ഹിജാബ് വ്യാജോക്തികളും പ്രതിരോധവും
പ്രതിവിചാരം /
ഇസ്ലാംഭീതിയുടെ കുതിരകളെ ഓരോന്നായി അഴിച്ചുവിട്ടുകൊണ്ടുള്ള അശ്വമേധയാഗങ്ങള്‍ കൃത്യമായ ആസൂത്രണങ്ങളിലൂടെ തന്നെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. മുസ്ലിം വംശഹത്യ ഉന്നം വെച്ചുള്ള സംഘ് പരിവാര പദ്ധതികളിലെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കര്‍ണാടകയിലെ ചില പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഴിച്ചുവിട്ട ഹിജാബ് നിരോധമെന്ന യാഗാശ്വം. ഒരു സംസ്ഥാനത്തിലെ ഏതാനും ചില വിദ്യാലയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച 'യൂനിഫോം' സമ്പ്രദായത്തെ ചൊല്ലിയുള്ള 'നിഷ്‌കളങ്കമായ തര്‍ക്ക'മായി ചുരുക്കിക്കെട്ടാവുന്ന ഒന്നല്ല ഇത്. ഏകശിലാ സംസ്‌കാരം എന്ന 'ഒറ്റമുഖ ശാഠ്യത്തിന്' വിഘാതമായി നില്‍ക്കുന്ന എല്ലാ അടയാളങ്ങളെയും മായ്ച്ചു കളഞ്ഞ് 'പരമവൈഭവ സമ്പന്ന'മായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ജന്മശതാബ്ദിക്ക് മൂന്നാണ്ട് മാത്രം ബാക്കി നില്‍ക്കെ ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്ന ബഹുമുഖ പദ്ധതികളിലൊന്ന് മാത്രമാണ് ഹിജാബിനെതിരെയുള്ള 'കുരുക്ഷേത്ര' യുദ്ധം. സംഘ് പരിവാര്‍ അജണ്ട വളരെ ആസൂത്രിതവും മുന്‍കൂട്ടി നിശ്ചയിച്ചതുമാണെന്ന് അടിവരയിടുന്നതാണ് ഇവ്വിഷയകമായി ആര്‍.എസ്.എസ് മുഖപത്രം 'ഓര്‍ഗനൈസറി'ന്റെ ഏറ്റവും പുതിയ ലക്കത്തില്‍ അച്ചടിച്ചു വന്ന 'പ്രമുഖരുടെ' വിചാര ധാരകള്‍. ഹിജാബിനെ 'മതഭ്രാന്തിന്റെ മൂടുപടം' എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള മുഖപ്രസംഗത്തില്‍ 'കിതാബി'നു മേല്‍ 'ഹിജാബി'നെ പ്രതിഷ്ഠിക്കുന്ന 'പ്രാകൃത'ത്തിനെതിരെയാണ് പത്രാധിപര്‍ പ്രഫുല്ല കേത്കര്‍ കത്തിക്കയറുന്നത്. കേവലം വേഷവിധാനങ്ങളല്ല, മറിച്ച് എന്ത് ധരിക്കണം, എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള ഒരു പൗരന്റെ മൗലികാവകാശത്തെ റദ്ദ് ചെയ്യുന്ന ഒന്നാണ് ഹിജാബ് ഇഷ്യു. ഇത് പൗരന്മാരുടെ മൗലികാവകാശ നിഷേധമാണ് എന്ന് തിരിച്ചറിയാതെ സോകോള്‍ഡ് മതേതര പാര്‍ട്ടികളും 'തലയില്‍ തട്ടമിട്ടില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമോ' എന്ന 'നിഷ്‌കളങ്ക' ചോദ്യം ഉന്നയിച്ചു കൊണ്ടാണ് ഗ്യാലറിയില്‍ നിന്ന് കളികാണുന്നത്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞത് പോലെ, 'ഒടുവില്‍ നമ്മളോര്‍മിക്കുന്നത് ശത്രുക്കളുടെ വാക്കുകളല്ല, സുഹൃത്തുക്കളുടെ നിശ്ശബ്ദതയായിരിക്കും.'
ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തില്‍ 'ഓര്‍ഗനൈസര്‍' അണിനിരത്തുന്ന എഴുത്തുകാരില്‍ പ്രധാനി ഇസ്ലാംവെറുപ്പിന്റെ ആഗോള ഫെമിനിസ്റ്റ് മുഖമായ തസ്ലീമ നസ്‌റിന്‍ തന്നെ. 'ഹിജാബ്' ഒരു 'ചാരിത്ര്യപ്പട്ട' (Chastity Belt) ആണെന്നാണ് തസ്ലീമ പറയുന്നത്. ഭര്‍ത്താവ് അകലെയായിരിക്കെ ഭാര്യയുടെ ലൈംഗിക 'വിശ്വസ്തത' ഉറപ്പുവരുത്താനായി മധ്യകാല യൂറോപ്യന്‍ സമൂഹങ്ങളില്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന തോല്‍ചട്ടയാണ് ചാരിത്ര്യപ്പട്ട. സ്ത്രീ സ്വന്തം ചാരിത്ര്യം സംരക്ഷിച്ചില്ലെങ്കിലോ എന്ന സംശയത്താല്‍ പുരുഷന്‍ പൂട്ടും താക്കോലും ഉള്ള അരപ്പട്ട സ്ത്രീയുടെ ലൈംഗികാവയവത്തിന് ചുറ്റുമായി അണിയിപ്പിച്ചിരുന്നു എന്നാണ് സങ്കല്‍പം. അന്ധകാര യുഗത്തിലെ ഈ ചാരിത്ര്യവലയം പോലെയാണത്രെ ഹിജാബ്! നെറ്റിയില്‍ ചുവന്ന വട്ടപ്പൊട്ട് തൊട്ട് സ്ലീവ്ലെസ് ബ്ലൗസില്‍ സ്ത്രീവിമോചനം കാണിച്ചു തരുന്ന ഈ 'അന്താരാഷ്ട്ര പൗര', മൂടിവെച്ച പെണ്ണുടല്‍ കാണുമ്പോള്‍ പണ്ടേ ശ്വാസംമുട്ടലിന്റെ അസ്‌ക്യത അനുഭവിക്കുന്ന മഹിളയാണ്. ലോക പ്രശസ്ത സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജയുടെ ഹിജാബ് കണ്ടപ്പോള്‍ തനിക്ക് ശ്വാസംമുട്ടിയ അനുഭവം തസ്ലീമ മുമ്പൊരിക്കല്‍ ട്വീറ്റ് ചെയ്തിരുന്നു. തന്റെ വേഷം കാരണം തസ്ലീമക്ക് ശ്വാസം മുട്ടുന്നുവെങ്കില്‍ അല്‍പ്പം ശുദ്ധവായു ശ്വസിക്കണമെന്നാണ് ഖദീജ തിരിച്ചടിച്ചത്.
'പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍' എന്ന് പരിചയപ്പെടുത്തി 'ഓര്‍ഗനൈസര്‍' അണിനിരത്തിയ മറ്റൊരാള്‍ തന്റെ 'ദ്വന്ദ്വമുഖത്വം' കൊണ്ട് രാഷ്ട്രീയ ഭാരതത്തെ പലവട്ടം ഞെട്ടിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ്. 1986-ലെ ശരീഅത്ത് വിവാദകാലത്ത് 'ഇസ്ലാമിക പാണ്ഡിത്യം' തെളിയിച്ച് രാജീവ് ഗാന്ധി മന്ത്രിസഭ വിടുകയും പില്‍ക്കാലത്ത് 'ഹിന്ദുത്വ' ഗവേഷണ കേന്ദ്രമായ 'വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷ'ന്റെ മുഖ്യ ഉപദേശകനാവുകയും ചെയ്ത ഖാന്‍ പറയുന്നത് 'ഖുര്‍ആനില്‍ പറയുന്ന ഹിജാബ്, വസ്ത്രത്തെ കുറിച്ചല്ല' എന്നാണത്രെ.
ഹിജാബിന്റെ സുരക്ഷിതത്വം അനുഭവിച്ചു കൊണ്ട് തന്നെ കഴിഞ്ഞ ഏതാനും ദശകങ്ങളായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും മുസ്ലിം സ്ത്രീകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിശയിപ്പിക്കുന്ന മുന്നേറ്റത്തില്‍ വെകിളി പിടിച്ച സകലമാന 'വിമോചനപ്പോരാളികളും' തട്ടം വലിച്ചു കീറാനുള്ള മഹാ യത്‌നത്തിലായിരിക്കുമ്പോള്‍ തന്നെ ഈ ആക്രമണങ്ങളെ ഒട്ടും പതറാതെ സര്‍ഗാത്മകമായി പ്രതിരോധിക്കുന്നത് ഹിജാബണിഞ്ഞ പെണ്‍കുട്ടികള്‍ തന്നെയാണ്. കാവിക്കൂട്ടത്തിന്റെ 'ജയ്ശ്രീരാം' ആക്രോശങ്ങള്‍ക്കിടയില്‍ 'അല്ലാഹു അക്ബര്‍' എന്ന് തെല്ലും പേടിയില്ലാതെ ഉദ്ഘോഷിക്കാന്‍ മുസ്‌കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടിക്ക് കഴിഞ്ഞത് 'ഹിജാബ്' നല്‍കുന്ന അഭയബോധം കൊണ്ട് തന്നെയാണ്. ഇസ്ലാമിക വിശ്വാസം പകര്‍ന്നു നല്‍കിയതാണ് ഈ 'ഇസ്സത്ത്.' കണ്ണുകളില്‍ ഭീതി നിറച്ച് 'അരുത്' എന്ന് കൈകൂപ്പി കേണപേക്ഷിക്കുന്ന ഗുജറാത്തിലെ കുത്തുബുദ്ദീന്‍ അന്‍സാരി എന്നയാളില്‍ നിന്ന് അക്രമാസക്തരായ ആണ്‍ പരിവാരത്തിന് മുന്നില്‍ ആര്‍ജവത്തോടെ ആകാശത്തേക്ക് കൈയുയര്‍ത്തി 'അല്ലാഹു അക്ബര്‍' എന്ന് ഉറക്കെ ഉദ്ഘോഷിക്കുന്ന മുസ്‌കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടിയിലേക്കുള്ള ദൂരത്തിന്റെ പേരാണ് 'ഇസ്സത്ത്.'
സംഘ് പരിവാര്‍ - ലിബറല്‍ ജിഹ്വകള്‍ മഷി പുരട്ടിക്കൊണ്ടിരിക്കുന്ന വ്യാജോക്തികളെ പണ്ഡിതോചിതമായി പ്രതിരോധിച്ചുകൊണ്ടാണ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയുടെ മുഖ്യ പത്രാധിപത്യത്തില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രസിദ്ധീകരിക്കുന്ന 'തെളിച്ചം' മാസികയുടെ പുതിയ ലക്കം പുറത്തിറങ്ങിയത്. റൂഹി താഹിര്‍, കാതറിന്‍ ബുള്ളോക്ക് തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തരായ പെണ്ണെഴുത്തുകാരെ അണിനിരത്തി ഹിജാബിന്റെ യഥാര്‍ഥ 'ചാരിത്ര്യപ്പട്ട' എന്തെന്ന് തെളിമയോടെ വെളിപ്പെടുത്തുന്നുണ്ട് 'തെളിച്ചം.' 'തുറന്നു വെച്ച പെണ്ണുടലിന്' നല്ല വില കിട്ടുന്ന സ്വതന്ത്ര മുതലാളിത്ത വിപണിയില്‍ മൂടിവെച്ച മുസ്ലിം സ്ത്രീയുടെ ശരീരത്തെ വിലയിടിഞ്ഞ 'ചരക്കായി' അവതരിപ്പിക്കുന്ന പാശ്ചാത്യ ലിബറല്‍ ഓറിയന്റലിസ്റ്റ് കുതന്ത്രങ്ങളെ നിശിതമായി പൊളിച്ചടുക്കുന്നുണ്ട് റൂഹി താഹിര്‍ എന്ന അമേരിക്കന്‍ ഇസ്ലാമിക ഗവേഷക. അതോടൊപ്പം മതാന്ധതയുടെ ചുഴിയിലുഴറി മതനിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കുക വഴി മുസ്ലിം പെണ്ണിനെ അരികുവത്കരിക്കുന്നതില്‍ സമുദായ നേതൃത്വം വഹിക്കുന്ന കുറ്റകരമായ പങ്കിനെയും താഹിര്‍ വിമര്‍ശിക്കുന്നുണ്ട്. 'ഇടവിടാതെ അരങ്ങേറുന്ന ഹിജാബ് വിരുദ്ധ വിമര്‍ശനാത്മക സംവാദങ്ങള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കുമിടയില്‍ നിന്ന് ഹിജാബ് മുന്നോട്ട് വെക്കുന്ന വിശുദ്ധമായ സത്യത്തിന്റെ അന്തഃസത്തയെ മറനീക്കി പുറത്ത് കൊണ്ട് വരേണ്ടത് ഒരു ആവശ്യകതയാണ്' എന്നാണ് താഹിര്‍ സമര്‍ഥിക്കുന്നത്. ''ഇസ്‌ലാമിനെയും മുസ്‌ലിം സ്ത്രീകളെയും ചുറ്റിപ്പറ്റിയുള്ള സംവാദാത്മകമായ ഇടപെടലുകളധികവും ഹയാഉമായി (ലജ്ജ) ബന്ധപ്പെട്ടുള്ളതാണ്. കൂടുതല്‍ സുതാര്യതയും സുരക്ഷിതത്വവും കല്‍പിക്കുന്ന ഹയാഇന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ഒരു മുസ്‌ലിം സ്ത്രീക്ക് സ്വയം ശക്തിയാര്‍ജിക്കാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഹിജാബ് നല്‍കുന്നത്.''
ടൊറണ്ടോ യൂനിവേഴ്സിറ്റിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സിലെ പ്രഫസര്‍ കാതറിന്‍ ബുള്ളോക് ഹിജാബ്, പര്‍ദ, നികാഹ്, ത്വലാഖ് തുടങ്ങിയ വിഷയങ്ങളില്‍ പാരമ്പര്യ മുസ്ലിം സ്ത്രീ / ആധുനിക മുസ്ലിം സ്ത്രീ എന്ന ദ്വന്ദ്വത്തെ സൃഷ്ടിച്ച് മുസ്ലിം സ്ത്രീ എത്രമാത്രം പ്രശ്നവത്കരിക്കപ്പെടുന്നുവെന്നാണ് വിശകലനം ചെയ്യുന്നത്. 'നാം ഇന്നുകേള്‍ക്കുന്ന ഈ പ്രമാദമായ പരാമര്‍ശങ്ങളൊന്നും പുതിയതായി കാണേണ്ട കാര്യമില്ല. വാസ്തവത്തില്‍ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ച് അസ്വസ്ഥതയുണ്ടാവുന്ന മനസ്സിനെക്കുറിച്ചാണ് നാം കരുതല്‍ നടപടി സ്വീകരിക്കേണ്ടത്. നമ്മുടെ മനസ്സുകളെ ഇരബോധത്തിലേക്ക് തളച്ചിടാന്‍ നാം ഒരിക്കലും അനുവദിച്ച് കൂടാ' എന്നാണ് ഇസ്ലാമിക ചിഹ്നങ്ങള്‍ക്ക് നേരെ ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ ബുള്ളോക് വിലയിരുത്തുന്നത്.
Comments