Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 28

ഹസനുല്‍ ഹുദൈബി ഹൃദയത്തില്‍ ദൈവരാജ്യത്തിന്നൊരിടം

പി.കെ ജമാല്‍

ഇമാം ഹസനുല്‍ ബന്നാ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇഖ്വാനുല്‍ മുസ്ലിമൂന്‍ പ്രസ്ഥാനത്തിന്റെ മുര്‍ശിദുല്‍ ആമായി തെരഞ്ഞെടുക്കപ്പെട്ടത് ഹസനുല്‍ ഹുദൈബിയാണ്. സഹനത്തിന്റെയും വിനയത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും ആള്‍രൂപമായ ഹസനുല്‍ ഹുദൈബി ജീവിതത്തിന്റെ വസന്ത കാലം ഏറിയ പങ്കും കഴിച്ച് കൂട്ടിയത് ജയിലഴികള്‍ക്കുള്ളിലായിരുന്നു. ജമാല്‍ അബ്ദുന്നാസിറിന്റെ ഭരണകാലത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ടുവെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ജീവപര്യന്തം തടവാക്കുകയായിരുന്നു. ഉന്നതമായ ആദര്‍ശബോധത്തില്‍നിന്നുയിര്‍കൊണ്ട ഉറച്ചനിലപാടുകള്‍ക്ക് വേണ്ടി ജീവിതാന്ത്യം വരെ പൊരുതിയ ഹസനുല്‍ ഹുദൈബിയെ തളര്‍ത്താന്‍ ഭരണകൂടത്തിന്റെ കൊടൂര മര്‍ദനങ്ങള്‍ക്കും ഭേദ്യങ്ങള്‍ക്കുമായില്ല.
പ്രായാധിക്യവും രോഗപീഢകളും ശരീരത്തെ തളര്‍ത്തിയപ്പോഴും വിശ്വാസ ദാര്‍ഢ്യവും അര്‍പ്പണ ബോധവും ആ മനസ്സിനെ അജയ്യമാക്കി നിര്‍ത്തി. ആരവങ്ങളില്ലാത്ത നിശബ്ദ സേവനം, കാമനകളില്ലാത്ത കര്‍മം, പ്രകടനപരതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍- ഇതാണ് ഹസനുല്‍ ഹുദൈബി പിന്‍തുടര്‍ന്ന രീതിശാസ്ത്രം. താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിലെ സാധാരണ കൃഷീവലന്മാര്‍ പോലും മതപരവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ വ്യക്തവും കൃത്യവുമായ അഭിപ്രായങ്ങള്‍ പറയുന്നത് ശ്രദ്ധിച്ച ഹുദൈബി, അവരെ വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തെ കുറിച്ച് അറിയാന്‍ ശ്രമം തുടങ്ങി. നിരക്ഷരരായ ഗ്രാമീണ കര്‍ഷകരെ പ്രബുദ്ധമാക്കിയ പ്രസ്ഥാനം ഇഖ്വാനുല്‍ മുസ്ലിമൂനാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഹസനുല്‍ ബന്നാ ജുമുഅഃ ഖുത്വുബ നടത്തിയ പള്ളിയില്‍ ഉത്സാഹ പൂര്‍വം പ്രസംഗം ശ്രവിക്കാന്‍ പോയി തുടങ്ങി. ഇഖ്വാനുമായി ബന്ധപ്പെട്ടു തുടങ്ങിയ ഹസനുല്‍ ഹുദൈബി ഹസനുല്‍ ബന്നയുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടനാവുകയും പ്രസ്ഥാനത്തിന്റെ കര്‍മ ഭടനായി മാറുകയും ചെയ്തു. ജയിലുകളില്‍ കഴിയുന്ന ഇഖ്വാന്‍ തടവുകാരുടെ കുടുംബാംഗങ്ങളെയും അവര്‍ക്ക് വേണ്ടി നിയമയുദ്ധം നടത്തുന്ന അഭിഭാഷകരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുകയാണ്, മുര്‍ശിദുല്‍ ആമായി തെരഞ്ഞെടുക്കപ്പെട്ട ഹസനുല്‍ ഹുദൈബി ആദ്യമായി ചെയ്തത്. ഇഖ്വാന്‍ തടവുകാര്‍ ജയിലില്‍ നിര്‍മിച്ച് രഹസ്യമായി പുറത്തേക്ക് കടത്തിയ പതാക ഉയര്‍ത്തിയാണ് പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടനം ഹുദൈബി നിര്‍വഹിച്ചത്. "അഖീമൂ ദൌലത്തല്‍ ഇസ്ലാമി ഫീ ഖുലൂബികും, തഖും ദൌലത്തുല്‍ ഇസ്ലാമി അലാ അര്‍ളികും'' (ഇസ്ലാമിക രാഷ്ട്രം നിങ്ങളുടെ ഹൃദയത്തില്‍ സ്ഥാപിക്കുക, എങ്കില്‍ നിങ്ങളുടെ ഭൂമിയിലും അത് സ്ഥാപിതമാവും) എന്ന വിഖ്യാത വചനത്തിന്റെ ഉപജ്ഞാതാവാണ് ഉസ്താദ് ഹസനുല്‍ ഹുദൈബി.
ഹസനുല്‍ ബന്നായുടെ വിശ്വാസമാര്‍ജിച്ച ഹുദൈബി ഇഖ്വാന്റെ നയ-നിലപാടുകള്‍ രൂപവല്‍ക്കരിക്കുന്ന മക്തബുല്‍ ഇര്‍ശാദില്‍ അംഗമാവുകയും ബന്നായുടെ വലംകൈയായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഏറ്റവും സാധാരണക്കാര്‍ മുതല്‍ സമൂഹത്തിലെയും രാജ്യത്തിലെയും ഉന്നതസ്ഥാനീയര്‍ വരെ വിവിധ ശ്രേണികളിലുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള ഹസനുല്‍ ബന്നായുടെ കഴിവ് കണ്ടറിഞ്ഞ് ഹുദൈബിയും അതേ പാത പിന്തുടര്‍ന്നു. ഓരോരുത്തരെയും അവര്‍ക്കനുയോജ്യമായ സ്ഥാനങ്ങളില്‍ അവരോധിക്കുക എന്ന തത്വത്തിലൂന്നി ഹുദൈബിയെ ഒരു മഹാദൌത്യത്തിന് വേണ്ടി ഒരുക്കുകയായിരുന്നു ബന്നാ.
ഈജിപ്തിലെ നിയമ പരിഷ്കരണ കമീഷന് മുമ്പാകെ തെളിവ് കൊടുക്കവെ ഹസനുല്‍ ഹുദൈബി പറഞ്ഞു: ഇസ്ലാമിക ശരീഅത്തിന്റെ സംസ്ഥാപനത്തിന് വേണ്ടി ഞങ്ങളുടെ പ്രസ്ഥാനം ഉയര്‍ത്തുന്ന ശബ്ദം ഇപ്പോള്‍ ദുര്‍ബലമാണെന്ന് നിങ്ങള്‍ക്ക് തോന്നാമെങ്കിലും അഞ്ച് പതിറ്റാണ്ട് കഴിയുമ്പോള്‍ അത് ഈജിപ്തിന്റെ മുഴുവന്‍ കരുത്തുറ്റ ആവശ്യമായി ഉയരുമെന്നും രാജ്യത്തിന്റെ മുഖച്ഛായ മാറുമെന്നും ഞങ്ങളുടെ സ്വപ്നം പൂവണിയുമെന്നുമുള്ള കാര്യം മറക്കരുത്.''
ഹസനുല്‍ ഹുദൈബിയോടൊപ്പം ജയില്‍ കഴിഞ്ഞ മുഹമ്മദ് അബ്ദുല്‍ ഹലീം ഹാമിദ് ഓര്‍ക്കുന്നു:
"ഈജിപ്തിലെ ജയിലിലായിരുന്നു ഞാന്‍. സെല്ലില്‍ എന്നോടൊപ്പം ഹസനുല്‍ ഹുദൈബിയുമുണ്ട്. ഒരു ഉയര്‍ന്ന സൈനികോദ്യോഗസ്ഥന്‍ പട്ടാള വേഷത്തില്‍ സെല്ലിലേക്ക് കടന്നുവന്നു. തല്‍ക്ഷണം ബഹുമാനപൂര്‍വം ഞാന്‍ എഴുന്നേറ്റുനിന്ന് ഭവ്യതയോടെ അരികിലേക്ക് മാറിനിന്നു. ഹസനുല്‍ ഹുദൈബിയാവട്ടെ, അയാളെ കണ്ടഭാവം നടിക്കാതെ ഇരുന്നിടത്ത് നിന്ന് അനങ്ങിയതേയില്ല. ക്ഷോഭം മറച്ചുവെച്ച് സൈനിക മേധാവി: "സത്യത്തിലായിരുന്നു താങ്കളെങ്കില്‍ ഞങ്ങള്‍ക്കെതിരില്‍ അല്ലാഹു താങ്കളെ സഹായിച്ചേനെ!''
ഒട്ടും ഭാവപ്പകര്‍ച്ചയില്ലാതെ ശാന്ത സ്വരത്തില്‍ ഹസനുല്‍ ഹുദൈബി: "സത്യത്തിലായിരുന്നിട്ടും ഉഹ്ദ് യുദ്ധത്തില്‍ മുസ്ലിംകള്‍ പരാജയപ്പെട്ടുവല്ലോ.'' ഒന്നും ഉരിയാടാനില്ലാതെ ഉദ്യോഗസ്ഥന്‍ തിരിഞ്ഞ് നടന്നപ്പോള്‍ ഹസനുല്‍ ഹുദൈബി എന്നോട്: "തന്റെ ധാടിക്കും മോടിക്കും പൊള്ളയായ പൊങ്ങച്ചത്തിനും ജനങ്ങള്‍ തിരിച്ചും വില കല്‍പിക്കുന്നില്ലെന്ന് കാണുമ്പോള്‍ അക്രമിയുടെ ഞരമ്പുകള്‍ വലിഞ്ഞ് മുറുകും. രോഷത്താല്‍ അവന്റെ ഉള്ള് വെന്ത് നീറും.''
*** *** *** *** ***
ഹസനുല്‍ ഹുദൈബിയുടെ പത്നി നഈമ ഖത്താബ് അനുപമ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഭര്‍ത്താവിനെ അറസ്റ് ചെയ്യുമ്പോള്‍ അലക്സാണ്ടറിയിലെ വസതിയിലായിരുന്നു അവര്‍. വസ്ത്രങ്ങളടുക്കിവെച്ച് പെട്ടിയെല്ലാം ശരിയാക്കി ഹുദൈബിയെ പോലീസുകാര്‍ക്കൊപ്പം യാത്രയാക്കുമ്പോള്‍ സ്നേഹാര്‍ദ്രമായ നിറകണ്ണുകളോടെ അവര്‍ ഉരുവിട്ടുകൊണ്ടിരുന്നു: "എന്നാല്‍ ഇബ്റാഹീമിന്റെ ജനതയുടെ ഉത്തരം അവര്‍ ഇപ്രകാരം ഘോഷിച്ചതല്ലാതെ മറ്റൊന്നുമായിരുന്നില്ല. അവനെ കൊല്ലുക, ചുട്ടുകളയുക. ഒടുവില്‍ അല്ലാഹു അദ്ദേഹത്തെ അഗ്നിയില്‍ നിന്ന് രക്ഷിച്ചു. നിശ്ചയം വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്''(അല്‍ അന്‍കബൂത്ത് 24). ഹുദൈബിയുടെ വിചാരണ നിര്‍ത്തിവെപ്പിക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നുണ്ടെന്ന് സമാധാനിപ്പിച്ച മന്ത്രി പത്നിയോട് അവര്‍ പറഞ്ഞു; "നിങ്ങളുടെ ഭര്‍ത്താവിനെ അറിയിച്ചേക്കൂ, തന്റെ മുന്‍ഗാമി ഹസനുല്‍ബന്നാ കൈറോവിലെ തെരുവില്‍ പട്ടാപകല്‍ വധിക്കപ്പെട്ട വസ്തുത അറിഞ്ഞ് തന്നെയാണ് ഹുദൈബി ഇഖ്വാന്റെ നേതൃത്വം ഏറ്റെടുത്തിട്ടുള്ളതെന്ന്. തന്റെയും അവസാനം ഭിന്നമായിരിക്കില്ലെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ട്. തന്നെ അല്ലാഹുവിന്ന് വിറ്റ വ്യക്തിയാണദ്ദേഹം.''
*** *** *** *** ***
അസ്ഹര്‍ പണ്ഡിതനായ ശൈഖ് മുഹമ്മദ് ഖത്താബിന്റെ പുത്രിയായ തന്റെ ഉമ്മ നഈമയെ മകന്‍ കോണ്‍സല്‍ ജനറല്‍ മഅ്മൂന്‍ അല്‍ ഹുദൈബി ഓര്‍ക്കുന്നു: "അല്ലാഹുവിന് സ്തുതി. ഞങ്ങളുടെ വീട്ടില്‍ ഓരോ നിമിഷവും ശാന്തത കളിയാടി. ഉന്നത സ്വഭാവ ഗുണങ്ങളുടെയും ചിന്തകളുടെയും പ്രതീകമായിരുന്നു ഉമ്മ. പിതാവിന് അവരെ അതിരറ്റ ആദരവായിരുന്നു. വിസ്മയാവഹമായിരുന്നു അവര്‍ക്കിടയിലെ സുദൃഢബന്ധം. പ്രാഥമിക വിദ്യാഭ്യാസം മാത്രം സിദ്ധിച്ച അവര്‍ സ്വപ്രയത്നത്താല്‍ ഫ്രഞ്ച് ഭാഷയില്‍ പ്രാവീണ്യം നേടി. ഇഖ്വാന്‍ പ്രസ്ഥാനവും ഞങ്ങളുടെ കുടുംബവും കഠിനപരീക്ഷണത്തിന്റെ ഗര്‍ത്തത്തിലാഴ്ന്ന ഇരുണ്ട നാളുകളെ എന്തൊരു മനോദാര്‍ഢ്യത്തോടെയും പക്വതയോടുമാണ് ഉമ്മ നേരിട്ടത്! ജയിലിലായ ഇഖ്വാന്‍ പ്രവര്‍ത്തകരുടെ കുടുംബങ്ങളുടെ സംരക്ഷണമായിരുന്നു അവരേറ്റെടുത്ത ദൌത്യം. വീടുകളില്‍ തുന്നല്‍ പണികള്‍ ചെയ്തും ചെറുകുടില്‍ വ്യവസായങ്ങളിലേര്‍പ്പെട്ടും കുടുംബത്തെ സംരക്ഷിക്കാന്‍ ജയിലഴികള്‍ക്ക് പിന്നിലായ ഇഖ്വാന്‍ പ്രവര്‍ത്തകരുടെ ഭാര്യമാരെ അവര്‍ പ്രാപ്തരാക്കി. ഈജിപ്തില്‍ ജസ്റിസായിരിക്കെ ഹുദൈബി ഇഖ്വാനില്‍ അംഗമായ വിവരം പത്നി നഈമക്കും ഹസനുല്‍ ബന്നക്കും പ്രസ്ഥാനത്തിലെ മുതിര്‍ന്ന ചിലര്‍ക്കുമല്ലാതെ മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല. ഹസനുല്‍ ബന്നയുടെ വധത്തെത്തുടര്‍ന്ന് ഹസനുല്‍ ഹുദൈബി ഇഖ്വാനുല്‍ മുസ്ലിമൂന്‍ പ്രസ്ഥാനത്തിന്റെ മുര്‍ശിദുല്‍ ആമായി തെരഞ്ഞെടുക്കപ്പെടുന്നത് വരെയും ഭര്‍ത്താവിന്റെ ഇംഗിതപ്രകാരം അവര്‍ അത് രഹസ്യമാക്കിവെച്ചു.''
*** *** *** *** ***
ഹസനുല്‍ ഹുദൈബിയുടെ വധശിക്ഷ ഇളവ് ചെയ്യാന്‍ ഇടപെട്ട സുഊദി രാജാവ് സഊദുബ്നു അബ്ദില്‍ അസീസിന്ന് ഭാര്യ നഈമയും പെണ്‍മക്കളും ഒപ്പിട്ട് അയച്ച കത്ത് അവസാനിക്കുന്നത് ഇങ്ങനെ: "ബഹുമാന്യനായ രാജാവേ! അങ്ങയുടെ സന്മനസ്സിന് അങ്ങേയറ്റം നന്ദിയുള്ളവരാണ് ഞങ്ങള്‍. ഞങ്ങള്‍ ദഅ്വത്തിന്റെയും ജിഹാദിന്റെയും മാര്‍ഗത്തിലാണ്. ഹുദൈബി ശഹീദാവട്ടെ, വിട്ടയക്കപ്പെടട്ടെ എന്തായാലും ഈ സംഘട്ടനം അവസാനിക്കുന്നില്ല. യഥാര്‍ഥത്തില്‍ ഇത് ഹസനുല്‍ ഹുദൈബിയും ജമാല്‍ അബ്ദുന്നാസിറും തമ്മിലുള്ള ഒരു സംഘട്ടനമല്ല, ഇഖ്വാനും വിപ്ളവ കൌണ്‍സിലും തമ്മിലുള്ള സംഘട്ടനവുമല്ല ഇത്. സത്യവും അസത്യവും തമ്മില്‍, ഈമാനും കുഫ്റും തമ്മില്‍, സന്മാര്‍ഗവും ദുര്‍മാര്‍ഗവും തമ്മില്‍, അല്ലാഹുവിന്റെ ഭടന്മാരും പിശാചിന്റെ ഭടന്മാരും തമ്മില്‍ പണ്ടേക്ക് പണ്ടേ നടന്നുവന്ന സംഘട്ടനത്തിന്റെ തുടര്‍ച്ചയാണിത്. ആയിരക്കണക്കായ രക്തസാക്ഷികള്‍ ജീവന്‍ വെടിയേണ്ടി വന്നാലും ദൈവിക ദീനിന് ഔന്നത്യം ലഭിക്കാതെ ഈ സംഘട്ടനങ്ങള്‍ അവസാനിക്കില്ല. അധര്‍മകാരികള്‍ക്ക് അതെത്ര അരോചകമായാലും.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം