വി.കെ. ജമീല
ഞങ്ങളുടെ പ്രിയ സഹോദരി ജമീലയുടെ നിര്യാണം ഒട്ടും ആകസ്മികമായിരുന്നില്ല. രോഗത്തിന്റെ അപകടകാരിത തുടക്കം മുതല്‍ അവര്‍ക്കറിയാമായിരുന്നു. അന്നുതൊട്ടെ അവര്‍ ആവര്‍ത്തിച്ചിരുന്ന ഒരു വാചകമുണ്ട് 'മരുന്നുകളല്ല; ഇബാദത്താണ് എനിക്ക് ശമനം തരുന്നത്.' വശ്യമായ ചിരിയാല്‍ മനോദു:ഖങ്ങള്‍ക്ക് മറയിടാന്‍ അതിസമര്‍ഥയായിരുന്നതിനാല്‍ മരണ മുഖത്തും അവര്‍ പ്രസന്നവദനയായി. ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആദ്യ സംഘത്തിലെ അംഗമായിരുന്ന മര്‍ഹൂം: പി.കെ ഇബ്റാഹിം സാഹിബായിരുന്നു ഭര്‍ത്താവ്. കേരള ജമാഅത്തെ ഇസ്ലാമിയുടെ ഉന്നത കലാലയങ്ങളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്ന അദ്ദേഹം ഇടക്കാലത്ത് ആന്തമാനിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോള്‍ അദ്ദേഹം സകുടുംബം ആന്തമാനിലായിരുന്നു. ആന്തമാന്‍ അമീറായിരുന്ന ഇബ്റാഹീം സാഹിബ് ജയിലിലായി. കഠിന നിബന്ധനകളോടെ മിസ പ്രകാരമായിരുന്നു അറസ്റ്. രക്ത ബന്ധുക്കളാരുമില്ലാത്ത ആ വിദൂരതയില്‍ നാല് കുരുന്നുകളെയും മാറോട് ചേര്‍ത്ത് ജമീലക്ക് കഴിയേണ്ടിവന്നു. വാര്‍ധക്യ സഹജമായ കാരണങ്ങളാല്‍ ഞങ്ങളുടെ പിതാവ് വി.കെ.എം ഇസ്സുദ്ദീന്‍ മൌലവി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സാന്ത്വന വാചകങ്ങളും പ്രാര്‍ഥനകളുമായിരുന്നു നാട്ടിലുള്ള കുടുംബാംഗങ്ങളുടെ ക്ഷമാവലംബം.
ഒരാശ്വാസമെന്നോണം അനുജനെ ആന്തമാനിലേക്കയക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വിവരമറിഞ്ഞ ജമീലയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. 'എന്നെയും കുട്ടികളെയും നാട്ടിലേക്ക് കൂട്ടാനാണ് വരുന്നതെങ്കില്‍ അത് നടപ്പില്ല. ഇബ്റാഹിം സാഹിബ് തടവറയിലായിരിക്കുവോളം കാലം ഞാനിവിടെ കഴിയും. കൂട്ടിനാണ് വരുന്നതെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹു മതി. പിന്നെ ഞങ്ങളുടെ ക്ഷേമ കാര്യങ്ങള്‍ ഇവിടെയുള്ള പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. ദയവായി മടങ്ങിപ്പോവുക.' അടിയന്തരാവസ്ഥ അവസാനിക്കുവോളം അദ്ദേഹം ജയില്‍ മോചിതനായില്ല. അതിനിടെ പ്രസ്ഥാന വിരോധികള്‍ തടവില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങളുടെ മനസ്സില്‍ തീ കോരിയിടാന്‍ ആവുന്നതെല്ലാം ചെയ്തു. മിസ തടവുകാരെ വെടിവെച്ചു കൊല്ലുമെന്നും കുടുംബാംഗങ്ങളെ കൂടി ജയിലിലടക്കുമെന്നും പ്രചരിപ്പിച്ചു. ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദുരിതക്കയത്തില്‍ ആഴ്ന്നുപോകാതെ അവര്‍ അചഞ്ചലയായി നിലകൊണ്ടു. ജയിലിലായിരുന്ന ഭര്‍ത്താവിനെ ശരിയാവണ്ണം കാണാനോ വിശദമായി സംസാരിക്കുവാനോ അവര്‍ക്കാകുമായിരുന്നില്ല. പ്രസ്ഥാന വഴിയില്‍ കേരളത്തിലെ ഒരു സഹോദരിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത പരീക്ഷണങ്ങള്‍.
വി.കെ ജലീല്‍
കെ.പി സൂപ്പി മാസ്റര്‍
പ്രസ്ഥാന പ്രവര്‍ത്തകരുടെയും സ്നേഹിതരുടെയും ഇടയില്‍ കെ.പി.എസ് എന്നറിയപ്പെട്ടിരുന്ന കെ.പി സൂപ്പി മാസ്റര്‍ വാണിമേല്‍ കാര്‍കുന്‍ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. ദാറുസ്സലാം ചാരിറ്റബ്ള്‍ ട്രസ്റ്, സകാത്ത് ആന്റ് റിലീഫ് കമ്മിറ്റി, പലിശ രഹിത നിധി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിലും അദ്ദേഹം സജീവ സാന്നിധ്യമറിയിച്ചു. പ്രസ്ഥാനവുമായി ഹാജി വി.പി മുഹമ്മദലി സാഹിബിന്റെ കാലത്ത് തന്നെ ബന്ധപ്പെട്ട കുഞ്ഞാലിഹാജിയായിരുന്നു സൂപ്പി മാസ്ററുടെ പിതാവ്. ശാന്തപുരം ഇസ്ലാമിയാ കോളേജിലെ ആദ്യകാല വിദ്യാര്‍ഥിയായിരുന്ന കെ.പി.എസ് അക്കാലത്തുതന്നെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും പ്രിയങ്കരനായിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങള്‍ ആഴത്തില്‍ അപഗ്രഥിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ക്ളാസുകള്‍. സര്‍ക്കാര്‍ സര്‍വീസില്‍ അറബി അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം നാദാപുരം ഗവ. യു.പി സ്കൂളിലായിരിക്കുമ്പോഴാണ് വിരമിച്ചത്. ഭാര്യ നഫീസ. മകന്‍: ഫസ്ലുര്‍റഹ്മാന്‍, മുഹമ്മദ് അമീന്‍, യാസീന്‍.
എം.എ വാണിമേല്‍
ഖുര്‍ആന്‍ നെഞ്ചേറ്റിയ സല്‍മാന്‍
ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 20-ന് സല്‍മാന്റെ വിയോഗം. കോട്ടയത്തെ സംക്രാന്തിയില്‍ തീവണ്ടി തട്ടി ജീവന്‍ പൊലിഞ്ഞ ആ കുരുന്ന് സ്വഭാവത്തിലും പെരുമാറ്റത്തിലും നാട്ടിലെ എല്ലാവര്‍ക്കും ഒരു അത്ഭുതമായിരുന്നു. ദുബൈയിലെ പ്രസ്ഥാനപ്രവര്‍ത്തകനും അറിയപ്പെടുന്ന പ്രഭാഷകനുമായ കോട്ടയം സംക്രാന്തിയില്‍ അറഫാ മന്‍സിലില്‍ സലിമിന്റെ (സലിം കോട്ടയം) മകനായ സല്‍മാന്‍ മറക്കാനാവാത്ത ഒരുപാട് ഓര്‍മകളും അനുഭവങ്ങളും ബാക്കിവെച്ചാണ് അല്ലാഹുവിലേക്ക് യാത്രയായത്.
സ്കൂളിലെ അഞ്ചാംക്ളാസിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിക്കുള്ള പ്രൊഫിഷ്യന്‍സി അവാര്‍ഡ് മരണശേഷം മാതാപിതാക്കള്‍ ഏറ്റുവാങ്ങി. ഖുര്‍ആന്‍ പാരായണം, പ്രസംഗം, ഇംഗ്ളീഷ് പ്രസംഗം, ക്വിസ് തുടങ്ങി മദ്രസ്സയിലെ ഓവര്‍ ഓള്‍ ചാമ്പ്യനായിരുന്നു സല്‍മാന്‍. സലിം കോട്ടയത്തിന്റെയും താഹിറയുടെയും നാലു മക്കളില്‍ ഇളയവനാണ് സല്‍മാന്‍. സാജിദ് സഹോദരനും ഷംഷാദ്, സഹ്ല എന്നിവര്‍ സഹോദരിമാരുമാണ്.
അനസ് മാള
Comments