Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 25

3241

1443 റജബ് 24

പൊതുഇടങ്ങളില്‍ നിന്നുള്ള അന്യവല്‍ക്കരണമാണ് അജണ്ട

അഡ്വ. ഫാത്വിമ തഹ്‌ലിയ

രാജ്യത്ത് ഇതിനു മുമ്പ് പല സന്ദര്‍ഭങ്ങളിലും മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണത്തിന്റെ ഭാഗമായ ഹിജാബ് ചര്‍ച്ചയായിട്ടുണ്ട്. അപ്പോഴൊക്കെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ഇരകളായിത്തീര്‍ന്ന മുസ്‌ലിം സമുദായാംഗങ്ങളാണ് പൊതുവില്‍ അത് പ്രശ്‌നവല്‍ക്കരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത് ഇരകളല്ല, വേട്ടക്കാരാണ്. ഇത് ഈ ചര്‍ച്ചയെ സജീവമാക്കി നിലനിര്‍ത്തുകയും രാജ്യത്താകമാനം ഒരു പ്രശ്‌നമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. മുമ്പ് പല ഗവണ്‍മെന്റ്- എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കാന്‍ അനുവാദം നിഷേധിക്കപ്പെട്ടപ്പോള്‍, ഇതിനെതിരെ വലിയ പ്രതികരണമൊന്നും പൊതുവില്‍ ഉയര്‍ന്നിരുന്നില്ല.  പ്രധാനമന്ത്രിയുടെ അതിഥികളായി പാര്‍ലമെന്റിലേക്ക് കേരളത്തില്‍നിന്ന് ക്ഷണിക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ പുറത്താക്കിയ സംഭവമുണ്ടായിരുന്നു. ഇതിനെതിരെ പാര്‍ലമെന്റ് അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും അതൊരു ദേശീയ വിഷയമായി മാറുകയുണ്ടായില്ല. 
ഇന്ന് കര്‍ണാടകയില്‍ വ്യാപകമായും കേരളത്തില്‍ ചില മേഖലകളിലും നടക്കുന്ന ഹിജാബ് നിരോധനം യഥാര്‍ഥത്തില്‍ ഫാഷിസ്റ്റുകളുടെ തിരക്കഥ തന്നെയാണ്. ഇതൊരു ദേശീയ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരണം. മുസ്‌ലിം സമൂഹം നമ്മുടെ കാമ്പസുകളിലെ പൊതു യൂനിഫോമുകളെയും നിയമങ്ങളെയും അംഗീകരിക്കുന്നില്ലെന്നും ദേശീയതയെ ചോദ്യം ചെയ്യുകയാണെന്നുമൊക്കെ ദുഷ്പ്രചാരണങ്ങള്‍ നടത്താനുള്ള ഗൂഢ നീക്കമായി ഇതിനെ കാണണം. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ട് ബാങ്ക് മുന്നില്‍ കണ്ടാണ് ബി.ജെ.പിയും സംഘ് പരിവാറും ഇത്തരത്തിലുള്ള ഒരു പ്രശ്‌നം കത്തിച്ചു നിര്‍ത്തുന്നത്. വര്‍ഗീയമായി എളുപ്പം ധ്രുവീകരിക്കാന്‍ പാകമുള്ള മണ്ണ് കര്‍ണാടകയിലുണ്ട് എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ആ വിഷവിത്ത് അവിടെ പാകുകയാണ്. എല്ലാറ്റിനും  അവര്‍ക്ക് കൃത്യമായ അജണ്ടകള്‍ തന്നെയുണ്ട്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും കടത്തിക്കൊണ്ടുവരാന്‍ പറ്റുന്ന മൂര്‍ച്ചയുള്ള ആയുധമായാണ് അവര്‍ മുസ്ലിം പെണ്‍കുട്ടികളുടെ ഹിജാബിനെ കാണുന്നത്. ഹിജാബല്ല യഥാര്‍ഥ പ്രശ്‌നമെന്നും സംഘ് പരിവാറിന്റെ വര്‍ഗീയ അജണ്ടകളുടെ കൃത്യമായ രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നതെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ബി.ജെ.പിയുടെ ചൂണ്ടയില്‍ അവര്‍ കോര്‍ക്കുന്ന ഇരകളായി മാറാതിരിക്കാന്‍ നാം ജാഗ്രത കാണിക്കണം. തികഞ്ഞ രാഷ്ട്രീയ ബോധത്തോടെ, നയതന്ത്രജ്ഞതയോടെ, വിവേകത്തോടെ സംഘ് പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്ര അജണ്ടകളെ മതനിരപേക്ഷമായി ചെറുക്കുകയും വേണം. 
ഫാഷിസ്റ്റ് കാലത്തിന് പല പ്രത്യേകതകളുമുണ്ട്. തങ്ങളുടെ അജണ്ട നടപ്പിലാക്കാനുള്ള വെറും കരുക്കളായാണ് സംഘ് പരിവാര്‍ സ്ത്രീകളെ കാണുന്നത് എന്നതാണ് അതിലൊന്ന്. ഈ അവസരത്തില്‍ സ്ത്രീപക്ഷ രാഷ്ട്രീയത്തെയും ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെയും കൃത്യമായി അപഗ്രഥിക്കാനാവാതെ പോയാല്‍ നമ്മള്‍ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ കരുക്കളായി മാറും. ഹിജാബ് വിഷയം സജീവ ചര്‍ച്ചയാക്കി നിര്‍ത്തി കൂടുതല്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സ്ത്രീ വിമോചനത്തിന്റെയും കുപ്പായമിടാനാണ് ലിബറലുകള്‍ ശ്രമിക്കുന്നത്. 
ഏറെ വൈകാതെ യൂനിഫോം സിവില്‍ കോഡിനെക്കുറിച്ചും ദേശീയ ഏകതയെക്കുറിച്ചും സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും സംഘ് പരിവാര്‍ സംസാരിച്ചു തുടങ്ങും. സ്ത്രീ വിമോചനം എന്ന വ്യാജേന  ഹിന്ദുത്വ അജണ്ടയായ യൂനിഫോം സിവില്‍ കോഡ് അവര്‍ നമ്മുടെ മുന്നിലേക്കിട്ടു തരും. അതിലെ ഹിന്ദുത്വ അജണ്ട കാണാതെ യൂനിഫോം സിവില്‍ കോഡ് സ്ത്രീകള്‍ക്ക് ഗുണമല്ലേ എന്ന് ചിന്തിപ്പിക്കാനുള്ള പശ്ചാത്തല പരിപാടികള്‍ ചിലര്‍ സംഘടിപ്പിക്കും. അവിടെയാണ് നമ്മുടെ രാഷ്ട്രീയ ബോധത്തെ നാം ജാഗ്രത്തായി നിര്‍ത്തേണ്ടത്. യഥാര്‍ഥത്തില്‍, വൈവിധ്യതയെ തകര്‍ത്ത് ഏകശിലാത്മകമായ ഹിന്ദുത്വ ദേശീയതയാണ് രാജ്യത്ത് സ്ഥാപിക്കാന്‍ സംഘ് പരിവാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഹിന്ദുത്വ ആശയങ്ങളും ആചാരങ്ങളും രാജ്യത്തിന്റെ പൊതു സംസ്‌കാരമാക്കി മാറ്റുകയാണ്. ഇനി നിയമങ്ങളിലും ജാതി, മത നിറങ്ങള്‍ കലര്‍ത്തി മത നിരപേക്ഷതയെ കെടുത്തലായിരിക്കും അവരുടെ അടുത്ത ഉന്നം. കാമ്പസുകളില്‍ മുസ്‌ലിം വസ്ത്രം പാടില്ല എന്നു പറയുമ്പോഴും ഇതര മത-സമുദായത്തിന്റെ ആചാരങ്ങള്‍ പലതും അനുവദിക്കപ്പെടുന്നുണ്ട്. 
വൈവിധ്യങ്ങളെ ഭയക്കുന്നവര്‍ കേരളത്തിലുമുണ്ട്. വസ്ത്ര ധാരണത്തിലെ ലിംഗ വൈവിധ്യം ഇല്ലാതാക്കി ഒരു പൊതു ലിംഗത്തെ രൂപപ്പെടുത്താനാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീ സ്ത്രീയുടെ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന വസ്ത്രം ധരിക്കുന്നത് എങ്ങനെയാണ് പിന്തിരിപ്പനാകുന്നത്? സോകോള്‍ഡ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ധരിക്കുന്നത് എങ്ങനെയാണ് മഹത്തരമാകുന്നത്? സ്ത്രീ, മുസ്ലിം സ്ത്രീ എന്നീ തലങ്ങളില്‍ തങ്ങളുടെ രണ്ട് സ്വത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും തങ്ങളുടെ സ്വത്വം പ്രകടിപ്പിക്കുന്ന വസ്ത്രം ധരിക്കുന്നതിലും അപമാനിതരാകുന്നവരല്ല മുസ്‌ലിം സ്ത്രീകള്‍. വിശേഷിച്ചും പുതുതലമുറയിലെ വിദ്യാസമ്പന്നരും രാഷ്ട്രീയ ബോധമുള്ളവരുമായ മുസ്‌ലിം യുവതികളും വിദ്യാര്‍ഥിനികളും തികഞ്ഞ അഭിമാന ബോധത്തോടെയാണ് വിശ്വാസവും അടയാളങ്ങളും ഉള്‍ക്കൊള്ളുന്നതും ഉയര്‍ത്തിപ്പിടിക്കുന്നതും. ഹിജാബ് വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ജന പ്രതിനിധികളും, ഉയര്‍ന്ന മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവരും ഉള്‍പ്പെടെ ആര്‍ജവമുള്ള നിലപാടെടുക്കുന്നത് തങ്ങളുടെ ഉള്ളില്‍ വിശ്വാസവും അഭിമാനബോധവും കെടാതെ പ്രകാശം ചൊരിയുന്നതു കൊണ്ടാണ്. സര്‍വാധിനാഥനായ ദൈവത്തിനു മുന്നിലല്ലാതെ, മറ്റാരുടെ മുന്നിലും അടിയറവ് പറയാതെ ധീരമായ നിലപാടെടുക്കാനും, ചെറുത്ത് നില്‍പ്പുകളുടെയും അവകാശ പോരാട്ടങ്ങളുടെയും മുന്നില്‍ നില്‍ക്കാനും മുസ്‌ലിം സ്ത്രീക്ക് ഇന്ന് കരുത്തുണ്ട്. അപകര്‍ഷതാബോധത്തിന് അടിപ്പെടാത്ത ഈ ആത്മവിശ്വാസവും പോരാട്ട വീര്യവും ഹിജാബ് വിഷയത്തിലെ പ്രതിഷേധങ്ങളില്‍ തെളിഞ്ഞു കാണാം. പഴയ അളവുകോലുകള്‍ കൊണ്ട് ഇന്ന് മുസ്‌ലിം സ്ത്രീയെ അളക്കാനിറങ്ങുന്നവരും  ഇകഴ്ത്താന്‍ ശ്രമിക്കുന്നവരും കേരളത്തില്‍ ഉള്‍പ്പെടെ സമകാലിക ലോകത്ത് മുസ്‌ലിം സ്ത്രീകള്‍ പതിക്കുന്ന മുദ്രകള്‍ കണ്‍തുറന്ന് കാണണം. ഇന്ത്യയിലെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍, ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള സമരത്തില്‍ മുസ്‌ലിം സ്ത്രീകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഈ ചരിത്രപരമായ ഭാഗധേയത്തെ കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും.
ഹിജാബ്, പൗരത്വം, വിവാഹപ്രായം, ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം തുടങ്ങിയവയില്‍ മുസ്‌ലിം സ്ത്രീകള്‍ നടത്തുന്ന ഇടപെടലുകളും പ്രക്ഷോഭങ്ങളും കേവലം മുസ്‌ലിം വിഷയമോ, മത പ്രശ്‌നമോ അല്ല ഞങ്ങള്‍ക്ക്. മറിച്ച്, രാജ്യത്തിന്റെ മൂല്യങ്ങള്‍ തകര്‍ക്കുന്ന സംഘ് പരിവാര്‍ ഫാഷിസത്തിനും ഭരണകൂട സ്വേഛാധികാര വാഴ്ച്ചക്കുമെതിരായ പോരാട്ടമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും നമ്മുടെ മഹത്തായ ഭരണഘടനയുടെയും സംരക്ഷണത്തിന് മുസ്‌ലിം പെണ്‍കുട്ടികള്‍ നടത്തുന്ന ചടുലവും ക്രിയാത്മകവുമായ ഇടപെടല്‍ കൂടിയാണ് കര്‍ണാടകയിലെ കാമ്പസുകളില്‍ നടക്കുന്നത്. ഇതിനെ 'മത പ്രശ്‌നം' മാത്രമായി വിലയിരുത്തി മാറിനില്‍ക്കുന്നവരുടെ രാഷ്ട്രീയ ബോധത്തിന് പുഴുക്കുേത്തറ്റിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍.
ഹിജാബ്, വിവാഹപ്രായം തുടങ്ങിയവയിലെ ഭരണകൂട ഇടപെടലുകള്‍  സ്ത്രീയുടെ സ്വയം ഭരണാവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. സ്ത്രീ സ്വത്വത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഈ സ്വയം നിര്‍ണയാവകാശ നിഷേധം കാണാതെ പോകരുത്. എന്ത് ധരിക്കണമെന്ന സ്വാതന്ത്ര്യത്തില്‍ ഹിജാബ് മാത്രം ഉള്‍പ്പെടാതെ പോകുന്നുണ്ടോ? വിവാഹ പ്രായത്തിന്റെ വിഷയത്തില്‍ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഭരണകൂടത്തിന് അവകാശമുണ്ട്. കാരണം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ രക്ഷാകര്‍തൃത്വം ഭരണകൂടത്തിനുണ്ട്. എന്നാല്‍, പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ കാര്യത്തില്‍ ഭരണകൂടത്തിന് അത്തരത്തില്‍ യാതൊരു രക്ഷകര്‍തൃത്വവും അവകാശപ്പെടാനില്ല. ഒരു സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനവികമായ തയാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. പ്രായപൂര്‍ത്തിയായ സ്ത്രീയെ സംബന്ധിച്ചേടത്തോളം അവള്‍ക്ക് അതിനുള്ള അവകാശമുണ്ട്.
അതുപോലെ തന്നെയാണ് ഹിജാബ് വിഷയവും. മുസ്ലിം സ്ത്രീയുടെ ഉന്നമനത്തിനു വേണ്ടിയാണ് ഹിജാബ് നിരോധിച്ചത് എന്ന് പറയുന്നവരോട് തങ്ങളുടെ ഉന്നമനത്തെക്കുറിച്ച് മുസ്ലിം സ്ത്രീകള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തെക്കുറിച്ച് ലിബറലുകള്‍ ആധികൊള്ളേണ്ട കാര്യമില്ല.. ഇത്തരം ആധികള്‍ ആധാരമാക്കിയുള്ള ലിബറല്‍ ആങ്ങളമാരെ പുറത്ത് നിന്ന് സ്വീകരിക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ തീരുമാനിച്ചിട്ടുമില്ല. ഇത്തരം നീക്കങ്ങള്‍ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. ഒരു സ്ത്രീ ഹിജാബ് ധരിക്കണോ, വേണ്ടയോ എന്നത് അവളുടെ മാത്രം കാര്യമാണ്. അത് അവളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വയം നിര്‍ണയത്തിന്റെയും പരിധിയില്‍ പെട്ടതാണ്. 
ഫാഷിസ്റ്റു ഇടപെടലിന്റെ  ആദ്യത്തെ സൂചകങ്ങളിലൊന്നാണ് ദേശീയ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തുക എന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹിജാബിനെ എതിര്‍ക്കുന്നവരുടെ ന്യായവാദങ്ങള്‍ കഴമ്പില്ലാത്തതാണ്. ഹിജാബിനുള്ളില്‍ ഒളിപ്പിക്കാന്‍ കഴിയുന്ന 'അപകടങ്ങള്‍' പൈജാമക്കും കൂര്‍ത്തക്കും പാന്റിനും ജാക്കറ്റിനുമൊക്കെ ഉള്ളില്‍ ഒളിപ്പിച്ചു വെക്കാവുന്നതാണല്ലോ! ശാസ്ത്ര വികാസങ്ങളുടെ കാലത്ത് സുരക്ഷാ പരിശോധന സംവിധാനങ്ങള്‍ ഇത്രയും വിപുലവും സൂക്ഷ്മവുമാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്തവരാണ് ഹിജാബ് വിരോധികള്‍ എന്ന് നിഷ്‌കളങ്കമായി നാം തെറ്റിദ്ധരിക്കരുത്. മറുഭാഗത്ത് മത ചിഹ്നങ്ങള്‍ പരസ്യമാക്കുന്നു എന്ന ആരോപണമുയരുന്നതും ഇവരെക്കുറിച്ച് തന്നെയാണ്! ഹിംസാത്മകമായ മത രാഷ്ട്രവാദത്തെ അടിസ്ഥാനമാക്കിയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് തന്നെ. മതചിഹ്നങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നതാണ് അവരുടെ പല പരിപാടികളും. എന്നിരിക്കെ, അവര്‍  മതചിഹ്നങ്ങള്‍ക്കെതിരെ തിരിയുന്നത് തികഞ്ഞ കാപട്യമാണ്.
മുസ്ലിം സ്ത്രീ ധരിക്കുന്ന ഹിജാബ് അവളുടെ അനിവാര്യ മതാചാരം തന്നെയാണ്. അത് അവളുടെ അവകാശമാണെന്ന് ബഹുമാനപ്പെട്ട കോടതികള്‍ തന്നെ നിര്‍വചിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടന മുന്നോട്ടുവെക്കുന്ന മതേതര കാഴ്ചപ്പാട് അതിന് ബലം നല്‍കുന്നതുമാണ്. മതരാഹിത്യമോ, മതനിരാസമോ അല്ല ഇന്ത്യയുടെ മതേതരത്വം. ഒരു വ്യക്തിയുടെ വിശ്വാസം മറ്റുള്ളവരെ ഹനിക്കാത്ത കാലത്തോളം അത് പുലര്‍ത്താന്‍ ഇന്ത്യയുടെ മതേതര ഭരണഘടന നമുക്ക് അവകാശം നല്‍കുന്നുണ്ട്.  യൂനിഫോമിനെ അതിന്റെ പരിധിയില്‍ പെടുത്താന്‍ പറ്റില്ല എന്ന് പറയുന്നത് അസംബന്ധമാണ്. മുസ്‌ലിം സ്ത്രീ അവളുടെ സ്വകാര്യ ഇടങ്ങളില്‍ എന്ത് ധരിക്കണമെന്ന് ഭരണഘടന പറയേണ്ടതില്ല. മറിച്ച്, പൊതു ഇടങ്ങളില്‍ എന്ത് ധരിക്കാം എന്നതു സംബന്ധിച്ച സംശയത്തിനും ചോദ്യങ്ങള്‍ക്കുമുള്ള വിധി തീര്‍പ്പാണ് ഭരണഘടന ഉറപ്പ് നല്‍കുന്ന മതപരമായ അവകാശങ്ങള്‍.
ഹിജാബ് നിരോധനം ശരിവെക്കുന്ന കര്‍ണാടക ഗവണ്‍മെന്റിന്റെ സര്‍ക്കുലറില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ Fathima Thenseem V. State of Kerala  എന്ന കേസാണ് പ്രതിപാദിക്കുന്നത്. എന്നാല്‍ ആ കേസ് ഒരു സ്വകാര്യ ന്യൂനപക്ഷ സ്ഥാപനത്തിന്റെ മാത്രം കാര്യമാണെന്നുള്ളത് മനപ്പൂര്‍വം മറച്ചുവെച്ചുകൊണ്ട്, പൊതു സ്ഥാപനങ്ങളിലേക്കും ബാധകമാക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ കേരളത്തിലെ അതേ കോടതിയുടെ തന്നെ ഈ പശ്ചാത്തലവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന Amina Binth Basheer V. CBSE എന്ന മറ്റൊരു കേസിലെ വിധിന്യായം വിട്ടുകളയുകയും ചെയ്തിരിക്കുന്നു. യഹോവാ സാക്ഷികളായ കുട്ടികള്‍ ദേശീയഗാനം ചൊല്ലാന്‍ മതം അനുവദിക്കില്ല എന്ന പ്രശ്‌നം ഉന്നയിച്ച, പ്രസിദ്ധമായ കേസുകളില്‍ വ്യക്തികളുടെ മതവിശ്വാസം ഉയര്‍ത്തിപ്പിടിക്കാനും ആചരിക്കാനും സുപ്രീം കോടതി തന്നെ അനുവദിച്ചിട്ടുണ്ട്. ഇതു വസ്ത്രത്തിനും ബാധകമാകേണ്ടതാണ്. വസ്ത്രത്തിന്റെ തെരഞ്ഞെടുപ്പ് ഓരോ വ്യക്തിയുടെയും രാഷ്ട്രീയവും, സ്വത്വത്തിന്റെ ആത്മാഭിമാനം സ്ഫുരിക്കുന്ന പ്രതീകവുമാണ്. 
മുസ്‌ലിം പെണ്‍കുട്ടികള്‍ വിവേചനപരമായ വസ്ത്രം ധരിക്കുന്നു എന്നാണ്  ഹിജാബിനെ എതിര്‍ക്കുന്നവരില്‍ ചിലര്‍ പറയുന്നത്. യഥാര്‍ഥത്തില്‍ വിവേചനം നടക്കുമ്പോള്‍ അതിന് ഇരകളാകുന്ന വ്യക്തികളുണ്ടാകും. അവര്‍ക്ക്  അസ്വസ്ഥതയും പ്രയാസങ്ങളും ഉണ്ടാകും. ഇവിടെ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് ആരെയും ഇരകളാക്കുന്നില്ല, പ്രയാസപ്പെടുത്തുന്നുമില്ല. അതു കൊണ്ടാണ് 1400 വര്‍ഷങ്ങള്‍ ഇന്ത്യയില്‍ ഹിജാബ് ധരിച്ച് തന്നെ മുസ്‌ലിം സ്ത്രീകള്‍ ജീവിച്ചത്. എന്നാല്‍, ഇക്കാലമത്രയും ഇല്ലാത്ത പ്രശ്നങ്ങളുണ്ടാക്കി മുസ്ലിം പെണ്‍കുട്ടികളെ അസ്വസ്ഥരാക്കുന്നത് ബി.ജെ.പി സര്‍ക്കാറുകളാണ്. വസ്ത്രം ഒരു വ്യക്തിയുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പാണെന്ന വസ്തുത ആശയപരമായി  നിരാകരിക്കപ്പെടുന്നില്ലായിരിക്കാം. പക്ഷേ, പ്രയോഗത്തില്‍ മുസ്ലിം സ്ത്രീയുടെ മത ചിഹ്നങ്ങള്‍ അഴിച്ചു മാറ്റുന്ന ബി.ജെ.പി ഭരണകൂടവും, മതരാഹിത്യം അടിച്ചേല്‍പിക്കുന്ന ഇടതുപക്ഷ ഭരണകൂടവും ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങളെപ്പോലെയാണ് പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്നത്. ഇന്ത്യയിലെ ഫാഷിസ്റ്റുകള്‍ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് പോലെ തന്നെ, മറുഭാഗത്ത് മതരാഹിത്യവും അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നുണ്ട്. 
ഹിജാബ് വിരുദ്ധ പ്രചാരണത്തിലൂടെ ഫാഷിസ്റ്റ് സംഘങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത് 'ഞങ്ങളുടെ പൊതു ഇടങ്ങളില്‍ നിങ്ങള്‍ അന്യരായിരിക്കും' എന്നാണ്. നിങ്ങളുടെ മത സംസ്‌കാര ചിഹ്നങ്ങള്‍ വെച്ച് ഞങ്ങളുടെ പൊതു ഇടത്തിലേക്ക് വരേണ്ടതില്ല എന്നാണ്. ഇത് അത്യന്തം ആപത്കരമാണ്. ഇവിടെയുള്ള പൊതുബോധത്തെയോ, ഭരണകൂടത്തെയോ, മറ്റാരെയെങ്കിലുമോ തൃപ്തിപ്പെടുത്താനല്ല മുസ്ലിം സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നത്. ഒരു സ്ത്രീ ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് അവളുടെ സ്വാതന്ത്ര്യമാണ്. അത് തീരുമാനിക്കേണ്ടത് ഭരണകൂടമോ പൊതുജനങ്ങളോ അല്ല. ഒരു സ്ത്രീ അവളുടെ മതവിശ്വാസ പ്രകാരം ഒരു വസ്ത്രം തെരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ ആ തീരുമാനത്തെയും തെരഞ്ഞെടുപ്പിനെയും മാനിക്കുക എന്നതാണ് ജനാധിപത്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 46-50
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിന്റെ സുന്ദര നാമങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌