ന്യൂനപക്ഷ ക്ഷേമവും കണക്കിലെ കളികളും
2022-23 കാലത്തേക്കുള്ള കേന്ദ്ര ബജറ്റില് ധനകാര്യ മന്ത്രി നിര്മല സീതാരാമന് ന്യൂനപക്ഷ കാര്യങ്ങള്ക്കായി 5,020.50 കോടി രൂപ വകയിരുത്തിയതിനെ ന്യൂനപക്ഷ ക്ഷേമ മന്ത്രി അബ്ബാസ് നഖ്വി അഭിനന്ദിച്ചതില് ഒട്ടും അസ്വാഭാവികതയില്ല. കാരണം കഴിഞ്ഞ ബജറ്റിനേക്കാള് 674.05 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട് ഈ ബജറ്റില്. കഴിഞ്ഞ ബജറ്റില് 4810.77 കോടി വകയിരുത്തിയിരുന്നെങ്കിലും പിന്നീടത് 4346.45 കോടിയായി കുറച്ച് പുതുക്കി നിശ്ചയിച്ചു. കഴിഞ്ഞ ഏതാനും വര്ഷങ്ങളിലെ ബജറ്റ് വിഹിതങ്ങള് പരിശോധിച്ചാല് പലതും കണക്കിലെ കളികള് മാത്രമാണെന്ന് ബോധ്യപ്പെടും. ബജറ്റ് വിഹിതം സാധാരണ മൂന്ന് പ്രക്രിയകളിലൂടെ കടന്നു പോകും. ആദ്യം നിശ്ചയിക്കുന്ന ബജറ്റ് വിഹിതമാണ് പാര്ലമെന്റില് പ്രഖ്യാപിക്കപ്പെടുകയും വാര്ത്തയാവുകയും ചെയ്യുക. പിന്നീട് ആ വിഹിതം പുനഃപരിശോധിച്ച് സംഖ്യ കൂട്ടുകയോ കുറക്കുകയോ ചെയ്യും. ന്യൂനപക്ഷ കാര്യങ്ങളില് പൊതുവെ സംഖ്യ കുറക്കുന്നതായിട്ടാണ് കണ്ട് വരുന്നത്. ഇങ്ങനെ അനുവദിച്ച ഫണ്ടിന്റെ വിനിയോഗമാണ് മൂന്നാമത്തെ ഘട്ടം. കഴിഞ്ഞ വര്ഷത്തെ ബജറ്റിന്റെ കാര്യം തന്നെ എടുക്കാം. 4810 കോടിയാണല്ലോ ന്യൂനപക്ഷ കാര്യങ്ങള്ക്കായി ആദ്യം വകയിരുത്തിയത്. പിന്നെയത് 4346 കോടിയായി കുറച്ചു. 2021 നവംബര് 29-ന് പുറത്ത് വിട്ട കണക്ക് പ്രകാരം ഇതില് നിന്ന് ചെലവഴിച്ചത് 1117.52 കോടി മാത്രം. അടുത്ത മാര്ച്ച് 31-നകം ബാക്കി സംഖ്യ വിനിയോഗിച്ചിരിക്കണം. ഏതാനും കോടികള് അതിനിടക്ക് ചെലവഴിച്ചെങ്കിലായി. ബജറ്റില് പുതുക്കി നിശ്ചയിച്ച വിഹിതത്തിന്റെ പകുതി പോലും വിനിയോഗിക്കപ്പെടുന്നില്ല എന്നര്ഥം. മുന് ബജറ്റുകളിലും തുക ലാപ്സാവുന്ന പ്രവണത ഉണ്ടായിരുന്നെങ്കിലും അത് ഇത്രത്തോളം രൂക്ഷമായിരുന്നില്ല. ഇനി ചെലവഴിക്കുന്ന തുക തന്നെ അര്ഹതയുള്ള വ്യക്തികള്ക്കും സ്ഥാപനങ്ങള്ക്കുമാണോ കിട്ടുന്നത് എന്ന സംശയവും ബാക്കി. എന്നല്ല പലപ്പോഴും തുക എങ്ങോട്ടാണ്, എന്താവശ്യത്തിനാണ് പോയതെന്ന് പോലും അറിയാന് കഴിയുന്നില്ല. ഉദാഹരണത്തിന് കഴിഞ്ഞ ബജറ്റില് ഹജ്ജ് ആവശ്യത്തിനായി കഴിഞ്ഞ നവമ്പര് 29 വരെ സ്പെഷല് പ്രോഗ്രാം എന്ന കാറ്റഗറിയില് 4.26 കോടി രൂപ ന്യൂനപക്ഷ മന്ത്രാലയം ചെലവഴിച്ചിരുന്നു. അതിന് മുമ്പത്തെ വര്ഷം ഇതേ ഇനത്തില് ചെലവഴിച്ചത് 4.92 കോടി. ഈ രണ്ട് വര്ഷവും ഒരാളും ഇന്ത്യയില് നിന്ന് ഹജ്ജിന് പോയിട്ടില്ലെന്ന് ഓര്ക്കണം. അപ്പോള് ഈ തുക എന്തിന് വിനിയോഗിച്ചു എന്നതിന് ഉത്തരമില്ല. ആരുമത് അന്വേഷിക്കാന് തുനിയാതിരിക്കുന്നത് കൊണ്ട് ഒരനക്കമില്ലെങ്കിലും തുക ചെലവഴിക്കപ്പെട്ടുകൊണ്ടേയിരിക്കും. കഴിഞ്ഞ ഫെബ്രുവരി 9-ന് പുറത്തിറങ്ങിയ ദഅ്വത്ത് ഉര്ദു വാരികയില് ഇതു സംബന്ധമായ വിശദമായ കണക്കുകള് ഇനം തിരിച്ച് കൊടുത്തിരിക്കുന്നു.
ഫണ്ടുകള് യഥേഷ്ടം അനുവദിക്കുന്നു എന്ന് വീമ്പ് പറയുമ്പോഴും മൗലാനാ ആസാദ് എജുക്കേഷന് ഫൗണ്ടേഷന് പോലുള്ള, മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയില് നിര്ണായക പങ്ക് വഹിക്കുന്ന പല സ്ഥാപനങ്ങള്ക്കും ഫണ്ട് ലഭിക്കാത്തത് കാരണം അവയുടെ പല റിസര്ച്ച്, സ്കോളര്ഷിപ്പ് പദ്ധതികളും നിര്ത്തിവെക്കേണ്ടി വന്നിരിക്കുകയാണ്. മുസ്ലിം പെണ്കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി തുടങ്ങിയ ബീഗം ഹസ്രത്ത് മഹല് സ്കോളര്ഷിപ്പ് പദ്ധതിക്കും ഇതേ ദുര്യോഗമാണ് വന്നു പെട്ടിരിക്കുന്നത്. ഇതൊരു പക്ഷേ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മാത്രം ദുര്യോഗമായിരിക്കില്ല. മൊത്തം പൊതുജന ക്ഷേമ പ്രവര്ത്തനങ്ങളിലും മനപ്പൂര്വമോ അല്ലാതെയോ ഇത്തരം ഗുരുതരമായ വീഴ്ചകള് പറ്റുന്നുണ്ട്. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ഫണ്ട് വിനിയോഗത്തെപ്പറ്റി നിശിതമായ സോഷ്യല് ഓഡിറ്റിംഗ് നടത്തുകയാണെങ്കില് ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കാനും ഒരു പരിധി വരെ ഫണ്ട് വകമാറ്റുന്നത് തടയാനും കഴിയുമെന്ന കാര്യത്തില് സംശയമില്ല.
Comments