Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 25

3241

1443 റജബ് 24

ഈ കള്ളങ്ങള്‍ എത്ര കാലം പ്രചരിപ്പിക്കും?

ശരീഫ് വരോട്‌

'രാജ്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന വിധ്വംസക ശക്തിയായ ജമാഅത്തെ ഇസ്‌ലാമിയുടെ ജിഹ്വയായ മീഡിയവണ്‍ രാജ്യദ്രോഹ ചാനലാണെന്നതില്‍ സംശയമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍' (മാധ്യമം 2.2.2022).
ഒരു ശരാശരി പത്ര വായനക്കാരന്‍ എന്ന നിലക്ക് ഈയുള്ളവന്‍ സുരേന്ദ്രനോട് ചില സംശയങ്ങള്‍ ഉന്നയിക്കുകയാണ്. വിധ്വംസക പ്രവര്‍ത്തനം പോയിട്ട് വര്‍ഗീയ, സാമുദായിക വിദ്വേഷത്തോടെ ജമാഅത്ത് പ്രവര്‍ത്തകര്‍  ആരെയെങ്കിലും ആക്രമിച്ചതായി സത്യസന്ധതയോടെ ചൂണ്ടിക്കാണിക്കാന്‍ സുരേന്ദ്രന് കഴിയുമോ?!
ജമാഅത്ത് അതിന്റെ  ഭരണഘടനയില്‍ പറയുന്നത്  ലക്ഷ്യസാക്ഷാത്കാരത്തിനായി സമാധാനപരമായ മാര്‍ഗങ്ങളല്ലാതെ മറ്റൊരു വഴിയും സ്വീകരിക്കുകയില്ല എന്നാണ്. ഈ ഭരണഘടന മലയാളത്തിലും ഏതാണ്ട് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ലഭ്യമാണ്.
ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍  ദല്‍ഹി,  ഗുജറാത്ത്, ഭഗല്‍പൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നടന്ന കലാപങ്ങളും ഉള്‍പ്പെടുന്നു.  ഇതിലെല്ലാം ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രവര്‍ത്തകരും നേതാക്കളും വരെ പ്രതികളാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു വര്‍ഗീയ കലാപത്തിലോ കൊലപാതക കേസിലോ നാളിതുവരെ ഇന്ത്യയിലെ ഏതെങ്കിലുമൊരു  ജമാഅത്ത് പ്രവര്‍ത്തകനോ  നേതാവോ  പങ്കാളിയായിട്ടില്ല.
രാജ്യത്തെ ഏത് മേഖലയിലെ   മതസൗഹാര്‍ദ അന്തരീക്ഷമാണ് ജമാഅത്ത് തകര്‍ക്കാന്‍ ശ്രമിച്ചത്? രാജ്യത്ത് നടന്ന വര്‍ഗീയ കലാപങ്ങള്‍ക്കു ശേഷം തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ അവിടത്തെ മതസൗഹാര്‍ദാന്തരീക്ഷം പുനഃസൃഷ്ടിക്കാനാണ് ജമാഅത്ത് പരിശ്രമിച്ചു പോന്നിട്ടുള്ളത്. അതു തന്നെയാണ് ഇന്നും ചെയ്തുകൊണ്ടിരിക്കുന്നതും. നിസ്സഹായരും നിരാലംബരുമായ ജനങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുക എന്നാണ് ജമാഅത്ത് അതിന്റെ അണികളെ പഠിപ്പിക്കുന്നത്. സൂനാമിക്കും പ്രളയത്തിനും മറ്റു പ്രകൃതിദുരന്തങ്ങള്‍ക്കും ശേഷം മലയാളികള്‍ ജമാഅത്തിന്റെ സേവനം അനുഭവിച്ചവരാണ്; ഭക്ഷണമായും ചികിത്സയായും ഭവനനിര്‍മാണമായും മറ്റും മറ്റും. ഇന്ത്യയിലെ പല ഭാഗങ്ങളിലും ജമാഅത്തിന്റെ സേവനം ജനങ്ങള്‍ അനുഭവിക്കുന്നു. വിദ്യാസമ്പന്നരായ, ദൈനംദിന രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ ഏറെ പ്രബുദ്ധരായ മലയാളികളെയാണോ  സുരേന്ദ്രന്‍ ജമാഅത്തിനെ  വിധ്വംസക ശക്തിയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്? യു.പിയിലും ബിഹാറിലുമൊക്കെ പോയി സംസാരിച്ചാല്‍ ഏശുമായിരിക്കും. മീഡിയവണ്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കു വേണ്ടി, അനീതിക്കും അക്രമത്തിനും വെറുപ്പിനും വിദ്വേഷത്തിനും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വര്‍ഗീയതക്കും എതിരെ നിലപാടെടുക്കുന്നത് അടിച്ചമര്‍ത്തപ്പെട്ട നിസ്സഹായരായ ജനങ്ങളോട് തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്ന ഉറച്ച ബോധ്യം കൊണ്ടാണ്. ഇതിനെയാണോ സുരേന്ദ്രന്‍ രാജ്യദ്രോഹം എന്ന് വിളിക്കുന്നത്? 
എന്നാല്‍ സുരേന്ദ്രന്റെ പാര്‍ട്ടിക്കാരുടെ അവസ്ഥയോ? മലര്‍ന്നു കിടന്ന് തുപ്പരുത്.  ഉത്തരവാദപ്പെട്ട ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന നേതാവ് വായില്‍ വന്നത് കോതക്ക് പാട്ട് എന്ന മട്ടില്‍ സംസാരിക്കുന്നത് ഭൂഷണമല്ല. തരിമ്പെങ്കിലും അതിന് തെളിവ് നല്‍കണം. 


നാം ജാഗരൂകരാകുക
സിയാദ് പൊന്നാനി
(ദാറുല്‍ അര്‍ഖം ഇസ്‌ലാമിയ്യ കോളേജ്)

വിജ്ഞാനം തേടി  കലാലയത്തിലെത്തുന്ന നമ്മുടെ  കുട്ടികളെ വശത്താക്കാന്‍  കമ്യൂണിസം,  ലിബറലിസം പോലുള്ള  ആശയധാരകളുടെ വക്താക്കള്‍ നിലയുറപ്പിച്ചിട്ടുണ്ട്.
മത-മാനുഷിക  മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ജനാധിപത്യ സ്വഭാവമുള്ള  രാഷ്ട്രീയ പാര്‍ട്ടിയായി അവതരിപ്പിച്ച് കുട്ടികളെ ആകര്‍ഷിക്കുകയും പതിയെ പതിയെ തങ്ങളുടെ നിരീശ്വര, നിര്‍മത പ്രത്യയശാസ്ത്രം അവരുടെ മനസ്സില്‍ കുത്തി വെക്കുകയുമാണ് ചെയ്യുന്നത്.  പ്രത്യക്ഷത്തില്‍ മതവിരുദ്ധത തോന്നിപ്പിക്കില്ലെങ്കിലും കടുത്ത മതവിരുദ്ധത ഈ പ്രത്യയശാസ്ത്രത്തില്‍ ഒളിഞ്ഞുകിടപ്പുണ്ട്. ഇതില്‍ കുടുങ്ങിപ്പോയവര്‍ മതവിരുദ്ധരും ദൈവനിഷേധികളും ആകുന്നത് സര്‍വസാധാരണയായി മാറിയിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. ഇനിയും നാം അശ്രദ്ധ കാണിച്ചാല്‍ കാലം നമുക്ക് മാപ്പ് തരില്ല. 


ആ കണക്ക് ഇങ്ങനെയാണ്!
ഷുഹൈബ് ഇസ്മാഈല്‍, അജ്മാന്‍

'നവ ലിബറല്‍ അജണ്ടകളെ തുറന്നു കാണിച്ചേ മതിയാകൂ' എന്ന മുഖവാക്കില്‍ ( 2022 ജനുവരി 21)  സൂചിപ്പിച്ച ദാരിദ്ര്യ സൂചികകളുടെ കണക്കുകള്‍ ഔദ്യോഗികമായി തെറ്റാണ്: '1993-'94 കാലത്ത് ദാരിദ്ര്യ രേഖക്ക് താഴെ വരുന്ന ജനങ്ങളുടെ അനുപാതം 58 ശതമാനമായിരുന്നുവെങ്കില്‍ 2011- '12 വര്‍ഷത്തില്‍ അത് 68 ശതമാനമാണ്...' എന്നാണ് മുഖവാക്കിലുള്ളത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ ദാരിദ്ര്യ നിരക്ക് 1993-94 ല്‍ 45 ശതമാനം ആയിരുന്നത് 2011-'12-ല്‍ 22 ശതമാനമായി കുറയുകയാണ് ചെയ്തത്.
ദാരിദ്ര്യത്തിന്റെ കണക്കുകള്‍ നിര്‍ണയിക്കാന്‍ മാനദണ്ഡമാക്കുന്ന ദാരിദ്ര്യരേഖകള്‍ മാന്യമായ ജീവിതനിലവാരം അനുവദിക്കാന്‍ കഴിയാത്തത്ര താഴ്ന്നതാണെന്ന് വിമര്‍ശനമുണ്ടെങ്കിലും, ഏറ്റവും ഒടുവില്‍  കണക്കെടുപ്പ് നടന്നത്  2011-'12 വര്‍ഷങ്ങളിലാണ്. ഗ്രാമങ്ങളില്‍ പ്രതിദിനം 27 രൂപയോ നഗരങ്ങളില്‍ പ്രതിദിനം 33 രൂപയോ ചെലവഴിക്കാന്‍ കഴിയുമെങ്കില്‍ ആസൂത്രണ കമീഷന്‍ അവരെ ദരിദ്രരല്ലെന്ന് കണക്കാക്കുന്നു. 


ആദര്‍ശ ധീരതയും 
നര്‍മബോധവും
കെ.എം ബഷീര്‍ അഹ്മദ്, ഇരുമ്പുഴി

വി.കെ ജലീല്‍ സാഹിബിനെ സ്മരിക്കുമ്പോള്‍ ഓര്‍മയില്‍ ആദ്യം വരുന്നത് 'ഇസ്സുദ്ദീന്‍ മൗലവിയുടെ നാടും വീടും, എന്റെ ഓര്‍മകളും' എന്ന പുസ്തകത്തിലെ 117-ാം പേജില്‍ കുട്ടിക്കാലത്തെ കുറിച്ച് വിവരിക്കുന്ന ഭാഗമാണ്. തന്റെ പേരിനെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. നന്നെ ചെറുപ്പത്തില്‍ 'നിന്റെ പേരെന്താണ്' എന്ന് ചോദിക്കുന്നവരോട് 'മൗലാനാ മൗദൂദി, ജനാബ് വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി അബ്ദുല്‍ ജലീല്‍' എന്നാണത്രെ അദ്ദേഹം പറഞ്ഞിരുന്നത്. എന്റെ സഹോദരീ ഭര്‍ത്താവായ വി.കെ ജലീല്‍ മൗലാനാ മൗദൂദിയുടെ ചിന്താ ലോകവും ഇസ്സുദ്ദീന്‍ മൗലവിയുടെ പാണ്ഡിത്യവും ജലീല്‍ എന്ന  വ്യക്തിയുടെ ആദര്‍ശ ധീരതയും സമന്വയിച്ച പ്രതിഭയായിരുന്നു. തനിക്ക് പറയാനുള്ളത് ആരോടും കൂസലന്യേ പറയാനുള്ള ചങ്കൂറ്റവും അദ്ദേഹത്തിനുണ്ടായിരുന്നു. സ്വതഃസിദ്ധമായ നര്‍മബോധമായിരുന്നു മറ്റൊന്ന്. സ്വയം ചിരിക്കാതെ, നമ്മെ ചിരിപ്പിക്കുന്ന നര്‍മബോധം.
ഒരു സംഭവം ഓര്‍മ വരുന്നു. ജലീല്‍ സാഹിബും ഞാനും ബാബു മക്കയില്‍നിന്ന് മദീന വില്ലയിലേക്ക് സാപ്റ്റിക്കോ ബസ്സില്‍ പോവുകയാണ്. ഞങ്ങള്‍ പല കാര്യങ്ങളും സംസാരിച്ചിരിക്കുമ്പോള്‍ ജലീല്‍ സാഹിബ് കെ.ഐ.ജിയിലും ജമാഅത്തിലും കുറേയധികം ആളുകളെ ചേര്‍ത്ത കാര്യം എന്നോട് പറയുകയുണ്ടായി. തൊട്ടടുത്തിരുന്ന മലയാളി ഇടക്ക് കയറി ചോദിക്കുകയാണ് 'എന്തിലാ ആളെ ചേര്‍ത്തത്.' ഉടന്‍ തന്നെ ജലീല്‍ സാഹിബിന്റെ മറുപടി, 'കുറിയില്‍.' ആ മനുഷ്യന്‍ പിന്നെ ഞങ്ങള്‍ക്ക് മുഖം തരാതെ ഇറങ്ങിപ്പോകുന്നതാണ് കണ്ടത്.
കുടുംബ ബന്ധങ്ങള്‍ അതിന്റെ നൈര്‍മല്യത്തോടെ നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ച ആളായിരുന്നു ജലീല്‍ സാഹിബ്. തന്റെ ഉപ്പയെയും ഉമ്മയെയും അഗാധമായി സ്നേഹിച്ചിരുന്ന അദ്ദേഹം അന്ത്യവിശ്രമം അവരുടെ അടുത്തുതന്നെ വേണമെന്ന് ആഗ്രഹിച്ചു. അതിന് ദൈവം തമ്പുരാന്‍ അനുഗ്രഹിച്ചു. 


പകരക്കാരനില്ലാതെ...
വി.ടി. സൂപ്പി നിടുവാല്‍

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ എസ്.എസ് ഹുസൈനി മുതല്‍, കുന്നുമ്മല്‍ ഷീജ വരെ  84 പേര്‍ എഴുതിയ, 260 പേജുള്ള പ്രബോധനത്തിന്റെ 'ടി.കെ അബ്ദുല്ല സ്മൃതി പുസ്തകം' ആ ബഹുമുഖ പ്രതിഭയുടെ എല്ലാ ഭാവങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിശിഷ്ട ഉപഹാരമായി. എന്നെപ്പോലുള്ള ആയിരങ്ങളെ നേര്‍വഴിക്ക് നയിച്ചത് അദ്ദേഹത്തിന്റെ  പ്രസംഗങ്ങള്‍ തന്നെയായിരുന്നു.
ഓഫീസില്‍നിന്ന് തിരിച്ചു വരുമ്പോഴൊക്കെ പുതിയ പ്രാസ്ഥാനിക ചലനങ്ങളറിയാനും ചര്‍ച്ചകള്‍ക്കുമായി നാട്ടിലെ ചെറുപ്പക്കാര്‍ വീട്ടില്‍ കാണാന്‍ പോകുമായിരുന്നു. ഒരിക്കലൊരു തല്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ പറഞ്ഞിരുന്നു, 'നീ വേറൊരു ജമാഅത്തുണ്ടാക്കിക്കോളൂ' എന്ന്.
ടി.കെയെ ഓര്‍ക്കുമ്പോള്‍ എന്നും മനസ്സിലെത്തുക തലശ്ശേരിയിലെ മേഖലാ സമ്മേളനത്തിലെ പ്രസംഗം തന്നെയാണ്. ചാത്തുണ്ണി മാസ്റ്ററെയും വീരേന്ദ്രകുമാറിനെയും സ്റ്റേജില്‍ ഇരുത്തി 'അമേരിക്കയിലെ വാട്ടര്‍ഗേറ്റും റഷ്യയിലെ സോള്‍ ഷെനിറ്റ്‌സിനും പ്രശ്‌നങ്ങളല്ലേ' എന്ന ആ ചോദ്യവും സദസ്സിന്റെ കൈയടിയും ഇപ്പോഴും കേള്‍ക്കുന്ന പോലെ തോന്നുന്നു. അതിന്റെ ആവേശത്തില്‍ തിരൂരില്‍ നടന്ന മേഖലാ സമ്മേളനത്തിലും ടി.കെയുടെ പ്രസംഗം കേള്‍ക്കാന്‍ പോയിരുന്നു. ദഅ്‌വത്ത് നഗറിലെ 'ജമാഅത്തെ ഇസ്‌ലാമിയുടെ ദൈവം മുസ്‌ലിംകളുടെ മാത്രം അല്ലാഹുവല്ല' എന്ന പ്രസംഗവും എക്കാലത്തും മനസ്സില്‍ മായാതെ നില്‍ക്കും. സാധാരണയായി പ്രാദേശിക തര്‍ബിയത്ത് ക്യാമ്പിലൊന്നും ടി.കെയുടെ പ്രഭാഷണം ഉണ്ടാകാറില്ല. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് കുറ്റ്യാടി ഏരിയയുടെ ഒരു നിശാ ക്യാമ്പില്‍ ടി.കെ നടത്തിയ ക്ലാസ് അവിസ്മരണീയമായിരുന്നു. മുന്നിലിരുന്ന് കേട്ട അവസാനത്തെ പൂര്‍ണ പ്രസംഗവും അത് തന്നെയാണെന്നാണോര്‍മ.
ഒരു ദിവസം കുറ്റ്യാടി മാര്‍ക്കറ്റില്‍ ചെന്നപ്പോള്‍ ഒരു കൈയില്‍ മീനുമായി പച്ചക്കറിക്ക് വില ചോദിക്കുകയാണ് ടി.കെ. എന്റെ മുഖഭാവം കണ്ടിട്ടാവാം 'മാ ലി ഹാദര്‍റസൂലി  യഅ്കുലുത്തആമ വ യംശീ ഫില്‍ അസ്‌വാഖ്' എന്നും പറഞ്ഞൊരു ചിരിയായിരുന്നു. അമീറെ ജമാഅത്ത് തന്റെ ലേഖനത്തില്‍ പറഞ്ഞതാണ് ശരി. 'ഒരാളുടെ യഥാര്‍ഥ  വലുപ്പം അയാള്‍ വലുപ്പമുള്ള ധാരാളം പേരെ സൃഷ്ടിച്ചുകൊണ്ടിരിക്കും എന്നതാണ്.' പകരക്കാരനില്ലാത്ത ആ ബഹുമുഖ പ്രതിഭയെ അല്ലാഹു ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉയര്‍ന്ന സ്ഥാനം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 46-50
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിന്റെ സുന്ദര നാമങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌