Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 28

ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രമുഖരുള്‍പ്പെടെ 10 സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളി

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ഈജിപ്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം നല്‍കുന്നതിനുള്ള നിബന്ധനകള്‍ പൂര്‍ണമല്ലെന്നാരോപിച്ച് ഇഖ്വാന്‍ സ്ഥാനാര്‍ഥി ഖൈറത് അല്‍ശാത്വിറിന്റെതടക്കം 10 സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് ഉന്നതാധികാര സമിതി നിരസിച്ചു. നിയമ പ്രകാരമുള്ള പല നിബന്ധനകളും പൂര്‍ത്തിയാക്കാത്തതു കാരണമാണ് പ്രമുഖരുടെ പത്രിക തള്ളിയതെന്ന് തെരഞ്ഞെടുപ്പ് ഉന്നതാധികാര സമിതി വിശദീകരിച്ചു.
ഖൈറത് അല്‍ശാത്വിറിനെ കൂടാതെ മുന്‍ വൈസ്പ്രസിഡന്റും മുബാറക് ഭരണകാലത്തെ രഹസ്യാന്വേഷണ വിഭാഗം തലവനുമായിരുന്ന ഉമര്‍ സുലൈമാന്‍, സലഫി പാര്‍ട്ടി സ്ഥാനാര്‍ഥി ഹാസിം അബൂഇസ്മാഈല്‍, വിപ്ളവപാര്‍ട്ടി നേതാവ് അയ്മന്‍ നൂര്‍, ഈജിപ്ത് ദേശീയ പാര്‍ട്ടി നേതാവ് മുര്‍തദ മന്‍സൂര്‍, സോഷ്യലിസ്റ് പാര്‍ട്ടി നേതാവ് ഹുസാം ഖൈറത്, കള്‍ച്ചറല്‍ പാര്‍ട്ടി നേതാവ് മംദൂഹ് ഖുതുബ്, സ്വതന്ത്രന്‍ ഇബ്റാഹീം അല്‍ഗരീബ് തുടങ്ങിയവരും പട്ടികയിലുണ്ട്.
സൈനിക പിന്തുണയുള്ള ഉമര്‍ സുലൈമാന്റെ പത്രിക തള്ളാന്‍ നിസ്സാര കാരണമാണ് പറഞ്ഞിരിക്കുന്നത്. പിന്തുണ പ്രഖ്യാപിച്ച് ഒപ്പ് രേഖപ്പെടുത്തിവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെന്നതാണ് കാരണം. അസ്യൂത്ത് ജില്ലയില്‍നിന്ന് ഉമര്‍ സുലൈമാന് 1000 പേരുടെ പിന്തുണയുള്ള രേഖ സമര്‍പ്പിക്കണം. എന്നാല്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ രേഖയില്‍ 969 പേരുടെ പിന്തുണ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ശാത്വിറും ഉമര്‍ സുലൈമാനും ഹാസിം അബൂ ഇസ്മാഈലും നല്‍കിയ അപ്പീലും സമിതി തള്ളി. എന്നാല്‍ ഇസ്ലാമിക പാര്‍ട്ടി നേതാക്കളുടെ പത്രിക തള്ളാനുള്ള കാരണം ഏറെക്കുറെ 'കട്ടി'യുള്ളവയതാണ്. ഇഖ്വാനുല്‍ മുസ്ലിമൂന്‍ നേതാവ് ഖൈറത്തിന്റെത് പ്രത്യേകിച്ചും. സലഫി പാര്‍ട്ടി നേതവിന് മാതാവിന്റെ അമേരിക്കന്‍ പൌരത്വമാണ് വിനയായതെങ്കില്‍ ഖൈറത്തിന് വിവിധ കേസുകളില്‍ മുബാറക്കിന്റെ കാലത്ത് ശിഷിച്ചതാണ് രാഷ്ട്രീയാവകാശം നിഷേധിക്കാന്‍ പറഞ്ഞ മുഖ്യകാരണം. ഹുസ്നി മുബാറക്കിന്റെ ഏകാധിപത്യകാലത്തെ 'വിധിവിലക്കു'കള്‍ അംഗീകരിക്കാനാണെങ്കില്‍ എന്തിനായിരുന്നു തഹ്രീര്‍ സ്ക്വയര്‍ പ്രക്ഷോഭവും ജനുവരി വിപ്ളവവും എന്നൊന്നും പട്ടാളക്കാരോട് ചോദിക്കരുത്.
തങ്ങളുടെ സ്ഥാനാര്‍ഥിക്ക് അയോഗ്യത കല്‍പിച്ചത് മുബാറക്ക് ഭരണം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് മുസ്ലിം ബ്രദര്‍ഹുഡ് ആരോപിച്ചു. അധികാരക്കൈമാറ്റം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ ഇത്തരമൊരു തീരുമാനമെടു ത്തതിന്റെ പിന്നില്‍ മുന്‍ സര്‍ക്കാര്‍ സംവിധാനം മറ്റൊരു വിധത്തില്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണെന്ന് പാര്‍ട്ടി വക്താവ് മുറാദ് മുഹമ്മദ് പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള പാര്‍ട്ടിയുടെ അവകാശം ചോദ്യംചെയ്യാന്‍ ആരെയും അനുവദിക്കില്ല. സലഫി പാര്‍ട്ടിയടക്കം അയോഗ്യത കല്‍പിക്കപ്പെട്ട മറ്റു വിഭാഗങ്ങളും തീരമാനത്തെ വിമര്‍ശിച്ചു രംഗത്തുവന്നിട്ടുണ്ട്.
ഈജിപ്തിലെ രാഷ്ട്രീയ നാടകത്തിന്റെ ഉള്ളുകള്ളികള്‍ അറിയാനിരിക്കുന്നതേയുള്ളൂ. മുന്‍ അറബ്ലീഗ് അധ്യക്ഷന്‍ കൂടിയായ മുബാറക് അനുകൂലി അംറ് മൂസയെ ഗോദയില്‍ സ്ഥിരപ്പെടുത്തി ജനാധിപത്യത്തിന്റെ പേരില്‍ പട്ടാളം തന്നെ വാഴുമോ തുടങ്ങിയ രാഷ്ട്രീയ ചര്‍ച്ചകള്‍ അറബ് ലോകത്ത് കനത്തുവരുന്നുണ്ട.്
ജനകീയനായ ഖൈറത്ത് ശാത്വിറിന്റെ നോമിനേഷന്‍ പല നിയമപ്രശ്നങ്ങള്‍ ഉന്നയിച്ച് തള്ളുമോ എന്ന് നേരത്തെ തന്നെ സംശയമുള്ളതുകൊണ്ട് ഇഖ്വാന്റെ രാഷ്ട്രീയ വിംഗായ ഫ്രീഡം ആന്‍ഡ് ജസ്റീസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഡോ. മുഹമ്മദ് മുര്‍സിയും പത്രിക നല്‍കിയിരുന്നു. ഇനി തങ്ങളുടെ സ്ഥാനാര്‍ഥി മുര്‍സിയായിരിക്കുമെന്ന് ശാത്വിര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചുകഴിഞ്ഞു.

നിരായുധരായ ഫലസ്ത്വീന്‍ 'ഗുഡ്വില്‍' സംഘത്തെ ചെറുക്കാന്‍ ഇസ്രയേലിന്റെ യുദ്ധ സന്നാഹം

ഫലസ്ത്വീനിലെ ജനങ്ങളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തി ഞെക്കിക്കൊല്ലുന്ന ഇസ്രയേലിന്റെ നയത്തിനെതിരെ പ്രതിഷേധിക്കുക, ഫലസ്ത്വീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുറപ്പെട്ട 'ഗുഡ്വില്‍' സംഘത്തെ യുദ്ധ സന്നാഹത്തെ അനുസ്മരിപ്പിക്കും വിധമാണ് ഇസ്രയേല്‍ തടഞ്ഞത്. 'ഫലസ്ത്വീനിലേക്ക് സ്വാഗതം' എന്ന പേരില്‍ വിവിധ ലോക രാജ്യങ്ങളില്‍നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ യാത്രാ സംഘത്തിനാണ് ഇസ്രയേലില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചത്. വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇസ്രയേലിലെ ബെന്‍ ഗോറിന്‍ (ആലി ഏൌൃശീി) വിമാനത്താവളത്തേക്കുള്ള അനേകം പേരെ അതതു വിമാനത്താവളങ്ങളില്‍നിന്ന് ഇസ്രയേല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്ര നിഷേധിക്കുകയായിരുന്നു. മൂന്‍കൂട്ടി ടിക്കറ്റ് ചെയ്തിരുന്നുവെങ്കിലും ഇസ്രയേലിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ടിക്കറ്റ് റദ്ദാക്കിയതായി ലുഫ്ത്താന്‍സയടക്കമുള്ള വിമാന ക്കമ്പനികള്‍ യാത്രക്കാരെ അറിയിക്കുകയായിരുന്നു.

വിവിധ വിമാനങ്ങളിലായി എത്തിയേക്കാവുന്ന ഫലസ്ത്വീന്‍ ഗുഡ്വില്‍ സംഘത്തെ തടയാന്‍ 700 ഓളം സുരക്ഷാ ഭടന്‍മാരെ ഇസ്രയേല്‍ വിമാനത്താവളത്തില്‍ നിയോഗിച്ചിരുന്നു. ഫ്രാന്‍സ്, കാനഡ, പോര്‍ച്ചുഗല്‍ തുടങ്ങിയ നാടുകളില്‍നിന്ന് 'കണ്ണുവെട്ടിച്ചെത്തിയ' സാമൂഹ്യ പ്രവര്‍ത്തകരെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കുകയും ചിലരെ തിരിച്ചയക്കുയും ചെയ്തു.
വിവിധ ലോകരാജ്യങ്ങളില്‍നിന്ന് 1500 ലധികം 'ആക്ടിവിസ്റുകള്‍' എത്തിച്ചേരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ച വിവരം വിമാനക്കമ്പനികളെ ഇസ്രയേല്‍ അറിയിച്ചതുകാരണം പകുതിയിലധികം പേര്‍ക്കും യാത്ര ചെയ്യാനായില്ല. അതോടെ ഫ്രാന്‍സിലടക്കം വിവിധ വിമാനത്താവളങ്ങളില്‍ ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടന്നു.

ടാക്സി ഡ്രൈവറുടെ നിലപാട്, ബ്രിട്ടനില്‍ വിവാദം

മദ്യക്കുപ്പികള്‍ കൈയിലേന്തി ടാക്സി കയറാനെത്തിയ ബ്രിട്ടീഷ് കുടുംബത്തിന് ഒരു മുസ്ലിം ടാക്സി ഡ്രൈവര്‍ യാത്ര നിഷേധിച്ചത് ബ്രിട്ടനില്‍ വിവാദത്തിനു തിരികൊളുത്തി. ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ടാക്സിയില്‍ കേറിയ കുടുംബത്തിന്റെ കൈവശം വൈന്‍ ബോട്ടിലുകള്‍ കണ്ട് ഡ്രൈവര്‍ യാത്ര നിഷേധിക്കുകയായിരുന്നു. ഡ്രൈവര്‍ക്കെതിരെയുള്ള പരാതി പരിശോധിച്ച വാഹന ഉടമ മുസ്ലിം ഡ്രൈവറെ പിരിച്ചു വിടുകയും ചെയ്തു. 70 ഓളം മുസ്ലിം കാബ് ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്ന തന്റെ സ്ഥാപനത്തിലെ ആദ്യ സംഭവമാണിതെന്നും യാത്ര ചെയ്യാനുള്ള പൊതുജനത്തിന്റെ അവകാശം നിഷേധിച്ചതിനാണ് പിരിച്ചുവിടല്‍ നടപടിയെന്നും കാബ് ഉടമ വിശദീകരിച്ചു.

എന്നാല്‍ സംഭവം വിശ്വാസത്തിന്റെ ഭാഗമല്ലെന്നും കാബ് ഡ്രൈവറുടെ വ്യക്തിപരമായ തീരുമാനമാണെന്നുമാണ് സ്ഥാപനത്തിലെ മറ്റു മുസ്ലിം ഡ്രൈവര്‍മാര്‍ പ്രതികരിച്ചത്. യാത്രക്കാര്‍ എവിടെ പോകുന്നുവെന്നു നോക്കിയല്ല തങ്ങള്‍ വാഹനത്തില്‍ കേറ്റാറുള്ളതെന്നും ക്ളബിലേക്കോ ചര്‍ച്ചിലേക്കോ പള്ളിയിലേക്കോ സെനഗോഗിലേക്കോ എവിടേയും യാത്രക്കാരെ കൊണ്ടുപോകാന്‍ വിമുഖത കാണിക്കാറില്ലെന്നും അവര്‍ പറഞ്ഞു. ബ്രിട്ടനില്‍ 25 ലക്ഷത്തോളം മുസ്ലിംകളുണ്ട്. വളരെ സഹിഷ്ണുതയോടെയും ബഹുസ്വര ജീവിതരീതി പിന്തുടര്‍ന്നും കഴിയുന്നവരാണ് ബ്രിട്ടീഷ് മുസ്ലിംകള്‍.
വിവാദമുണ്ടാക്കിയത് മുസ്ലിമാണെങ്കില്‍ അതിനെ 'കത്തിക്കുക'യെന്നത് യൂറോപ്പിലെ ഒരു മാധ്യമ രീതിയായി മാറിയിട്ടുണ്ട്. ഇസ്ലാം ഫോബിയയുടെ ഭാഗമായാണ് ഇത്തരം സംഭവങ്ങളെ യൂറോപ്യന്‍ മുസ്ലിംകള്‍ വിലയിരുത്തുന്നത്.

കൂട്ടക്കുരുതി നടത്തിയത് രാജ്യത്തെ ഇസ്ലാമില്‍നിന്ന് രക്ഷിക്കാനെന്ന് ക്രിസ്ത്യന്‍ തീവ്രവാദി

കഴിഞ്ഞ ജൂലൈയില്‍ നോര്‍വെയെ ഞെട്ടിച്ച 76 പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കുരുതി നടത്തിയത് സ്കാന്റിനേവിയന്‍ രാജ്യത്ത് ഇസ്ലാമിന്റെ വ്യാപനം തടയാന്‍ കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് വലതുപക്ഷ ക്രിസ്ത്യന്‍ തീവ്രവാദി ആന്‍ഡേഴ്സ് ബ്രേവിക് കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ 22ന് ഓസ്ലോയിലെ യൂത്ത് ട്രെയ്നിംഗ് ക്യാമ്പിലും സര്‍ക്കാര്‍ കെട്ടിടത്തിലുമാണ് ബ്രേവിക് ഇരട്ട ആക്രമണം നടത്തിയത്. യൂറോപ്യന്‍ 'ക്രീസ്തീയത'യെ സംരക്ഷിക്കാന്‍ വേണ്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൂട്ടക്കുരുതി പുണ്യമായാണ് കാണുന്നതെന്നും ബ്രേവിക് അവകാശപ്പെട്ടു. 

കുറ്റം തെളയിക്കപ്പെട്ടാല്‍ 21 വര്‍ഷം ജയില്‍ശിക്ഷ ലഭിച്ചേക്കാവുന്നതാണ് ബ്രേവികിനെതിരെയുള്ള കേസ്. വിചാരണക്കിടെ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മറ്റു കുടിയേറ്റക്കാര്‍ക്കുമെതിരെ പുലമ്പിക്കൊണ്ടിരുന്ന ബ്രേവിക്കിനെ നിയന്ത്രിക്കാന്‍ പലതവണ കോടതിക്ക് നേരിട്ട് ഇടപെടേണ്ടിവന്നു.
50 ലക്ഷത്തോളം വരുന്ന നോര്‍വീജിയന്‍ ജനസംഖ്യയുടെ 11% ത്തോളം കുടിയേറ്റക്കാരാണ്. വലതുപക്ഷ ക്രിസ്ത്യന്‍ തീവ്രവാദികള്‍ കുടിയേറ്റക്കാര്‍ക്കെതിരെ വിദ്വേഷപ്രചാരണം നടത്തിവരികയാണ്. നോര്‍വെയിലെ ഒന്നര ലക്ഷത്തോളം മുസ്ലിംകളില്‍ വലിയൊരുഭാഗം മൊറോക്കൊ, സോമാലിയ, ഇറാഖ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയവരാണ്.

'അറബ് വസന്തം' നേതാക്കളെ ജനങ്ങളിലേക്കിറക്കുന്നു

അറബ് ലോകത്ത് 25 ഉം 30 ഉം വര്‍ഷങ്ങള്‍ യാതൊരുവിധ ജനപക്ഷ ചിന്തകളുമില്ലാതെ നേതാക്കള്‍ ഭരണം നടത്തിക്കൊണ്ടിരുന്ന കാലം ഇനി കടങ്കഥ. അറബ് വസന്തം എല്ലാം തിരുത്തിക്കുറിച്ചിരിക്കുന്നു. ഇനി ജനങ്ങളിലേക്കിറങ്ങി അവരുടെ പ്രശ്നങ്ങള്‍ തൊട്ടയറിയേണ്ടിവരുമെന്ന 'ജനാധിപത്യ' തിരിച്ചറിവ് നല്‍കിയെന്നതാണ് അറബ് വസന്തത്തിന്റെ ഏറ്റവും വലിയ സംഭാവന. ജനങ്ങളുമായി അകന്നുകഴിഞ്ഞിരുന്ന നേതാക്കള്‍ക്ക് ജനാധിപത്യ 'ഫോബിയ' പിടികൂടിക്കഴിഞ്ഞു. യമന്‍ പ്രധാനമന്ത്രി മുഹമ്മദ് സാലിം റോഡിലെ മാലിന്യ നീക്കം ചെയ്യല്‍ ഉദ്ഘാടനം ചെയ്യുന്നതാണ് ഇതോടൊപ്പം കൊടുത്ത ചിത്രം. 'അറബ് വസന്ത'ത്തിനുമുമ്പ് ഇത്തരം കാഴ്ചകള്‍ യമന്‍ പോലെയുള്ള രാജ്യങ്ങളിലെ ജനത്തിന് തീര്‍ത്തും അപരിചിതമായിരുന്നു. മുന്‍ പ്രസിഡന്റ് അലി സ്വാലിഹിന്റെ പ്രേതം ഇപ്പോഴും സന്‍ആയിലെ തെരുവുകളില്‍ അലഞ്ഞുനടക്കുന്നുണ്ടെങ്കിലും തവക്കുല്‍ കര്‍മാന്റെ യമനും പുരോഗമിക്കുകതന്നെയാണ്.

അതോടൊപ്പം യമനില്‍ അധികാരക്കൈമറ്റത്തിനു ശേഷവും പുറത്തായ മുന്‍ പ്രസിഡന്റ് അലി സ്വാലിഹിന്റെ 'സ്വന്ത'ക്കാരാണ് പ്രധാനപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ കുടിയിരിക്കുന്നതെന്ന ആരോപണം ശക്തമാണ്. ഇക്കാര്യം ഉന്നയിച്ച് ഒറ്റപ്പെട്ട പ്രക്ഷോഭങ്ങള്‍ നടന്നുവരുന്നുണ്ട്. യമനിലെ വിവിധ ഭാഗങ്ങളില്‍ 'അല്‍ഖാഇദ' നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തിന് വന്‍ സുരക്ഷാഭീഷണിയായി നിലനില്‍ക്കുന്നു. കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം 'അല്‍ഖാഇദ' നടത്തിയ ആക്രമണങ്ങളില്‍ 225 ഓളം പേരാണ് കെല്ലപ്പെട്ടത്.

മൊറോക്കന്‍ വിവാഹ നിയമം ഭേദഗതി ചെയ്യണമെന്ന് പ്രതിപക്ഷവും ഫെമിനിസ്റുകളും 

ശൈശവ വിവാഹ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് മൊറോക്കോയിലെ ഈയിടെ അധികാരത്തില്‍വന്ന ഇസ്ലാമിസ്റ് ഭരണകൂടത്തിനെതിരെ ഇടത്പക്ഷ പാര്‍ട്ടികളും ഫെമിനിസ്റുകളും രംഗത്ത്. അവിഹിത ബന്ധത്തിലേര്‍പ്പെട്ട 18 വയസിനു താഴെയുള്ള യുവതിയുടെയും 23 വയസായ യുവാവിന്റെയും വിവാഹം നടത്താന്‍ കുടുംബത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിവാഹത്തിനുശേഷം കര്‍ഷക കുടുംബത്തിലെ അംഗംകൂടിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനിടയായ സംഭവം ഉയര്‍ത്തിക്കാട്ടിയാണ് വിവാഹ നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ഫെമിനിസ്റുകളും രംഗത്തുവന്നത്. മൊറോക്കന്‍ നിയമ പ്രകാരം സ്ത്രീകളുടെ വിവാഹ പ്രായം 18 വയസാണെങ്കിലും അതിനുമുമ്പ് ബലാല്‍സംഗത്തിനിരയായാല്‍ ഉഭയകക്ഷി സമ്മത പ്രകാരം വിവാഹം നടത്തിക്കൊടുക്കാന്‍ അനുമതി നല്‍കുന്നുണ്ട്. 

ആത്മഹത്യ ചെയ്യാനുള്ള കാരണം ദുരൂഹമായി തുടരുന്നുവെങ്കിലും സംഭവത്തിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശൈശവ വിവാഹ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പ്രകടനങ്ങള്‍ നടന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയും സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്.
കഴിഞ്ഞ നവംബറില്‍ മാത്രം അധികാരത്തില്‍ വന്ന ഇസ്ലാമിക പാര്‍ട്ടിയുടെ കീഴിലുള്ള സര്‍ക്കാറിനെ ആക്രമിക്കാന്‍ കിട്ടിയ വടിയായാണ് പ്രസ്തുത സംഭവത്തെ ഇസ്ലാം വിരോധികള്‍ കാണുന്നത്. എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഒരു നിയമം ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെ പേരില്‍ പെട്ടെന്നൊരുനാള്‍ ഭേദഗതി ചെയ്യാനാകില്ലെന്നും വിഷയം പഠിച്ചശേഷം വേണ്ട പരിഷ്കണങ്ങള്‍ നടപ്പാക്കുമെന്നും കുടുംബകാര്യ മന്ത്രി ബാസിമ ഹക്കായി പറഞ്ഞു. ബലാല്‍സംഗം പോലുള്ള കുറ്റകൃത്യങ്ങളെ ഇസ്ലാം വളരെ നീചമായാണ് കാണുന്നതെന്നും ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്ന കടുത്ത ശിക്ഷ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് നല്‍കുന്നകാര്യം പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.

മീഡിയ വേട്ടയാടുന്നുവെന്ന്  കൊറിയന്‍ മുസ്ലിംകള്‍

ദക്ഷിണ കൊറിയയിലെ മുസ്ലിം സമൂഹവും 'സ്റീരിയോ ടൈപ്' മീഡിയ വേട്ടക്ക് വിധേയമാവുന്നുവെന്ന് പരാതി. ഇസ്ലാമിന്റെ സാഹോദര്യമാണ് ദക്ഷിണ കൊറിയയിലെ മുസ്ലിംകളുടെ ജീവിതരീതിയില്‍ ദൃശ്യമാവുന്നതെന്നും എന്നാല്‍ ഇസ്ലാമിന്റെ സത്യസന്ധമായ മുഖം ജന മധ്യത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും കഴിഞ്ഞ് 9 വര്‍ഷത്തോളമായി ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളില്‍ താമസിച്ചുവരുന്ന ഷാരിഖ് സഈദ് പറഞ്ഞതായി കൊറിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 1974ല്‍ സുഊദി അറേബ്യയുടെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച സിയോളിലെ സെന്‍ട്രല്‍ മസ്ജിദാണ് കൊറിയയിലെ ഏറ്റവും വലിയ മുസ്ലിം പള്ളി. സിയോളിലെ മുസ്ലിംകള്‍ സംഘടിത നമസ്കാരങ്ങള്‍ക്കും ജുമുഅ നമസ്കാരത്തിനും മറ്റും ആശ്രയിക്കുന്ന ഏക പള്ളിയും ഇതുതന്നെ. ദൂരെ ദിക്കുകളില്‍നിന്നുപോലും മുസ്ലിംകള്‍ നമസ്കാരത്തിനായി സെന്‍ട്രല്‍ മസ്ജിദില്‍ എത്തുന്നു. മലേഷ്യ, പാകിസ്താന്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരാണ് കൊറിയന്‍ മുസ്ലിംകളുടെ പ്രധാന ഭാഗം. 

1967ല്‍ സ്ഥാപിച്ച മുസ്ലിം കൂട്ടായ്മയായ കൊറിയന്‍ മുസ്ലിം ഫെഡറേഷന്റെ(KMF) കണക്കു പ്രകാരം കൊറിയയില്‍ 130,000 ത്തോളം മുസ്ലിംകളുണ്ട്. ഇതില്‍ 45,000 കൊറിയക്കാരും ബാക്കി മലേഷ്യ, പാകിസ്താന്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കുടിയേറിയവരുമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം