Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 28

യതീം കുട്ടികളെ ഇനിയും നാടുകടത്തേണ്ടതുണ്ടോ?

ബഷീര്‍ തൃപ്പനച്ചി

ഉപ്പയെന്ന കുടുംബവൃക്ഷത്തണലില്‍ ചിരിച്ചും കളിച്ചും ഉയര്‍ന്നുപൊങ്ങുന്നതിനിടയില്‍ നൂലറ്റ പട്ടങ്ങളാണ് യതീമുകള്‍. ജീവിതത്തില്‍ താങ്ങും തണലുമാവേണ്ട പിതാവ് കുഞ്ഞു പ്രായത്തിലേ നഷ്ടപ്പെട്ട ഹതഭാഗ്യര്‍. സന്തോഷവും ആഹ്ളാദവും നിറഞ്ഞ സന്തുഷ്ട ജീവിതത്തിന്റെ പച്ചപ്പിലേക്ക് അവരെ കൈപിടിച്ച് കൊണ്ടുവരാനാണ് യതീംസംരക്ഷണം ഇസ്ലാം പുണ്യകരമാക്കിയത്. സാധാരണ ജീവിതപരിസരത്തുനിന്ന് തങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുന്നുവെന്ന അന്യതാ ബോധമില്ലാതെ ജീവിക്കാന്‍ യതീമുകള്‍ക്ക് സാധ്യമാവുന്ന കുടുംബ സാമൂഹികാന്തരീക്ഷമാണ് യതീം സംരക്ഷണത്തിലൂടെ ഇസ്ലാം വിഭാവനം ചെയ്യുന്നത്. യതീമായി പിറന്ന മുഹമ്മദ് നബിക്ക് ജീവിതത്തില്‍ ലഭിച്ച സംരക്ഷണത്തെ അദ്ദേഹത്തിന് നല്‍കിയ മഹത്തായ അനുഗ്രഹമായി അല്ലാഹു ഖുര്‍ആനില്‍ എടുത്തു പറയുന്നുണ്ട്. "താങ്കള്‍ അനാഥനായിരിക്കെ അഭയം നല്‍കിയില്ലേ'' (അദ്ദുഹാ 6).
പിതാവിന്റെ കുറവറിയിക്കാതെ മുഹമ്മദെന്ന യതീംകുട്ടിയെ പിതാമഹന്‍ അബ്ദുല്‍ മുത്വലിബ് സംരക്ഷിച്ചു. അങ്ങനെ ബന്ധുക്കള്‍ക്കിടയില്‍ സ്വന്തം കുടുംബത്തിലാണ് മുഹമ്മദ് വളര്‍ന്നത്. പിതാമഹന്‍ മരണമടഞ്ഞപ്പോള്‍ പിതൃവ്യന്‍ അബൂത്വാലിബ് ആ സംരക്ഷണം ഏറ്റെടുത്തു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നില്ല അബൂത്വാലിബ്. ആ സംരക്ഷണത്തിന്റെ തണലിലാണ് പ്രവാചകത്വം ലഭിച്ച നാല്‍പത് വയസ്സിനു ശേഷവും മുഹമ്മദ് നബി ജീവിച്ചത്. ഗോത്ര ജീവിതരീതി നിലനിന്നിരുന്ന അക്കാലത്ത് ആ സംരക്ഷണമായിരുന്നുവല്ലോ മക്കാ ഖുറൈശികളുടെ ആക്രമണത്തില്‍നിന്ന് പ്രവാചകനെ പലപ്പോഴും രക്ഷിച്ചത്. ഇങ്ങനെ സ്വന്തം കുടംബത്തിന്റെ താങ്ങും തണലും സ്നേഹവും പരിചരണവുമടങ്ങുന്ന സംരക്ഷണത്തില്‍ വളരാന്‍ അവസരം ലഭിച്ച ഒരനാഥന്റെ സൌഭാഗ്യത്തെയാണ് അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹമായി ഖുര്‍ആനില്‍ പരാമര്‍ശിച്ചത്. ഇതാണ് വേദഗ്രന്ഥം വരച്ചുകാണിക്കുന്ന യതീം സംരക്ഷണത്തിന്റെ ഉദാത്ത മാതൃക.
അനാഥ സംരക്ഷണത്തിന്റെ ഖുര്‍ആനികമായ ഈ മാതൃകയാണ് ദീനുല്‍ ഇസ്ലാം പുണ്യകര്‍മമാക്കിയതും സ്വഹാബികള്‍ സ്വജീവിതത്തില്‍ പകര്‍ത്തിയതും. യതീമുകളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സ്വഹാബികള്‍ മത്സരിച്ചിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പലരും തങ്ങളുടെ വീടുകളില്‍ കുടുംബാംഗങ്ങളെ പോലെ വാത്സല്യവും പരിചരണവും നല്‍കിയാണ് യതീമുകളെ വളര്‍ത്തിയത്. ഈയൊരു മഹിതമാതൃകയെ മുന്‍നിര്‍ത്തിയാണ് അത്തരം ഭവനങ്ങളെപ്പറ്റി റസൂല്‍ ഇങ്ങനെ പറഞ്ഞത്: "ഏറ്റവും നല്ല മുസ്ലിം ഭവനം യതീമിനെ നല്ല രീതിയില്‍ സംരക്ഷിക്കുന്ന വീടാണ്.'' ഒരു യതീമിന്, കഴിവുള്ള ഒരു ബന്ധുവെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവന്റെ സംരക്ഷണ ചുമതല നിര്‍ബന്ധമായും അയാളെ ഏല്‍പിക്കുമെന്ന് ഖലീഫ ഉമറിന്റെ പ്രസ്താവനയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
യതീം സംരക്ഷണത്തിന്റെ ഈ അനുകരണീയ മാതൃകയില്‍ നിന്ന് യതീംഖാനകളിലേക്കുള്ള വഴിമാറ്റം ചരിത്രത്തിന്റെ ചില അനിവാര്യതകളില്‍ സംഭവിച്ചതാണ്. കേരളത്തിലെ ആദ്യ യതീംഖാനയായ ജെ.ഡി.റ്റി ഓര്‍ഫനേജിന്റെ പിറവിയുടെ ചരിത്രം അത് ബോധ്യപ്പെടുത്തുന്നുണ്ട്. 1921-ലെ മലബാര്‍ കലാപത്തില്‍ ആയിരക്കണക്കിന് മുസ്ലിം പുരുഷന്മാര്‍ വധിക്കപ്പെട്ടു. ജീവനോടെ അവശേഷിച്ച പതിനായിരങ്ങളെ അന്തമാനിലേക്ക് നാടുകടത്തി. മിക്ക കുടുംബങ്ങളിലും ആണുങ്ങളില്ലാത്ത അരക്ഷിതാവസ്ഥ. ഉടുതുണിയും മറുതുണിയുമില്ലാതെ കുഞ്ഞുങ്ങളടക്കം പട്ടിണിയുടെ വറുതിയിലമര്‍ന്നു. ഒരു സമുദായമൊന്നടങ്കം ഇങ്ങനെ യതീമും മിസ്കീനുമായിത്തീര്‍ന്ന സാമൂഹിക സാഹചര്യത്തിലാണ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ സുമനസ്സുകളുടെ നേതൃത്വത്തില്‍ ജെ.ഡി.റ്റി ഇസ്ലാം ഓര്‍ഫനേജ് സ്ഥാപിതമായത്. ഉത്തരേന്ത്യന്‍ സമുദായ സ്നേഹികളുടെ മേല്‍നോട്ടത്തില്‍ കേരളത്തില്‍ സ്ഥാപിതമായ ഈ യതീംഖാന അനാഥ സംരക്ഷണത്തിന്റെ എക്കാലത്തെയും മോഡലായി കേരള മുസ്ലിം സമുദായം ഏറ്റെടുക്കുകയായിരുന്നു. ജെ.ഡി.റ്റിക്ക് ശേഷം നിലവില്‍ വന്ന വിരലിലെണ്ണാവുന്ന ചില യതീംഖാനകള്‍ക്ക് മാത്രമേ മുകളില്‍ പരാമര്‍ശിച്ച ചരിത്രത്തിന്റെ അനിവാര്യ സന്ദര്‍ഭം അവകാശപ്പെടാനാവൂ. ബാക്കിയുള്ള യതീംഖാനകള്‍ എത്ര മാതൃകാപരമായി പ്രവര്‍ത്തിക്കുന്നവയാണെങ്കിലും യതീം സംരക്ഷണത്തിന്റെ തെറ്റായ വായനയുടെ സ്മാരകങ്ങളാണ്.
വ്യത്യസ്ത മതസംഘടനകളുടെ പ്രവര്‍ത്തകര്‍ നിയന്ത്രിക്കുന്ന ട്രസ്റുകള്‍ ഇംഗ്ളീഷ് മീഡിയങ്ങള്‍ക്കും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമൊപ്പം ഓരോ ഗ്രാമത്തിലും യതീംഖാനകള്‍ സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു (വര്‍ധിച്ചുവരുന്ന ഈ യതീം സ്നേഹത്തിന്റെ പിന്നിലെ യഥാര്‍ഥ ഉദ്ദേശ്യങ്ങളും നിലവിലെ യതീംഖാനകളുടെ നടത്തിപ്പിലെ അശാസ്ത്രീയതകളും വിശകലനം ചെയ്യേണ്ട മറ്റൊരു വിഷയമാണ്).
എത്ര മികച്ച കെട്ടിട സൌകര്യങ്ങളും ഭക്ഷണവുമൊരുക്കിയാലും സ്നേഹവും വാത്സല്യവും തുളുമ്പിനില്‍ക്കുന്ന കുടുംബാന്തരീക്ഷമൊരുക്കാന്‍ പലപ്പോഴും യതീംഖാനകള്‍ക്ക് സാധിക്കുന്നില്ല. ആഴ്ചയിലോ മാസത്തിലൊരിക്കലോ തന്നെ കാണാന്‍ വരുന്ന ഉമ്മയെ കാത്തിരിക്കുന്ന യതീം കുട്ടി... കണ്ണീരോടെ യാത്ര പറഞ്ഞിറങ്ങുന്ന ഉമ്മയെ അവന്‍ വിങ്ങുന്ന ഹൃദയത്തോടെ നോക്കി നില്‍ക്കുന്നു. ദിവസവും ആവര്‍ത്തിക്കുന്ന, ഓര്‍മയില്‍ നിന്നും ഇനിയും മായാത്ത യതീംഖാന ചിത്രങ്ങളാണിത്.
തല ചായ്ക്കാനൊരിടവും കഴിക്കാന്‍ ഒരു നേരത്തെ ഭക്ഷണവും മാത്രമല്ല, പിതാവിന്റെ തണലും മാതാവിന്റെ വാത്സല്യവും കൂടിയാണ് യതീമുകള്‍ക്ക് നഷ്ടപ്പെട്ടത്. ബിരിയാണിയും നെയ്ചോറും നല്‍കി അനാഥ സംരക്ഷണം ഉഷാറാക്കുന്ന സമുദായം വിസ്മരിച്ച ഒന്നാണിത്. ഉപ്പ മരിച്ചാല്‍ ആ വിടവറിയിക്കാതെ അടുത്ത ബന്ധുക്കള്‍ സ്നേഹവും പരിചരണവും നല്‍കി വളര്‍ത്തേണ്ടവരല്ലേ യതീമുകള്‍? ഉമ്മ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരുടെ സംരക്ഷണത്തില്‍ യതീമിനെ വളര്‍ത്താന്‍ സഹായം നല്‍കാന്‍ കെല്‍പ്പില്ലാത്ത മഹല്ലുകളോ സംഘടനകളോ ഇന്ന് കേരളത്തിലുണ്ടോ? സ്കോളര്‍ഷിപ്പുകളും വിദ്യാഭ്യാസ സഹായങ്ങളും നല്‍കുന്ന സംഘടനകളുടെ മുന്‍ഗണനാക്രമത്തില്‍ ഇവരെങ്ങനെയാണ് പിന്നിലായത്? സ്നേഹവും പരിചരണവും ലഭിക്കുന്ന പരിസരത്ത് യതീംകുട്ടികള്‍ വളരുന്നതിനല്ലേ സമുദായം മുന്‍ഗണന നല്‍കേണ്ടത്? മാതൃസ്നേഹത്തിന്റെ ചിറകിനടിയില്‍ ആശ്വാസം കണ്ടെത്തുന്ന യതീം കുട്ടികളെ അവരില്‍ നിന്ന് വേര്‍പ്പെടുത്തി സംരക്ഷിക്കാനെന്ന പേരില്‍ അവരെ ഇനിയും യതീംഖാനകളിലേക്ക് നാടുകടത്തേണ്ടതുണ്ടോ?

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം