Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 28

ഇത്തിരി കിനാവും കണ്ണീരും ചേര്‍ത്തൊരു നോവല്‍

വേലി വരച്ചേ ഒക്കൂ നമുക്ക്. എഴുത്തിനെയും വായനയെയും വരെ അതിര് കെട്ടാതെ വിടാന്‍ ഭാവമില്ല. കഥ, ചെറുകഥ, നോവല്‍, നോവലെറ്റ്, ആണെഴുത്ത്, പെണ്ണെഴുത്ത്... ഭിത്തി കെട്ടികെട്ടി നമുക്ക് പരസ്പരം വായിക്കാന്‍ വയ്യാതായിരിക്കുന്നു.... ഓര്‍മ വരുന്നത് പ്രിയ എഴുത്തുകാരി കമലാസുരയ്യയുടെ വരികള്‍. 'എഴുത്ത് രണ്ട് വിധമേയുള്ളൂ... നല്ലതും, തിയ്യതും...'
ഇതെന്റെ കവിതയാണ്, ഇതിലെന്റെ കഥയും എന്ന് പറയുംവിധം കഥകവിതകള്‍ക്കിടയിലുള്ള ബര്‍ലിന്‍ വേലികള്‍ വരെ തകര്‍ച്ച കൊള്ളുന്നു ഈ പുതിയ എഴുത്ത് കാലങ്ങളില്‍.
മതിലുകള്‍ ഇല്ലാതായിത്തീരുകയാണ്. ആര്‍ക്കും ആരുമായിത്തീരാം. ആര്‍ ആരാണെന്ന് ചോദിക്കരുത്. എല്ലാവരും എല്ലാവരുമാണ്. (അപഹരിക്കപ്പെട്ട ദൈവങ്ങള്‍ - ആനന്ദ്)
ഇപ്പോള്‍ മോഡേണില്ല, പോസ്റ് മോഡേണും. ഉള്ളത് പുതിയ പുതിയ ഉല്‍ഭവങ്ങളാണ്. കഥയേക്കാള്‍ കഥയുള്ള കവിതകള്‍, കവിതയേക്കാള്‍ കവിത്വമുള്ള കഥകള്‍, രണ്ടും ഇഴുക്കം ചേര്‍ന്ന നോവലുകള്‍....
ഓരോ കലാസൃഷ്ടിയും ഓരോരോ പ്രവണതകളെ വെളിച്ചം കാണിക്കുന്നുണ്ട്...
പി.കെ പാറക്കടവിന്റെ ആദ്യ നോവല്‍ 'മീസാന്‍ കല്ലുകളുടെ കാവല്‍' പ്രസക്തമാവുന്നത് സാമ്പ്രദായിക എഴുത്ത് ശീലങ്ങളില്‍നിന്നുള്ള ചലനവ്യതിയാനത്തെ പ്രകാശനം ചെയ്യുന്നു അത് എന്നത് കൊണ്ടാണ്.
ജീവിതം പിഴിഞ്ഞു സത്തുണ്ടാക്കി ഇത്തിരി കിനാവും കണ്ണീരും ചേര്‍ത്ത് തപസ്സുചെയ്യുമ്പോള്‍ ഒരു കലാസൃഷ്ടിയുണ്ടാകുന്നു. കവിതയാണോ, കഥയാണോ, നോവലാണോ, ദൈവമേ എനിക്കറിയില്ലല്ലോ ....... (പി.കെ)
'ഭൂതകാലം കുഴിച്ചെടുത്താല്‍ നിറയെ കഥകളാണ്' ഷഹന്‍സാദയുടെ കൈകോര്‍ത്ത് പിടിച്ച് സുല്‍ത്താന്‍ മൊഴിഞ്ഞു. 'നമ്മുടെ രണ്ടാളുകളുടെയും പേരുകള്‍ നമ്മുടെ ഉമ്മബാപ്പമാര്‍ ഭൂതകാലം കുഴിച്ച് കുഴിച്ച് കണ്ടെടുത്തതാണ്....
കഴിഞ്ഞ കാലങ്ങളെ കുഴികുത്തിയെടുത്താണ് കഥയുടെ, കവിതയുടെ, നോവലിന്റെ വഴിപ്പോക്കുകള്‍.
ഇടവഴിയുടെ ഒരു മൂലയില്‍നിന്ന് വെള്ളിലകള്‍ നുള്ളിയെടുത്ത് സുല്‍ത്താന്‍ പറഞ്ഞു. 'ഒരാളുടെ കുട്ടിക്കാലമാണ് അവന്‍. കുട്ടിക്കാലത്തെ കഥകള്‍ ഖബ്റോളം യാത്രചെയ്യും.'
ഇങ്ങനെ, ബാല്യവും കൌമാരവും യൌവനവും കടന്ന് ഒടുക്കജീവിതത്തിന്റെ അടയാളക്കുറിയായ മീസാന്‍ കല്ലുകള്‍ വരെ നീളുന്ന നോവല്‍ നടത്തങ്ങള്‍.
തീക്ഷ്ണാശയവാഹിയായ കഥകളിലൂടെ നമുക്ക് പരിചയമുണ്ട് പി.കെ പാറക്കടവ് എന്ന എഴുത്തുകാരനെ. ഈ നോവലിലൂടെയും അദ്ദേഹം നമ്മില്‍ നിര്‍മാണം ചെയ്യുന്നത് അതിശയങ്ങളുടെ ആകാശാഴങ്ങളെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം