Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 28

കോളറപ്പിശാചും കറാമത്തുള്ള മരവും

ടി.കെ അബ്ദുല്ല / സദ്റുദ്ദീന്‍ വാഴക്കാട്

'ഭൂത' കാലത്തിന്റെ 'പ്രേത' ഭൂമിയില്‍ - 2

എന്റെ ചെറുപ്പകാലത്ത് നാടാകെ കോളറരോഗം പടര്‍ന്നുപിടിച്ചു. ചേരാപുരത്ത് എന്റെ ഒരു എളേമ്മ വലിയടുത്തില്‍ ഐശൂഉമ്മ കോളറയില്‍ മരിച്ചു. ഞങ്ങള്‍ കുട്ടികളെ മരണവീട്ടില്‍ അയച്ചില്ല. കോളറയും വസൂരിയും(കുരുപ്പ്) ആളെ കൊല്ലുന്ന നടപ്പുദീനം(പകര്‍ച്ചവ്യാധി) ആണെന്ന് മുതിര്‍ന്നവര്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. നാടൊട്ടുക്കും ഭീതിയുടെ അന്തരീക്ഷം. പ്രത്യേകിച്ച് രാത്രികാലത്ത്. അന്ന് വീടുകള്‍ ഇന്നത്തെപ്പോലെ ഇത്രതൊട്ടുതൊട്ടല്ല. അകലങ്ങളില്‍ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കുകളും മെഴുകുതിരികളും പേടിപ്പെടുത്തുന്ന രാവിരുട്ടിനു കട്ടികൂട്ടുന്നതുപോലെ തോന്നിച്ചു. അപ്പോളതാ, ഇരുട്ടിനെ കീറി കാതില്‍ വന്നലക്കുന്നു ഒരറബിപ്പാട്ടിന്റെ താളതരംഗങ്ങള്‍! പലവട്ടം കേട്ട്കേട്ട് അത് ഓര്‍മയില്‍ പച്ചയായി നിന്നു. ഉള്‍നാടിന്റെ ഊടുവഴികളിലും നടപ്പാതകളിലും യുവാക്കളുടെ കൂട്ടങ്ങള്‍ ശബ്ദാരവങ്ങളോടെ പാട്ടുംപാടി കടന്നുപോകുന്നു. അകമ്പടിയായി ദഫ്മുട്ടും ഉണ്ടാകും. കോളറയും മറ്റ് മഹാമാരികളും കൊണ്ടുവരുന്നത് ഓരോരോ പിശാചുക്കളാണ്! അവറ്റകളെ ആട്ടിയോടിക്കാനാണ് മേപ്പടി ബൈത്ത്പാട്ടും ദഫ്മുട്ടും. ബൈത്തില്‍ കോളറയെ തടുക്കുന്ന അഞ്ച് രക്ഷാകര്‍ത്താക്കളെ പേരെടുത്ത് പറയുന്നുണ്ട്. അത് കേട്ടാല്‍ രോഗം പരത്തുന്ന ചെകുത്താന്മാര്‍ അതാ പേടിച്ചോടുന്നു! അവറ്റകളുടെ പൊടിപോലും പിന്നെ കണ്ടവരില്ല. രോഗം ഭേദമായാല്‍ ബൈത്തിന്റെ ഫലം. ആളുകള്‍ പിന്നെയും മരിച്ചുവീണുകൊണ്ടിരുന്നാലോ അത് പടച്ചോന്റെ വിധി! ബൈത്ത് ഇങ്ങനെ പാടാം:
ലീ ഖംസത്തുന്‍ ഉഥ്ഫീ ബിഹാ
ഹര്‍റല്‍ വബാഇല്‍ ഹാഥിമഃ
അല്‍മുസ്ത്വഫാ വല്‍ മുര്‍തദാ
വബ്നാഹുമാ വല്‍ ഫാത്വിമാഃ
സാരം: എനിക്ക് അഞ്ച് രക്ഷകരുണ്ട്. ഞാന്‍ കോളറയുടെ തീച്ചൂട് ശമിപ്പിക്കുന്നത് അവരെക്കൊണ്ടാണ്. അവര്‍: നബി മുസ്ത്വഫാ. അലി മുര്‍തദാ. അവരുടെ രണ്ട് പുത്രന്മാര്‍(ഹസന്‍, ഹുസൈന്‍). പിന്നെ ഫാത്വിമാ ബീവിയും.
ഇവിടെ ശ്രദ്ധിക്കേണ്ടതായ പ്രധാന കാര്യമുണ്ട്. കോളറ മാറ്റുന്നത് തിരുനബിയും അവിടുത്തെ ഫാത്തിമാ-അലീ കുടുംബ പരമ്പരയുമാണ്. ഇസ്ലാമിലെ ഒന്നും രണ്ടും മൂന്നും ഖലീഫമാര്‍ക്കോ നബിപുത്രിമാരുടെ മറ്റു പരമ്പരകള്‍ക്കോ അതില്‍ ഒരു പങ്കുമില്ല. അവര്‍ക്കൊന്നും രോഗശമനത്തിലും മറ്റും പ്രത്യേകിച്ചൊരു റോളും പാട്ടുകാരന്‍ നല്‍കിയിട്ടില്ല. സംഗതി വളരെ വ്യക്തം. ശിയാക്കളുടെ ഒന്നാംതരം പാട്ടാണിത്. ഇതും പാടിയാണ് സുന്നിയുവാക്കള്‍ ഊരുചുറ്റുന്നത്. കേരളത്തിലെ സുന്നി മുസ്ലിംകളില്‍ ശിആ വിശ്വാസങ്ങള്‍ എങ്ങനെ കടന്നുവന്നു? മുക്കാല്‍ നൂറ്റാണ്ട് മുമ്പേ ഇതെങ്ങനെ ഇവിടെ പ്രചാരം നേടി? ചരിത്രവിദ്യാര്‍ഥികള്‍ക്ക് ഇതും ഒരു പഠനവിഷയമാകട്ടെ.
പോയ നൂറ്റാണ്ടിന്റെ മധ്യദശകങ്ങളില്‍, അറുപതുകളിലാവണം, കോഴിക്കോട് ജില്ലയിലെ വള്ളിക്കുന്നും കണ്ണൂര്‍ ജില്ലയിലെ കണ്ണവവും മലബാറിന്റെ ഭൂപടത്തില്‍ പ്രത്യേകം അടയാളപ്പെട്ടുകിടന്നു. വള്ളിക്കുന്നിലെ വെള്ളവും കണ്ണവത്തെ വൃക്ഷവും അത്ഭുത സിദ്ധിയുള്ള പുണ്യതീര്‍ഥങ്ങളായിരുന്നു. മാറാരോഗങ്ങള്‍ മാറ്റിത്തരുന്ന, ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുതരുന്ന, കറാമത്തുള്ള മരവും വെള്ളവും! വെള്ളം ചളിയറ്റം കോരിയും മരം വേരും തോലും വരെ ചെത്തിയടര്‍ത്തിയും കൊണ്ടുപോയി. വെള്ളം വറ്റിയും മരം ഉണങ്ങിയും കഴിഞ്ഞതോടെ, ഹതാശനായ മനുഷ്യന്‍ പാട്ടിലെ പാവം കുരുവിപ്പക്ഷിയെപ്പോലെ:
വരണ്ടുള്ള പുഴവക്കത്തുണങ്ങിയ മരക്കൊമ്പില്‍
കരഞ്ഞുകൊണ്ടിരിക്കുന്നു കുരുവിപ്പക്ഷി.
വള്ളിക്കുന്നിലെ കിണര്‍വെള്ളത്തിന്റെ കറാമത്ത് ആദ്യം വെളിപ്പെട്ടത് എങ്ങനെയെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. വെള്ളം കുടിച്ച ആര്‍ക്കോ മാറാരോഗം ഭേദപ്പെട്ടതായി കിംവദന്തി പരന്നുകാണും. അഥവാ, ആരൊക്കെയോ ബോധപൂര്‍വം പ്രചരിപ്പിച്ചുകാണും. പിന്നെ കുപ്പിയും കലവും പാത്രവുമൊക്കെയായി ജനം പ്രവഹിക്കുകയായിരുന്നു. അധികവും പെണ്ണുങ്ങള്‍. പാട്ടുകാര്‍ക്ക് പാടാതിരിക്കാന്‍ പറ്റുമോ! ഇതാ ഒരു സാമ്പിള്‍:
തിക്കി തിക്കി വള്ളിക്കുന്നിലെ
വെള്ളം കോരാന്‍ പെണ്ണുങ്ങള്‍!
തിക്കാനും തിരക്കാനും
അയച്ചിട്ടല്ലേ ആണുങ്ങള്‍!
മറ്റൊന്ന്:
വള്ളിക്കുന്നിന്‍ മുതുകത്തിലെ കിണര്‍-
വെള്ളം കൊണ്ട് ദീനം മാറുന്നു- എന്ന- പൊള്ളും കേട്ട് ചിലര്‍ ഓടുന്നു.
കണ്ണവത്തെ കറാമത്തുള്ള മരമാകട്ടെ, ഖബര്‍സ്ഥാനിലായിരുന്നു. പെട്ടെന്നതാ മരത്തില്‍ ഒരത്ഭുത മിന്നലാട്ടം! കത്തിലങ്കുന്ന ഒരു തീ ജ്വാല! ഖബര്‍സ്ഥാനില്‍ മറപെട്ട ഏതോ വലിയ്യിന്റെ കറാമത്ത് തന്നെ!
കണ്ണവത്തെ കത്തിലങ്കും കറാമത്തിന്റെ അതിശയം കുറ്റ്യാടിയിലെ കണ്ണില്ലാത്ത കണ്ണോത്ത് അലി അകക്കണ്ണ് കൊണ്ട് നന്നായി കണ്ട് ആസ്വദിച്ചു. അദ്ദേഹത്തിലെ മാപ്പിളകവിക്ക് അടങ്ങിയിരിക്കാനായില്ല. പാട്ട് പിറന്നുവീണത് ഇങ്ങനെ: (ഇശല്‍ വമ്പുറ്റ ഹംസ ....)
കണ്ണവം കാട്ടിലെ മിന്നിക്കത്തിയ
പുണ്യമരത്തിന്‍ കറാമത്ത്
കണ്ടവരാകെ അന്ധാളിച്ചു പൂതി-
പൂണ്ടോരോടിയെത്തി ദേശത്ത്
എണ്ണി തുടങ്ങി ദുരിതവും മാറാ
ദണ്ണങ്ങളും ജനം നേരിട്ട്
എത്തിത്തുടങ്ങി ജനാവലി- കത്തി-
മിന്നും മരത്തിന്റെ ചാരത്ത്
കണ്ണ് കാണാത്തോരും
കാത് കേള്‍ക്കാത്തോരും
കായം തളര്‍ന്നോരും
ഖല്‍ബ് തകര്‍ന്നോരും
ഉണ്ണിയില്ലാത്തോരും ഉള്ളുരുക്കക്കാരും
ഉണ്ടതില്‍ എല്ലാതരം ബുദ്ധിഹീനരും!
കറാമത്തുള്ള മരം ഉണങ്ങിക്കരിഞ്ഞെങ്കിലും അതില്‍ പിടിച്ച് ആറേഴ് നാളത്തെ ഉറൂസും നേര്‍ച്ചയും മറ്റും ആണ്ട് തോറും തുടരുന്നതായാണ് കേട്ടറിവ്.
പാമ്പിന്‍ ദൈവങ്ങള്‍ക്കും സര്‍പ്പക്കാവുകള്‍ക്കും അന്ധവിശ്വാസപ്പട്ടികയില്‍ വലിയ സ്ഥാനമാണുള്ളത്. നാല്‍പത്തഞ്ച് വര്‍ഷം മുമ്പ് ഞാന്‍ ആയഞ്ചേരിയില്‍ നിന്ന് കുറ്റ്യാടി ചെറിയകുമ്പളത്ത് താമസം മാറിയ കാലം. ഉള്‍നാട്ടുകാരായ ഹിന്ദുക്കളും മുസ്ലിംകളും അയല്‍വാസികള്‍. നാട്ടിന്‍ പുറത്തിന്റെ നന്മകളും ശുദ്ധഗതിയും അല്‍പസ്വല്‍പം കുശുണ്ടും കുന്തിരിയും എനിക്ക് നല്ല ഇഷ്ടമായി. കാടും പുഴയും വെള്ളക്കെട്ടുകളും ഉള്ള പ്രദേശത്ത് ശുദ്ധാത്മാക്കളെ പേടിപ്പെടുത്താന്‍ എത്രയോ പാമ്പിന്‍ ദൈവങ്ങളുണ്ടായിരുന്നു. ശല്യക്കാരായ അവറ്റകള്‍ കോഴിക്കൂട്ടില്‍ കയറി കോഴികളെ കൊല്ലുകയും മുട്ടകുടിക്കുകയും പതിവായിരുന്നു. ഇതിനൊരു ചൊട്ട് ചികിത്സയുണ്ട്. കല്ലൂക്കാവിലെ നാഗദൈവങ്ങള്‍ക്ക് കോഴിമുട്ട നേര്‍ച്ചയാക്കുക. 'വില തുഛം, ഫലം മെച്ചം.' ഇക്കാര്യത്തില്‍ ജാതിമത വ്യത്യാസങ്ങളൊന്നുമില്ല.
പ്രസിദ്ധ വിഷഹാരിയായിരുന്ന മാക്കൂല്‍ മുസ്ല്യാര്‍ പാമ്പിന്‍ വിഷമിറക്കുന്ന അത്ഭുത സിദ്ധിയെപ്പറ്റി എനിക്ക് പറഞ്ഞുതന്നത് നാട്ടുകാരനായ അമ്മതാണ്. വിഷബാധയേറ്റ് ആസന്നാവസ്ഥയിലായ ആളെ വരാന്തയില്‍ കിടത്തിയിരിക്കുന്നു. മുസ്ല്യാര്‍ ഒരു പുതിയ വെള്ളപ്പുടവ കൊണ്ടുവരാന്‍ പറഞ്ഞു. തുണിവന്നു. മുസ്ല്യാര്‍ അതില്‍ എന്തൊക്കെയോ ജപിച്ച് തുണി ഒരൊറ്റ കീറല്‍! നേരെ നടുവെ രണ്ട് ചീന്ത്. അപ്പോഴല്ലേ മുറ്റത്തെ അത്ഭുതം. ഒരു പരുത്ത മൂര്‍ഖന്‍ പാമ്പ് ഫണം ഉയര്‍ത്തി മുറ്റത്ത് വന്നു നില്‍പുണ്ടായിരുന്നു. പുടവ കീറുന്നതിനൊപ്പം അതേ ശബ്ദത്തില്‍ ആ പഹയനും രണ്ട് ചീന്തായി 'പറപറാ'ന്ന് അതാ വീണു കിടക്കുന്നു! ഈ അത്ഭുത കഥ എനിക്ക് 'ബോധ്യമായി' എന്ന 'വിശ്വാസ'ത്തിലാണ് അമ്മത് പോയത്......
പാമ്പിന്‍കഥ പറഞ്ഞപ്പോളാണ് ഓര്‍മവരുന്നത്, ദല്‍ഹിയിലെ പ്രമാദമായ ഒരു കൊലപാതകക്കേസ്. പ്രമുഖ രാഷ്ട്രീയ കക്ഷിയിലെ യുവനേതാവാണ് പ്രതി(ഒരു ശര്‍മയോ മറ്റോ ആണ്). ഭാര്യയെ കൊന്നു തറച്ച് പൊളിത്തീന്‍ കെയ്സുകളില്‍ നിറച്ച് രാത്രി അസമയത്ത് 'തന്തൂരി' ചെയ്തതാണ് സംഭവം. നഗരം ഉറങ്ങിയ നേരമാണെങ്കിലും ദല്‍ഹി പോലീസിലെ മലയാളി കോണ്‍സ്റബിള്‍ മൈതീന്‍കുഞ്ഞ് ഡ്യൂട്ടി സമയത്ത് സംഭവത്തിന് ദൃക്സാക്ഷിയായി. വാര്‍ത്ത പരന്നതോടെ 'മലയാള സുപ്രഭാത'ത്തിന്റെ പ്രതിനിധി മൈതീന്‍കുഞ്ഞിന്റെ കേരളത്തിലെ വീട്ടിലെത്താന്‍ വൈകിയില്ല. പുത്രവത്സലയായ മൈതീന്‍കുഞ്ഞിന്റെ ഉമ്മ ഭീതിയോടെ പറഞ്ഞത്: മോനേ അവന്മാരൊക്കെ വലിയ ആള്‍ക്കാരാ. എന്റെ മോന്റെ ജീവന്‍ അപകടത്തിലാ.....'' പത്ര പ്രതിനിധിയുടെ ദൃഷ്ടി മൈതീന്‍കുഞ്ഞിന്റെ ചില്ലിട്ട് തൂക്കിയ ഫോട്ടോയില്‍ പതിഞ്ഞു: "ഉമ്മാ ഇതെന്താ, ഗ്ളാസൊക്കെ പൊട്ടി വരവീണിരിക്കുന്നല്ലോ?'' ഉമ്മ സമാധാനിപ്പിച്ചു: "അതൊന്നും പൊട്ട് വീണതല്ല. ആ വരകളൊക്കെ പാമ്പിന്‍ ദൈവങ്ങളാ. ഓല് മോനെ കാത്തോളും....''
അല്ലാഹു അല്ലാത്തവരോട് മറഞ്ഞ വഴിയില്‍ സഹായം തേടുന്നതിനെ വ്യാഖ്യാനിച്ച് ന്യായീകരിക്കുന്ന മതപണ്ഡിതന്മാര്‍ക്ക് ഇതൊന്നും പ്രശ്നമാകേണ്ടതില്ല. അവര്‍ക്ക് വ്യാഖ്യാനമുണ്ട്. സാധാരണ മുസ്ലിംകളുടെ ദീനും ഈമാനുമാണ് അപകടത്തിലാകുന്നത്. ഇതിന്നുത്തരവാദികളായ പണ്ഡിതന്മാരെ അവരുടെ വ്യാഖ്യാനം രക്ഷിക്കുമോ?
ഇനിയൊരു നുറുങ്ങ്: ഞങ്ങളുടെ വീട്ടുവളപ്പില്‍ നന്നായി കായ്ക്കുന്ന ഒരു വരിക്കപ്ളാവുണ്ടായിരുന്നു. അതിനുനേരെ കാലിത്തൊഴുത്തും ഉണ്ട്. ഓലമേഞ്ഞ തൊഴുത്തിനുമേല്‍ നല്ലയിനം കുമ്പളം നട്ടുവളര്‍ത്തി. വളപ്പശിമയേറ്റ് കുമ്പളവള്ളി നന്നായി പടര്‍ന്നു. അയലത്തെ പെണ്ണുങ്ങള്‍ അതിശയം കൂറി. ഇതെന്ത് പുതുമ! പിലാവിനുനേരെയാ കുമ്പളം നട്ടിരിക്കുന്നത്. കുമ്പളം കായ്ചാല്‍ ചക്ക കായ്ക്കില്ല. (അന്ന് ആളുകള്‍ ചക്ക തിന്നുന്ന കാലമായിരുന്നു). ചക്കയില്ലെങ്കിലും കുമ്പളം കായ്ക്കുമല്ലോ എന്ന് ഞങ്ങളും പറഞ്ഞു. പടച്ച തമ്പുരാന്റെ കൃപകൊണ്ട് ചക്കയും കുമ്പളവും മത്സരിച്ചു കായ്ച്ചു. മണ്‍മറഞ്ഞവരൊന്നും ഇടപെടാഞ്ഞത് ഭാഗ്യം! അയലത്തെ പെണ്ണുങ്ങള്‍ മിണ്ടാട്ടമില്ല. "ഇപ്പളെന്തായി?'' ഞങ്ങള്‍ വിട്ടില്ല. നിങ്ങളോട് തര്‍ക്കിക്കാന്‍ ഞങ്ങളില്ല എന്നായിരുന്നു മറുപടി. തര്‍ക്കിക്കാനില്ലെങ്കിലും അവരുടെ അന്ധവിശ്വാസത്തില്‍ മാറ്റം വന്നതായി തോന്നിയില്ല. അന്ധവിശ്വാസമില്ലാതെ എന്ത് വിശ്വാസം!
ഉള്‍നാട്ടിലെ പെണ്ണുങ്ങളോടും സാധാരണക്കാരോടും ദീനീപ്രസംഗം ചെയ്യുമ്പോള്‍ ഞാന്‍ പറയുമായിരുന്നു: "തലപ്പാവും നീളക്കുപ്പായവുമിട്ട് കൈയില്‍ തസ്ബീഹ് മാലയുമായി പടച്ചതമ്പുരാനും മലക്കുകളും കൊയിലോത്തും കടവത്ത് വന്നിറങ്ങിയെന്ന് കേട്ടാല്‍ നിങ്ങള്‍ അവരെക്കാണാന്‍ അങ്ങോട്ടോടും. അത്രക്ക് വിശ്വാസമാണ് നിങ്ങള്‍ക്ക് അല്ലാഹുവിലും മലക്കുകളിലുമൊക്കെ.'' ഇത് കേട്ട് സദസ്സ് ചിരിക്കുകയേ ഉള്ളൂ.
ഉമര്‍(റ) പറഞ്ഞിട്ടുണ്ട്; തിന്മ എന്താണെന്നുപോലും അറിയാത്ത ഒരാളെ പേടിക്കണം. തിന്മ അറിയാത്തവന്‍ അതില്‍ വീണുപോകാന്‍ വളരെ എളുപ്പമാണ്. ഇത്തരം ശുദ്ധാത്മാക്കള്‍ സമുദായത്തില്‍ ഒരുപാടുണ്ട്.
അന്ധവിശ്വാസ കാര്യത്തില്‍ പുതിയ ഹൈടെക് യുഗത്തിലും മൌലികമായി ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എന്നല്ല കാലോചിതമായ പുതുപുതുവേഷങ്ങളണിഞ്ഞ്, കണ്ണഞ്ചിക്കുന്ന വര്‍ണപ്പകിട്ടിലാണവ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളില്‍ ആത്മീയ വാണിഭക്കാരുടെയും മന്ത്ര-സിദ്ധ-ജ്യോത്സ്യത്തട്ടിപ്പുകാരുടെയും പരസ്യ പ്രളയമാണ്. പഞ്ചനക്ഷത്ര സുഖാഡംബരതയാണ് ഹൈടെക് ആത്മീയതയുടെ മുഖമുദ്ര. ഉലകം ചുറ്റും വാലിബന്മാരായി ആള്‍ദൈവങ്ങളും പറക്കുംസ്വാമികളും വിലസുന്നു. ശിഷ്യവേഷമണിഞ്ഞ് ക്രിമിനലുകളും വിദേശ ചാരന്മാരും കള്ളക്കടത്ത് മാഫിയകളും കടന്നുവരുന്നു. ആശ്രമങ്ങളിലെയും മറ്റും ദുരൂഹ മരണങ്ങളും രതിവൈകൃതങ്ങളും അങ്ങാടിപ്പാട്ടാണ്. മന്ത്രിമാര്‍ക്കും എം.പി, എം.എല്‍.എമാര്‍ക്കും തരാതരം ഹൈപ്പര്‍-സൂപ്പര്‍ ജ്യോത്സ്യന്മാരുണ്ട്. തങ്ങന്മാരും സിദ്ധന്മാരും ഉണ്ട്. ഇതെല്ലാം ചേര്‍ന്നുള്ള കൂട്ടക്കെട്ടിമറിച്ചലാണിന്ന് ജനാധിപത്യവും മതേതരത്വവും! മില്ലനീയവും അക്ഷയതൃതീയയും വ്യവസായ വാണിജ്യലോബിക്ക് വന്‍ ചാകരയാണ്. അതെ, ഉത്തരാധുനികതയിലെ നരന്‍ എത്രയോ വാനരന്‍!
'നടന്നു തീരാത്ത വഴികളില്‍' 37 ലക്കങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എന്റെ ഓര്‍മക്കുറിപ്പുകളില്‍ ഏറിയ പങ്കും അച്ചടിക്കപ്പെട്ടു കഴിഞ്ഞു. ഇനിയും പറയാന്‍ ചിലതുണ്ട്. അത് സന്ദര്‍ഭാനുസാരം പിന്നീട് പറയാം; ഇന്‍ശാ അല്ലാഹ്. ഇപ്പോള്‍, ഈ പരമ്പരക്ക് ഇവിടെ തല്‍കാല വിരാമം കുറിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം