഒരു ദിവസം പൊടുന്നനെ എ.ബി.വി.പിയില്‍ പെട്ട വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ കേസരി ഷാള്‍ ധരിച്ച് കൊണ്ട് വരികയും ഇനി മുതല്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് വന്നാല്‍ തങ്ങളും കേസരി ഷാള്‍ അണിഞ്ഞു വരുമെന്ന് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറ്റേ ദിവസം പ്രിന്‍സിപ്പല്‍ തന്നെ നേരിട്ട് വന്ന്, ഹിജാബ് ധരിച്ച് വന്ന മുസ്‌ലിം പെണ്‍കുട്ടികളെ ഗേറ്റടച്ച് തടഞ്ഞുവെച്ചു. വിദ്യാര്‍ഥിനികള്‍ കേണപേക്ഷിച്ചിട്ടും അധികൃതര്‍ കനിഞ്ഞില്ല. കുട്ടികള്‍ അവിടെ തന്നെ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവിടെ പ്രവേശനം നേടിയ ആദ്യനാള്‍ മുതല്‍ വിദ്യാര്‍ഥിനികള്‍ ഹിജാബ് അണിഞ്ഞാണ് എത്തിയിരുന്നതെങ്കിലും കാവി ഷാള്‍ ധരിച്ചെത്തിയ വിദ്യാര്‍ഥികളുടെ സമ്മര്‍ദത്തിന് വഴങ്ങി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് കോളേജ് അധികൃതര്‍ ചെയ്തത്. അതോടെ, നൂറുകണക്കിന് മുസ്‌ലിം വിദ്യാര്‍ഥിനികള്‍ കാമ്പസിന് പുറത്തായി.
ഇതേ സമയത്തുതന്നെ വിഷയം സമീപത്തെ കോളേജുകളിലേക്കും പടര്‍ന്നു. ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികള്‍ക്കു നേരെ ഭണ്ഡാര്‍ക്കര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലും കാവി അണിഞ്ഞെത്തിയവര്‍ പ്രതിഷേധമുയര്‍ത്തി. അതോടെ വിദ്യാര്‍ഥിനികള്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമിനൊപ്പം ഹിജാബും ആകാമെന്ന് സ്വന്തം നിയമ പുസ്തകത്തില്‍ രേഖപ്പെടുത്തിയ സ്ഥാപനത്തിലാണ് ഇത് സംഭവിച്ചത് എന്നതാണ് ഞെട്ടിപ്പിക്കുന്നത്. രണ്ട് കോളേജുകളില്‍ കൂടി സമാന നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഹിജാബും കാവിയും അനുവദിച്ച് പ്രശ്‌നം പരിഹരിച്ചു. ഉഡുപ്പി എം.ജി.എം കോളേജ്, മാണ്ഡ്യ പി.ഇ.എസ് കോളേജ് എന്നിങ്ങനെ മറ്റു കോളേജുകളിലേക്കും വിവാദം വ്യാപിക്കുന്നുണ്ടായിരുന്നു. മുസ്‌കാന്‍ ഖാന്‍ എന്ന വിദ്യാര്‍ഥിനിക്കുനേരെ വലിയ ആള്‍ക്കൂട്ടം ആക്രോശിച്ചെത്തുന്ന രംഗത്തിനും മാണ്ഡ്യ കോളേജ് സാക്ഷിയായി. തുടര്‍ന്ന് ശിവമൊഗ്ഗ, ബിജാപുര, കൊടഗു, ഹാസന്‍ തുടങ്ങിയ ജില്ലകളിലേക്കും വിവാദം കത്തിപ്പടര്‍ന്നു.
വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളും നിഷേധിക്കുകയും കോളേജുകളില്‍ പണമടച്ച് നേടിയ താമസാനുമതി വിലക്കുകയും ചെയ്യുകയായിരുന്നു അധികൃതര്‍.   മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും മതാചാരങ്ങള്‍ പാലിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തെരുവിലിറങ്ങാന്‍ ഇതോടെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധിതരായി. വിഷയം കോടതിയുടെ മുമ്പിലെത്തി. ഇപ്പോള്‍ പുറപ്പെടുവിച്ച വിധി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് അനുകൂലമല്ല.
വിദ്യാര്‍ഥികളുടെ പൊതു താല്‍പര്യ ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ ബലത്തില്‍ നിരവധി കോളേജുകള്‍ ഹിജാബും ബുര്‍ഖയും ധരിച്ച് വിദ്യാര്‍ഥികള്‍ കാമ്പസിലെത്തുന്നത് വിലക്കി. ഉത്തരവ് ദുര്‍വ്യാഖ്യാനിച്ച് ഗെയ്റ്റ് കടക്കാനും പരീക്ഷയെഴുതാനും വരെ അനുമതി നിഷേധിക്കുന്നതാണ് ഇപ്പോഴത്തെ അനുഭവം. ഗഡഗ് ജെ.ടി കോളേജില്‍ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ വരെ അനുവദിച്ചില്ല. റായ്ച്ചൂര്‍ എസ്.എല്‍.എന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ക്ലാസ് പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ പ്രത്യേക സമ്മതപത്രം ഒപ്പിടേണ്ടിവന്നു. മാണ്ഡ്യ, ബംഗളൂരു എന്നിവിടങ്ങളിലും ചില കോളേജുകള്‍ സമാന നിയന്ത്രണം നടപ്പാക്കിയിട്ടുണ്ട്. ഹിജാബ് ഒരു വിഷയമേ ആയിട്ടില്ലാത്ത നിരവധി കോളേജുകളിലും വിദ്യാര്‍ഥിനികള്‍ ഹിജാബ് വിരുദ്ധ പ്രചാരണത്തിന്റെ ഇരകളാക്കപ്പെടുന്നതും കണ്ടു.
മുസ്‌ലിം വിദ്യാര്‍ഥിനികള്‍ മാത്രമല്ല, അധ്യാപകര്‍ വരെ ഹിജാബും ബുര്‍ഖയും കാമ്പസിന് പുറത്ത് അഴിച്ചുവെച്ച് വിദ്യാലയങ്ങളില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതരാകുന്നതാണ് കര്‍ണാടകയിലെ ഇപ്പോഴത്തെ കാഴ്ച്ച. വിദ്യാര്‍ഥിനികളും അധ്യാപകരും അനുഭവിക്കുന്ന മാനസിക പീഡനങ്ങള്‍ ഞെട്ടിക്കുന്നതാണ്. മറ്റാരെയും പ്രയാസപ്പെടുത്താതെ സ്വന്തം മതം അനുഷ്ഠിക്കുന്നതിന്റെ പേരില്‍ ഇവ്വിധം വിവേചനം കാണിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഭരണഘടന ഉറപ്പ് നല്‍കുന്ന വിദ്യാഭ്യാസ അവകാശത്തിന്റെ നിഷേധത്തിന് ഇത് കാരണമാകുന്നത് ഏറെ ആശങ്കയുളവാക്കുന്നതാണ്. അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടിവന്നിരിക്കുന്നത്. അവകാശ പോരാട്ടം നടത്തുന്ന ഈ വിദ്യാര്‍ഥിനികള്‍ക്ക് കര്‍ണാടകയിലെ പൊതു സമൂഹത്തില്‍ നിന്ന്  ഇപ്പോഴും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല. ഇവര്‍ക്ക് താങ്ങാകാന്‍ പൗരസമൂഹം പ്രത്യക്ഷ പിന്തുണയും സമരവുമായി എത്തുന്നുമില്ല.
സംസ്ഥാന ആഭ്യന്തര മന്ത്രി ആറഗ ജ്ഞാനേന്ദ്ര, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി.സി നാഗപ്പ തുടങ്ങിയവര്‍ ഹിജാബ് വിവാദത്തെ കുറിച്ച് പറഞ്ഞത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ മത കേന്ദ്രങ്ങളാക്കരുതെന്നാണ്. മതാനുഷ്ഠാനങ്ങള്‍ മത കേന്ദ്രങ്ങളില്‍ വെച്ച് നടത്തിയാല്‍ മതി. കാലങ്ങളായി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും സരസ്വതി, ഗണപതി പൂജകളും, സൂര്യനമസ്‌കാരവും നടന്നുകൊണ്ടിരിക്കെയാണ് ഇത് പറയുന്നതെന്നോര്‍ക്കണം. സാംസ്‌കാരിക മന്ത്രി സുനില്‍കുമാര്‍ കര്‍ണാടകയെ താലിബാന്‍വല്‍ക്കരിക്കാനുള്ള ഗൂഢശ്രമം ഇതിന്റെ പിന്നിലുണ്ടെന്നാണ് പറയുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍കട്ടീല്‍ പറഞ്ഞത് ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ വേറെ വഴി തേടണമെന്നാണ്. മൈസൂര്‍ എം.പി പ്രതാപസിംഹ പറയുന്നത് ഹിജാബും തൊപ്പിയും ധരിക്കണമെന്നുള്ളവര്‍ മദ്റസയിലേക്ക് പോകണമെന്നും. ബി.ജെ.പി എം.എല്‍.എ യത് നാള്‍ പാക്കിസ്താനിലേക്ക് പോകാനാണ് ആവശ്യപ്പെടുന്നത്.
അതോടൊപ്പം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂനിഫോം തീരുമാനിക്കാനുള്ള അധികാരം അതത് സ്ഥാപനത്തിലെ സ്‌കൂള്‍ ഡെവലപ്മെന്റ് കമ്മിറ്റികള്‍ക്കായിരിക്കുമെന്ന് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഹിജാബിനെതിരെ കേസരി ഷാള്‍ ധരിച്ചവര്‍ക്കെതിരെ അംബേദ്കര്‍ അനുകൂല സംഘടനയിലെ വിദ്യാര്‍ഥികള്‍ നീല കളര്‍ ഷാള്‍ ധരിച്ച് വന്ന് പ്രതിഷേധിച്ച സംഭവങ്ങളും ശിവമൊഗ്ഗ ജില്ലയിലെ തീര്‍ഥഹള്ളിയില്‍ നടക്കുകയുണ്ടായി.
യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം ബസവരാജ ബൊമ്മായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് പറയത്തക്ക ഭരണ നേട്ടങ്ങളൊന്നും ഉണ്ടാക്കാനായിട്ടില്ല. ആഭ്യന്തര പ്രശ്നങ്ങളാല്‍ ആടിയുലയുകയുമാണ് സര്‍ക്കാര്‍. നിലവിലെ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. ശ്രീനാരായണ ഗുരുവിനെയും അംബേദ്കറെയും അപമാനിച്ചെന്ന വികാരവും ശക്തമാണ്.   അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനത്ത് ഭരണം എങ്ങനെയും നില നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടു കൂടി വേണം ഹിജാബിനെതിരായ ഈ നീക്കത്തെ കാണാന്‍. വര്‍ഗീയ കലാപങ്ങളുണ്ടാക്കി സമുദായങ്ങള്‍ തമ്മില്‍ ധ്രുവീകരണമുണ്ടാക്കുകയാണ് തല്‍പ്പര കക്ഷികളുടെ ലക്ഷ്യം. അതിന് ഹിജാബിനെ മറയാക്കുന്നുവെന്ന് മാത്രം.
ഇത്തരമൊരു സാഹചര്യത്തില്‍, മതവും വിശ്വാസവും നോക്കി വിവേചനം കാണിക്കാതെ, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തിന്റെ മതേതര ചട്ടക്കൂടിന് കാവലാകാനും ഈ വിദ്യാര്‍ഥിനികളോട് ഐക്യപ്പെട്ട് ശബ്ദമുയര്‍ത്താനും എല്ലാവിഭാഗം ജനങ്ങളുടെയും സാന്നിധ്യം അനിവാര്യമാണ്. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും അവരുടെ വിദ്യാഭ്യാസ അവകാശം ഹനിക്കപ്പെടാതെ കാക്കുകയും ചെയ്യാന്‍ മുസ്‌ലിം സംഘടനകളും മതേതര സംഘടനകളും കൂട്ടായ ശ്രമം നടത്തേണ്ടതുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദങ്ങളില്‍നിന്ന് ഉരുത്തിരിയുന്ന ആഖ്യാനങ്ങള്‍ നിഷേധാത്മകമാവാതെ സൂക്ഷിക്കാനും, മതനിരപേക്ഷമായ പൊതു അവബോധം വളര്‍ത്താനും ഇതോടൊപ്പം നടപടികളുണ്ടാകണം. വര്‍ഗീയതയുടെ ചങ്ങലക്കെട്ടുകളില്‍ കുരുങ്ങിപ്പോകാതെ പരസ്പരം ഐക്യപ്പെട്ട് രാജ്യം കാത്തുപോന്ന നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കാന്‍ നാം രംഗത്തിറങ്ങേണ്ട അടിയന്തര സന്ദര്‍ഭമാണിത്. 
(ജി.ഐ.ഒ കര്‍ണാടക സംസ്ഥാന പ്രസിഡന്റായ സുമയ്യ റോഷന്‍ അഭിഭാഷകയാണ്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 46-50
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിന്റെ സുന്ദര നാമങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌