നിലാവ്
അതില്‍
വന്‍ഗര്‍ത്തമുണ്ടെന്ന് ശാസ്ത്രം.
അമ്മ കുഞ്ഞിനെ മുലയൂട്ടുകയാണെന്ന് മുത്തശ്ശി.
ഭൂമിയിലെ മാതൃസ്‌നേഹത്തിന്റെ
അഗാധതയെക്കുറിച്ചറിയിക്കാന്‍
ദൈവം തീര്‍ത്ത
ചിത്രപ്പണിയാണതെന്ന് കവി.
പെങ്ങളെ
ഒരു ചേട്ടന്‍ ചീത്തയാക്കുമ്പോള്‍
ഏങ്ങലടിക്കുന്ന
മുഖത്തിന്റെ
ആഘാതം
അവ്വിധമായിരുന്നുവെന്ന്
കളിക്കൂട്ടുകാരന്‍.
മുനിഞ്ഞു കത്തുന്ന
വിശപ്പുമായ്
ആരോ ഒരാള്‍
വയറമര്‍ത്തിപ്പിടിച്ചിരിക്കയാണെന്ന്
അയല്‍ക്കാരന്‍.
രാത്രി മാത്രം
കാണപ്പെടുന്നവര്‍ക്കായ്
കുഴി-വഴികള്‍
കാട്ടിത്തരുന്ന
ആകാശവിളക്കാണതെന്ന്
തെരുവുഭ്രാന്തന്‍.
അതൊരു
തേങ്ങാപൂളുപോലെയായപ്പോള്‍
പ്രകൃതിയുടെ നിറം
കറുപ്പായി.
പിറ്റേന്നാള്‍ ഇല്ലാതായി.
ഇരുള്‍ പരപ്പു പരന്നു.
അമാവാസിയെന്ന്
ശാസ്ത്രം.
അശുഭ ലക്ഷണമെന്ന്
മുത്തശ്ശി.
പ്രകൃതി പിണങ്ങിയെന്ന് കവി.
അയല്‍ക്കാരന്‍,
അത്താഴപ്പഷ്ണിക്കാരുണ്ടോ
എന്ന വിളിനാളത്തിനായ്
കാതോര്‍ത്തു.
കളിക്കൂട്ടുകാരന്‍
മുറിഭിത്തിയുടെ
മൂലയില്‍
പതുങ്ങിയിരുന്നു.
തെരുവു ഭ്രാന്തന്റെ
ശ്വാസ-നിശ്വാസങ്ങള്‍
കൂടിയും കുറഞ്ഞും
നിശ്ശബ്ദതയെ
ഭേദിച്ചുകൊണ്ടേയിരുന്നു.
Comments