ഞങ്ങള്‍ക്ക് ജയിച്ചേ മതിയാകൂ...
ഞാനെന്ത് ധരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്; അനുവാദമില്ലാതെ ആസ്വദിക്കപ്പെടരുത് എന്ന വിശുദ്ധിയാണ്. ഞാനൊരു വജ്രം കണക്കെ, കവികളും കലാകാരന്മാരും വര്‍ണിച്ച സൗന്ദര്യമാണ്, അത് കാത്തു സൂക്ഷിക്കേണ്ടത്ര മൂല്യമേറിയതാണ്. കേവലമായി ആസ്വദിക്കപ്പെടുന്ന സൗന്ദര്യത്തിനപ്പുറം ബുദ്ധിയും വിവേകവും ജ്ഞാനവും ആര്‍ജവവും ധീരതയും ചേര്‍ന്ന് ഒരു വ്യക്തിത്വം എനിക്കുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തിയത് ഈ ഹിജാബാണ്. മാറ് മറക്കല്‍ സമരത്തിനും കല്ലുമാല ബഹിഷ്‌കരണത്തിനും സമരം ചെയ്ത പാരമ്പര്യത്തെയാണ് നാം ഇന്ന് ഓര്‍മിക്കേണ്ടത്. പര്‍ദക്കുള്ളില്‍ അടിമത്തമല്ല കുലീനതയാണ്. അതടിച്ചമര്‍ത്തലല്ല, കാമാര്‍ത്തിയുടെ കഴുകന്‍ കണ്ണുകള്‍ക്ക് തന്റെ അഴകളവുകളെ യഥേഷ്ടം വിഴുങ്ങാന്‍ കൊടുക്കില്ലെന്ന് വിളിച്ചു പറയലാണ്.. അത് തന്റെ ഇണക്കു മാത്രമുള്ള സ്വകാര്യ അഭിമാനമാണ്. സദാചാര ധാര്‍മികതകളുടെ സംസ്ഥാപനമാണ്. ഒരു നോട്ടം കൊണ്ട് പോലും നശിപ്പിക്കപ്പെടാന്‍ അനുവദിക്കാത്ത പവിത്രതയാണ്. പിറന്ന പടി നടക്കണമെന്ന് വാശിയുള്ള മൃഗതുല്യരോട്, ഇല വെച്ച് നാണം മറക്കാന്‍ പഠിച്ചതാണ് മനുഷ്യ സാംസ്‌കാരിക വളര്‍ച്ചയുടെ നാഴികക്കല്ല് എന്നേ പറയാനാകൂ. എത്ര ഏറെ അവള്‍ മറച്ചുവോ അത്രയും കുലീനയാണവള്‍. സിനിമയും സീരിയലും കമ്പോള പരസ്യങ്ങളും വില്‍പ്പനക്ക് വെച്ച ചരക്കല്ല ഞാന്‍; പുരുഷ തൃഷ്ണകള്‍ക്കനുസരിച്ച് നെയ്‌തെടുത്ത മോഡലുകളും ഡിസൈനുകളുമണിയുന്ന വില കെട്ടവളുമല്ല. വ്യക്തിത്വവും വിവേകവും ഇഷ്ടാനിഷ്ടങ്ങളും ആദര്‍ശവും ആര്‍ജവവുമുള്ള സമ്പൂര്‍ണയാണ് ഞാന്‍.
തമിഴ് കവി 'മനുഷ്യ പുത്രന്‍' എഴുതുന്നു: ഒരു ധീരയായ പെണ്‍കുട്ടി, അവളുടെ മൂര്‍ച്ചയുള്ള മറുപടിയില്‍, അത് ചെറുത്തുനില്‍പ്പിന്റെ ശബ്ദമായി മാറി. പെട്ടെന്ന്, 'അല്ലാഹു അക്ബര്‍' എന്താണെന്നറിയാന്‍ ആയിരങ്ങള്‍ ഗൂഗിളിലേക്ക് ഓടിയെത്തി! ചിലര്‍ അത് മനസ്സാക്ഷിയുടെ ശബ്ദമായി മനസ്സിലാക്കിയിട്ടുണ്ട്. 'അല്ലാഹു അക്ബര്‍' എന്നതിന്റെ അര്‍ഥവും ഒറ്റ രാത്രികൊണ്ട് മാറി...'അല്ലാഹു അക്ബര്‍' എന്നാല്‍ ഇന്ത്യ എന്റെ രാജ്യമാണ്, ദേശസ്‌നേഹം എന്നാണ്, നീതിയുടെയും നിയമവാഴ്ചയുടെയും സംസ്ഥാപനമാണ്, നിങ്ങള്‍ക്ക് എന്നെ ഭീഷണിപ്പെടുത്താന്‍ ആവില്ല എന്ന ആര്‍ജവമാണ്. ഞങ്ങള്‍ നിങ്ങളേക്കാള്‍ കുറഞ്ഞവരല്ല എന്ന താക്കീതാണ്, ഞങ്ങള്‍ക്ക് ഒരു ഐഡന്റിറ്റി ഉണ്ട് എന്നതാണ്. മറ്റൊരാളുടെ വ്യക്തിത്വം സംരക്ഷിക്കണം എന്നാണ്. 'അല്ലാഹു അക്ബര്‍' എന്നാല്‍ ഭീരുത്വത്തിന്റെ മുഖത്ത് തുപ്പുന്നു എന്നും, ഏകനും പരമാധികാരിയുമായ ദൈവത്തിന് മാത്രം എന്നെ സമര്‍പ്പിക്കുന്നു എന്നുമാണ്.... അല്ലാഹു അക്ബര്‍ എന്നാല്‍ സമാധാനവും ഐക്യവും നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന, അനീതിക്ക് മുന്നില്‍ തലകുനിക്കാന്‍ വിസമ്മതിക്കുന്ന എല്ലാവരുടേതുമാണ്! ഒരു പെണ്‍കുട്ടി ചരിത്രം സൃഷ്ടിച്ചു. അവള്‍ 'അല്ലാഹു അക്ബര്‍' ഒരു ചരിത്ര പ്രഖ്യാപനമാക്കി...
മുസ്‌കന്‍ ഖാന്‍ എന്ന് ആ ധീരതയെ നാമകരണം ചെയ്താല്‍ നാം ലജ്ജിക്കും... ഭരണഘടനയുടെ 14, 25 അനുഛേദങ്ങള്‍ വിഭാവനം ചെയ്യുന്ന തുല്യതക്കും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ നിഷേധിക്കുന്ന ഈ നീക്കത്തെ ചെറുക്കാന്‍ കഴിയാതെ മൗലികാവകാശ സംരക്ഷണത്തിന്റെ അവസാന വാക്കായ പരമോന്നത നീതിപീഠങ്ങള്‍ വരെ നിശ്ശബ്ദമായ സംഘ് പരിവാര്‍ ഇന്ത്യയുടെ ഗതികേടില്‍ ഇന്ത്യന്‍ ജനത ലോകത്തിനു മുന്നില്‍ തല കുനിച്ചതോര്‍ത്ത്... ഇന്നത്തെ ഇന്ത്യയില്‍ ഞാന്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു വാക്കുകളാണ് 'അല്ലാഹു അക്ബര്‍' എന്ന് സാറാ ജോസഫ് പറയേണ്ടിവരുമ്പോള്‍ രാജ്യത്ത് രൂപപ്പെടുന്ന ഭീകരാന്തരീക്ഷം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
തുര്‍ക്കി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മര്‍വ കവാക്കിയെ സത്യപ്രതിജ്ഞ ചെയ്യണമെങ്കില്‍ ഹിജാബ് അഴിക്കണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍, തന്റെ വിശ്വാസത്തിന്റെ ഭാഗമാണിതെന്നും വിശ്വാസത്തേക്കാള്‍ വലുതല്ല എം.പി സ്ഥാനമെന്നും പറഞ്ഞ് അവര്‍ പാര്‍ലമെന്റില്‍ നിന്നും പടിയിറങ്ങുകയാണുണ്ടായത്. തുര്‍ക്കിയുടെ സെക്കുലര്‍ പാരമ്പര്യത്തെ നിന്ദിച്ചെന്ന് പറഞ്ഞ് മര്‍വയുടെ പൗരത്വം റദ്ദാക്കി. അവര്‍ അമേരിക്കയിലേക്ക് പലായനം ചെയ്തു. ഉര്‍ദുഗാന്‍ അധികാരത്തിലെത്തിയതോടെ തുര്‍ക്കി പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചുവന്നപ്പോള്‍ റദ്ദു ചെയ്ത വിശ്വാസ ചിഹ്നങ്ങള്‍ അനുവദിക്കപ്പെട്ടു. മര്‍വയുടെ പൗരത്വം ഭരണകൂടം തിരിച്ചു നല്‍കി. അവര്‍ തുര്‍ക്കിയിലെത്തി. എന്നു മാത്രമല്ല, മെര്‍വിയെ മലേഷ്യയിലെ ടര്‍ക്കിഷ് അംബാസഡറായി നിയമിച്ചു. ഇന്ന് ബൈഡന്‍, ഇമ്രാന്‍ തുടങ്ങി അന്താരാഷ്ട്ര നേതാക്കള്‍ക്കൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെടുന്ന തുര്‍ക്കിയുടെ പുതിയ മുഖം, ഫാത്വിമ അബുശനബ് എന്ന ആ പെണ്‍കരുത്ത്, മര്‍വയുടെ മകളാണ്. ഹിജാബണിഞ്ഞതിന്റെ പേരില്‍ പാര്‍ലമെന്റില്‍നിന്ന് ഇറങ്ങിപ്പോകേണ്ടി വന്ന ഉമ്മയുടെ മകള്‍ തന്നെയാവണം തുര്‍ക്കിയുടെ ഇനിയുള്ള മുഖമാവേണ്ടത് എന്നാണ് ഉര്‍ദുഗാന്‍ പറഞ്ഞത്! എത്ര മധുരിതമായാണ് ചരിത്രമാ പ്രതികാരം വീട്ടിയത്!
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രാര്‍ഥിക്കാനും മതപരമായ വസ്ത്രം ധരിക്കാനും ഭരണഘടന പൗരനു അവകാശം നല്‍കുന്നുണ്ട്. സിഖുകാരന്‍ തലപ്പാവും കൃപാണും ക്രിസ്ത്യാനി കുരിശുമാലയും അണിയുന്നതും കന്യാസ്ത്രീ തല മറക്കുന്നതും പൊട്ടു തൊട്ടവര്‍ക്ക് മറ്റു മതസ്ഥരുടെ സ്ഥാപനങ്ങളില്‍ പ്രവേശനം നിഷേധിക്കാത്തതും അതുകൊണ്ടാണല്ലോ.. പിന്നെന്തു കൊണ്ട് ഒരു മുസ്‌ലിം പെണ്‍കുട്ടിക്കൂ മാത്രം അവളുടെ വിശ്വാസത്തിന്റെ ഭാഗമായി ഹിജാബ് ധരിച്ചുകൂടാ..? അടുത്ത കാലത്തായി, മുസ്‌ലിം വാക്കുകള്‍, ചിഹ്നങ്ങള്‍, ആചാരങ്ങള്‍, എന്നിവ പൊതു ഇടങ്ങളിലേക്കു വലിച്ചിഴച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കി, ശാന്തമായ സാമൂഹിക അന്തരീക്ഷത്തെ മലീമസമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും, വിദ്വേഷ രാഷട്രീയം പ്രചരിപ്പിക്കാനുള്ള ഫാഷിസ്റ്റ് ഹിഡന്‍ അജണ്ടകള്‍ക്ക് നേരെ കണ്ണടക്കാനാവില്ല...
'നിയമസഭയില്‍ ഞാനും ഹിജാബ് ധരിച്ചാണിരിക്കാറ്. ധൈര്യമുണ്ടെങ്കില്‍ അവര്‍ എന്നെയും തടയട്ടെ' എന്ന് പറഞ്ഞ കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ കനീസ് ഫാത്തിമയാണ് നമ്മുടെ അഭിമാനം. പോലീസ് കേഡറ്റില്‍ ഹിജാബും ഫുള്‍കൈയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര രംഗത്തേക്ക് ഇറങ്ങിയ എട്ടാം ക്ലാസുകാരി റിസ നഹാനാണ് നമ്മുടെ ആവേശം. ഓക്‌സ്‌ഫോര്‍ഡും ഹാര്‍ഡ്‌വാര്‍ഡും ഒക്കെ സ്ഥാപിക്കപ്പെടുന്നതിനും ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പേ ലോകത്ത് ആദ്യമായി യൂനിവേഴ്‌സിറ്റി സ്ഥാപിച്ച ഫാത്തിമ ബിന്‍ത് മുഹമ്മദ് അല്‍ ഫിഹരിയ എന്ന തട്ടമിട്ട വനിതയാണ് നമ്മുടെ മാതൃക. ശഹീന്‍ ബാഗിലെ 82 വയസ്സുകാരി ബില്‍കീസുമ്മയാണ് നമ്മുടെ ഊര്‍ജം. നജീബിന്റെ ഉമ്മ നഫീസ നര്‍ഗീസാണ് നമ്മുടെ പോരാട്ട വീര്യം. അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ പര്യായങ്ങളായ സൂഫിയ മഅ്ദനിയും സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തുമാണ് നമ്മുടെ ഇന്ധനം. ലദീദയും ആഇശ റന്നയും റാനിയ സുലൈഖയുമൊക്കെ ഉള്‍ച്ചേര്‍ന്ന വലിയൊരു നിരയാണിത്... ഞങ്ങള്‍ക്ക് ജയിച്ചേ മതിയാകൂ...... സൃഷ്ടിച്ച നാഥന്റെ മുന്നില്‍.
Comments